Saturday, May 29, 2021

കുഴൽപ്പണം കവർച്ച : ഒഴിഞ്ഞുമാറാനാകാതെ ആർഎസ്‌എസ്‌ ബിജെപി നേതൃത്വം

സംസ്ഥാന സംഘടന ജനറൽ സെക്രട്ടറിയെ ചോദ്യം ചെയ്‌തതോടെ കുഴൽപ്പണം ഇടപാടിൽ ബിജെപി ഉന്നത നേതാക്കൾക്ക്‌ ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന്‌ വ്യക്തമായി. സംഘടനാ ജനറൽ സെക്രട്ടറിക്കൊപ്പം സംസ്ഥാന ഓഫീസ്‌ സെക്രട്ടറിയെക്കൂടി ശനിയാഴ്‌ച‌ ചോദ്യം ചെയ്യുന്നതോടെ ബിജെപിയുടെ പങ്ക്‌ മറയില്ലാതെ തെളിയുകയാണ്‌.  ബിജെപിയുടെ സംഘടനാ രീതിയനുസരിച്ച്‌ സംസ്ഥാന പ്രസിഡന്റിനു‌ മുകളിലല്ലെങ്കിലും ഏതാണ്ട്‌ തുല്യമായ സ്ഥാനമാണ്‌ സംഘടനാ ജനറൽ സെക്രട്ടറിക്ക്‌.  ആർഎസ്‌എസ്‌ ബിജെപിയെ നിയന്ത്രിക്കുന്നത്  ഈ സംഘടനാ ജനറൽ സെക്രട്ടറിയിലൂടെയാണ്‌.  ബിജെപിയുടെ പണമിടപാട്‌ കൈകാര്യം ചെയ്യുന്നതിൽ മുഖ്യപങ്ക്‌ വഹിക്കുന്നയാളാണ്‌ സംഘടനാ ജനറൽ സെക്രട്ടറി. കുഴൽപ്പണ ഇടപാട്‌ അറിയില്ലെന്നായിരുന്നു ഇതുവരെയും ബിജെപി സംസ്ഥാന പ്രസിഡന്റടക്കം പറഞ്ഞിരുന്നത്‌. നിരന്തരം പ്രസ്‌താവനകളും വാർത്താസമ്മേളനങ്ങളും നടത്താറുള്ള ബിജെപി  നേതാക്കളാരുംതന്നെ ഇതിനോട്‌  പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയാണ്‌.  സംസ്ഥാന സംഘടനാ  ജനറൽ സെക്രട്ടറിയെ ചോദ്യം ചെയ്‌തതോടെ ആർഎസ്‌എസ്‌ ഉൾപ്പെടെയുള്ള സംഘ്‌പരിവാർ നേതൃത്വമാകെ പ്രതിരോധത്തിലായി‌. കെ സുരേന്ദ്രന്റെ  ആവർത്തിച്ചുള്ള  നിഷേധപ്രസ്‌താവനകളെ ആരും  ഗൗരവമായി എടുക്കുന്നുമില്ല.  ഈ വിഷയത്തിൽ കൃഷ്‌ണദാസ്‌ പക്ഷത്തെയും ആർഎസ്എസിനെയും  പ്രതിക്കൂട്ടിലാക്കാനാണ്‌ സുരേന്ദ്രനും മുരളീധരനും ശ്രമിക്കുന്നത്‌.

