പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള തന്റെ പ്രവർത്തനം കാലം വിലയിരുത്തുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. താനും ക്രിയാത്മക പ്രതിപക്ഷമായിരുന്നു. നിർണായക ഘട്ടത്തിൽ സർക്കാരുമായി സഹകരിച്ചിട്ടുണ്ട്. എതിർക്കേണ്ടവ ശക്തമായി എതിർത്തു. അതേസമയം, തനിക്ക് എത്രമാത്രം പിന്തുണ തന്നിട്ടുണ്ടെന്ന് ആലോചിക്കണമെന്നും കോൺഗ്രസ് നേതാക്കളോടായി ചെന്നിത്തല പറഞ്ഞു. തന്റെ പ്രവർത്തനങ്ങളെ വേണ്ടവിധം ജനങ്ങളിലേക്ക് എത്തിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് ഒഴിഞ്ഞ്, നന്ദി പ്രകാശിപ്പിച്ചുകൊണ്ടുള്ള ഫെയ്‌സ്‌ബുക്ക് കുറിപ്പിലാണ് ഒപ്പമുള്ള കോൺഗ്രസ് നേതാക്കളെ ഉൾപ്പെടെ പൊള്ളിക്കുന്ന ചോദ്യങ്ങളുമായി ചെന്നിത്തല രംഗത്തുവന്നത്.
പോസ്റ്റിലെ പ്രസക്തഭാഗം:
‘അഞ്ചുവർഷം പ്രതിപക്ഷ നേതാവ് എന്നനിലയിൽ മുൻനിരയിൽനിന്നു നയിച്ച ഞാൻ ഇന്ന് രണ്ടാം നിരയിലാണ്. കഴിഞ്ഞ അഞ്ചു വർഷക്കാലം എൽഡിഎഫ് സർക്കാരിന്റെ അഴിമതിക്കെതിരെയുള്ള പോരാട്ടമാണ് ഞാൻ നടത്തിയത്. സർക്കാരിന്റെ നല്ല ചെയ്തികളെ പിന്തുണയ്ക്കുന്നതിനൊപ്പം സംസ്ഥാന താൽപ്പര്യങ്ങൾക്കുവേണ്ടി യോജിച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച വേദിയാണ് ഈ സഭയുടേത്. ക്രിയാത്മക പ്രതിപക്ഷമെന്ന നിലയിൽ കൃത്യമായി പ്രവർത്തിക്കാൻ സാധിച്ചു എന്ന ചാരിതാർഥ്യമുണ്ട്. ഒരു തുള്ളി രക്തംപോലും ഈ മണ്ണിൽ ചൊരിയിക്കാതെ, ഒരു കെഎസ്ആർടിസി ബസിന്റെ ചില്ല് പോലും ഉടയാതെ, എങ്ങനെ പ്രതിപക്ഷപ്രവർത്തനം നടത്താൻ കഴിയുമെന്ന് തെളിയിച്ച കാലഘട്ടമാണ് കടന്നുപോയത്. തെരഞ്ഞെടുപ്പ് പരാജയത്തിന് പൂർണ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് സ്ഥാനം ഒഴിയുന്നത്. എന്റെ പ്രവർത്തനങ്ങൾ എത്രമാത്രം ശരിയായിരുന്നുവെന്ന് കാലം വിലയിരുത്തട്ടെ. എത്രമാത്രം പിന്തുണ എന്റെ പ്രവർത്തനങ്ങളിൽ ലഭിച്ചിരുന്നു എന്നതും കാലം കണക്കെടുക്കട്ടെ. സംസ്ഥാന താൽപ്പര്യത്തിനും ജനങ്ങൾക്കുവേണ്ടിയും നടത്തിയ പ്രവർത്തനങ്ങൾ എത്രമാത്രം ജനങ്ങളിലേക്ക് എത്തിക്കാൻ സാധിച്ചു എന്നത് പഠനാർഹമാകട്ടെ. സഹകരിച്ച എല്ലാവരോടും നന്ദി. ’
അപമാനിച്ചു പുറത്താക്കി; സോണിയക്ക് ചെന്നിത്തലയുടെ പരാതി
തിരുവനന്തപുരം > പുതിയ പ്രതിപക്ഷനേതാവിനെ തെരഞ്ഞെടുത്തപ്പോള്‍ താന്‍ ഏറെ അപമാനിതനായെന്ന് രമേശ് ചെന്നിത്തല. പ്രതിഷേധമറിയിച്ച് ചെന്നിത്തല കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ചു. പ്രതിപക്ഷ നേതാവിനെ മാറ്റുമെന്ന കാര്യം താന്‍ നേരത്തേ അറിഞ്ഞില്ലെന്നും, അറിയിച്ചിരുന്നെങ്കില്‍ സ്വയം പിന്മാറിയേനെയെന്നും ചെന്നിത്തല പരാതിയില്‍ പറയുന്നു.
