Wednesday, May 12, 2021

ഗൗരിയമ്മ ജനകീയമുന്നേറ്റങ്ങളുടെ നേതൃത്വം: യെച്ചൂരി; അന്ത്യാഞ്‌ജലി അർപ്പിച്ച്‌ രാഷ്‌ട്രീയലോകം

ന്യൂഡൽഹി > ജനകീയ മുന്നേറ്റങ്ങൾക്ക്‌ നേതൃത്വം വഹിച്ച വിശിഷ്ടവ്യക്തിത്വമായിരുന്നു കെ ആർ ഗൗരിയമ്മയെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഏവരുടെയും ആദരവും ബഹുമാനവും ആർജിച്ച നേതൃപാടവത്തിന്‌ ഉടമയായിരുന്നു ഗൗരിയമ്മ. ആ വേർപാടോടെ ഇഎംഎസ്‌ നമ്പൂതിരിപ്പാട്‌ നയിച്ചിരുന്ന 1957ലെ ആദ്യ കമ്യൂണിസ്‌റ്റ്‌ മന്ത്രിസഭ അംഗങ്ങളിൽ അവസാനത്തെ വ്യക്തിയും ഓർമയായി.

കേരളത്തിൽ തെരഞ്ഞെടുക്കപ്പെട്ട ആദ്യ കമ്യൂണിസ്‌റ്റ്‌ സർക്കാരിൽ റെവന്യു, എക്‌സൈസ്‌, ദേവസ്വം മന്ത്രിയായിരുന്നു ഗൗരിയമ്മ. ഭൂപരിഷ്‌കരണ നടപടികൾക്ക്‌ നേതൃത്വം വഹിച്ചവരിൽ പ്രധാനിയായിരുന്നു.  സംസ്ഥാനരൂപീകരണത്തിനുമുമ്പ്‌ തിരു–കൊച്ചി നിയമസഭയിലേക്ക്‌ രണ്ട്‌ തവണ തെരഞ്ഞെടുക്കപ്പെട്ടു. 1994ൽ സിപിഐ എമ്മിൽനിന്ന്‌ പുറത്താക്കപ്പെട്ടു. അതിനുശേഷം യുഡിഎഫ്‌ സർക്കാരിൽ ഉൾപ്പെടെ ഗൗരിയമ്മ മന്ത്രിയായിരുന്നു. യുഡിഎഫിൽ പ്രതീക്ഷകൾ നഷ്ടപ്പെട്ടതിനെ തുടർന്ന്‌ വർഷങ്ങളായി എൽഡിഎഫുമായി സഹകരിക്കുന്നു. കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിലെ കരുത്തുറ്റ നേതാക്കളിൽ ഒരാളായിരുന്ന ടി വി തോമസിനെ വിവാഹം ചെയ്‌ത ഗൗരിയമ്മ 1964ൽ അവിഭക്ത പാർടിയിൽ പിളർപ്പുണ്ടായപ്പോൾ സിപിഐ എമ്മിൽ ഉറച്ചുനിന്നു. ടി വി തോമസാകട്ടെ സിപിഐയിലും. ഗൗരിയമ്മയുടെ സ്‌മരണകൾക്ക്‌ അഭിവാദ്യം അർപ്പിക്കുന്നതിനോടൊപ്പം കേരളത്തിന്റെ ദുഃഖത്തിലും പങ്കുചേരുന്നു– യെച്ചൂരി അനുശോചന സന്ദേശത്തിൽപറഞ്ഞു.

ആധുനിക കേരളത്തിന്റെ അഗ്നിനക്ഷത്രം: എ വിജയരാഘവൻ

തിരുവനന്തപുരം > ആധുനിക കേരളത്തിന്റെ സ്രഷ്ടാക്കളിൽ ഒരാളെയാണ്  ഗൗരിയമ്മയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന്‌ എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ. കേരളത്തിന്റെ രാഷ്‌ടീയ, സാമൂഹ്യ, സാംസ്‌കാരിക ജീവിതത്തിൽ വിപ്ലവാത്മക ചിന്തയ്‌ക്കും ഇടപെടലിനും തുടക്കമിട്ട നേതാക്കളിൽ ഒരാളാണ് ഗൗരിയമ്മ. വിപ്ലവകേരളത്തിന്റെ തിളങ്ങുന്ന നക്ഷത്രവും ഇതിഹാസ തുല്യമായ സാന്നിധ്യവുമായിരുന്നു.

