Wednesday, May 19, 2021

പിറന്നു നവചരിത്രം ; മൂന്ന് വനിതകളടക്കം 17 പുതുമുഖങ്ങൾ ,സ്പീക്കർ കന്നിയംഗം

മലയാളികൾ നെഞ്ചേറ്റിയ തുടർഭരണത്തിൽ പിണറായി വിജയനൊപ്പം ക്യാബിനറ്റിലുണ്ടാകുക മൂന്ന് വനിതകളടക്കം 17 പുതുമുഖങ്ങൾ. 1957ന്‌ ശേഷം ആദ്യമായാണ്‌ ഇത്രയും പുതുമുഖങ്ങളെ ഉൾപ്പെടുത്തി മന്ത്രിസഭ രൂപീകരിക്കുന്നത്‌. സ്‌പീക്കറാകുന്ന എം ബി രാജേഷും നിയമസഭയിൽ കന്നിക്കാരനാണ്. അങ്ങനെ പുതുമകൾകൊണ്ട്‌ ചരിത്രത്തിൽ ഇടംനേടുകയാണ്‌ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള  രണ്ടാം എൽഡിഎഫ്‌ സർക്കാർ. വ്യാഴാഴ്‌ച സത്യപ്രതിജ്ഞ ചെയ്യുന്ന  21 അംഗ മന്ത്രിസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, കെ രാധാകൃഷ്‌ണൻ, കെ കൃഷ്‌ണൻകുട്ടി, എ കെ ശശീന്ദ്രൻ എന്നിവർ മാത്രമാണ്‌ നേരത്തെ മന്ത്രിയായത്‌. ഇതിൽ കെ കൃഷ്‌ണൻകുട്ടിയും എ കെ  ശശീന്ദ്രനും നിലവിൽ മന്ത്രിമാരാണ്‌. കെ രാധാകൃഷ്‌ണൻ ഇ കെ നായനാർ സർക്കാരിൽ മന്ത്രിയും വി എസ്‌ അച്യുതാനന്ദൻ  സർക്കാരിൽ സ്‌പീക്കറുമായിരുന്നു.17പേരിൽ ഒമ്പതുപേർ  നിയമസഭയിൽ തന്നെ ആദ്യമാണ്.

മുഖ്യമന്ത്രിയെ കൂടാതെ 11  പേരാണ്‌ സിപിഐ എമ്മിൽനിന്ന്‌ മന്ത്രിമാരാകുക. ഇതിൽ കെ രാധാകൃഷ്‌ണൻ ഒഴികെ എം വി ഗോവിന്ദൻ,  പി രാജീവ്‌, കെ എൻ ബാലഗോപാൽ, വി എൻ വാസവൻ, മുഹമ്മദ്‌ റിയാസ്‌, ആർ ബിന്ദു, വി ശിവൻകുട്ടി, സജി ചെറിയാൻ, വീണ ജോർജ്‌, വി അബ്‌ദുൾ റഹ്‌മാൻ എന്നിവർ പുതുമുഖങ്ങൾ‌. സിപിഐയിലെ കെ രാജൻ നിലവിൽ ചീഫ്‌ വിപ്പായിരുന്നു. പി പ്രസാദ്‌, ചിഞ്ചുറാണി, ജി ആർ അനിൽ എന്നിവർ നിയമസഭയിലെത്തുന്നതും ആദ്യം. എൽഡിഎഫ്‌ രൂപം കൊണ്ട ശേഷം  ആദ്യമായാണ്‌  സിപിഐക്ക്‌ വനിതാ മന്ത്രി.

കേരള കോൺഗ്രസ്‌ അംഗം റോഷി അഗസ്‌റ്റിൻ, ജനാധിപത്യ കേരള കോൺഗ്രസിലെ ആന്റണി രാജു, ഐഎൻഎല്ലിലെ അഹമ്മദ്‌ ദേവർകോവിൽ എന്നിവരും ആദ്യമായാണ്‌ മന്ത്രിമാരാകുന്നത്‌.

റഷീദ്‌ ആനപ്പുറം 

അനന്യം ഈ ചുവടുവയ്പ്; പുതുമുഖ‌ ഭൂരിപക്ഷം ; വെല്ലുവിളിയും കടമകളും ഏറ്റെടുക്കാൻ 
ശേഷിയുള്ള കരുത്തുറ്റ നേതൃത്വം

രണ്ടാം പിണറായി മന്ത്രിസഭയ്ക്ക് ഒരു വിശേഷണം നൽകാമെങ്കിൽ അതിങ്ങനെ. പുതുമുഖ‌ ഭൂരിപക്ഷമുള്ള മന്ത്രിസഭ. പുതുരക്തമുള്ള‌ നിയമസഭയെ പ്രതിഫലിപ്പിക്കുന്ന മന്ത്രിസഭ. പുതുകാലത്തെ വെല്ലുവിളിയും കടമകളും ഏറ്റെടുക്കാൻ ശേഷിയുള്ള കരുത്തുറ്റ നേതൃത്വം. ദീർഘവീക്ഷണമുള്ള ഒരു രാഷ്ട്രീയ പാർടിക്കുമാത്രം കൈക്കൊള്ളാവുന്ന തീരുമാനമാണ്‌ ചൊവ്വാഴ്‌ച സിപിഐ എം എടുത്തത്. 12 മന്ത്രിമാരുള്ള സിപിഐ എമ്മിൽ മുഖ്യമന്ത്രിയും കെ രാധാകൃഷ്ണനും ഒഴികെ ബാക്കി എല്ലാവരും പുതുമുഖങ്ങൾ. അതിൽ നല്ലൊരുഭാഗം പ്രായം കുറഞ്ഞവർ. ഒരു പുതു ചുവടുവയ്‌പാണ് ഇത്‌. പുതിയ ടീമെന്ന പാർടിയുടെ നിശ്ചയദാർഢ്യമാണ്‌ ഇതിനു പിന്നിൽ.