കേസിൽ ചോദ്യം ചെയ്‌ത ഗണേശനും പരാതിക്കാരനായ ധർമരാജനും ആർഎസ്‌എസുകാരാണ്‌.  സംഭവത്തിൽ ഇടപെട്ട തൃശൂർ ജില്ലാ ഭാരവാഹികളാണെങ്കിൽ കൃഷ്‌ണദാസ്‌ പക്ഷവുമാണ്‌.  പണം കാണാതായിയെന്ന്‌ കേസ്‌ കൊടുപ്പിച്ചത്‌ കെ സുരേന്ദ്രൻ സമ്മർദം ചെലുത്തിയാണെന്ന്‌ പറയുന്നു. മുമ്പ്‌ സമാനമായ  രീതിയിൽ തമിഴ്നാട്ടിൽ വച്ച്‌ കേരളത്തിലേക്കുള്ള തെരഞ്ഞെടുപ്പ്‌ ഫണ്ട്‌  തട്ടിയ സംഭവമുണ്ടായപ്പോൾ അന്നത്തെ ബിജെപി നേതൃത്വം കേസ്‌ കൊടുക്കാതെ പ്രശ്‌നം ഒതുക്കിയിരുന്നു. ഇത്തവണയും പണം കൊണ്ടുവന്ന ധർമരാജൻ കേസിന്‌ പോകേണ്ടെന്ന്‌ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കേസ്‌ കൊടുക്കണമെന്ന്‌ നിർബന്ധം പിടിച്ചത്‌ എതിർപക്ഷത്തെ ലക്ഷ്യംവച്ചാണ്‌. എന്നാൽ, സുരേന്ദ്രന്‌ അങ്ങനെ രക്ഷപ്പെടാൻ കഴിയില്ലെന്നാണ്‌ ആർഎസ്‌എസ്‌ പക്ഷം പറയുന്നത്‌. പണം ധർമരാജന്‌ കൈമാറിയ സുനിൽ നായിക്‌ സുരേന്ദ്രന്റെ വിശ്വസ്‌തനാണ്‌.  പണത്തിന്റെ ഉറവിടം സുനിൽ നായിക്കിന്‌ അറിയാം. അതുപോലെ  അഞ്ച്‌ കോടി രൂപയുണ്ടായിരുന്നുവെന്ന്‌ പറയുന്നു. ഇതിൽ ധർമരാജന്റെ കൈവശം മൂന്നരക്കോടിയേ ഉണ്ടായിരുന്നുള്ളൂവെന്നും പറയുന്നു. അങ്ങനെയെങ്കിൽ ഒന്നരക്കോടി എവിടെപ്പോയെന്ന ചോദ്യം ബാക്കിയാവുന്നു. സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയെക്കൂടി ചോദ്യം ചെയ്‌തതോടെ കുഴൽപ്പണ ഇടപാടിൽ സംഘ്‌പരിവാറിന്‌ ഒഴിഞ്ഞുമാറാൻ കഴിയാത്ത സ്ഥിതിയായി.  

സംസ്ഥാന ഓഫീസ്‌ സെക്രട്ടറിയുടെ മൊഴികൂടി രേഖപ്പെടുത്തുന്നതോടെ ബിജെപി നേതൃത്വം കൂടുതൽ പ്രതിരോധത്തിലാവും. കേസിൽ അടുത്തത്‌ ആരെയാവും ചോദ്യം ചെയ്യുകയെന്ന ആശങ്കയിലാണ്‌ ബിജെപി നേതൃത്വം.

ഇ എസ്‌ സുഭാഷ് 

കുഴൽപ്പണക്കവർച്ച : എം ഗണേഷ്‌ 
ആർഎസ്‌എസിന്റെ വിശ്വസ്‌തൻ

തെരഞ്ഞെടുപ്പ്‌ ഫണ്ടിലേക്ക്‌ കൊണ്ടുവന്ന കുഴൽപ്പണം ബിജെപി നേതാക്കൾതന്നെ കവർന്നകേസിൽ അന്വേഷകസംഘം ചോദ്യംചെയ്‌ത എം ഗണേഷ്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കുമ്മനം രാജശേഖരന്റെ  വിശ്വസ്‌തൻ. ഗണേഷിനെ ബിജെപി സംഘടനാ ജനറൽ സെക്രട്ടറിയാക്കിയതും കുമ്മനമാണ്‌. സംസ്ഥാന പ്രസിഡന്റായപ്പോൾ അന്നത്തെ സംഘടനാ സെക്രട്ടറിമാരായ കെ ഉമാകാന്തൻ, കെ സുഭാഷ് എന്നിവരുമായി കുമ്മനത്തിന് അഭിപ്രായ വ്യത്യാസമുണ്ടായി. ഇതേത്തുടർന്ന്‌  കുമ്മനത്തിന്റെ ആവശ്യപ്രകാരമാണ്‌  ഗണേഷ്‌ ഈ പദവിയിലെത്തിയത്‌.