കേരളത്തിന്റെ ചരിത്ര മുന്നേറ്റത്തിന്‌ കാരണമായ നിയമ നിർമാണങ്ങൾക്ക് ചാലക ശക്തിയായി. സ്ത്രീകൾ പൊതുരംഗത്ത് വരാൻ മടിച്ച കാലത്ത്‌ വിവേചനങ്ങളെയും പീഡനങ്ങളെയും അതിജീവിച്ച്‌ പൊതുരംഗത്തെത്തി. ക്രൂരമായ പൊലീസ് അതിക്രമങ്ങൾക്ക് ഇരയായ ഗൗരിയമ്മ നിശ്ചയദാർഢ്യത്തിന്റെയും ഇച്‌ഛാശക്തിയുടെയും മറുപേരായിരുന്നു.  അശരണരായ മനുഷ്യരുടെ കണ്ണീരൊപ്പാനുള്ള പ്രവർത്തന പന്ഥാവായാണ്  പൊതുപ്രവർത്തനത്തെ അവർ തെരഞ്ഞെടുത്തത്. ഒരു ജീവിതകാലം മുഴുവൻ നാടിനും ജനങ്ങൾക്കുമായി അവിശ്രമം പ്രവർത്തിച്ച, ആധുനിക കേരളത്തിന്റെ അഗ്നിനക്ഷത്രമാണ് ഗൗരിയമ്മയെന്നും അദ്ദേഹം പറഞ്ഞു.

പുരോഗമന പ്രസ്ഥാനങ്ങൾക്ക് കനത്ത നഷ്ടം: സിപിഐ എം

തിരുവനന്തപുരം > കെ ആർ ഗൗരിയമ്മയുടെ നിര്യാണം കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങൾക്ക് കനത്ത നഷ്ടമാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അനുശോചിച്ചു. കേരളത്തിലെ കമ്യൂണിസ്റ്റ് പാർടിയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച നേതാവാണ് കെ ആർ ഗൗരിയമ്മ. കടുത്ത പൊലീസ് പീഡനവും ജയിൽവാസവും അവർക്ക് അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ റവന്യൂമന്ത്രി എന്ന നിലയിൽ കാർഷിക പരിഷ്കരണ നിയമത്തിന് തുടക്കം കുറിച്ചു.

ദീർഘകാലം നിയമസഭാംഗമായിരുന്ന ഗൗരിയമ്മ ഏറ്റവും കൂടുതൽ കാലം മന്ത്രിയായ വനിതകൂടിയാണ്. ജീവിതാന്ത്യംവരെ പുരോഗമനമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു. പാവപ്പെട്ടവരോട്  നിറഞ്ഞ പ്രതിബന്ധത പുലർത്തി. ഗൗരിയമ്മയുടെ ഓർമകൾക്കു മുന്നിൽ ആദരാഞ്ജലി അർപ്പിക്കുന്നതായും അനുശോചന സന്ദേശത്തിൽ പറഞ്ഞു.മുഖ്യമന്ത്രി പിണറായി വിജയനും അനുശോചിച്ചു.

കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്ത ധീരവനിത: കോടിയേരി

തിരുവനന്തപുരം > കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ ത്യാഗപൂർണമായ പങ്കുവഹിച്ച ധീരവനിതയാണ് കെ ആർ ഗൗരിയമ്മയെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. ഗൗരിയമ്മയുടെ വിയോഗത്തിലൂടെ വിപ്ലവത്തിന്റെ ശുക്ര നക്ഷത്രമാണ് അസ്തമിച്ചിരിക്കുന്നത്. സിപിഐ എം നേതാവായി ദീർഘകാലം പ്രവർത്തിച്ച സഖാവ് പിന്നീട് ജെ എസ് എസ് രൂപീകരിച്ച് പ്രവർത്തിച്ചെങ്കിലും അവസാന കാലത്ത് സിപിഐ എമ്മുമായി സഹകരിച്ചാണ് മുന്നോട്ടുപോയത്. കേരളത്തിലെ വിപ്ലവപ്രസ്ഥാനത്തിന് വലിയ നഷ്ടമാണ് ഗൗരിയമ്മയുടെ നിര്യാണത്തിലൂടെ ഉണ്ടായതെന്നും കോടിയേരി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

രാജ്യത്തിന് നഷ്ടം:സിപിഐ

ന്യൂഡൽഹി > കെ ആർ ഗൗരിയമ്മയുടെ വേർപാട്‌ രാജ്യത്തിനും ഇടതുപക്ഷപ്രസ്ഥാനത്തിനും കനത്ത നഷ്ടമാണെന്ന്‌ സിപിഐ. ഇന്ത്യൻ കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാക്കളിൽ ഒരാളായിരുന്ന ഗൗരിയമ്മയ്‌ക്ക്‌ അവശജനവിഭാഗങ്ങൾക്ക്‌ വേണ്ടി പോരാടിയതിന്റെ പേരിൽ നിഷ്‌ഠുരമായ പൊലീസ്‌മർദനങ്ങൾക്ക്‌ വിധേയയാകേണ്ടി വന്നു. ആദിവാസി, ദളിത്‌ വിഭാഗങ്ങളുടെ അവകാശങ്ങൾക്ക്‌ വേണ്ടി നിലകൊണ്ട കഴിവുറ്റ ഭരണാധികാരിയായിരുന്നു. ഈ സംഭാവനകളുടെ പേരിൽ ഗൗരിയമ്മ എക്കാലവും ഓർമിക്കപ്പെടുമെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി രാജ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

