Wednesday, May 19, 2021

നായനാർ എന്നും 
ജനഹൃദയങ്ങളിൽ - എ വിജയരാഘവൻ എഴുതുന്നു

ഉരുക്കുപോലുള്ള നിശ്ചയദാർഢ്യം, ഏത് പ്രതിസന്ധിയെയും അഭിമുഖീകരിക്കാനുള്ള സന്നദ്ധത, ഇതിന്റെയെല്ലാം ചുരുക്കപ്പേരാണ് ഇ കെ നായനാർ. ലോകത്തെവിടെയുമുള്ള മലയാളികളുടെ മനസ്സിലെ നിത്യസ്നേഹ സാന്നിധ്യമായ നായനാരുടെ സ്മരണദിനമാണ്‌ ഇന്ന്. സംസ്ഥാനമാകട്ടെ, എൽഡിഎഫ് ആകട്ടെ, സിപിഐ എം ആകട്ടെ ഒരു പ്രതിസന്ധിയെയോ വിഷമഘട്ടത്തെയോ നേരിടുമ്പോൾ അതിനെ മറികടക്കാനുള്ള പതറാത്ത കമ്യൂണിസ്റ്റ് ധീരതയായിരുന്നു ഇന്ത്യയിലെ പ്രമുഖ കമ്യൂണിസ്റ്റ് നേതാക്കളിൽ ഒരാളായിരുന്ന സഖാവ്.

ആ പാതയിലൂടെ മുന്നേറിയാണ് കേരളത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ്‌ സർക്കാർ വർധിച്ച ജനപിന്തുണയോടെ തുടർഭരണത്തിൽ എത്തിയത്‌. മൂന്നുതവണ മുഖ്യമന്ത്രിയായി, ഏറ്റവും കൂടുതൽ കാലം സംസ്ഥാനത്തെ നയിച്ച നായനാരുടെ സ്മരണയ്ക്ക് ഈ ഘട്ടത്തിൽ കൂടുതൽ പ്രസക്തിയുണ്ട്. അവിഭക്ത കമ്യൂണിസ്റ്റ്‌ പാർടിയുടെ കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന, സിപിഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന നായനാരെ മൂന്നു തവണ മുഖ്യമന്ത്രിയായി സിപിഐ എം തെരഞ്ഞെടുത്തത്‌ തികഞ്ഞ സംഘടന‐ രാഷ്‌ട്രീയ തത്വങ്ങളുടെ അടിസ്ഥാനത്തിലാണ്‌. എന്നാൽ, നായനാരെയും എന്തിന്‌ ഇ എം എസിന്റെ പോലും മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള പാർടി തെരഞ്ഞെടുപ്പിനെ വക്രീകരിക്കാനുള്ള ചില ശക്തികളുടെയും കേന്ദ്രങ്ങളുടെയും ശ്രമം കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ ദുർബലപ്പെടുത്താനുള്ളതാണ്‌.

കേരളത്തിലെ എല്ലാവിഭാഗം ജനങ്ങളുടെയും പ്രശ്‌നങ്ങളും ആവശ്യങ്ങളും വിഷയങ്ങളുമെല്ലാം സമയബന്ധിതമായി പരിഗണിച്ച്‌ അവയ്‌ക്കെല്ലാം പരിഹാരമുണ്ടാക്കിയാണ്‌ കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ മുന്നോട്ടുനീങ്ങിയത്‌. മാത്രമല്ല, നമ്മുടെ സംസ്ഥാനവും ലോകവും കോവിഡ് –-19 എന്ന മഹാമാരിയുടെ രണ്ടാം വരവിനെതിരായ യുദ്ധത്തിലാണ്. കൊറോണയെ കീഴടക്കുക തന്നെയാണ്‌ നമുക്കു മുന്നിലുള്ള ഏറ്റവും പ്രധാന വെല്ലുവിളി.

