മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എംപിയുമായ കെ കെ രാഗേഷിനെ നിയമിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ആയി മുന്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്‍ ആര്‍ മോഹനെയും നിയമിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ദിനേശന്‍ പുത്തലത്ത് ആണ് പൊളിറ്റിക്കല്‍ സെക്രട്ടറി.
അഡ്വ.കെ ഗോപാലകൃഷ്ണക്കുറുപ്പ് അഡ്വക്കേറ്റ് ജനറല്‍; ടി എ ഷാജി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍
സംസ്ഥാനത്തിന്റെ അഡ്വക്കറ്റ് ജനറലായി അഡ്വ. കെ ഗോപാലകൃഷ്ണക്കുറുപ്പിനെയും, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സായി അഡ്വ. ടി എ ഷാജിയെയും നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. സംസ്ഥാന പ്ലാനിങ് ബോര്‍ഡ് ഉപാധ്യക്ഷനായി വി കെ രാമചന്ദ്രനെയും നിയമിച്ചു.
പി എ കുഞ്ഞന്‍പിള്ള-ഭാരതിഅമ്മ ദമ്പതികളുടെ മകനായി 1953ല്‍ കോട്ടയം ജില്ലയിലാണ് കെ ഗോപാലകൃഷ്ണക്കുറുപ്പിന്റെ ജനനം. നിയമ ബിരുദം പൂര്‍ത്തിയാക്കിയ ശേഷം 1976ല്‍ അഭിഭാഷകന്‍ ആയി എന്റോള്‍ ചെയ്തു. കോട്ടയം ബാറില്‍ മുന്‍ എംഎല്‍എ ആയ അഡ്വ എം തോമസിന്റെയും കെ ജോര്‍ജിന്റെയും ജൂനിയര്‍ ആയി അഭിഭാഷക വൃത്തിയില്‍ തുടക്കം. പിന്നീട് 1984ല്‍, അദ്ദേഹത്തിന്റെ അമ്മാവനും വാഴൂര്‍ എംഎല്‍എ യും ആയിരുന്ന അഡ്വ. എന്‍ രാഘവകുറുപ്പിന്റെ ജൂനിയര്‍ ആയി കേരള ഹൈകോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചു.
അഡ്വ. കെ ഗോപാലകൃഷ്ണക്കുറുപ്പ് (ഇടത്), അഡ്വ. ടി എ ഷാജി (വലത്) |
ഭരണഘടന ക്രിമിനല്‍ സിവില്‍ ലേബര്‍ നിയമങ്ങളില്‍ അവഗാഹം നേടിയ ഗോപാലകൃഷ്ണ കുറുപ്പ് 1999-2001 കാലയളവില്‍ സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍ ആയി സേവനമനുഷ്ഠിച്ചു. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി, തിരുവനന്തപുരം നഗരസഭ, കൊച്ചി ദേവസ്വം ബോര്‍ഡ് എന്നിങ്ങനെ നിരവധി സ്ഥാപനങ്ങളുടെ ഹൈകോടതിയിലെ സ്റ്റാന്‍ഡിങ് കൗണ്‍സെല്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒട്ടേറെ പ്രസിദ്ധമായ കേസുകളില്‍ ഹാജരായ അദ്ദേഹത്തിന് 2010ല്‍ കേരള ഹൈകോടതി സീനിയര്‍ പദവി നല്‍കി. 2005ല്‍ ഹൈകോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു.
കേരള സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെയും പിന്നീട് എസ്എഫ്‌ഐ രൂപീകൃതമായപ്പോള്‍ അതിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ച ഗോപാലകൃഷ്ണ കുറുപ്പ് കെഎസ്‌വൈഎഫിന്റെയും നേതൃത്വനിരയില്‍ ഉണ്ടായിരുന്നു. നിലവില്‍ ആള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ ഹൈ കോര്‍ട്ട് കമ്മിറ്റി പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവും ആണ്. മുന്‍ എംപിയും എംഎല്‍എയുമായ കെ സുരേഷ് കുറുപ്പ് സഹോദരനാണ്.
ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് ആയി നിയമിതനായ അഡ്വക്കേറ്റ് ടി എ ഷാജി, നിലവില്‍ കേരള ഹൈകോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ ആണ്. ദീര്‍ഘകാലം പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ടി കെ അച്യുതന്റെയും മന്ദാകിനിയുടെയും മകനാണ്. മാല്യങ്കര എസ്എന്‍എം കോളജിലും എറണാകുളം ലോകോളജിലുമായി വിദ്യാഭ്യാസം. 1986 മുതല്‍ ഹൈ കോടതിയിലും മറ്റ് കോടതികളിലുമായി പ്രാക്ടീസ് ചെയ്തു വരവെ 2012 സീനിയര്‍ അഭിഭാഷകന്‍ എന്ന പദവി ലഭിച്ചു.
ഹൈകോടതിയിലും വിവിധ വിചാരണ കോടതികളിലുമായി ക്രിമിനല്‍ കേസുകള്‍ നടത്തിയുള്ള സുദീര്‍ഘമായ പരിചയം ഉള്ള അദ്ദേഹം, കേരള ബാങ്ക്, റീജണല്‍ ക്യാന്‍സര്‍ സെന്റര്‍ എന്നിവയുടെ ഹൈകോടതിയിലെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ ആയും പ്രവര്‍ത്തിച്ചു വരുന്നു. കേരള ഹൈകോടതിക്ക് കീഴിലുള്ള ട്രെയിനിംഗ് ഡയറക്ടറേറ്റ് ന്റെ ഫാക്കല്‍റ്റി അംഗം എന്ന നിലക്ക് ക്രിമിനല്‍ നിയമത്തില്‍ അനേകം പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. നിലവില്‍ ആള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന കൗണ്‍സില്‍ അംഗമാണ്.
പ്രസന്ന ഷാജി ആണ് ഭാര്യ. അമല്‍ ഷാജി (.മെക്കാനിക്കല്‍ എന്‍ജിനീയര്‍), അതുല്‍ ഷാജി (അഭിഭാഷകന്‍) എന്നിവര്‍ മക്കളാണ്.
No comments:
Post a Comment