കണ്ണൂർ> തിരപോലെയെത്തിയ പ്രതിസന്ധികൾക്കുമുന്നിൽ പ്രതിരോധത്തിന്റെ നെടുങ്കോട്ട കെട്ടിയ പടനായകൻ വീണ്ടും.
കടന്നാക്രമണങ്ങളും വേട്ടയാടലുകളും അതിജീവിച്ച പിണറായി വിജയനെന്ന കേരളത്തിന്റെ നായകന് മുഖ്യമന്ത്രി പദത്തിൽ രണ്ടാം നിയോഗം. നിയമസഭയിലേക്കുള്ള ആറാമങ്കത്തിൽ ധർമടത്ത് നിന്ന് റെക്കോഡ് ഭൂരിപക്ഷത്തിൽ തെരഞ്ഞടുക്കപ്പെട്ടത് രണ്ടാം തവണയും . മൂന്നുതവണ കൂത്തുപറമ്പിലും ഓരോ തവണ പയ്യന്നൂരിലും ഏകപക്ഷീയ വിജയവുമായി നിയമസഭയിലെത്തിയ അദ്ദേഹം അനുഭവങ്ങളുടെ തീച്ചൂളയിലാണ് ഉരുകിത്തെളിഞ്ഞത്. നിശ്‌ചയദാർഢ്യത്തിന്റെയും പതറാത്ത കമ്യൂണിസ്‌റ്റ് ധൈര്യത്തിന്റെയും പ്രതീകമായ അദ്ദേഹം 26ാം വയസിലാണ് ആദ്യമായി നിയമസഭയിലെത്തിയത്. അടിയന്തരാവസ്ഥയിൽ ജനപ്രതിനിധിയായിട്ടും പൊലീസുകാരുടെ ക്രൂരമർദ്ദനത്തിനിരയായി. ചോരപുരണ്ട വസ്‌ത്രങ്ങൾ ഉയർത്തിക്കാട്ടി നിയമസഭയിൽ ആഭ്യന്തരമന്ത്രി കെ കരുണാകരനോട് ചോദ്യമുതിർത്ത പിണറായി ജനാധിപത്യത്തിനുവേണ്ടിയുള്ള കേരളത്തിന്റെ പ്രതീകം കൂടിയായി.
1945 മെയ് 24ന് ചെത്തുതൊഴിലാളിയായ മുണ്ടയിൽ കോരന്റെയും കല്യാണിയുടെയും മകനായാണ് പിണറായി വിജയന്റെ ജനനം. ബാല്യ‐ കൗമാരം പൂർണമായും ദാരിദ്ര്യം നിറഞ്ഞതായിരുന്നു. പിണറായി യുപി സ്കൂളിലും പെരളശേരി ഹൈസ്കൂളിലും വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഒരുവർഷം നെയ്ത്ത് തൊഴിലാളിയായി ജോലി ചെയ്തു. തലശേരി ഗവ. ബ്രണ്ണൻ കോളേജിൽ പ്രീഡിഗ്രി‐ ബിരുദ പഠനം. കെഎസ്എഫ് സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, കെഎസ്‌വൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. 1968ൽ മാവിലായിയിൽ ചേർന്ന കണ്ണൂർ ജില്ലാ പ്ലീനത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.
1972ൽ ജില്ലാ സെക്രട്ടറിയറ്റ് അംഗവും 1978ൽ സംസ്ഥാന കമ്മിറ്റി അംഗവുമായി. 1986‐ൽ കണ്ണൂർ ജില്ലാ സെക്രട്ടറി. 88ൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായി. 1996ൽ സഹകരണ ‐ വൈദ്യുതി മന്ത്രിയായപ്പോഴാണ് വൈദ്യുതി മേഖലയിൽ കേരളം കുതിച്ചത്. പിണറായി വിജയനെന്ന ഭരണതന്ത്രജ്‌ഞനെ കേരളം അനുഭവിച്ചറിയുകയായിരുന്നു അക്കാലം. 1998ൽ ചടയൻ ഗോവിന്ദന്റെ വിയോഗത്തെതുടർന്ന് പാർടി സംസ്ഥാന സെക്രട്ടറിയായി. കണ്ണൂർ, മലപ്പുറം, കോട്ടയം, തിരുവനന്തപുരം സമ്മേളനങ്ങളിലും സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ആലപ്പുഴ സമ്മേളനത്തിൽ സെക്രട്ടറി പദം ഒഴിഞ്ഞു. കൊൽക്കത്തയിൽ ചേർന്ന പതിനാറാം പാർടി കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റി അംഗമായും തുടർന്ന് പൊളിറ്റ്ബ്യൂറോ അംഗമായും തെരഞ്ഞെടുക്കപ്പെട്ടു.