കൊറോണ പ്രതിരോധത്തിൽ കേരളം ആർജിച്ച നേട്ടത്തിൽ 1957 മുതലുള്ള എല്ലാ ഭരണത്തിനും സാമൂഹ്യ–- രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും ചെറുതും വലുതുമായ പങ്കുണ്ട്. എന്നാൽ, ഇന്നത്തെ നിലയിൽ നമ്മുടെ പൊതുജനാരോഗ്യ സംവിധാനത്തെ വളർത്തിയതിലും ആരോഗ്യസംരക്ഷണത്തിൽ ജനപങ്കാളിത്തം ഉറപ്പിച്ചതിലും ഇ എം എസിന്റെ ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റ് നേതൃഭരണങ്ങളുടെ പങ്ക് സമാനതകൾ ഇല്ലാത്തതാണ്. നമ്മുടെ പൊതുജനാരോഗ്യം ശക്തിപ്പെടുത്തുന്നതിൽ അധികാരവികേന്ദ്രീകരണ ഭരണസംവിധാനത്തെ കാര്യക്ഷമമായി ബന്ധിപ്പിച്ചത് 1996ലെ നായനാർ സർക്കാരാണ്. കുടുംബശ്രീയും അന്നത്തെ ഭരണത്തിന്റെ സൃഷ്ടിയാണ്. കൊറോണയെ ചെറുക്കുന്നതിൽ ആരോഗ്യമേഖലയും കുടുംബശ്രീയും പ്രധാന ഘടകങ്ങളാണ്. ഈ നേട്ടത്തിലേക്ക്‌ എൽഡിഎഫ് സർക്കാരിനെ നയിച്ച നായനാരെ നമുക്ക് കൃതജ്ഞതാപൂർവം ഓർമിക്കാം.

കേരള ജനതയുടെ ജീവിതത്തെ പുതുക്കിപ്പണിത കമ്യൂണിസ്റ്റ് നേതാക്കളിൽ പ്രധാനിയും മികച്ച ഭരണാധികാരിയുമായിരുന്നു നായനാർ. കമ്യൂണിസ്റ്റ് നേതാവ്, സമരനായകൻ, പാർലമെന്റേറിയൻ, പത്രാധിപർ, എഴുത്തുകാരൻ, പ്രാസംഗികൻ തുടങ്ങിയ നിലയിലെല്ലാം അനന്യമായ ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. അതാണ് അദ്ദേഹത്തെ ജനങ്ങളുടെ പ്രിയങ്കരനാക്കിയത്. പാർടി അച്ചടക്കം പാലിക്കുന്നതിൽ കർക്കശക്കാരനായിരുന്നു. നാടിന്റെ മാറ്റത്തിനും പുരോഗതിക്കും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശക്തി അനിവാര്യമാണെന്നും അതിന് പാർടിയിലെ അച്ചടക്കം പ്രധാനമാണെന്നും അദ്ദേഹം കണ്ടു. ജനങ്ങളോടുള്ള, പ്രത്യേകിച്ച് പതിത വിഭാഗങ്ങളോടുള്ള കൂറായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര.

കർഷകത്തൊഴിലാളികൾക്ക് പെൻഷൻ നൽകിയതിലൂടെ ഇന്ത്യയിൽത്തന്നെ പുതുമാതൃക സൃഷ്ടിച്ചു. വൈദ്യുതി മിച്ച സംസ്ഥാനമാക്കി മാറ്റി. ജനകീയാസൂത്രണം, സാക്ഷരതായജ്ഞം, മാവേലി സ്റ്റോർ തുടങ്ങിയ ഒട്ടേറെ കാര്യങ്ങൾ നടപ്പാക്കി.

17 വർഷംമുമ്പ് നായനാർ നമ്മെ വിട്ടുപിരിഞ്ഞു. 2004 മെയ് 19ലെ സന്ധ്യമുതൽ പയ്യാമ്പലത്തെ ചിതയിലെരിഞ്ഞ മെയ് 21 രാത്രിവരെ കേരളം കണ്ണീരണിഞ്ഞതും വിങ്ങിപ്പൊട്ടിയതും ചരിത്രം. അത്രയധികം ജനപ്രീതി നേടിയ കമ്യൂണിസ്റ്റായിരുന്നു അദ്ദേഹം.

മോറാഴയിൽ ഗോവിന്ദൻ നമ്പ്യാരുടെയും ഏറമ്പാല നാരായണിയമ്മയുടെയും മൂന്നു മക്കളിൽ രണ്ടാമനായി 1919 ഡിസംബർ ഒമ്പതിന്‌ ഏറമ്പാല കൃഷ്ണൻ നായനാർ എന്ന ഇ കെ നായനാർ കല്യാശ്ശേരിയിൽ ജനിച്ചു. സമരച്ചൂളയിൽ ഉരുകിത്തെളിഞ്ഞ സമരധീരനായി നായനാർ വളർന്നത് വരുംതലമുറകൾ പഠിക്കേണ്ട ഏടാണ്. സ്കൂളിൽ പഠിക്കുമ്പോൾത്തന്നെ ബാലസംഘത്തിലൂടെ കോൺഗ്രസ് പ്രസ്ഥാനത്തിലെത്തി. കല്യാശ്ശേരി ഹയർ എലിമെന്ററി സ്കൂളിൽ ദളിത്‌ കുട്ടികൾക്ക് പ്രവേശനം നിഷേധിച്ചതിനെതിരെ കേളപ്പന്റെ നേതൃത്വത്തിൽ എ കെ ജിയും കെ പി ആറുമൊത്ത് നായനാർ സമരത്തിനിറങ്ങി. കോൺഗ്രസ് പ്രസിഡന്റായിരുന്ന രാജേന്ദ്രപ്രസാദ് 1935ൽ മലബാറിൽ വന്നപ്പോൾ നായനാരുടെ നേതൃത്വത്തിൽ വിദ്യാർഥികൾ കല്യാശ്ശേരിയിൽ സ്വീകരണം നൽകി. "നീ നാടിന്റെ അഭിമാനമാകും' നായനാരുടെ ഇളംകൈ കുലുക്കി രാജേന്ദ്രപ്രസാദ് അഭിനന്ദിച്ചു.

