Sunday, May 30, 2021

കോവിഡ്‌ ചികിത്സ : സ്വകാര്യ ആശുപത്രിവഴി 
സർക്കാർ ചെലവിട്ടത്‌ 132 കോടി

 കോവിഡ്‌ ചികിത്സ : സ്വകാര്യ ആശുപത്രിവഴി 
സർക്കാർ ചെലവിട്ടത്‌ 132 കോടി ; സൗജന്യ ചികിത്സ ലഭ്യമാക്കിയത്‌ 
അര ലക്ഷത്തോളം കോവിഡ് രോഗികള്‍ക്ക്

സ്വകാര്യ ആശുപത്രികളിൽ ചികിത്സതേടിയ കോവിഡ്‌ രോഗികൾക്കുവേണ്ടി സംസ്ഥാന സർക്കാർ ഇതുവരെ ചെലവാക്കിയത്‌ 132.61 കോടി രൂപ. 263 സ്വകാര്യ ആശുപത്രിയാണ്‌ കോവിഡ് ചികിത്സയ്‌ക്ക്‌ സ്‌റ്റേറ്റ് ഹെൽത്ത് ഏജൻസിയുമായി (എസ്എച്ച്എ) എംപാനൽ ചെയ്തത്‌. ഇതിലൂടെ അരലക്ഷത്തോളംപേർക്ക്‌ സൗജന്യ ചികിത്സ ലഭ്യമാക്കി.

സംസ്ഥാന ആരോഗ്യവകുപ്പിന് കീഴിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്‌), കാരുണ്യ ബെനവലന്റ് ഫണ്ട് (കെബിഎഫ്‌) പദ്ധതികൾ നടപ്പാക്കാൻ രജിസ്റ്റർചെയ്ത സ്‌റ്റേറ്റ് ഹെൽത്ത് ഏജൻസി ഒരു വർഷം പൂർത്തീകരിക്കുമ്പോഴാണ്‌ ഈ നേട്ടം. കോവിഡ് മഹാമാരിയിലും തടസ്സമില്ലാതെ ശ്രദ്ധേയസേവനം നൽകിയ എസ്എച്ച്എയുടെ ജീവനക്കാരെ മന്ത്രി വീണ ജോർജ് അഭിനന്ദിച്ചു. സംസ്ഥാനത്ത്  ഇതുവരെ 709 സ്വകാര്യ ആശുപത്രിയിലാണ് എസ്എച്ച്എ സൗജന്യ ചികിത്സ ലഭ്യമാക്കുന്നത്. മൂന്ന്‌ ലക്ഷം രൂപയിൽ കുറവ് വാർഷിക വരുമാനമുള്ള കുടുംബങ്ങൾക്ക് കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയുടെ ആനുകൂല്യവും എസ്എച്ച്എ വഴി ലഭ്യമാണ്‌.

2020 ജൂലൈ ഒന്നുമുതലാണ്‌ സ്‌റ്റേറ്റ് ഹെൽത്ത് ഏജൻസി നേരിട്ട്‌ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പാക്കിയത്. അനുദിനം വർധിക്കുന്ന ചികിത്സാച്ചെലവ് പരിഹരിക്കാനുള്ള നിർണായക ചുവടുവയ്പായിരുന്നു ഇത്‌. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഇ കാർഡ് രജിസ്‌ട്രേഷൻമുതൽ ഡിസ്ചാർജുവരെ എല്ലാ സേവങ്ങളും എല്ലാ എംപാനൽ ആശുപത്രികളിലെയും ഹൈടെക് കിയോസ്‌കുകളിൽ ലഭ്യമാണ്‌. ഇതിന്‌ 2000ത്തോളം മെഡിക്കൽ കോഓർഡിനേറ്റർമാരും പ്രവർത്തിക്കുന്നു. രണ്ടുലക്ഷം രൂപയുടെവരെ ചികിത്സാ സഹായം എസ്‌എച്ച്‌എയിലൂടെ ലഭ്യമാകും. വൃക്ക രോഗികൾക്ക് മൂന്നുലക്ഷം രൂപവരെ അനുവദിക്കും.

മൂന്നാം തരംഗം 
ഒക്ടോബറോടെ ; കൂട്ടായ്മകൾ സ്വയം ഒഴിവാക്കാം , പ്രായമായവരും കുട്ടികളും വീടുകളിൽ തുടരണം

രാജ്യത്ത്‌ അടുത്ത ആറുമാസത്തിനുള്ളിൽ കോവിഡ്‌ മൂന്നാംതരംഗം ഉണ്ടാകുമെന്ന്‌ ആരോഗ്യവിദഗ്ധർ. ഒക്‌ടോബറോടെ  ഇതിന്റെ തെളിവുകൾ പ്രകടമാകും. സംസ്ഥാനത്ത്‌ രണ്ടാംതരംഗം അതിന്റെ ഉച്ഛസ്ഥായി പൂർത്തിയാക്കി കുറയുകയാണ്‌. അതിനാൽ, മൂന്നാംതരംഗത്തെ നേരിടാനുള്ള ഒരുക്കം വീട്ടിൽനിന്നുതന്നെ തുടങ്ങണമെന്നാണ്‌ ആരോഗ്യവിദഗ്ധർ പറയുന്നത്‌.

വിവിധ ഘട്ടങ്ങളിലായി കൂട്ടായ്മകളും ആഘോഷങ്ങളുമാണ്‌ സംസ്ഥാനത്തെ കോവിഡ്‌ നിരക്ക്‌ വർധിക്കാൻ കാരണമായത്‌. അതിനാൽ, അടച്ചുപൂട്ടൽ അവസാനിച്ചാലും കൂട്ടായ്മകളിൽനിന്ന്‌ സ്വയം ഒഴിഞ്ഞുനിൽക്കണം. പ്രായമായവരും കുട്ടികളും വീടുകളിൽ കഴിയുന്നത്‌ തുടരണം. രണ്ട്‌ ഡോസ്‌ വാക്സിൻ സ്വീകരിച്ചവരും സ്വയം പ്രതിരോധം ഉറപ്പാക്കണം.

ചികിത്സയിലുള്ളവരുടെ എണ്ണം പരമാവധി കുറയ്ക്കുകയാണ്‌ അടച്ചിടൽ തുടരുന്നതിന്റെ ലക്ഷ്യം. ഇതിലൂടെ ഐസിയു, വെന്റിലേറ്റർ കിടക്കകളും ഒഴിയും. അടുത്ത തരംഗത്തെയും ശക്തമായി നേരിടാനും എല്ലാവർക്കും ചികിത്സ ഉറപ്പിക്കാനും സാധിക്കും. ഏപ്രിൽ അവസാനത്തോടെയാണ്‌ സംസ്ഥാനത്ത്‌ പ്രതിദിന കോവിഡ്‌ നിരക്ക്‌ കുത്തനെ ഉയർന്നത്‌. പിന്നീട്‌ അടച്ചിടലിലൂടെയും മികച്ച പ്രവർത്തനങ്ങളുടെയും ഫലമായി പല ജില്ലയിലും കോവിഡ് കേസുകൾ കുറയ്‌ക്കാൻ സാധിച്ചു. അടുത്ത ഘട്ടത്തിൽ അടച്ചുപൂട്ടൽ സാധ്യത പൂർണമായി ഒഴിവാക്കുകയാണ്‌ ലക്ഷ്യം. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക്‌ പത്ത്‌ ശതമാനമത്തിൽ താഴെ നിർത്താനായിരിക്കും കൂടുതൽ ശ്രദ്ധ.

No comments:

Post a Comment