ധനകാര്യമേഖലയില്‍ ഒട്ടേറെ പ്രതിസന്ധി നേരിട്ടകാലത്തും അഭിമാനത്തോടെയും സന്തോഷത്തോടെയും പ്രവര്‍ത്തിക്കാനായെന്ന് ടി എം തോമസ് ഐസക്. സംതൃപ്തിയോടെയാണ് ചുമതല ഒഴിയുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ സര്‍ക്കാരിന്റെ നല്ല പ്രവര്‍ത്തനത്തിനുള്ള അംഗീകാരവും കൂടിയാണ് ഇടതുപക്ഷത്തിനു ലഭിച്ചിട്ടുള്ള വമ്പിച്ച മാന്‍ഡേറ്റ്. ധനവകുപ്പ്, നികുതി വകുപ്പ്, ട്രഷറി, ലോട്ടറി, കിഫ്ബി, കെഎസ്എഫ്ഇ, കെഎഫ്‌സി, സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ്, കയര്‍ വകുപ്പും കയര്‍ പൊതുമേഖലാ സ്ഥാപനങ്ങളും എല്ലാം വലിയ പിന്തുണയാണ് നല്‍കിയത്. ജീവനക്കാര്‍ക്കെല്ലാം നന്ദി പറയുന്നുവെന്നും ഐസക് ഫേസ്‌ബുക്ക് പോസ്റ്റില്‍ കുറിച്ചു.
തോമസ് ഐസകിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്-പൂര്‍ണരൂപം
കാവല്‍ മന്ത്രിസഭയായി തുടരുന്ന എല്‍ഡിഎഫ് സര്‍ക്കാരിന് ഇനി ഒരു ദിനവുംകൂടി ബാക്കി. മെയ് 20ന് പുതിയ മന്ത്രിസഭ ചുമതലയേല്‍ക്കും. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ സര്‍ക്കാരിന്റെ നല്ല പ്രവര്‍ത്തനത്തിനുള്ള അംഗീകാരവും കൂടിയാണ് ഇടതുപക്ഷത്തിനു ലഭിച്ചിട്ടുള്ള വമ്പിച്ച മാന്‍ഡേറ്റ്.
ധനകാര്യ മേഖലയില്‍ ഒട്ടേറെ പ്രതിസന്ധികളും പരിമിതികളും വെല്ലുവിളി ഉയര്‍ത്തിയ കാലമാണ് കടന്നുപോയത്. ജിഎസ്ടിയിലേയ്ക്കുള്ള പരിവര്‍ത്തനത്തിന്റെ അനിശ്ചിതത്വം, നോട്ടു നിരോധനം, പ്രളയ ദുരന്തങ്ങള്‍ പിന്നെ അവസാനം കോവിഡും. ഇതിനെയൊക്കെ മറികടക്കാനായത് ടീം ലീഡര്‍ എന്ന നിലയിലുള്ള മുഖ്യമന്ത്രിയുടെ നേതൃപാടവവും ധനകാര്യ സെക്രട്ടറിയടക്കമുള്ള വകുപ്പിലെ ഓഫീസര്‍മാരുടെയും ജീവനക്കാരുടെയും പ്രതിബദ്ധതയോടുകൂടിയ സഹകരണവും കൊണ്ടാണ്.
അവസാനദിവസങ്ങളില്‍ വന്ന വാര്‍ത്തകള്‍ അത്യധികം സന്തോഷം നല്‍കുന്നവയാണ്. ചുമതലയൊഴിയുന്ന സന്ദര്‍ഭത്തില്‍ അവ നല്‍കുന്ന അഭിമാനം കൂടി പങ്കുവെയ്ക്കുന്നു.
കിഫ്ബി വഴി ഇപ്പോള്‍ നടക്കുന്ന 43249.66 കോടി രൂപയുടെ പ്രവൃത്തികള്‍ക്കായി ഇന്നത്തേതടക്കം 12556 കോടി രൂപ ചെലവാക്കിക്കഴിഞ്ഞു.
ട്രഷറിയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചൂവെന്നു പറയാം. പുതിയ സര്‍വറിലേയ്ക്ക് Data മൈഗ്രേഷന്‍ ഇന്നലെ പൂര്‍ത്തിയായി. പൂര്‍ണ്ണ വിജയം.
