കവിയ്ക്കും നോവലിസ്റ്റിനും ചലച്ചിത്രകാരന്മാർക്കും മാത്രമല്ല, ജീവചരിത്രകാരനുപോലും അനായാസം ഉൾക്കൊള്ളാനോ നിർവചിക്കാനോ കഴിയാതെപോയ ജീവിതമായിരുന്നു കെ ആർ ഗൗരിയമ്മയുടേത്. നൂറ്റാണ്ടിന്റെ അനുഭവ സമ്പത്തിനുടമയായ അവർ പൊതു‐ സ്വകാര്യ ജീവിതത്തിൽ ത്യാഗവും അർപ്പണമനോഭാവവും മനക്കരുത്തും ആർദ്രതയും കൈമുതലായ അപൂർവ വ്യക്തിത്വത്തിനുടമ. ഇന്ത്യൻ രാഷ്ട്രീയത്തിലെ രേഖപ്പെടുത്താതെപോയ വീരേതിഹാസത്തിലെ നായിക. സമാനതകളില്ലാത്ത ആ ജീവിതം വർണിക്കാൻ കവികളോ ആഖ്യായികാകാരരോ ധൈര്യപ്പെട്ടില്ല. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് തോളോടുതോൾചേർന്ന് കലയും സാഹിത്യവും പുഷ്ക്കലമായ കാലമായിരുന്നു അവരുടെ സജീവ രാഷ്ട്രീയഘട്ടം. ഗായകരും നാടകപ്രവർത്തകരും മാത്രമല്ല, ചലച്ചിത്രകാരന്മാർവരെ ആ പരിചയവൃത്തത്തിലുണ്ടായി. ഉദയാ സ്റ്റുഡിയോ ഉടമ കുഞ്ചാക്കോയുടെ ഭാര്യ ഗൗരിയമ്മയുടെ സഹപാഠിയായിരുന്നു.
സ്റ്റുഡിയോയിൽ ചിത്രീകരണം നടക്കുമ്പോൾ കുഞ്ചാക്കോ പലപ്പോഴും ഗൗരിയമ്മയെ ക്ഷണിക്കാറുണ്ടായി. എന്നാൽ രാഷ്ട്രീയത്തിന്റെ കർമഭൂമിയിൽ അടിയുറച്ചുനിന്ന ആ ജീവിതം ഇതിവൃത്തമാക്കാൻ ആർക്കും ധൈര്യമുണ്ടായില്ല. ഗൗരിയമ്മയെക്കുറിച്ച് നോവൽ എഴുതണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് വൈക്കം ചന്ദ്രശേഖരൻ നായരുടെ വിയോഗം.
മരണാസന്നനായ നാളുകളിൽ എത്തിയ പ്രിയപ്പെട്ടവരോട് ആ മോഹത്തെക്കുറിച്ച് പറഞ്ഞു. ഇത്രയും തീക്ഷ്ണാനുഭവമുള്ള വനിത രാഷ്ട്രീയ ഭൂപടത്തിൽ രേഖപ്പെടുത്താതെ പോകുന്നതിലായിരുന്നു ഖേദം. ഗോർക്കിയുടെ "അമ്മ'യിലെ നായികയെക്കാൾ അനുഭവമുണ്ട് ഗൗരിയമ്മയ്ക്കെന്ന് വൈക്കം പലപ്പോഴും സൂചിപ്പിക്കുമായിരുന്നു. അദ്ദേഹം അവരെ കണ്ടിരുന്നെങ്കിൽ നോവൽ എഴുതിയേനെയെന്നും കൂട്ടിച്ചേർത്തു.
"കരയാത്ത ഗൗരി, തളരാത്ത ഗൗരി
കലികൊണ്ടുനിന്നാൽ അവൾ ഭദ്രകാളി
ഇതുകേട്ടുകൊണ്ടേ ചെറുബാല്യമെല്ലാം
പതിവായി ഞങ്ങൾ, ഭയംമാറ്റി വന്നു''
കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ "ഗൗരി' എന്ന കവിതയിലേതാണ് ഈ വരികൾ.
പുരാവൃത്തം പോലുള്ള ഇതിലെ ഭാവാന്തരീക്ഷം ഗൗരിയമ്മയോടുള്ള കേരളത്തിന്റെ ഹൃദയഭാവം പ്രകടമാക്കുന്നുണ്ട്.പാർശ്വവത്കരിക്കപ്പെട്ടവർക്കായി കഴിയാവുന്നതെല്ലാം ചെയ്ത ഗൗരിയമ്മ സ്ത്രീ എക്കാലത്തും ചൂഷിതയും അരക്ഷിതയുമാണെന്ന് കൃത്യമായ നിലപാടെടുത്തു. പൊലീസിലും നഴ്സുമാരിലും സ്ത്രീകൾക്കുള്ള വിവാഹ വിലക്ക് അവസാനിപ്പിക്കാൻ മുന്നിട്ടിറങ്ങി. വനിതകളെ പ്രധാനാധ്യാപികയാവാൻ അനുവദിക്കാത്തതിനെതിരെയുംപൊരുതി.
പൊതുരംഗത്ത് സ്ത്രീസാന്നിധ്യമുറപ്പാക്കുന്നതിൽ മന്ത്രിയെന്ന നിലയിൽ കേരളത്തിനു നൽകിയ സംഭാവനയും ചെറുതല്ല. ഇന്ത്യൻ രാഷ്ട്രീയത്തിൽ മറ്റൊരു വനിതയ്ക്കും അവകാശപ്പെടാനില്ലാത്ത റെക്കാഡുകളുടെ ഉടമയാണ് ഗൗരിയമ്മ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം സഭാംഗം‐ 2006 മാർച്ച് 31വരെ 16, 832 ദിവസം. കൂടുതൽ കാലം മന്ത്രിയായ വനിതയും പ്രായംകൂടിയ മന്ത്രിയും. 1948ൽ തിരുവിതാംകൂർ നിയമസഭയിലേക്ക് മത്സരിച്ചാണ് തുടക്കം. 1952ലും 56ലും തിരുകൊച്ചി നിയമസഭയിൽ അംഗമായി.
No comments:
Post a Comment