1971 ൽ തലശേരിയിൽ ആർഎസ്എസുകാർ വർഗീയകലാപം അഴിച്ചുവിട്ടപ്പോൾ സംഘർഷമേഖലകളിലുടനീളം സഞ്ചരിച്ച് പിണറായിയും പാർടി പ്രവർത്തകരും നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങളെ തലശേരി ലഹളയെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് വിതയത്തിൽ കമീഷൻ ശ്ലാഘിച്ചു. എസ്‌എൻസി ലാവ്‌ലിൻ കരാറുമായി ബന്ധപ്പെടുത്തി പതിറ്റാണ്ടുകളായി നിരന്തര വേട്ടയാടലിനും അദ്ദേഹം ഇരയായി.
കേരളത്തിന്റെ ചരിത്രത്തിൽ നിർണായകമായിരുന്നു കഴിഞ്ഞ അഞ്ചുവർഷം. 2016ൽ ധർമടത്തുനിന്ന് റെക്കോഡ് ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കേരളത്തിന്റെ കപ്പിത്താനായി. ഓഖിയും രണ്ടുതവണയെത്തിയ പ്രളയവും കേരളത്തെ തകർത്തപ്പോൾ പണിയാം നമുക്ക് പുതുകേരളമെന്ന സന്ദേശവുമായി അദ്ദേഹം മുന്നിൽനടന്നു. നിപ്പയും കോവിഡുമെത്തിയപ്പോഴും കരുതലിന്റെ മഹാസന്ദേശവുമായി അദ്ദേഹം മുന്നിൽനിന്നു നയിച്ചു. സമാനതകളില്ലാത്ത മുന്നേറ്റം സമസ്‌ത മേഖലകളിലും സാധ്യമാക്കിയതിനൊപ്പം പിണറായിയുടെ നേതൃത്വത്തിലുള്ള അഞ്ചുവർഷത്തെ ഭരണം അവശജനവിഭാഗങ്ങളെ മുമ്പെങ്ങുമില്ലാത്തവിധം ചേർത്തുപിടിച്ചു.
റിട്ട. അധ്യാപിക കമലയാണ് ഭാര്യ. വിവേക്, വീണ മക്കൾ.
തകർക്കാനാവില്ല, ഈ അനുഭവക്കരുത്തിനെ
താഴെത്തട്ടിൽനിന്ന് ത്യാഗപൂർണമായ പ്രവർത്തനത്തിലൂടെ വിപ്ലവ പ്രസ്ഥാനത്തിന്റെ നായകസ്ഥാനത്തേക്ക് ഉയർന്നതാണ് പിണറായി വിജയനെന്ന കമ്യൂണിസ്‌റ്റിന്റെ ജീവിതം. എംഎൽഎ, മന്ത്രി, സിപിഐ എം സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചശേഷമാണ് 2016ൽ പിണറായി വിജയൻ കേരളത്തിന്റെ 22–ാമത്തെ മുഖ്യമന്ത്രിയായത്. മികച്ച ഭരണാധികാരിയെന്ന് അടിവരയിട്ട് തെളിയിച്ചശേഷമാണ് ചരിത്രംകുറിച്ച ഈ രണ്ടാം ദൗത്യം.
കഴിഞ്ഞതവണ പിണറായി മുഖ്യമന്ത്രിയായപ്പോൾ നെറ്റി ചുളിച്ചവർപോലും പിന്നീട് ആ ഭരണമികവിനെ തുറന്ന മനസ്സോടെ അംഗീകരിച്ചു. രണ്ടു പ്രളയും കോവിഡ് മഹാമാരിയും കടന്നുവന്നെങ്കിലും പ്രതിസന്ധിയിൽ കുലുങ്ങിയില്ല. നാടും ജനങ്ങളും ദുരിതത്തിലാഴ്‌ന്നിറങ്ങിയപ്പോൾ പതറിപ്പോകരുതെന്ന മന്ത്രവുമായി ആശ്വാസത്തിന്റെ നെയ്‌ത്തിരി കത്തിച്ചുപിടിച്ച് മുന്നിൽനിന്ന് നയിച്ചു. അതാണ് പിണറായി എന്ന ജനനായകനെ മറ്റുള്ളവരിൽനിന്ന് വേറിട്ടതാക്കുന്നത്.
1996–-98ൽ വൈദ്യുതി മന്ത്രിയായ പിണറായി കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ചടുലമായ ഇടപെടലുകളാണ് നടത്തിയത്. അദ്ദേഹത്തെ മികച്ച മന്ത്രി എന്നാണ് മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. 1998ൽ പാർടി നേതൃസ്ഥാനത്തേക്ക് വന്നപ്പോൾ അപവാദങ്ങളുടെ ചക്രവ്യൂഹം തീർത്ത് തീർത്തുകളയാനാണ് രാഷ്‌ട്രീയ എതിരാളികൾ ശ്രമിച്ചത്. പക്ഷേ, രാഷ്‌ട്രീയ ശത്രുക്കൾ അന്ന് ഭയന്നതുപോലെ തന്നെ സംഭവിച്ചു. എൽഡിഎഫിന് ഭരണത്തുടർച്ച യാഥാർഥ്യമാക്കിയാണ് പിണറായി തലയുയർത്തി നിൽക്കുന്നത്.
No comments:
Post a Comment