ലക്ഷദ്വീപിൽ സ്ഥിതി അടിയന്തരാവസ്ഥയ്‌ക്ക് സമാനം ; ലെവൽ 2 സുരക്ഷ ഏർപ്പെടുത്തി ; ആരെയും എപ്പോൾ വേണമെങ്കിലും കസ്‌റ്റഡിയിലെടുക്കാം
അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ കെ പട്ടേലിന്റെ ഭരണപരിഷ്‌കാരത്തിനെതിരായ ജനരോഷം മറികടക്കാൻ ലക്ഷദ്വീപിൽ അടിയന്തരാവസ്ഥയ്‌ക്ക് സമാനമായ നിയന്ത്രണം. കേന്ദ്രസർക്കാരിന്റെ പിന്തുണയോടെ ഭരണപരിഷ്‌കാരം നടപ്പാക്കുന്നതിന്റെ ഭാഗമായി ലക്ഷദ്വീപ് തീരത്തും തുറമുഖത്തും ലെവൽ 2 സുരക്ഷ ഏർപ്പെടുത്തി. ഇതുസംബന്ധിച്ച് ലക്ഷദ്വീപ് ഡെവലപ്‌മെന്റ് അതോറിറ്റി കഴിഞ്ഞദിവസം ഉത്തരവിറക്കി. രാജ്യസുരക്ഷയ്‌ക്ക് ഗുരുതര വെല്ലുവിളി നേരിടുമ്പോൾമാത്രം ഏർപ്പെടുത്തുന്ന കർശന നിയന്ത്രണത്തോടെയുള്ള ജാഗ്രതയാണ് ലെവൽ 2 സുരക്ഷ. അപൂർവമായിമാത്രം നടപ്പാക്കുന്ന ലെവൽ 2 സുരക്ഷയുടെ പേരിൽ ആരെയും എപ്പോൾ വേണമെങ്കിലും കസ്‌റ്റഡിയിലെടുക്കാനും സഞ്ചാരസ്വാതന്ത്ര്യം തടയാനും കഴിയും.
ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് ഇതെന്ന് ലക്ഷദ്വീപ് ഡെവലപ്‌മെന്റ് കോർപറേഷൻ എംഡി സച്ചിൻ ശർമ പറയുന്നു. തുറമുഖത്തും ജെട്ടികളിലും പരിസരങ്ങളിലും ജലയാനങ്ങളിലും 24 മണിക്കൂർ നിരീക്ഷണമുണ്ട്. മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നടപടി തുടരുമെന്നും ഉത്തരവിൽ പറയുന്നു. നേരത്തെ ജില്ലാ പഞ്ചായത്തിന്റെ അധികാരം കവരുകയും ഗുണ്ടാ ആക്‌ട് നടപ്പാക്കുകയും ചെയ്‌തശേഷമാണ് പുതിയ നടപടി.
ലെവൽ 2 സുരക്ഷയിൽ, യാത്രക്കാരുടെ ബാഗേജ് പരിശോധിക്കാനും തടഞ്ഞുവയ്‌ക്കാനും കഴിയും. ലക്ഷദ്വീപിലേക്കും പുറത്തേക്കുമുള്ള യാത്ര നിയന്ത്രിക്കലാകും പ്രധാന ലക്ഷ്യം. ജനപ്രതിനിധികളും രാഷ്‌ട്രീയനേതൃത്വവും ലക്ഷദ്വീപിൽ എത്തുന്നതിന് അഡ്‌മിനിസ്‌ട്രേറ്റർ അനുമതി നിഷേധിച്ചിരുന്നു. മുമ്പ് കോവിഡ് നിയന്ത്രണങ്ങളുടെ പേരിലായിരുന്നെങ്കിൽ, ഇനി സുരക്ഷാകാരണം പറഞ്ഞും അനുമതി നിഷേധിക്കാം.
കോവിഡ് വ്യാപനം 60 ശതമാനത്തിലേറെയുള്ളതിനാൽ ജനം വീടുകളിലാണ്. പരിഷ്‌കാരങ്ങൾക്കെതിരെ ജനരോഷം ശക്തമാണ്. കഴിഞ്ഞദിവസം പ്രതിഷേധിച്ചവരെ കോവിഡ് നിയന്ത്രണലംഘനക്കുറ്റം ചുമത്തി അറസ്‌റ്റ് ചെയ്‌തിരുന്നു. ഇവർക്കെതിരെ മറ്റു ഗുരുതരവകുപ്പുകളും ചുമത്താൻ നീക്കമുണ്ട്. കോവിഡ് ഭീഷണി കുറഞ്ഞാലും ജനരോഷത്തിന് തടയിടാൻ ഗുണ്ടാനിയമവും ലെവൽ 2 സുരക്ഷാനിയന്ത്രണങ്ങളും പ്രയോഗിക്കാനുമാകും.