കാഞ്ഞങ്ങാട് ആർഎസ്എസ് പ്രചാരകനായാണ് ഗണേഷിന്റെ തുടക്കം. പാലക്കാട് ജില്ലാ പ്രചാരകനായിരിക്കെ ആരോപണം നേരിട്ടതോടെ പൊതുപ്രവർത്തനത്തിൽനിന്ന്‌ ഒഴിവാക്കി  ആർഎസ്എസ് സംസ്ഥാന ഓഫീസിൽ ഓഫീസ് സെക്രട്ടറിയാക്കി മാറ്റിനിർത്തി.  2016ലെ നിയമസഭാ തെരഞ്ഞെടുപ്പു മുതൽ പാർടി ഫണ്ട് കൈകാര്യം ചെയ്യുന്നത് ഗണേഷാണ്. നരേന്ദ്രമോഡിയടക്കം പങ്കെടുത്ത,  കോഴിക്കോട്ടു നടന്ന നാഷണൽ കൗൺസിൽ യോഗം, ലോക്‌സഭാ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ, കുമ്മനത്തിന്റെയും സുരേന്ദ്രന്റെയും സംസ്ഥാന യാത്രകൾ എന്നിവയുടെ മുഴുവൻ ഫണ്ടുകളും കൈകാര്യംചെയ്തത് ഗണേഷായിരുന്നു.

2016ലും പാർടിയുടെ 1.60 കോടി രൂപ സേലത്തുവച്ച് ഇതുപോലെ കവർന്നിരുന്നു. എന്നാൽ പരാതിപ്പെടാൻ പാർടി നേതൃത്വം തയ്യാറായില്ല. ഇതേക്കുറിച്ചും ബിജെപി ദേശീയ നേതൃത്വം അന്വേഷിക്കുന്നുണ്ട്‌.

കുഴൽപ്പണക്കവർച്ച: പ്രതിയുടെ അമ്മ 
സ്വർണം ഹാജരാക്കി

തെരഞ്ഞെടുപ്പ്‌ ഫണ്ടായി ബിജെപിയെത്തിച്ച കുഴൽപ്പണം കവർച്ചചെയ്ത്‌ വാങ്ങിയ സ്വർണം പ്രതിയുടെ അമ്മ ഹാജരാക്കി. 110  ഗ്രാം സ്വർണമാണ് ഹാജരാക്കിയത്. മുഖ്യപ്രതി മാർട്ടിന്റെ അമ്മയാണ് സ്വർണം അന്വേഷണസംഘത്തിനു കൈമാറിയത്. ആറാം പ്രതി മാർട്ടിന്റെ വെള്ളാങ്കല്ലൂരിലെ വീട്ടിൽ നിന്ന്‌ ഒമ്പത് ലക്ഷം രൂപയും പത്തര ലക്ഷത്തിന്റെ ഇടപാട് രേഖകളും കണ്ടെടുത്തിരുന്നു.

കുഴൽപ്പണസംഘത്തിന്‌ താമസമൊരുക്കിയത്‌ നേതാക്കൾ ; മുറി ബുക്ക് ചെയ്തത്‌ ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിൽനിന്ന്

തെരഞ്ഞെടുപ്പ്‌ ഫണ്ടായി മൂന്നരക്കോടി രൂപയുടെ കുഴൽപ്പണം കടത്തിയവർക്ക്‌ തൃശൂർ ജില്ലയിൽ താമസം ഏർപ്പാടാക്കിയത്‌ ബിജെപി ജില്ലാ നേതൃത്വം. കുഴൽപ്പണം കടത്തിയ ആർഎസ്‌എസ്‌ പ്രവർത്തകൻ ധർമരാജൻ ഇക്കാര്യം ചോദ്യം ചെയ്യലിൽ പ്രത്യേക അന്വേഷണ സംഘത്തോട്‌ വെളിപ്പെടുത്തി. താമസവും മറ്റ്‌ സൗകര്യങ്ങളും ഒരുക്കി തന്നത്‌ ജില്ലാ നേതാക്കളാണെന്നാണ്‌ ധർമരാജൻ മൊഴിനൽകിയത്‌.  ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽനിന്നാണ്‌ മുറി ബുക്ക് ചെയ്തതെന്ന് ഹോട്ടൽ ജീവനക്കാരനും പൊലീസിന്‌ മൊഴി നൽകി.  കേസിൽ തങ്ങൾക്ക്‌ പങ്കില്ലെന്ന്‌ ആവർത്തിക്കുന്ന ബിജെപി നേതാക്കളുടെ വാദം ഇതോടെ പൊളിഞ്ഞു.

