Tuesday, May 11, 2021

കെ ആര്‍ ഗൗരിയമ്മ വിടവാങ്ങി

തിരുവനന്തപുരം > കേരളത്തിന്റെ വിപ്ലവ നായികയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഒന്നാംനിര നേതാവുമായിരുന്ന കെ ആര്‍ ഗൗരിയമ്മ അന്തരിച്ചു. 102 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു.

ആധുനിക കേരളത്തിന്റെ ചരിത്രവുമായി വേര്‍പെടുത്താനാവാത്ത വിധം കെട്ടുപിണഞ്ഞു കിടക്കുന്നു ഗൗരിയമ്മയുടെ ജീവിതം. അസാമാന്യ ധീരതയും ത്യാഗസന്നദ്ധതയും പ്രതിബദ്ധതയും സേവനോമുഖതയും ചേര്‍ന്ന ജീവിതമായി ഗൗരിയമ്മയുടേത്.

1957ല്‍ ഇഎംഎസിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായിരുന്നു.  1957, 1960 കേരള നിയമസഭകളില്‍ ചേര്‍ത്തലയില്‍ നിന്നും 1965 മുതല്‍ 1977 വരെയും 1980 മുതല്‍ 2006 വരെയും അരൂരില്‍ നിന്നും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

ഇഎംസിനൊപ്പം

അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുമ്പോഴാണ് കെ ആർ ഗൗരിയമ്മ കമ്യുണിസ്റ്റ് പാർടിയിൽ ചേരുന്നത്. മികച്ച വാഗ്മിയും സംഘാടകയുമായ അവർക്ക് അംഗത്വം നൽകിയതാകട്ടെ പി കൃഷ്ണപിള്ള. ഇ എം എസ്, എ കെ ജി, നായനാർ, വി എസ് തുടങ്ങിയ നേതാക്കൾക്കൊപ്പം പാർടി കെട്ടിപ്പടുക്കുന്നതിൽ ഗൗരിയമ്മയും വലിയ പങ്കുവഹിച്ചു.1957ൽ ഇഎംഎസിന്റെ നേതൃത്വത്തിൽ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലേറിയപ്പോൾ റവന്യൂ വകുപ്പ്  ഏൽപിച്ചു. കേരള ചരിത്രത്തിൽ സുവർണ ലിപികളിൽ രേഖപ്പെടുത്തിയ ഭൂപരിഷ്കരണ നിയമം നടപ്പാക്കുന്നതിന് ചുക്കാൻ പിടിക്കാനുള്ള നിയോഗവും അവർക്കായി. 

ആദ്യ മന്ത്രിസഭയിൽ അംഗമായ  ഗൗരിയമ്മ സത്യപ്രതിജ്ഞചെയ്ത് മന്ത്രിക്കസേരയിൽ ഇരുന്നപ്പോഴുണ്ടായ അനുഭവം എഴുതി: ""57 ഏപ്രിൽ അഞ്ചിന് ഞങ്ങൾ അധികാരമേറ്റു. അതൊരു  ലോക സംഭവമായിരുന്നു. സ്വാതന്ത്ര്യം കിട്ടിയ പത്താം കൊല്ലം അധികാരമേറ്റ കമ്യൂണിസ്റ്റ് മന്ത്രിസഭയ്ക്ക് എന്തെന്ത് പ്രശ്നങ്ങളായിരുന്നു?. ഭരണ പരിചയമില്ലാത്ത എനിക്ക് ആദ്യമൊക്കെ ഫയൽ നോക്കാൻ അറിയില്ല.

സാങ്കേതികത്വത്തെക്കാൾ, അതിൽ നരകിക്കുന്ന മനുഷ്യരുടെ ദുരിതമാണല്ലോ പ്രധാനം. ആ ദുരിതവും വേദനയും കഷ്ടപ്പാടും എന്തെന്നറിയുകയും പരിഹാരം തേടാനുള്ള തീവ്രസമരത്തിൽ പങ്കെടുക്കുകയും ചെയ്ത എനിക്ക്, പിന്നെ ഫയൽ പഠിക്കാൻ പ്രയാസം തോന്നിയില്ല. അപ്പോഴും കൃഷിക്കാരുടെ പ്രശ്നങ്ങൾ ഒരു വിചാരമായി, വികാരമായി അലട്ടി. കർഷകസംഘം നേതാക്കളായ ഇ ഗോപാലകൃഷ്ണമേനോൻ, പന്തളം പി ആർ മാധവൻപിള്ള, സി എച്ച് കണാരൻ എന്നിവരുമായും  പാർടി നേതൃത്വവുമായും ചർച്ചചെയ്തു. ഡിപ്പാർട്‌മെന്റുമായി ആലോചിച്ചു. അതിന്റെയൊക്കെ ഫലമായി ഒരാശയം  രൂപംപൂണ്ടു. അത് വാക്കുകളായി, വകുപ്പുകളായി, നിയമരേഖയായി സമ്പൂർണമാക്കിയപ്പോഴേക്കും ഏപ്രിൽ പത്ത്‌. 11ന്  ഓർഡിനൻസ്‌.  കാർഷിക പരിഷ്കരണ നിയമങ്ങൾക്ക്തറക്കല്ലിട്ടത് അന്നാണ്. രാജവാഴ്ചക്കും ജന്മിത്വത്തിനും ഏൽപിച്ച പ്രഹരമായിരുന്നു ഒഴിപ്പിക്കൽ നിരോധന ഓർഡിനൻസ്. എന്റെ ജീവിതത്തിലെ അനുസ്മരണീയ ദിനം''.