സ്‌ത്രീപക്ഷ രാഷ്ട്രീയത്തിന്റെ ആദ്യപഥിക: എം എ ബേബി

തിരുവനന്തപുരം > കേരള രാഷ്ട്രീയത്തിലെ ഒരു യുഗാന്ത്യമാണ് ഗൗരിയമ്മയുടെ വിടവാങ്ങലെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി. അടങ്ങാത്ത ആവേശത്തോടെമാത്രം ഓർക്കാൻ കഴിയുന്നതാണ് ഗൗരിയമ്മയെക്കുറിച്ചുള്ള അലയൊടുങ്ങാത്ത ഓർമകൾ. ആലപ്പുഴയിലെ ഐതിഹാസികമായ തൊഴിലാളിവർഗ മുന്നേറ്റത്തിന്റെയും തുടർന്നുണ്ടായ പുന്നപ്ര വയലാർ സമരങ്ങളുടെയും പിന്നാലെ കമ്യൂണിസ്റ്റ് പാർടി നിരോധിക്കപ്പെട്ട കാലത്താണ് ഗൗരിയമ്മ അഭിഭാഷക, ജഡ്ജി തുടങ്ങിയ അവസരങ്ങൾ ഉപേക്ഷിച്ച്‌ കമ്യൂണിസ്റ്റ് പാർടി പ്രവർത്തകയായത്.

കേരള രാഷ്ട്രീയത്തിലെയോ തൊഴിലാളി പ്രസ്ഥാനത്തിലെയോ ആദ്യ വനിതാ നേതാവല്ല ഗൗരിയമ്മ എങ്കിലും രാഷ്ട്രീയ നേതാവായ സ്ത്രീ എന്ന സ്ഥാനം ആധുനിക കേരളത്തിൽ സ്ഥാപിച്ചെടുത്തത് ഗൗരിയമ്മയാണ്. ആനി മസ്‌ക്രീൻ, അക്കാമ്മ ചെറിയാൻ തുടങ്ങിയ സ്വാതന്ത്ര്യസമരനേതാക്കളും സഖാക്കൾ ദേവയാനി, കാളിക്കുട്ടി ആശാട്ടി തുടങ്ങിയ തൊഴിലാളി നേതാക്കളും പുരാഷാധിപത്യ രാഷ്ട്രീയ നേതൃത്വങ്ങളോട് പടവെട്ടി പിൻവാങ്ങിയപ്പോൾ ഗൗരിയമ്മ നൂറ്റിരണ്ടാം വയസ്സിലും കേരള രാഷ്ട്രീയത്തിൽ തന്റെ സ്ഥാനം ഉയർത്തിപ്പിടിച്ച ധീരവനിതയായി.

പിൽക്കാലത്തുണ്ടായ സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെയെല്ലാം ആദ്യപഥിക എന്നതാണ് ഗൗരിയമ്മയുടെ സുപ്രധാന സംഭാവന. ആദ്യ ഐക്യകേരള സർക്കാരിലെ റവന്യൂമന്ത്രിയായിരിക്കെ അവതരിപ്പിച്ച കുടിയൊഴിപ്പിക്കൽ നിരോധനനിയമം, ഭൂപരിഷ്കരണ നിയമം എന്നിവയുടെ പേരിലാണ് ഗൗരിയമ്മ എന്നും ഓർമിക്കപ്പെടുക. 1987ലെ ഇ കെ നായനാർ സർക്കാരിലെ വ്യവസായമന്ത്രിയെന്ന നിലയിൽ തിരുവനന്തപുരത്ത് ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാർക്ക് സ്ഥാപിക്കുന്നതിൽ കാണിച്ച ദീർഘവീക്ഷണവും അനുസ്മരണീയം. പക്ഷേ, അതിനും അപ്പുറമാണ് രാഷ്ട്രീയനേതാവ് എന്ന നിലയിൽ ഗൗരിയമ്മ കേരള സമൂഹത്തിൽ ചെലുത്തിയ സ്വാധീനം. ഒരു ‘കീഴ്ജാതിസ്ത്രീ' കേരള സമൂഹത്തിൽ ബഹുമാന്യമായ ഇരിപ്പിടം വലിച്ചിട്ട് ഇരുന്നത് വിപ്ലവമായിരുന്നു. അതുണ്ടാക്കിയ മാറ്റം ചരിത്രപരമായിരുന്നെന്നും എം എ ബേബി ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

No comments:

Post a Comment