ലക്ഷദ്വീപ് ജില്ലാപഞ്ചായത്തിന്റെ ഭരണഘടനാപരമായ അധികാരങ്ങൾ കവർന്ന അഡ്‌മിനിസ്‌ട്രേറ്ററുടെ നടപടിക്കെതിരെ നിയമനടപടി ആലോചിക്കുന്നതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹസൻ ബോഡുമുക്ക ഗോത്തി. ജില്ലാപഞ്ചായത്ത് കൈകാര്യം ചെയ്‌തിരുന്ന അഞ്ച് പ്രധാന വകുപ്പുകൾ പ്രത്യേക ഉത്തരവിലൂടെ തിരിച്ചെടുത്ത അഡ്‌മിനിസ്‌ട്രേറ്റർ എല്ലാ രംഗത്തും ജനവിരുദ്ധമായ തീരുമാനങ്ങളാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്തുരാജ് നിയമപ്രകാരം പ്രവർത്തിക്കുന്ന സമിതികളെയാകെ നോക്കുകുത്തിയാക്കിയാണ് അഡ്‌മിനിസ്‌ട്രേറ്ററുടെ അമിത അധികാരപ്രയോഗം. ദ്വീപുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 26 അംഗങ്ങളും പത്ത് ദ്വീപ് പഞ്ചായത്ത് പ്രസിഡന്റുമാരും ലോക്‌സഭാംഗവും ഉൾപ്പെട്ട ജില്ലാപഞ്ചായത്ത് സമിതിയാണ് ലക്ഷദ്വീപിന്റെ ഭരണച്ചുമതല നിർവഹിച്ചിരുന്നത്. കഴിഞ്ഞ അഞ്ചിനും ഏഴിനും പുറപ്പെടുവിച്ച ഉത്തരവുകളിലൂടെയാണ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ കെ പട്ടേൽ ജില്ലാപഞ്ചായത്തിന്റെ അധികാരങ്ങൾ തിരിച്ചെടുത്തത്.
ആരോഗ്യം, വിദ്യാഭ്യാസം, മൃഗപരിപാലനം, മീൻപിടിത്തം, കൃഷി തുടങ്ങിയ വകുപ്പുകളുടെ ഭരണച്ചുമതല 2012 മുതൽ പൂർണമായി ജില്ലാപഞ്ചായത്തിനാണ്. ജീവനക്കാരുടെ സ്ഥലംമാറ്റം, പദ്ധതികൾക്കുള്ള ഫണ്ട് തുടങ്ങിയവയും പദ്ധതികളുടെ രൂപീകരണവുംവരെയുള്ള കാര്യങ്ങൾ ജില്ലാപഞ്ചായത്താണ് നിർവഹിച്ചിരുന്നത്. ദ്വീപ് പഞ്ചായത്തുകളുടെയും ഗ്രാമസഭകളുടെയും യോഗം ചേർന്നാണ് പദ്ധതികൾക്ക് രൂപംനൽകിയിരുന്നത്. അതിന്റെ നിർവഹണ ഏജൻസിയായാണ് മറ്റു സംവിധാനങ്ങൾ പ്രവർത്തിക്കുന്നത്. അഡ്‌മിനിസ്‌ട്രേറ്ററുടെ നടപടിയിലൂടെ പദ്ധതി രൂപീകരണംമുതൽ നടപ്പാക്കൽവരെ എല്ലാ കാര്യങ്ങളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ ഒഴിവാക്കപ്പെട്ടു. തുടർന്നാണ് താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടലും നൂറുകണക്കിന് ജീവനക്കാരെ അന്യായമായി സ്ഥലംമാറ്റലും സ്ഥാനംമാറ്റലും ഉൾപ്പെടെയുള്ള നടപടികൾ അഡ്‌മിനിസ്‌ട്രേറ്റർ ആരംഭിച്ചത്. ജനങ്ങളുടെ താൽപ്പര്യം പരിഗണിക്കാതെയാണ് ഈ നീക്കം. അദ്ദേഹത്തിന്റെ ആജ്ഞപ്രകാരം സെക്രട്ടറിമാർ ഉത്തരവുകളിറക്കുന്നു.
അഡ്‌മിനിസ്‌ട്രേറ്ററുടെ വിജ്ഞാപനങ്ങൾ ജനങ്ങളുടെ അഭിപ്രായമറിയിക്കാൻ എന്നപേരിൽ സർക്കാർ ഓഫീസുകളിൽ ലഭ്യമാണ്. ഏറ്റവും കുറഞ്ഞ സമയമാണ് അതിന് നൽകുന്നത്. കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കെ ജനങ്ങൾ നിസ്സഹായരാണ്. നിക്ഷിപ്‌ത താൽപ്പര്യത്തോടെ പരിഷ്‌കാരങ്ങൾ നടപ്പാക്കാനുള്ള അവസരമായാണ് ഇതിനെ അഡ്‌മിനിസ്‌ട്രേറ്റർ കണക്കാക്കുന്നത്.