ദ്വീപിൽ സന്ദർശകവിലക്ക് ഏർപ്പെടുത്തി. എഡിഎമ്മിന്റെ അനുമതിയുള്ളവർക്കുമാത്രമാകും സന്ദർശനാനുമതി. സന്ദർശനത്തിന് എത്തിയിട്ടുള്ളവർക്ക് പാസ് നീട്ടണമെങ്കിലും എഡിഎം അനുമതി വേണം. അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ ഞായറാഴ്‌ച ലക്ഷദ്വീപിൽ എത്തുമെന്നാണ് വിവരം.
പട്ടേലിന് പ്രത്യേക അജൻഡ: മുൻ അഡ്‌മിനിസ്‌ട്രേറ്റർ
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേലിനെതിരെ വിമർശവുമായി മുൻ അഡ്മിനിസ്ട്രേറ്റർ ഉമേഷ് സൈഗാൾ. പുതിയ ഭരണപരിഷ്‌കാരങ്ങൾ ദ്വീപിലെ സമാധാനാന്തരീക്ഷം തകർക്കുമെന്ന് ഉമേഷ് സൈഗാൾ അഭിപ്രായപ്പെട്ടു. ഗുണ്ടാ ആക്ട് നടപ്പാക്കിയതും അങ്കണവാടികൾ പൂട്ടിയതും ഉദ്യോഗസ്ഥരെ കൂട്ടത്തോടെ മാറ്റിയതും മത്സ്യത്തൊഴിലാളികളുടെ ഷെഡുകൾ പൊളിച്ചതും തെറ്റായ നടപടികളാണ്.
അഡ്മിനിസ്ട്രേറ്റർക്ക് പ്രത്യേക അജൻഡയുള്ളതായി സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്‌ക്ക് അയച്ച കത്തിലാണ് ഉമേഷ് സൈഗാളിന്റെ പരാമർശം.
അധികാരം കവരാനാകില്ലെന്ന് ലക്ഷദ്വീപ് ജില്ലാപഞ്ചായത്ത്
ലക്ഷദ്വീപ് ജില്ലാപഞ്ചായത്തിന്റെ അധികാരങ്ങൾ അഡ്‌മിനിസ്‌ട്രേറ്റർ കവർന്നത് നിയമവിരുദ്ധമെന്നു കാണിച്ച് വകുപ്പ് സെക്രട്ടറിക്ക് ജില്ലാപഞ്ചായത്ത് പ്രസിഡന്റിന്റെ കത്ത്. ജില്ലാപഞ്ചായത്തിനുകീഴിലെ അഞ്ച് സുപ്രധാന വകുപ്പുകൾ ഏറ്റെടുത്ത് ഉത്തരവിറക്കിയ വകുപ്പ് സെക്രട്ടറി എ ടി ദാമോദറിനാണ് പ്രസിഡന്റ് കത്തയച്ചത്. വകുപ്പ് സെക്രട്ടറി അമിതാധികാരം ഉപയോഗിക്കുന്നുവെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഹസ്സൻ ബേഡുമുക്ക ഗോത്തി കത്തിൽ പറഞ്ഞു. അഡിമിനിസ്ട്രേഷൻ നടപടികളിൽ പ്രതിഷേധം അറിയിച്ച് കവരത്തി പഞ്ചായത്ത് കഴിഞ്ഞദിവസം പ്രമേയം പാസാക്കിയിരുന്നു.
ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണാധികാരങ്ങൾ അഡ്മിനിസ്ട്രേഷൻ ഏറ്റെടുത്തത് ചട്ടവിരുദ്ധമാണെന്ന് കത്തിൽ പറഞ്ഞു. തെരഞ്ഞെടുത്ത ഭരണസംവിധാനത്തിൽ നിക്ഷിപ്‌തമായ അധികാരങ്ങൾ അഡ്മിനിസ്ട്രേഷൻ ഏറ്റെടുക്കണമെങ്കിൽ വിജ്ഞാപനം പുറപ്പെടുവിക്കണം. അതിന് കേന്ദ്രസർക്കാരിന്റെയും രാഷ്ട്രപതിയുടെയും അംഗീകാരവും വേണം. പഞ്ചായത്തിരാജ് നിയമപ്രകാരമാണ് അധികാരങ്ങൾ ജില്ലാപഞ്ചായത്തിന് ലഭിച്ചത്. അത് സെക്രട്ടറിതല ഉത്തരവിലൂടെ അട്ടിമറിക്കാനോ ഇല്ലാതാക്കാനോ കഴിയില്ല.
വികസനപദ്ധതികളും നിയമപരിഷ്കാരങ്ങളും നടപ്പാക്കുമ്പോൾ പഞ്ചായത്തുകളോട് ആലോചിക്കണമെന്ന് ആവശ്യപ്പെട്ടാണ് കവരത്തി പഞ്ചായത്ത് പ്രമേയം പാസാക്കിയത്. അഡ്മിനിസ്ട്രേറ്ററുടെ നിയമപരിഷ്കാരങ്ങളിലും കലക്ടർ അസ്‌കർ അലിയുടെ പ്രസ്താവനകളിലും പ്രതിഷേധം അറിയിച്ച് മൂന്നു പ്രമേയങ്ങളാണ് പാസാക്കിയത്.
എം എസ് അശോകൻ
No comments:
Post a Comment