ഒരു പദവിക്കും പിന്നാലെ പായുള്ള ആളല്ല താന്‍. നേരത്തെ അറിയിച്ചിരുന്നെങ്കില്‍ സ്വയം മാറിനില്‍ക്കുമായിരുന്നു. എന്നാല്‍, അവസാന നിമിഷം തന്നെ മാറ്റിയത് നീതിനിഷേധമാണെന്നും അങ്ങേയറ്റം വേദനയുണ്ടാക്കിയെന്നും ചെന്നിത്തല സോണിയക്ക് അയച്ച സന്ദേശത്തില്‍ പറഞ്ഞു.
പ്രതിപക്ഷനേതാവെന്ന നിയിലുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ടിയില്‍ നിന്ന് പോലും പിന്തുണ ലഭിച്ചില്ല. ഫലത്തില്‍ തന്നെ ഒഴിവാക്കി അപമാനിക്കുകയാണ് ചെയ്തത്. സംഘടനാദൗര്‍ബല്യമാണ് കോണ്‍ഗ്രസിന്റെ പരാജയത്തിന് കാരണമെന്നും ചെന്നിത്തല കത്തില്‍ സൂചിപ്പിച്ചു.
തോറ്റത് സംഘടനാ ദൗർബല്യം മൂലം ; ബൂത്തുകൾ നിർജീവം, സ്ലിപ്പ് പോലും കൊടുത്തില്ല : ചെന്നിത്തല
തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം സംഘടനാ ദൗർബല്യമാണെന്ന് ആഞ്ഞടിച്ച് രമേശ് ചെന്നിത്തല. ബൂത്തുകൾ നിർജീവമായിരുന്നുവെന്നും വീടുകളിൽ സ്ലിപ്പ് എത്തിക്കാൻ പോലും ആളുണ്ടായിരുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് പരാജയം പഠിക്കാൻ ഹൈക്കമാൻഡ് നിയോഗിച്ച അശോക് ചവാൻ സമിതി ഓൺലൈനായി നടത്തിയ തെളിവെടുപ്പിലാണ് ചെന്നിത്തല യുഡിഎഫ് സംവിധാനത്തിനെതിരെ ആഞ്ഞടിച്ചത്.
പ്രതിപക്ഷ നേതാവ് എന്ന നിലയിൽ താൻ മികച്ച പ്രവർത്തനമാണ് നടത്തിയതെന്നും അത് താഴെത്തട്ടിൽ എത്തിക്കുന്നതിൽ വീഴ്‌ച വരുത്തിയെന്നും ചെന്നിത്തല വാദിച്ചു.
അതേസമയം സർക്കാരിനെതിരെ ചെന്നിത്തല ഉന്നയിച്ച പല ആരോപണങ്ങൾക്കും വിശ്വാസ്യതയുണ്ടായിരുന്നില്ലെന്നും ഓരോ ദിവസവും ഓരോ ആരോപണങ്ങളുമായി വന്നത് ജനങ്ങൾ തള്ളിയെന്നും എംഎൽഎമാരടക്കം ചില നേതാക്കൾ ചവാൻ സമിതിയെ അറിയിച്ചു. എട്ട് എംഎൽഎമാരുമായും ചില മുതിർന്ന കോൺഗ്രസ് നേതാക്കളുമായുംഅശോക് ചവാൻ കൂടിക്കാഴ്‌ച നടത്തി.
നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി ചെന്നിത്തല
സർക്കാരിന്റെ വീഴ്‌ചകൾ ചൂണ്ടിക്കാട്ടി പ്രചാരണം നടത്താൻ യുഡിഎഫിന് കഴിഞ്ഞില്ലെന്ന് ആരോപിച്ച ചെന്നിത്തല കോൺഗ്രസ് നേതൃത്വത്തെ ഒന്നടങ്കം പ്രതിക്കൂട്ടിലാക്കിയാണ് സംസാരിച്ചത്. വീഴ്‌ചയിൽ മുഖ്യ ഉത്തരവാദി പ്രതിപക്ഷ നേതാവ് എന്ന നിലയ്‌ക്ക് ചെന്നിത്തലയ്‌ക്കാണെന്നും അതിന് തങ്ങളെ പഴിക്കേണ്ടെന്നും യുഡിഎഫ് നേതാക്കൾ മറുപടിയായി വ്യക്തമാക്കി. ദയനീയ തോൽവി പഠിക്കാനെത്തുന്ന സമിതിക്ക് മുമ്പിലും ഏറ്റുമുട്ടുന്ന അവസ്ഥയിലാണ് സംസ്ഥാനത്തെ കോൺഗ്രസ്.
