Friday, May 28, 2021

സേവാഭാരതിയുടെ മരുന്നുവിതരണം 
സംസ്ഥാനത്തിന്റെ അനുമതിയില്ലാതെ ; ആളുകളില്‍നിന്ന് ആധാറിന്റെ പകര്‍പ്പും 
വാങ്ങുന്നു

കോവിഡ്‌ ബാധിതർക്ക്‌ കേന്ദ്ര ആയുഷ്‌ മന്ത്രാലയം വികസിപ്പിച്ച ‘ആയുഷ്‌ 64’ മരുന്ന്‌ സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ സേവാഭാരതി വ്യാപകമായി വിതരണം ചെയ്യുന്നു. കോവിഡുമായി ബന്ധപ്പെട്ട മരുന്നു വിതരണത്തിന്‌ സംസ്ഥാന സർക്കാർ അനുമതി വേണമെന്നിരിക്കെയാണിത്‌. തദ്ദേശ സ്ഥാപനങ്ങൾ, പ്രാദേശിക ആയുർവേദ ഡോക്ടർമാർ എന്നിവരെ ഉൾക്കൊള്ളിച്ച്‌ അവരുടെ അനുമതിയോടെയാണ്‌ മരുന്നുവിതരണം ചെയ്യേണ്ടതെന്ന്‌ കേന്ദ്ര നിർദേശമുണ്ട്‌. എന്നാൽ, ഇതൊന്നും പാലിക്കാതെയാണ്‌ വീടുകൾ കയറിയുള്ള മരുന്ന്‌ വിതരണം. മരുന്ന്‌ സ്വന്തം ഇഷ്ടപ്രകാരമാണ്‌ സ്വീകരിക്കുന്നതെന്ന സത്യവാങ്‌മൂലം വീട്ടുകാരിൽനിന്ന്‌ ഇവർ നിർബന്ധിച്ച്‌ ഒപ്പിട്ടു വാങ്ങുന്നുമുണ്ട്‌. ആധാർ കാർഡിന്റെ പകര്‍പ്പും ആവശ്യപ്പെടുന്നു.  ആധാർ കാർഡിന്റെ പകർപ്പ്‌  ഇത്തരത്തിൽ കൈപ്പറ്റുന്നതിനെതിരെ വ്യാപക പരാതിയുണ്ട്‌.

ആയുർവേദ ഡോക്ടറുടെ മേൽനോട്ടത്തിൽ രോഗലക്ഷണം മനസ്സിലാക്കി മരുന്ന്‌ നൽകണമെന്ന നിബന്ധന ലംഘിക്കുന്നു. കോവിഡ്‌ ബാധിതരുടെ പട്ടിക ആവശ്യപ്പെട്ട്‌ സേവാഭാരതി പ്രവർത്തകർ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ വിളിച്ച്‌ ഭീഷണിപ്പെടുത്തുന്നതായി പരാതിയുണ്ടായി. മിക്ക പഞ്ചായത്തുകളും പട്ടിക നൽകാൻ തയ്യാറായിട്ടില്ല.

അശാസ്‌ത്രിയ മരുന്നു വിതരണത്തിൽ ആയുർവേദ ഡോക്ടർമാരും എതിർപ്പ്‌ അറിയിച്ചു. സംസ്ഥാനത്ത്‌ സർക്കാർതലത്തിലും സ്വകാര്യമേഖലയിലും മരുന്നു വിതരണത്തിന്‌ മികച്ച സംവിധാനങ്ങൾ ഉണ്ടെന്നിരിക്കെയാണ്‌ സംഘപരിവാർ സംഘടനയായ സേവാഭാരതിയെ മരുന്നു വിതരണ ചുമതല കേന്ദ്രസർക്കാർ ഏൽപ്പിച്ചത്‌. മരുന്നു വിതരണത്തിന്‌ സഹായം അഭ്യർഥിച്ച്‌ കേന്ദ്ര ആയുഷ്‌ മന്ത്രാലയം സംസ്ഥാന ചീഫ്‌ സെക്രട്ടറിമാർക്ക്‌ അയച്ച കത്തിൽ വിതരണ ഏജൻസിയായി സേവാഭാരതിയെ നിയോഗിച്ചതായി പറയുന്നില്ല. എന്നാല്‍ ആയുഷ് മന്ത്രാലയം ഇറക്കിയ മറ്റൊരു ഉത്തരവില്‍ സേവാഭാരതിയെ മരുന്നു വിതരണത്തിന് നിയോ​ഗിച്ചതായും പറയുന്നു. മഹാമാരിക്കിടയിലും രാഷ്ട്രീയ മുതലെടുപ്പിനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്.

No comments:

Post a Comment