തൃശൂരിലെ ബിജെപി ഓഫീസിന്‌ സമീപത്തെ സ്വകാര്യലോഡ്‌ജിൽ രണ്ട്‌ മുറികളാണ്‌ ബുക്ക്‌ ചെയ്‌തത്‌. മൂന്ന് കിടക്കകളുള്ള 216ാം നമ്പർ മുറിയും 215–-ാം നമ്പർ മുറിയും.  215–--ലായിരുന്നു പണം കൊണ്ടുവന്ന ധർമരാജൻ താമസിച്ചത്‌. രാത്രി പന്ത്രണ്ടിനെത്തിയ സംഘം പുലർച്ചെയാണ്‌ മുറി ഒഴിഞ്ഞത്‌. ലോഡ്‌ജിന്റെ വാടകബിൽ ബിജെപി ഓഫീസിൽ നൽകുമ്പോഴാണ്‌ പണം തരാറുള്ളതെന്നും  ഈ വിവരം പൊലീസിനോട് പറഞ്ഞതായും ലോഡ്ജിലെ രജിസ്റ്റർ പൊലീസ് പരിശോധിച്ചതായും ഹോട്ടൽ ജീവനക്കാരൻ മാധ്യമങ്ങളോടും വ്യക്തമാക്കി. ലോഡ്‌ജിലെ സിസിടിവി ദ്യശ്യങ്ങൾ അന്വേഷകസംഘം ശേഖരിച്ചിട്ടുണ്ട്.

ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്തയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആർഎസ്‌എസ്‌ പ്രവർത്തകൻ ധർമരാജനെയും ഡ്രൈവർ  ഷംജീറിനെയും വ്യാഴാഴ്‌ചയാണ്‌ തൃശൂർ പൊലീസ് ക്ലബ്ബിൽ വീണ്ടും ചോദ്യംചെയ്‌തത്‌. പറയാനുള്ളതെല്ലാം പൊലീസിനോട്‌ പറഞ്ഞതായി  ആറുമണിക്കൂർ നീണ്ട ചോദ്യംചെയ്യലിനുശേഷം പുറത്തിറങ്ങിയ ധർമരാജൻ പറഞ്ഞു. സംഘത്തിന്‌ വാഹനം നൽകിയ ഒരു സ്‌ത്രീയെയും അന്വേഷകസംഘം വ്യാഴാഴ്‌ച വിളിപ്പിച്ചിരുന്നു.

അടുത്തദിവസം ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശൻ, ഓഫീസ് സെക്രട്ടറി ജി  ഗിരീഷ്  എന്നിവരെയും തുടർന്ന്‌ കർത്തയെയും ധർമരാജിന്‌ പണം കൈമാറിയ യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്കിനെയും വീണ്ടുംചോദ്യം ചെയ്യും. നേരത്തേ ബിജെപി തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി കെ ആർ ഹരി, ട്രഷറർ സുജയ്‌സേനൻ, മധ്യമേഖലാ സംഘടനാ സെക്രട്ടറി  ജി കാശിനാഥൻ എന്നിവരേയും  ചോദ്യംചെയ്‌തിരുന്നു.

കുഴൽപ്പണം : ബിജെപി ബന്ധം സമ്മതിച്ച്‌ മൊഴി ; 19.5 ലക്ഷത്തിന്റെ പണവും 
 രേഖകളുംകൂടി കണ്ടെത്തി