1940നു മുമ്പുതന്നെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയിൽ. തുടർന്ന്, കമ്യൂണിസ്റ്റ്‌ പാർടിയിൽ. സംഘടനാ പ്രവർത്തനം സജീവമായതോടെ വിദ്യാഭ്യാസം മുടങ്ങി. പാപ്പിനിശ്ശേരി ആറോൺമിൽ തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കാൻ പി കൃഷ്ണപിള്ള നിയോഗിച്ചതോടെ പോരാട്ടങ്ങളുടെ പരമ്പരയായി നായനാരുടെ ജീവിതം മാറി. 1940 ഏപ്രിലിൽ നടന്ന തൊഴിലാളി പണിമുടക്ക് ആദ്യ ജയിൽവാസത്തിന് കാരണമായി. ആറുമാസത്തെ ജയിൽശിക്ഷയായിരുന്നു. ശിക്ഷ കഴിഞ്ഞ് പുറത്തുവരുമ്പോൾ മോറാഴ സംഭവത്തിലെ നേതാക്കളിൽ ഒരാളായി. മോറാഴയിലെ പ്രതിഷേധപ്രകടനം മർദകവീരൻമാരായ സബ് ഇൻസ്പെക്ടർ കുട്ടികൃഷ്ണമേനോന്റെയും മറ്റൊരു പൊലീസുകാരന്റെയും മരണത്തിൽ കലാശിച്ചു. കെ പി ആറിനൊപ്പം പോരാട്ടത്തിൽ മുൻനിരയിലുണ്ടായിരുന്ന നായനാർ കർണാടകത്തിൽ ഒളിവിൽ പോയി. ആ കേസിൽ കെ പി ആറിനെ തൂക്കിക്കൊല്ലാൻ വിധിച്ചു. പക്ഷേ, പ്രതിഷേധം ദേശീയമായി ശക്തമായതോടെ ശിക്ഷ ജീവപര്യന്തമാക്കി.

കർഷകമർദനത്തിൽ പ്രതിഷേധിച്ച് 1941 മാർച്ചിൽ കയ്യൂരിൽ നടന്ന പ്രകടനത്തിനുനേരെ പരാക്രമം കാട്ടിയ സുബ്ബരായൻ എന്ന പൊലീസുകാരൻ പുഴയിൽ ചാടി മരിക്കാനിടയായി. പക്ഷേ, അത് കൊലക്കേസായപ്പോൾ അതിൽ നായനാർ മൂന്നാംപ്രതിയായി. വീണ്ടും ഒളിവിൽ. ഇക്കാലയളവിലാണ് സുകുമാരൻ എന്ന വ്യാജപ്പേരിൽ കേരളകൗമുദിയിൽ തിരുവനന്തപുരത്ത് പത്രപ്രവർത്തകനായത്. പിന്നീട് ദേശാഭിമാനിയിലും. സ്വാതന്ത്ര്യം കിട്ടുംമുമ്പ് ആറുവർഷം ഒളിവുജീവിതം നയിച്ചു. സ്വാതന്ത്ര്യം കിട്ടിയശേഷവും സമരങ്ങൾക്കും ഒളിവുജീവിതത്തിനും കുറവുണ്ടായില്ല.

