Tuesday, May 18, 2021

അന്ന് ഇഎംഎസ് ചോദിച്ചു; മന്ത്രിയാകാന്‍ എന്തിനു മുന്‍പരിചയം

കൂടുതല്‍ പുതുമുഖങ്ങളുമായി വരുന്ന പുതിയ മന്ത്രിസഭയുടെ പ്രവര്‍ത്തന പരിചയത്തെക്കുറിച്ച്  ചിലര്‍ ആശങ്കപ്പെടുമ്പോള്‍, കാല്‍ നൂറ്റാണ്ടു മുമ്പ് ഇഎംഎസ് പറഞ്ഞ വാക്കുകള്‍ പ്രസക്തമാകുന്നു.

ഇപ്പോള്‍ വീണ്ടും മന്ത്രിയാവുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ രാധാകൃഷ്ണന്‍ 1996 ലാണ് ആദ്യം മന്ത്രിയായത്. അന്ന് കന്നി എംഎല്‍എയുമായിരുന്നു അദ്ദേഹം. സത്യപ്രതിജ്ഞയ്ക്ക് മുമ്പ് സഖാവിന്   ഇ എം എസിനെ കാണണം. തിരുവനന്തപുരത്ത് അന്നത്തെ ദേശാഭിമാനി ഓഫീസിനടുത്ത് ഗാന്ധാരി അമ്മന്‍ കോവില്‍ റോഡിലെ വാടക വീട്ടിലാണ് ഇഎംഎസ് താമസം.

ഇഎംഎസിന്റെ വീട്ടിലെത്തി രാധാകൃഷ്ണന്‍ പരിചയപ്പെടുത്തി. 'മന്ത്രിയായി അല്ലേ' -ഇഎമ്മിന്റെ ചോദ്യം.

മറ്റ് കുശലാന്വേഷണങ്ങള്‍ക്കിടെ രാധാകൃഷ്ണന്‍ ആദ്യമായി മന്ത്രിയാകുന്നതിന്റെ പ്രയാസം പറഞ്ഞു, ''ഭരണമൊന്നും പരിചയമില്ല.അതിന്റെ ആശങ്കയുണ്ട്''.

പെട്ടെന്ന് ഇഎംഎസ് രാധാകൃഷ്ണനെ സൂക്ഷിച്ചു നോക്കി. അല്പം ഗൗരവത്തില്‍ ഒരു ചോദ്യം: ''സഖാവ് ഏത് രംഗത്താണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് ?''

''കര്‍ഷകത്തൊഴിലാളി മേഖലയിലാണ്''-രാധാകൃഷ്ണന്റെ മറുപടി.

ഇഎം വീണ്ടും ചിരിച്ചു. ''മതി. മന്ത്രിയാകാന്‍ ആ പ്രവര്‍ത്തന പരിചയം മതി. ജനങ്ങള്‍ക്കിടയിലല്ലേ പ്രവര്‍ത്തിച്ചത്. 57 ല്‍  മുഖ്യമന്ത്രിയും മന്ത്രിയും ആകുമ്പോള്‍ ഞങ്ങള്‍ക്കും ആ പരിചയമൊക്കെയേ  ഉണ്ടായിരുന്നുള്ളൂ ''

പിന്നെ പഴയൊരു അനുഭവവും ഇഎംഎസ് പങ്കുവെച്ചു. ''മുഖ്യമന്ത്രിയായി ആദ്യം ദില്ലിയിലെത്തുമ്പോള്‍ ജി.ബി പന്തായിരുന്നു ആഭ്യന്തരമന്ത്രി. അദ്ദേഹത്തോട് ഞാന്‍ മുന്‍ പരിചയമില്ലെന്ന കാര്യം പറഞ്ഞു. അതില്‍ കാര്യമൊന്നുമില്ല.നിങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തകനല്ലേ ഇതുവരെ ചെയ്തതൊക്കെ തുടര്‍ന്നും ചെയ്താല്‍ മതി'' എന്നായിരുന്നു പന്തിന്റെ മറുപടി. സഖാവിനും അത് ബാധകമാണ് ''-

ഇഎംഎസ് ആ ചിരിയോടെ തന്നെ രാധാകൃഷ്ണനെ യാത്രയാക്കി .

No comments:

Post a Comment