തെരഞ്ഞെടുപ്പ്‌ ഫണ്ടിലേക്ക്‌ കുഴൽപ്പണമായി കൊണ്ടുവന്ന മൂന്നരക്കോടി രൂപ കൊടകരയിൽ നേതാക്കൾതന്നെ കവർന്ന കേസിൽ ബന്ധം സമ്മതിച്ച്‌ ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്ത.  യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്ക് നൽകിയ മൂന്നരക്കോടി രൂപ കർത്തയ്‌ക്ക്‌ കൈമാറാനായിരുന്നു നിർദേശമെന്ന്‌ കുഴൽപ്പണകടത്തുകാരനായ ധർമരാജിന്റെ മൊഴിയാണ്‌ കർത്തയെ കുടുക്കിയത്‌. ബുധനാഴ്‌ച  ചോദ്യംചെയ്യലിൽ  ധർമരാജനുമായി സംസാരിച്ച കാര്യം കർത്ത ആദ്യം നിഷേധിച്ചു. കേസിലുൾപ്പെട്ടവരുമായി ഫോണിൽ സംസാരിച്ചതിന്‌ വ്യക്തമായ മറുപടി നൽകാനായില്ല. പൊലീസ്‌ തെളിവുകൾ വ്യക്തമാക്കിയതോടെ എല്ലാം തുറന്ന്‌ സമ്മതിക്കുകയായിരുന്നു. അടുത്ത ദിവസം ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശൻ, ഓഫീസ് സെക്രട്ടറി ജി ഗിരീഷ്  എന്നിവരെ ചോദ്യം ചെയ്യും.

അതിനുശേഷം വീണ്ടും കർത്തയെ വിളിപ്പിക്കും. ഉന്നത നേതാക്കളുമായി കേസിനുള്ള ബന്ധത്തിന്റെ അതിനിർണായക വിവരങ്ങൾ അന്വേഷണസംഘത്തിന്‌  ലഭിച്ചിട്ടുണ്ട്‌.

അതിനിടെ കേസിൽ  ആറാം പ്രതി മാർട്ടിന്റെ  വീട്ടിൽനിന്ന് ഒമ്പത്‌  ലക്ഷം രൂപയും പത്തര ലക്ഷത്തിന്റെ വസ്തുക്കളും  കണ്ടെത്തി.  കവർച്ചക്കുശേഷം മൂന്ന് ലക്ഷം രൂപയ്‌ക്ക് ഇന്നോവ കാറും മൂന്നര ലക്ഷം രൂപയുടെ സ്വർണവും മാർട്ടിൻ  വാങ്ങിയതായി  കണ്ടെത്തി. നാല് ലക്ഷം ബാങ്കിൽ അടച്ചതുൾപ്പെടെ 19.5 ലക്ഷത്തിന്റെ പണവും  രേഖകളുമാണ് കണ്ടെടുത്തത്.  ഇതോടെ  കേസിൽ പ്രതികളിൽനിന്ന്‌മാത്രം ഒന്നേകാൽ കോടി രൂപ കണ്ടെടുത്തു. ബിജെപി നേതാക്കളെ ചോദ്യംചെയ്യുന്നതോടെ ബാക്കി പണംകൂടി കണ്ടെത്താനാവുമെന്നാണ്‌  വിലയിരുത്തൽ.

പാർടി കാറിൽ 
പ്രസിഡന്റിനൊപ്പമെത്തി കർത്ത

ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്ത അന്വേഷകസംഘത്തിന്‌ മുന്നിൽ ഹാജരായത്‌  ജില്ലാ കമ്മിറ്റിയുടെ വാഹനത്തിൽ ജില്ലാ പ്രസിഡന്റ്‌ എം വി ഗോപകുമാറിനൊപ്പം. ആലപ്പുഴ പൊലീസ്‌ ക്ലബിൽ ബുധനാഴ്‌ച രാവിലെ 9.45ന്‌ ആരംഭിച്ച‌ ചോദ്യംചെയ്യൽ രണ്ടോടെയാണ് പൂർത്തിയായത്. നാലരമണിക്കൂറും ഗോപകുമാർ പുറത്തുകാത്തുനിന്നു.  കുഴൽപ്പണക്കേസുമായി ബന്ധമില്ലെന്ന് കർത്ത മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു. കൂടുതൽ കാര്യങ്ങൾ സംസ്ഥാന പ്രസിഡന്റിനോടോ മറ്റ് നേതാക്കളോടോ ചോദിക്കണമെന്നും-‌ കർത്ത പറഞ്ഞു.

No comments:

Post a Comment