തൃശൂർ> അന്തിക്കാട്ടെ വിപ്ലവമണ്ണിൽ ജനിച്ച് ഒല്ലൂരിന്റെ വികസനത്തിൽ രാജശിൽപ്പിയായി മാറി കെ രാജൻ ഇനി കേരളത്തിന്റെ മന്ത്രിസഭയിലേക്ക്. ഒല്ലൂർ മണ്ഡലത്തിൻറെ ചരിത്രം തിരുത്തിക്കുറിച്ച് രണ്ടാം തവണയും നിയമസഭയിലെത്തിയ കെ രാജന് ഇത് ചരിത്രനിയോഗം.
കഴിഞ്ഞ ടേമിൽ എംഎൽഎ എന്ന നിലയിൽ ലോകോത്തര പുത്തൂർ സുവോളജിക്കൽ പാർക്കുൾപ്പടെ ഒല്ലൂരിന്റെ മണ്ണിൽ ആയിരംകോടിയുടെ വികസനമാണ് യാാഥാർഥ്യമാക്കിയത്. മഹാപ്രളയം വന്നപ്പോഴും മഹമാരി വന്നപ്പോഴും മണ്ഡലത്തിന്റെ എല്ലാ മുക്കിലും മൂലയിലും നിറഞ്ഞുനിന്നു. ഗവ. ചീഫ് വിപ്പ് എന്ന നിലയിൽ ജില്ലയിലെ വികസനപ്രവർത്തനങ്ങളിലും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും കർമനിരതനായി. ആ സമർപ്പണ ജിവിതത്തിനുള്ള അർഹിക്കുന്ന അംഗീകാരമാണ് മന്ത്രി സ്ഥാനം.
നിലവിൽ സിപിഐ സംസ്ഥാന എക്സി.അംഗവും, എഐവൈഎഫ് ദേശീയ സെക്രട്ടറിയുമാണ്. കാലിക്കറ്റ് സർവകലാശാല യൂണിയൻ വൈസ് ചെയർമാൻ, സംസ്ഥാന യുവജന ക്ഷേമ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അന്തിക്കാട് ഗവ. എൽ പി സ്‌കൂളിലും ഹൈസകൂളിലും പ്രാഥമിക പഠനം,തൃശൂർ കേരളവർമ കോളേജിലും, ശക്തൻ തമ്പുരാൻ കോളേജിലുമായി ബിരുദ പഠനം പൂർത്തിയാക്കി. ഈ കാലഘട്ടത്തിലാണ് എഐഎസ്എഫിലൂടെ വിദ്യാർഥി രാഷ്ട്രീയ രംഗത്ത് സജീവ പ്രവർത്തകനാകുന്നത്. തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്നും നിയമത്തിലും ബിരുദം നേടി. ശേഷം തൃശൂർ കോടതിയിൽ അഭിഭാഷകവൃത്തി ആരംഭിച്ചെങ്കിലും, പിന്നീട് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി.
വിദ്യാഭ്യാസ കച്ചവടം, പെൻഷൻ പ്രായ വർധന, അതിരപ്പിള്ളിയുടെ പാരിസ്ഥിതിക പ്രശ്‌നം, വൈദ്യുതി നിരക്ക് വർധന, സോളാർ കേസ്, ബാർ കോഴ കേസ് തുടങ്ങിയ വിദ്യാർഥി യുവജന സമരമുഖങ്ങളിൽ നേതൃത്വം വഹിച്ചു. നിരവധി വിദ്യാർഥി യുവജന സമരമുഖങ്ങളിൽ പോലീസ് മർദ്ദനങ്ങൾക്ക് ഇരയായി, നാല് തവണ ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്. എഐഎസ്എഫ്, - എഐ വൈഎഫ് ജില്ലാ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ശാസ്ത്രസാഹിത്യ പരിഷത്തിലൂടെയും, ബാലവേദിയിലൂടെയും, ചടയംമുറി സ്മാരകത്തിലെ കെ.ജി കേളൻ ഗ്രന്ഥശാലയിലൂടെയും പൊതുപ്രവർത്തന രംഗത്തെത്തി.
അന്തിക്കാട് പുളിക്കൽ പരേതനായ കൃഷ്ണൻകുട്ടി മേനോന്റെയും രമണിയുടേയും മൂത്ത മകനായി 1973 മേയ് 26ന് അന്തിക്കാട് ജനിച്ചു. . മൂവാറ്റുവുഴ തൃക്കളത്തൂർ പുതുച്ചേരിയിൽ അനുപമയാണ് ഭാര്യ. കൊച്ചിൻ ദേവസ്വം ബോർഡിൽ ജോലി ചെയ്യുന്നു.
No comments:
Post a Comment