രണ്ട് വർഷംമുമ്പ് മെയ് മുപ്പതിനാണ് നരേന്ദ്ര മോഡി രണ്ടാം തവണയും പ്രധാനമന്ത്രിയായി അധികാരമേറിയത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോഡി ഏഴ് വർഷംമുമ്പാണ് പ്രധാനമന്ത്രി കസേരയിലെത്തുന്നത്. ആദ്യ തവണത്തേക്കാൾ സീറ്റും വോട്ടും വർധിപ്പിച്ചാണ് ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ 2019ൽ അധികാരമേറിയത്. ജനങ്ങൾക്ക് ‘അച്ഛേ ദിൻ’ വാഗ്‌ദാനംചെയ്‌ത മോഡി ‘സബ്‌കാ സാഥ് സബ് കാ വികാസ്’ എന്ന മുദ്രാവാക്യവും ഉയർത്തുകയുണ്ടായി. എന്നാൽ, അധികാരത്തിൽ എത്തിയതോടെ ഈ വാഗ്‌ദാനങ്ങളെല്ലാം ഉപേക്ഷിക്കുന്ന കാഴ്‌ചയാണ് ദൃശ്യമായത്. സാധാരണ ജനങ്ങളെ പൂർണമായും മറന്ന മോഡി സർക്കാർ അതിസമ്പന്നരുടെയും കോർപറേറ്റുകളുടെയും സർക്കാരായി അതിവേഗം മാറി. 2016ലെ കറൻസി നിരോധനവും 2017ലെ ചരക്കുസേവന നികുതിയും പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണവും മറ്റും സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തിയില്ല എന്നു മാത്രമല്ല വഷളാക്കുകയും ചെയ്‌തു. കാർഷിക മേഖലയിൽ പാസാക്കിയ മൂന്ന് കരിനിയമമാണ് രാജ്യം ഇതുവരെ ദർശിച്ചിട്ടില്ലാത്ത കർഷകപ്രക്ഷോഭം ക്ഷണിച്ചുവരുത്തിയത്. തൊഴിലാളികൾക്കുള്ള നാമമാത്രമായ ആനുകൂല്യങ്ങൾപോലും കവരുന്ന നാല് ലേബർ കോഡും മോഡി സർക്കാരിന്റെ തൊഴിലാളിവിരുദ്ധ സമീപനത്തിന്റെ നിദർശനമാണ്. കോവിഡ് മഹാമാരി മനുഷ്യദുരിതത്തിന് ആക്കം കൂട്ടുകയും ചെയ്‌തു.
മുൻ സർക്കാർ സ്വീകരിച്ച കോർപറേറ്റ് അനുകൂല നവഉദാരവൽക്കരണ സാമ്പത്തിക നയങ്ങൾ തന്നെയാണ് മോഡി സർക്കാരും പിന്തുടർന്നത്. ജനങ്ങൾക്ക് ആശ്വാസമേകുന്ന എല്ലാ നടപടിയും അനാവശ്യച്ചെലവാണെന്ന് ചൂണ്ടിക്കാട്ടി ഉപേക്ഷിക്കുകയും സാമ്പത്തിക ഉത്തേജനത്തിന് എന്നുപറഞ്ഞ് കോർപറേറ്റുകൾക്ക് കോടികളുടെ ഇളവുകൾ പ്രഖ്യാപിക്കുകയും ചെയ്യുക എന്ന രീതിയാണ് മോഡി സർക്കാർ സ്വീകരിച്ചത്. ഇതോടൊപ്പം ഹിന്ദുരാഷ്ട്രരൂപീകരണത്തിനുള്ള നടപടികൾക്കും തുടക്കമിട്ടു. ഇന്ത്യ ഹിന്ദുക്കളുടേത് മാത്രമാണ് എന്ന രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ ആശയം നടപ്പാക്കാനുള്ള വിവിധ നടപടികളാണ് ഇക്കാലത്ത് സ്വീകരിച്ചത്. പശുരാഷ്ട്രീയം ശക്തമായി മുന്നോട്ടുവച്ചതും ബീഫ് നിരോധനം അടിച്ചേൽപ്പിച്ചതും ആൾക്കൂട്ടക്കൊലകളും ലൗജിഹാദും സിഎഎയും എൻആർസിയും മറ്റും ഹിന്ദുരാഷ്ട്ര രൂപീകരണം എന്ന ലക്ഷ്യം വച്ചുകൊണ്ടുള്ളതാണ്. ജമ്മു കശ്‌മീരിന് പ്രത്യേക അവകാശങ്ങൾ നൽകുന്ന ഭരണഘടനയിലെ 370–-ാം വകുപ്പ് എടുത്തുകളഞ്ഞതും ഇപ്പോൾ ലക്ഷദ്വീപിലെ സ്വൈരജീവിതം തകർക്കാനുള്ള നടപടികളും ഇതേ ലക്ഷ്യവച്ചുള്ളതുതന്നെ. കോവിഡ് മഹാമാരിക്കാലത്തും വർഗീയവിഭജന അജൻഡ പുറത്തെടുക്കുന്നതിൽ ഒരു മനോവിഷമവും മോഡി സർക്കാരിനുണ്ടായില്ല. പ്രതികാരം, ഹിംസ, അന്ധവിശ്വാസങ്ങൾ എന്നിവയിലധിഷ്‌ഠിതമായി പ്രവർത്തിക്കുന്ന തീവ്രവലതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനത്തിന് മനുഷ്യത്വം, മാനവികത എന്നിവ അന്യമാണല്ലോ.
