തിരുവനന്തപുരം > ചരിത്രവിജയം നേടിയ എൽഡിഎഫിനൊപ്പം നിയമസഭയിൽ ഇനി ഭരണബെഞ്ചിൽ പത്ത് വനിതകളുടെ കരുത്തുറ്റ നിര. മൽസരിച്ച 15 എൽഡിഎഫ് സ്ഥാനാർഥികളിൽ പത്തുപേരും പത്തരമാറ്റോടെ വിജയം വരിച്ചു. കെ കെ ശൈലജ ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ ചരിത്രം സൃഷ്‌ടിച്ചു. 2016ൽ ഇ പി ജയരാജൻ നാൽപ്പതിനായിരത്തിൽ അധികം ഭൂരിപക്ഷം നേടിയ മണ്ഡലത്തിൽ 61,000ൽ അധികം വോട്ടാണ് കെ കെ ശൈലജയുടെ നേടിയത്. കെ കെ ശൈലജയ്‌ക്കൊപ്പം വീണ ജോർജ്, യു പ്രയിഭ, ആർ ബിന്ദു, ഒ എസ് അംബിക, കെ ശാന്തകുമാരി, കാനത്തിൽ ജമീല, ജെ ചിഞ്ചുറാണി, ദലീമ ജോജോ, സി കെ ആശ എന്നിവരാണ് സഭയിൽ ഇനി എൽഡിഎഫിനെ പ്രതിനിധീകരിക്കുന്ന വനിതാ എംഎൽഎമാർ. വടകരയിൽനിന്ന് വിജയിച്ച കെ കെ രമ മാത്രമാണ് ഏക യുഡിഎഫ് പ്രതിനിധിയായി സഭയിലെത്തുക.
കഴിഞ്ഞ സഭയിൽ എൽഡിഎഫിന്റെ മാത്രം എട്ട് വനിതാ എംഎൽഎമാരാണ് ഉണ്ടായിരുന്നത്. ഇതിൽ രണ്ടുപേർ മന്ത്രിസ്ഥാനവും വഹിച്ചു. ആരോഗ്യ വകുപ്പിനെ കെ കെ ശൈലജയും ഫിഷറീസ് വകുപ്പിനെ ജെ മേഴ്‌സിക്കുട്ടിയമ്മയും മുന്നിൽനിന്ന് നയിച്ചു. മേഴ്‌സികുട്ടിയമ്മ ഈ തവണയും മൽസരിച്ചുവെങ്കിലും ജയിക്കാനായില്ല.
യുഡിഎഫിനായി പി കെ ജയലക്ഷ്‌മി, പദ്മജ വേണുഗോപാൽ, ബിന്ദു കൃഷ്‌ണ ഉൾപ്പെടയുള്ള 12 പേർ മത്സരരംഗത്തുണ്ടായിട്ടും ജയിച്ചത് കോൺഗ്രസ് പിന്തുണയിൽ വടകരയിൽ മത്സരിച്ച ആർഎംപിയിലെ കെ കെ രമ മാത്രം. 25 വർഷത്തിന് ശേഷം മുസ്ലിംലീഗ് കോഴിക്കോട് സൗത്തിൽ മത്സരിപ്പിച്ച നൂർബിന റഷീദും പരാജയം ഏറ്റുവാങ്ങി. നൂർബിനയുടെ സ്ഥാനാർത്ഥിത്വം ലീഗിന്റെ ആഭ്യന്തരകോട്ടകളിൽ വൻ പടലപിണക്കം സൃഷ്‌ടിച്ചിരുന്നു. എന്നാൽ മറ്റ് വഴിയില്ലാതെ ലീഗ് സ്ഥാനാർത്ഥിത്വം നൽകുകയായിരുന്നു. എന്നാൽ നൂർബിന ഉൾപ്പെടെ ഒരു യുഡിഎഫ് വനിതാ സ്ഥാനാർത്ഥിക്ക് പോലും വിജയം കാണാനായില്ല.
കരഞ്ഞ് സീറ്റ് നേടിയ ബിന്ദു കൃഷ്‌ണയും ഏറ്റുമാനൂരിൽ സ്വതന്ത്രയായി മത്സരിച്ച മുൻ മഹിളാ കോൺഗ്രസ് അധ്യക്ഷ ലതിക സുഭാഷും പരാജയം നുണഞ്ഞു. ബിജെപി ദേശീയ നിർവാഹക സമിതി അംഗം ശോഭ സുരേന്ദ്രൻ വൻ തോൽവി രൂചിച്ചു. 20 മണ്ഡലങ്ങളിലാണ് ബിജെപി വനിതകളെ മത്സരിപ്പിച്ചത്.
2016ൽ എൽഡിഎഫിന്റെ കെ കെ ശൈലജ (കൂത്തുപറമ്പ്), ജെ മേഴ്‌സികുട്ടിയമ്മ (കുണ്ടറ), കെ അയിഷ പോറ്റി (കൊട്ടാരക്കര), വീണ ജോർജ് (ആറന്മുള), യു പ്രയിഭ (കായംകുളം), ഗീത ഗോപി (നാട്ടിക), ഇ എസ് ബിജിമോൾ (പീരുമേട്), സി കെ ആശ (വൈക്കം) എന്നിങ്ങനെ എട്ടുപേരാണ് സഭയിലുണ്ടായിരുന്നത്. ഒരു വനിതയെപൊലും 2016ൽ കോൺഗ്രസ് സഭയിലെത്തിച്ചില്ല. ഉപതെരഞ്ഞെടുപ്പിൽ ഷാനിമോൾ ഉസമാൻ അരൂർ പിടിച്ചെടുത്തതിലൂടെ യുഡിഎഫിന് ഒരു വനിത അംഗത്ത ലഭിച്ചു. എന്നാൽ ദലീമയുടെ വമ്പിച്ച വിജയത്തോടെ കോൺഗ്രസിന് ആ സിറ്റിങ് സീറ്റും നഷ്‌ടമായി.
No comments:
Post a Comment