കെഎസ്എഫ്ഇ അഞ്ചു ശതമാനം പലിശയ്ക്കു കോവിഡ് വായ്പാ പദ്ധതി ആരംഭിക്കുന്നു.
ലോട്ടറിയുടെ കാര്യത്തിലാണ് ഏറ്റവും ഉജ്ജ്വല വിജയമുണ്ടായത്. ബിജെപിയും ലോട്ടറി മാഫിയയും ചേര്‍ന്ന് ജി.എസ്.ടിയില്‍ നാം ഉയര്‍ത്തിയ പ്രതിരോധം പൊളിച്ചു. ഈ സാഹചര്യത്തില്‍ 2004ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പിന്‍വലിച്ച ലോട്ടറി ചട്ടങ്ങള്‍ ചില മാറ്റങ്ങളോടെ പുനസ്ഥാപിച്ചു. ലോട്ടറി മാഫിയ ഇതിനെ ചോദ്യം ചെയ്തു. സിംഗിള്‍ ബഞ്ചില്‍ തോറ്റു. പക്ഷെ കഴിഞ്ഞ ദിവസം അന്യസംസ്ഥാന ലോട്ടറി വ്യാപാരത്തില്‍ നിയമം പാലിക്കുന്നുണ്ടോ എന്നു പരിശോധിക്കാനും നിയമ ലംഘനമുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം എടുക്കുന്നതു വരെ അവരുടെ പ്രവര്‍ത്തനം നിര്‍ത്തി വെയ്ക്കാനും സര്‍ക്കാരിന് അധികാരം നല്‍കുന്ന ചട്ട ഭേദഗതി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ശരിവെച്ചിരിക്കുന്നു. ലോട്ടറി മാഫിയയ്‌ക്കെതിരെ നാം പോരാടി നേടിയ നേട്ടമാണിത്. ലോട്ടറി വകുപ്പും, നികുതി വകുപ്പും ഹൈക്കോടതിയിലെ ചുമതലപ്പെട്ട അഭിഭാഷകരും ഒറ്റമനസോടെ നയിച്ച പോരാട്ടത്തിന്റെ ത്രസിപ്പിക്കുന്ന വിജയം.
കയര്‍ ഡയറക്ടറേറ്റില്‍ നിന്നുമുള്ള സന്ദേശമാണ് അവസാനത്തേത്. ഈ കോവിഡ് വര്‍ഷത്തില്‍ കയര്‍ ഉല്‍പ്പാദനത്തില്‍ തലേക്കൊല്ലത്തെ അപേക്ഷിച്ച് 22 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്. ഈ സര്‍ക്കാര്‍ ചുമതല ഏല്‍ക്കുമ്പോള്‍ കയര്‍ ഉല്പാദനം 73000 ക്വിന്റലായിരുന്നു. മാര്‍ച്ചില്‍ അത് 2.5 ലക്ഷം ക്വിന്റലായിട്ടാണ് ഉയര്‍ന്നത്. നാലുലക്ഷം ക്വിന്റല്‍ ഉല്‍പ്പാദനശേഷി പുതിയ യന്ത്രങ്ങളിലൂടെ നേടിയിട്ടുണ്ട്. കോവിഡ് പിന്‍വലിയുമ്പോള്‍ കയര്‍ വ്യവസായത്തിലുണ്ടാകാന്‍ പോകുന്ന കുതിപ്പ് വിസ്മയകരമായിരിക്കും.
അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് ചുമതല ഒഴിയുന്നത്. ഇവിടെ എടുത്തു പറഞ്ഞ നേട്ടങ്ങള്‍ സന്തോഷത്തിന്റെ മാറ്റു കൂട്ടുന്നവയാണ്. ധനവകുപ്പ്, നികുതി വകുപ്പ്, ട്രഷറി, ലോട്ടറി, കിഫ്ബി, കെ.എസ്.എഫ്.ഇ, കെ.എഫ്.സി, സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ്, കയര്‍ വകുപ്പും കയര്‍ പൊതുമേഖലാ സ്ഥാപനങ്ങളും എല്ലാം വലിയ പിന്തുണയാണ് നല്‍കിയത്. ജീവനക്കാര്‍ക്കെല്ലാം ഹൃദയം നിറഞ്ഞ നന്ദി.
No comments:
Post a Comment