ആലപ്പുഴ> പരിസ്ഥിതിയെ കണ്ണിചേർത്തുള്ള പൊതുപ്രവർത്തനത്തിന്റെ പ്രസാദാത്മകമായ മുഖമാണ് ചേർത്തലയിൽ നിന്നുള്ള പി പ്രസാദ് (51). സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമാണ്. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തി. എഐഎസ്‌എഫ് താലൂക്ക് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, എഐവൈഎഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി, അഖിലേന്ത്യാ ആദിവാസി മഹാസഭ ദേശിയ എക്‌സിക്യൂട്ടീവ് അംഗം, കേരള സർവകലാശാല സെനറ്റ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.
2011 ൽ വനം മന്ത്രി ബിനോയ് വിശ്വത്തിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയും ജനയുഗം തിരുവനന്തപുരം യൂണിറ്റ് മാനേജരും ആയിരുന്നു.
ഒട്ടേറെ പരിസ്ഥിതി സമരങ്ങൾക്ക് നേതൃത്വം കൊടുത്തു. വന്ദന ശിവ, മേധാപട്‌കർ ഉൾപ്പെടെയുള്ള പരിസ്ഥിതി പ്രവർത്തകർക്കൊപ്പം ഒട്ടേറെ സമരങ്ങളിൽ പി പ്രസാദും പങ്കാളിയായി. സിപിഐ സംസ്ഥാന പരിസ്ഥിതി സബ് കമ്മിറ്റി കൺവീനറായും പ്രവർത്തിക്കുന്നു.
റഷ്യ, ക്യൂബ, നേപ്പാൾ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. നിരവധി വിദ്യാർഥി യുവജന സമരങ്ങളെ മുന്നിൽനിന്ന് നയിച്ച പി പ്രസാദ് ഒട്ടേറെ തവണ മൃഗീയമായ പൊലീസ് മർദനത്തിന് ഇരയായി. 34 ദിവസത്തോളം ജയിൽവാസവും അനുഭവിച്ചു. മികച്ച പ്രാസംഗികനുമാണ്. കഴിഞ്ഞ തവണ ഹരിപ്പാടു നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. ലൈനയാണ് ഭാര്യ. ഭഗത്, അരുണ അൽമിത്ര എന്നിവർ മക്കളാണ്.
ആലപ്പുഴ പാലമേൽ പഞ്ചായത്തിൽ നൂറനാട് മറ്റപ്പള്ളിയിൽ ജി പരമേശ്വരൻനായരുടെയും ഗോമതിയമ്മയുടെയും മകനാണ്. അച്ഛൻ പരമേശ്വരൻനായർ എഐടിയുസി നേതാവും സിപിഐ ആലപ്പുഴ ജില്ലാ കൗൺസിൽ അംഗവുമായിരുന്നു.
No comments:
Post a Comment