തികച്ചും ത്യാഗോജ്വലമായ സമര–-സംഘടനാ ജീവിതം നയിച്ച നായനാർ, ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുൻനിര നേതാക്കളിൽ ഒരാളായിരുന്നു. 1955 വരെ പാർടി കണ്ണൂർ താലൂക്ക് സെക്രട്ടറിയായിരുന്നു. 1956 മുതൽ 1967 വരെ കോഴിക്കോട് ജില്ലാ സെക്രട്ടറി. അവിഭക്ത കമ്യൂണിസ്റ്റ് പാർടിയുടെ സംസ്ഥാന എക്സിക്യൂട്ടീവിലും ദേശീയ കൗൺസിലിലും അംഗമായിരുന്നു. റിവിഷനിസത്തിനെതിരായ സമരത്തിൽ ദേശീയ കൗൺസിലിൽനിന്ന് 1964ൽ ഇറങ്ങിപ്പോന്ന 32 സഖാക്കളിൽ നായനാരും ഉണ്ടായിരുന്നു. ദേശാഭിമാനിയെ തന്റെ ജീവശ്വാസമായി അദ്ദേഹം കണ്ടു. "ഞാൻ മരിച്ചാൽ എന്റെ അന്ത്യയാത്രയിൽ അവസാനം വായിച്ച ദേശാഭിമാനി എന്റെ നെഞ്ചോട് ചേർത്തുവയ്ക്കണം' എന്ന് നായനാർ ശാരദ ടീച്ചറിനോട് പറഞ്ഞതിൽ തെളിയുന്നത് കമ്യൂണിസ്റ്റ് ജിഹ്വയെ ഒരു കമ്യൂണിസ്റ്റുകാരൻ എത്രമാത്രം ഇഷ്ടപ്പെടണമെന്ന സന്ദേശമാണ്. 1970ൽ സിപിഐ എം മുഖമാസികയായി "ചിന്ത' മാറിയപ്പോൾ അതിന്റെ പത്രാധിപരായത് നായനാരായിരുന്നു. സി എച്ച് കണാരന്റെ നിര്യാണത്തെത്തുടർന്ന് 1972ൽ നായനാർ സംസ്ഥാന സെക്രട്ടറിയായി.1980ൽ മുഖ്യമന്ത്രിയാകുന്നതുവരെ ആ സ്ഥാനത്ത് തുടർന്നു. 1992ൽ വീണ്ടും സംസ്ഥാന സെക്രട്ടറിയായി. പിന്നീട് മുഖ്യമന്ത്രിയായപ്പോൾ ആ സ്ഥാനമൊഴിഞ്ഞു. സിപിഐ എം രൂപീകരണ കാലംമുതൽ കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന സഖാവ് 1998ൽ പൊളിറ്റ് ബ്യൂറോ അംഗമായി. പാർടി സംസ്ഥാന സെക്രട്ടറിയായി 11 വർഷം പ്രവർത്തിച്ചു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫും ബിജെപിയും യോജിച്ചുപ്രവർത്തിച്ചിട്ടും എൽഡിഎഫ്‌ 99 സീറ്റോടെ ചരിത്രവിജയം നേടി. ഇടതുപക്ഷത്തിന്റെ വർധിച്ച ജനപ്രീതിയാണ്‌ ഇതിലൂടെ തെളിയുന്നത്‌. വർഗീയ ഫാസിസ്റ്റുകളെയും അവസരവാദ രാഷ്‌ട്രീയക്കാരെയും അകറ്റിനിർത്താൻ കേരളജനത അതീവശ്രദ്ധ കാട്ടി. കൊറോണയുടെ രണ്ടാംതരംഗം ആഞ്ഞുവീശിയിട്ടും സ്വകാര്യവൽക്കരണത്തിന്റെ പാതയിൽ നീങ്ങുകയാണ്‌ കേന്ദ്ര സർക്കാർ. ജനങ്ങൾക്ക്‌ അത്യാവശ്യസൗകര്യം ഒരുക്കുന്നതിനു പകരം സെൻട്രൽ വിസ്‌ത നിർമിക്കാനും കോർപറേറ്റ് കമ്പനികൾക്ക്‌ ലാഭം കുന്നുകൂട്ടാനുമുള്ള സൗകര്യമാണ്‌ മോഡി സർക്കാർ ചെയ്യുന്നത്‌.

നായനാർ നമുക്കൊപ്പം ഇല്ലെങ്കിലും സഖാവ് ജീവിച്ചുകാട്ടിയ ആദർശങ്ങൾ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനൊപ്പമുണ്ട്. ആ വഴിത്താരകളിലൂടെ മുന്നേറിയാണ്‌ എൽഡിഎഫ്‌ ചരിത്രവിജയം നേടിയത്‌. കേരളത്തിൽ രണ്ടാം പിണറായി സർക്കാർ വ്യാഴാഴ്‌ച ചുമതലയേൽക്കുകയാണ്‌. പുതിയ സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് കരുത്തുപകർന്നും കോവിഡിനെ അതിജീവിക്കാനുമുള്ള യജ്ഞത്തിൽ പങ്കാളിയായും നമുക്ക്‌ നായനാരുടെ ഉജ്വലസ്‌മരണ പുതുക്കാം.

എ വിജയരാഘവൻ 

No comments:

Post a Comment