ഗൗരിയമ്മ 1957ല്‍ ആദ്യ മന്ത്രിസഭയിലെ അംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നു

1967, 80, 87 വർഷങ്ങളിലെ മന്ത്രിസഭകളിലും ഗൗരിയമ്മ അംഗമായി. മന്ത്രിയെന്ന നിലയിൽ പ്രവർത്തനം ഏറെ ശ്ലാഘിക്കപ്പെട്ടു. ആദ്യകാല പാർടി പ്രവർത്തകരിൽ മുൻനിരയിലുണ്ടായ അവർ 1994ൽ സിപിഐഎമ്മിൽനിന്ന് പുറത്തായി. തുടർന്ന്‌ ജെ എസ് എസ് രൂപീകരിച്ച യുഡിഎഫിൽ  ചേർന്നു.  അവസാനം യുഡിഎഫുമായി സ്വരചേർച്ചയില്ലാതായി. ആ മുന്നണി വിട്ടു.

തലമുറകള്‍ക്ക് വഴിവിളക്കായി

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കായി തന്നാലാവുന്നതെല്ലാം ചെയ്ത ധീരയായ വനിതാ നേതാവായിരുന്നു. സ്ത്രീ ഇന്നും ചൂഷണവിധേയയും അരക്ഷിതയുമാണെന്ന് നിരീക്ഷിച്ചു. ഗൗരിയമ്മ തലമുറകള്‍ക്ക് വഴിവിളക്കായി. എന്നും സാധാരണക്കാരോടൊപ്പം നിന്നു.

11ാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ നേതാവായിരുന്നു ഗൗരിയമ്മ. ഏറ്റവുമധികം തവണ തെരെഞ്ഞെടുക്കപ്പെട്ടയാള്‍ എന്ന റെക്കോര്‍ഡ് ഗൗരിയമ്മയുടെ പേരിലാണ്. ഏറ്റവും പ്രായം കൂടിയ നിയമസഭാംഗം, ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗം, ഏറ്റവും പ്രായം കൂടിയ മന്ത്രി തുടങ്ങിയ പല റെക്കോര്‍ഡുകള്‍ വേറെയുമുണ്ട്. ഗൗരിയമ്മയുടെ ആത്മകഥ 2010-ല്‍ ആത്മകഥ- കെ ആര്‍ ഗൗരിയമ്മ എന്ന പേരില്‍ പുറത്തിറക്കി. ആത്മകഥയ്ക്ക് 2011-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.

രണ്ടാം ഇഎംഎസ് മന്ത്രിസഭയില്‍ റവന്യൂ, ഭക്ഷ്യം, പൊതുവിതരണം, വാണിജ്യ നികുതി, സാമൂഹ്യ സുരക്ഷ, നിയം എന്നീ വകുപ്പുകളുടെ ചുമതലയിലിരിക്കെ ഭൂപരിഷ്‌കരണ ബില്‍ നടപ്പാക്കി. 3.5 ദശലക്ഷം കുടിയേറ്റക്കാരും 5,00,000 കുടികിടപ്പുക്കാരും ഭൂമിയുടെ ഉടമസ്ഥരായി. ഇ കെ നായനാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച് ആദ്യ മന്ത്രിസഭയില്‍ കൃഷി, സാമൂഹിക ക്ഷേമം വകുപ്പുകള്‍ കൈകാര്യം ചെയ്തു.

ടി വി തോമസ്, ഗൗരിയമ്മ വിവാഹ ഫോട്ടോ

ചേര്‍ത്തല താലൂക്കിലെ അന്ധകാരനഴി എന്ന ഗ്രാമത്തില്‍ കളത്തിപ്പറമ്പില്‍ കെ എ രാമന്‍, പാര്‍വ്വതിയമ്മ എന്നിവരുടെ മകളായി 1919 ജൂലൈ 14നാണ് ഗൗരിയമ്മ ജനിച്ചതു്. തിരൂര്‍, ചേര്‍ത്തല എന്നിവിടങ്ങളിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും ബിഎ ബിരുദവും തുടര്‍ന്ന് എറണാകുളം ലോ കോളേജില്‍ നിന്നു് നിയമബിരുദവും കരസ്ഥമാക്കി.

1957-ലെ മന്ത്രിസഭയില്‍ തൊഴില്‍മന്ത്രിയായിരുന്ന ടി വി തോമസിനെ വിവാഹം ചെയ്തു. 1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ തോമസ് സിപിഐയിലും ഗൗരിയമ്മ സിപിഐ എമ്മിലും ഉറച്ചുനിന്നു.

അവസാന കാലഘട്ടത്തില്‍ ഗൗരിയമ്മ സിപിഐ എമ്മുമായും എല്‍ഡിഎഫുമായും ഏറെ അടുപ്പം പുലര്‍ത്തി. വനിതാമതിലിലും ഗൗരിയമ്മ പങ്കാളിയായിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജെഎസ്എസ് എല്‍ഡിഎഫ് വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് ഗൗരിയമ്മ പ്രഖ്യാപിച്ചു.

മൃതദേഹം അയ്യങ്കാളി ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം ആലപ്പുഴ വലിയചുടുകാട്ടില്‍ സംസ്‌കരിക്കും. അയ്യങ്കാളി ഹാളിലും ആലപ്പുഴയിലെ സംസ്‌കാര ചടങ്ങിലും കര്‍ശനമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് 300 പേര്‍ക്ക് പൊതു ദര്‍ശനത്തില്‍ പങ്കെടുക്കാമെന്ന് കോവിഡ് മാനദണ്ഡത്തില്‍ ഇളവ് വരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി.

ദേശാഭിമാനി

No comments:

Post a Comment