സിറ്റിങ്‌ എംഎൽമാരിൽ 31 പേരെയാണ്‌ മത്സരരംഗത്തുനിന്ന്‌ ഒഴിവാക്കിയത്‌. ഇതിൽ അഞ്ചുപേർ‌ മുൻ മന്ത്രിമാരും 26 പേർ രണ്ടു തവണ അംഗങ്ങളായവരും. തോമസ്‌ ഐസക്കും ഇ പി ജയരാജനും എ കെ ബാലനും പാർടി കേന്ദ്ര കമ്മിറ്റി അംഗങ്ങൾ. സംസ്ഥാന കമ്മിറ്റിയിലെ സീനിയർ അംഗമായ ജി സുധാകരനും ക്ഷണിതാവായ സി രവീന്ദ്രനാഥും ഇതിലുണ്ട്. ഇതിന്റെ തുടർച്ചയാണ്‌ മന്ത്രിസഭാ രൂപീകരണത്തിലും പ്രതിഫലിച്ചത്‌. ഇതിന്റെ ഭാഗമായി കഴിഞ്ഞ മന്ത്രിസഭയിലുള്ള കെ കെ ശൈലജ, ടി പി രാമകൃഷ്‌ണൻ, എം എം മണി, കടകംപള്ളി സുരേന്ദ്രൻ, എ സി മൊയ്‌തീൻ, കെ ടി ജലീൽ എന്നിവരും മന്ത്രിസഭയിൽനിന്ന്‌ ഒഴിവാക്കപ്പെട്ടു‌.

അധികാരസ്ഥാനങ്ങളെക്കുറിച്ച് അതിരുകടന്ന വ്യാമോഹങ്ങളൊന്നും വച്ചുപുലർത്താത്തവരാണ്‌ കമ്യൂണിസ്റ്റുകാർ. ജനാധിപത്യത്തിനും ജനങ്ങളുടെ താൽപ്പര്യം സംരക്ഷിക്കുന്നതിനും വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന സമരങ്ങളിലെ ഒരു വേദിയായാണ്‌ പാർലമെന്റിനെയും നിയമസഭകളെയും സിപിഐ എം ഉപയോഗിക്കുന്നത്‌. അതായത്‌, പാർടി പ്രവർത്തനത്തിന്റെ ഭാഗംതന്നെയാണ്‌ പാർലമെന്ററി പ്രവർത്തനവും. മന്ത്രിസ്ഥാനവും പാർടി നൽകുന്ന ചുമതലയാണ്‌. ബൂർഷ്വാപാർടിയലേതുപോലെ ഏതെങ്കിലും ഒരു പദവി ലഭിച്ചാൽ അത്‌ സ്വകാര്യസ്വത്തുപോലെ കൊണ്ടുനടക്കാൻ സിപിഐ എം അനുവദിക്കാറില്ല. പാർലമെന്ററി വ്യാമോഹത്തിന്‌ ആരും വശംവദരാകേണ്ടതില്ല എന്ന സന്ദേശമാണ്‌ എംഎൽഎമാരെ തെരഞ്ഞെടുക്കുന്നതിലും മന്ത്രിസഭാ രൂപീകരണത്തിലും സിപിഐ എം നൽകിയിട്ടുള്ളത്‌. സംഘടനാരംഗത്തും ഈ രീതിതന്നെയാണ്‌ പാർടി പിന്തുടരുന്നത്‌. സിപിഐ എം ജനറൽ സെക്രട്ടറിമുതൽ ബ്രാഞ്ച്‌ സെക്രട്ടറിവരെ മൂന്ന്‌ തവണയിലധികം ഇരിക്കാൻ അനുവദിക്കാറില്ല. രണ്ട് രംഗങ്ങളിലും പുതുമുഖങ്ങളെ കൊണ്ടുവരാതെ ഒരു രാഷ്ട്രീയ പാർടിക്കും മുന്നോട്ടുപോകാനാകില്ല. ഇതാണ്‌ ആധുനിക ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്‌.

ജനങ്ങളുമായി ജൈവബന്ധമുള്ള ഒരു രാഷ്ട്രീയ കക്ഷിക്കേ നിലനിൽപ്പുള്ളൂ. എല്ലാ കേഡർമാരുടെയും അഭിലാഷങ്ങൾ പൂർത്തീകരിക്കാൻ കഴിയില്ലെങ്കിലും പരമാവധി കേഡർമാർക്ക്‌ അവസരം നൽകുക. ഇത്‌ ഏതൊരു രാഷ്ട്രീയ പാർടിയുടെയും വളർച്ചയ്‌ക്ക്‌ ആവശ്യമാണ്‌. ഭരണരംഗത്തും സംഘടനാരംഗത്തും ഒരുപോലെ അറിവുള്ള കേഡർമാർ എന്നും ഒരു രാഷ്ട്രീയപാർടിക്ക്‌ മുതൽക്കൂട്ടാകും. അതിനുള്ള ധീരമായ ചില നീക്കമാണ്‌ കേരളത്തിൽ സിപിഐ എം സ്വീകരിച്ചിട്ടുള്ളത്‌.

വി ബി പരമേശ്വരൻ 

No comments:

Post a Comment