ജനാധിപത്യവ്യവസ്ഥയും സ്ഥാപനങ്ങളും തകർക്കപ്പെട്ട വർഷങ്ങളായിരുന്നു കടന്നുപോയത്. പാർലമെന്റിനുള്ള പ്രസക്തി നഷ്ടപ്പെട്ടുവെന്ന് മാത്രമല്ല, രാജ്യസഭയെ മറികടക്കാൻ പല നിയമനിർമാണങ്ങളും ധനബില്ലുകളാക്കി രൂപമാറ്റം വരുത്തി. ചർച്ചയില്ലാതെയാണ് ഭൂരിപക്ഷം നിയമനിർമാണങ്ങളും പാസാക്കിയെടുത്തത്. സിബിഐ, ഇഡി, ആദായനികുതി വിഭാഗം എന്നിവയെല്ലാംതന്നെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ദുരുപയോഗം ചെയ്‌തു. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഭരണം അസാധ്യമാക്കുന്ന നടപടികളാണ് കൈക്കൊള്ളുന്നത്. പ്രതിഷേധിക്കുന്നവരെ കിരാതനിയമങ്ങൾ ഉപയോഗിച്ച് നിശ്ശബ്‌ദമാക്കുന്നു. ഏത് അളവുകോലെടുത്ത് പരിശോധിച്ചാലും ജനാധിപത്യവും സ്വാതന്ത്ര്യവും ബലികഴിക്കപ്പെടുകയാണ്.
മഹാമാരി നേരിടുന്നതിൽ പ്രത്യേകിച്ചും രണ്ടാം തരംഗം നേരിടുന്നതിൽ മോഡി സർക്കാർ പൂർണമായും പരാജയപ്പെട്ടു. വേണ്ടത്ര സമയം ലഭിച്ചിട്ടും പ്രതിരോധം തീർക്കുന്നതിൽ ഗുരുതരമായ അലംഭാവം കാട്ടി. ജീവവായു കിട്ടാതെ നൂറുകണക്കിനാളുകളാണ് രാജ്യത്ത് മരിച്ചത്. മൃതദേഹങ്ങൾ ദഹിപ്പിക്കാൻ വഴിയില്ലാതെ ഗംഗയിലേക്ക് ഒഴുക്കുന്ന ദയനീയമായ രംഗത്തിന് രാജ്യം സാക്ഷിയായി. രോഗം തടയുന്നതിനുള്ള ഏക പ്രതിരോധമായ വാക്‌സിൻ എത്തിക്കുന്നതിലും ഗുരുതരമായ വീഴ്‌ചയാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. 18 മുതൽ 44 വയസ്സുവരെയുള്ളവർക്ക് സൗജന്യവാക്‌സിൻ നൽകാനാകില്ലെന്ന മോഡി സർക്കാരിന്റെ പ്രഖ്യാപനം യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണ്. സ്വകാര്യ കമ്പനികൾക്ക് അതിലാഭം നേടിക്കൊടുക്കുന്നതിലായിരുന്നു മോഡിക്ക് താൽപ്പര്യം. പൊതുമേഖലയിൽ വാക്‌സിൻ ഉൽപ്പാദിപ്പിച്ച് മൂന്നാംതരംഗത്തിന് മുമ്പുതന്നെ വാക്‌സിനേഷൻ പൂർത്തിയാക്കുന്നതിനുള്ള ഒരു നടപടിയും ഇതുവരെ കൈക്കൊണ്ടിട്ടില്ല. മൂന്നാംതരംഗവും ജനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന പ്രവചനമാണ് ആരോഗ്യവിദഗ്‌ധർ നടത്തുന്നത്.
ഏഴ് വർഷംമുമ്പ് ഹിന്ദുത്വ രാഷ്ട്രീയത്തിനൊപ്പം സാമ്പത്തികവളർച്ചയും എന്ന ആഖ്യാനം ഉയർത്തിയാണ് മോഡി ജനവിശ്വാസം ആർജിച്ചത്. എന്നാൽ, സാമ്പത്തികമായ കുതിപ്പ് ഉണ്ടായില്ലെന്ന് മാത്രമല്ല കിതപ്പ് ദൃശ്യമാണുതാനും. മോഡി സർക്കാർ മഹത്തായ ഈ രാജ്യത്തെ പരാജിതരാഷ്ട്രമാക്കി മാറ്റിയിരിക്കുന്നു. വൻശക്തിയായി മാറ്റുമെന്ന വാക്കുകൾക്ക് അർഥം നഷ്‌ടപ്പെട്ടിരിക്കുന്നു. അതിദയനീയമായ ചിത്രമാണിന്ന് ലോകരാജ്യങ്ങളിൽ ഇന്ത്യക്കുള്ളത്. രാജ്യം പുരോഗതിയിലേക്ക് നയിക്കപ്പെടണമെങ്കിൽ മോഡി ഭരണത്തെ താഴെയിറക്കണമെന്ന രാഷ്ട്രീയബോധ്യത്തിലേക്ക് പതുക്കെയാണെങ്കിലും ജനങ്ങൾ മാറുകയാണ്. അഞ്ച് സംസ്ഥാനത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലവും ഉത്തർപ്രദേശിൽ നടന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ഫലവും അതാണ് സൂചിപ്പിക്കുന്നത്. അടുത്ത വർഷം ആദ്യം ഉത്തർപ്രദേശിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കാലിടറിയാൽ മോഡി ഭരണത്തിന്റെ അന്ത്യത്തിന് തുടക്കമാകും.
deshabhimani editorial 310521
No comments:
Post a Comment