വൻ അഴിച്ചുപണിക്ക് ഹൈക്കമാൻഡ്
ഇതിനിടെ കെപിസിസി, ഡിസിസി തലത്തിൽ വൻ അഴിച്ചുപണിക്ക് ഹൈക്കമാൻഡ് നീക്കം തുടങ്ങി. എല്ലാ ഡിസിസി പ്രസിഡന്റുമാരെയും മാറ്റാനാണ് നിർദേശം. ഇത് അറിഞ്ഞ പാലക്കാട് ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്‌ഠൻ രാജിവച്ചു. അതിനിടെ, അഴിച്ചുപണി മണത്തതോടെ കെപിസിസി, ഡിസിസി ഭാരവാഹികളായി കയറിക്കുടാനുള്ള ചരട് വലികളും സജീവമായി.
സുധാകരനെതിരെ കെ സി ജോസഫും പി ടി തോമസും
മുല്ലപ്പള്ളി രാമചന്ദ്രൻ ഒഴിഞ്ഞാൽ, സ്ഥാനത്ത് വരാൻ നീക്കം നടത്തുന്ന കെ സുധാകരനെതിരെ എ ഗ്രൂപ്പ് രംഗത്ത്. കെ സി ജോസഫ്, പി ടി തോമസ് എന്നിവർ പ്രസിഡന്റ് പദവിയിൽ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. സുധാകരനെതിരെ ഹൈക്കമാൻഡിലേക്ക് പരാതികൾ പ്രവഹിക്കുകയാണ്.
ഉമ്മൻചാണ്ടിയെ കൊണ്ടുവന്നത് തിരിച്ചടിയായെന്ന് ചെന്നിത്തല ; തനിക്കെതിരെ എഴുതുമെന്ന് കരുതുന്നില്ലെന്ന് ഉമ്മൻചാണ്ടി
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മേൽനോട്ടസമിതി അധ്യക്ഷനായി ഉമ്മൻചാണ്ടിയെ കൊണ്ടുവന്നത് തിരിച്ചടിയായെന്ന് രമേശ് ചെന്നിത്തല. അഞ്ചുവർഷം പ്രതിപക്ഷനേതാവായ തന്നെ ഒഴിവാക്കി ഉമ്മൻചാണ്ടിയെ കൊണ്ടുവന്നത് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടാക്കിയെന്നും ഹിന്ദുവോട്ടുകൾ നഷ്ടമാകാൻ ഇത് കാരണമായെന്നും എഐസിസി അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച കത്തിൽ ചെന്നിത്തല ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഉമ്മൻചാണ്ടിയെ അദ്ദേഹംപോലും ആഗ്രഹിക്കാത്ത പദവിയിലേക്ക് കൊണ്ടുവന്നത് അസാധാരണമായി. ഒരു പരാതിക്കും ഇടകൊടുക്കാതെ ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുകയാണ് ചെയ്തത്. ഈ നടപടിയിലൂടെ ഒതുക്കപ്പെടുകയും അപമാനിതനാവുകയും ചെയ്‌തെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഹൈക്കമാൻഡ് തീരുമാനപ്രകാരമാണ് ഉമ്മൻചാണ്ടിയെ തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ അധ്യക്ഷനാക്കിയത്.
അതേസമയം, ഉമ്മൻചാണ്ടിയുടെ വരവാണ് തിരിച്ചടിക്ക് കാരണമെന്ന ചെന്നിത്തലയുടെ നിലപാട് എ ഗ്രൂപ്പിൽ അസ്വാരസ്യമുണ്ടാക്കി. തനിക്കെതിരെ ചെന്നിത്തല കത്തെഴുതുമെന്ന് കരുതുന്നില്ലെന്നാണ് ഉമ്മൻചാണ്ടി മാധ്യമങ്ങളോട് പ്രതികരിച്ചത്.
തനിക്കെതിരെ എഴുതുമെന്ന് കരുതുന്നില്ല
സോണിയ ഗാന്ധിക്ക്, രമേശ് ചെന്നിത്തല അയച്ച കത്തിൽ തനിക്കെതിരെ എഴുതുമെന്ന് കരുതുന്നില്ലെന്ന് ഉമ്മൻചാണ്ടി. അദ്ദേഹത്തിന് എല്ലാ കാര്യങ്ങളും അറിയാം.
തെരഞ്ഞെടുപ്പ് നടത്തിപ്പിന് വേണ്ടി മാത്രമായിരുന്നു കമ്മിറ്റിയെന്നും രാഷ്ട്രീയമായി ഒരു പ്രാധാന്യവും അതിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുല്ലപ്പള്ളി രാമചന്ദ്രൻ ഏത് സാഹചര്യത്തിലാണ് തനിക്കെതിരെ പ്രതികരിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.
No comments:
Post a Comment