കർശന നിയന്ത്രണങ്ങൾ നടപ്പാക്കിയതിനാലാണ് കൊച്ചിയിൽ കോവിഡ് രോഗവ്യാപനമുണ്ടായപ്പോഴും ദ്വീപിൽ രോഗമെത്താതിരുന്നത്. കൊച്ചിയിൽനിന്ന് ദ്വീപിലേക്ക് വരുന്നവർ 14 ദിവസം ക്വാറന്റൈൻ ഇരിക്കണമായിരുന്നു. കൊച്ചിയിൽ ലക്ഷദ്വീപ് ഗസ്‌റ്റ്‌ഹൗസ് ഉൾപ്പെടെ ആറ് ലോഡ്‌ജുകൾ ഇതിനായി തയ്യാറാക്കി. എന്നാൽ ഡിസംബറിൽ പ്രഫുൽ പട്ടേൽ വന്നതോടെ എല്ലാം അട്ടിമറിച്ചു. നിലവിൽ 60 ശതമാനത്തിന് മുകളിലാണ് രോഗവ്യാപന നിരക്ക് എന്നും ഹസൻ ബോഡുമുക്ക ഗോത്തി പറഞ്ഞു.
അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണം: ബിഷപ് യൂഹാനോൻ മോർ മിലിത്തിയോസ്
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചു വിളിക്കണമെന്ന് മലങ്കര ഓർത്തഡോക്സ് സഭാ തൂശൂർ ഭദ്രാസനാധിപൻ ബിഷപ് യൂഹാനോൻ മോർ മിലിത്തിയോസ് ആവശ്യപ്പെട്ടു. ലക്ഷദ്വീപിൽനിന്നുള്ള വാർത്തകൾ അതിശയിപ്പിക്കുന്നതല്ല. കാരണം സംഘപരിവാർ അജൻഡ ഭാരതമൊട്ടുക്ക് നടപ്പാക്കാൻ കച്ചകെട്ടിയിറങ്ങിയ മോഡി സർക്കാർ സൗകര്യമുള്ളിടത്തെല്ലാം അതു ചെയ്യും.
അവർക്ക് രണ്ട് അജൻഡകളാണുള്ളത്. ഒന്ന്, മുസ്ലീമുകളേയും പിന്നെ ക്രിസ്ത്യാനികളേയും സാധിക്കുമെങ്കിൽ രാജ്യത്തുനിന്നും തുടച്ചുമാറ്റുക, അല്ലെങ്കിൽ അടിമകളാക്കുക. രണ്ട്, ഈ രാജ്യത്തെ വിഭവങ്ങളുടെ അധികാരവും ക്രയവിക്രയവും കുത്തകകൾക്ക് വീതിച്ചു നൽകി കമീഷൻ പറ്റി സവർണ ഹൈന്ദവ രാജ്യം സ്ഥാപിക്കുക. സർവാധികാരിയായി വാഴാൻ നിയമിക്കപ്പെട്ടിരിക്കുന്ന പ്രഫുൽ പട്ടേൽ ചെയ്ത് കാണിച്ചിട്ടുള്ളതും ഇപ്പോൾ ചെയ്യുന്നതും അതാണ്. ഭാരതത്തിലെ ജനാധിപത്യ വിശ്വാസികൾ മുഴുവൻ ഈ നാടിന്റെ സംരക്ഷണത്തിനായി ശബ്ദമുയർത്തണം. നിശ്ശബ്ദരായിരിക്കേണ്ട സമയമല്ലിതെന്നും അദ്ദേഹം പ്രസ്‌താവനയിൽ പറഞ്ഞു.
ലക്ഷദ്വീപിലെ ജനാധിപത്യ ധ്വംസനം: സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പരാതി
അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ നേതൃത്വത്തിൽ ലക്ഷദ്വീപിൽ നടക്കുന്ന അതിക്രമങ്ങളിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡന്റ് സലീം മടവൂർ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പരാതിനൽകി. ദാദ്രാ നഗർ ഹവേലിയിലെ പാർലമെന്റംഗമായ മോഹൻ മേൽകറിന്റെ മരണത്തിനുത്തരവാദിയായ പട്ടേലിനെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി നിയമിച്ചത് ദുരുദ്ദേശ്യപരമാണെന്ന് പരാതിയിൽ പറയുന്നു.
ഡാമൻ ഡിയുവിലെ ഗോത്രവർഗക്കാരായ മത്സ്യത്തൊഴിലാളികളെ പരമ്പരാഗത തൊഴിൽ ജീവിത സാഹചര്യത്തിൽനിന്നും പറിച്ചെറിഞ്ഞ പട്ടേൽ ലക്ഷദ്വീപ് ജനതയുടെ സംസ്കാരത്തിനും ജീവിതത്തിനും നേരെ കടന്നാക്രമണമാണ് നടത്തുന്നത്. പരാതി പൊതുതാൽപ്പര്യ ഹരജിയായി പരിഗണിച്ച് സുപ്രീം കോടതി ഇടപെടണമെന്ന് സലീം മടവൂർ ആവശ്യപ്പെട്ടു.
ദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടി പിൻവലിക്കുക: തൊഴിലാളി സംഘടനകൾ
ലക്ഷദ്വീപിലേക്കുള്ള യാത്ര, ചരക്ക് ഗതാഗതം എന്നിവ ബേപ്പൂർ തുറമുഖത്തിൽനിന്ന് പൂർണമായും മംഗലാപുരം തുറമുഖത്തേക്ക് മാറ്റിക്കൊണ്ടുള്ള ദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടി പിൻവലിക്കണമെന്ന് സിഐടിയു, എഐടിയുസി, ഐഎൻടിയുസി, എസ്‌ടിയു സംഘടനകൾ സംയുക്ത പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
ലക്ഷദ്വീപ് നിവാസികൾക്ക് കേരളവുമായുള്ള എല്ലാ ബന്ധവും തകർക്കുക എന്നതാണ് അഡ്മിനിസ്ട്രേറ്ററായ പ്രഫുൽ കോഡ പട്ടേലിന്റെ ലക്ഷ്യം. ലക്ഷദ്വീപിലേക്കുള്ള ഭക്ഷ്യവസ്തുക്കൾ, നിർമാണസാമഗ്രികൾ, മറ്റ് ഉൽപ്പന്നങ്ങൾ എന്നിവ വലിയതോതിൽ കയറ്റിപ്പോകുന്നത് ബേപ്പൂർ തുറമുഖംവഴിയാണ്. ഇതാശ്രയിച്ച് ഉപജീവനം കഴിക്കുന്ന മുന്നൂറിലേറെ തൊഴിലാളികൾ ബേപ്പൂർ തുറമുഖത്ത് ജോലിചെയ്യുന്നുണ്ട്. കൊച്ചി തുറമുഖത്തുനിന്നുള്ള ചരക്കുകടത്തും മംഗലാപുരത്തേക്ക് മാറ്റി. വർഷങ്ങളായി ഈ ജോലിയിൽ ഏർപ്പെട്ടുവരുന്ന തൊഴിലാളികളെല്ലാം ഇതോടെ തൊഴിൽരഹിതരാകും.
ലക്ഷദ്വീപിൽനിന്നുള്ള അനേകം വിദ്യാർഥികൾ കോഴിക്കോട്ടും പരിസരത്തും പഠിക്കുന്നുണ്ട്. ചികിത്സാവശ്യത്തിന് ദ്വീപ് നിവാസികൾ ആശ്രയിക്കുന്നത് കേരളത്തിലെ ആശുപത്രികളെയാണ്. കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ ദ്വീപുനിവാസികളായ ജനങ്ങൾക്ക് വിവാഹബന്ധങ്ങളുണ്ട്. വർഷങ്ങളായി കേരളവുമായി സുദൃഢമായ ബന്ധം പുലർത്തുന്ന ലക്ഷദ്വീപിനെ കേരളവുമായുള്ള ബന്ധങ്ങൾ അറുത്തുമാറ്റുന്ന അഡ്മിനിസ്ട്രേറ്ററുടെ നടപടി പ്രതിഷേധാർഹമാണ്.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കോഡ പട്ടേലിനെ ഉടൻ തിരിച്ചുവിളിക്കണമെന്ന് പ്രധാനമന്ത്രിയോട് സംഘടനകൾ ആവശ്യപ്പെടും. ലക്ഷദ്വീപ് ജനതയെയും ബേപ്പൂർ തുറമുഖത്തെയും സംരക്ഷിക്കാൻ ശക്തമായ പ്രക്ഷോഭ പരിപാടികൾ ആവിഷ്കരിക്കുമെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം, ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ, എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, എസ്‌ടിയു ദേശീയ പ്രസിഡന്റ് അഡ്വ. റഹ്മത്തുള്ള എന്നിവർ സംയുക്ത പ്രസ്‌താവനയിൽ പറഞ്ഞു.
കള്ളൻ കപ്പലിലല്ല, ദ്വീപിൽത്തന്നെ! അഡ്‌മിനിസ്‌ട്രേറ്ററുടെ പരിഷ്‌കാരങ്ങളിലൂടെ ദ്വീപിന് നഷ്ടമാകുന്നത് കോടികൾ
കേന്ദ്രപിന്തുണയോടെയുള്ള അഡ്‌മിനിസ്‌ട്രേറ്ററുടെ ഭ്രാന്തൻ പരിഷ്‌കാരങ്ങൾ തകർക്കുന്നത് ലക്ഷദ്വീപിന്റെ സമ്പദ്‌ഘടന. പ്രധാന വരുമാന മാർഗങ്ങളെല്ലാം സ്വകാര്യ കുത്തകകൾക്ക് കൈമാറിയും ജീവനക്കാരെ പിരിച്ചുവിട്ടുമുള്ള ഏകാധിപത്യ നടപടികളാണ് കോടിക്കണക്കിന് രൂപ നഷ്ടമുണ്ടാക്കുന്നത്. കൊപ്ര, മാസ് കയറ്റുമതി, ജീവനക്കാരുടെ ശമ്പളം, ടൂറിസം, കരാർ തൊഴിലാളികളുടെ വരുമാനം, കപ്പൽ ജീവനക്കാരുടെ വരുമാനം തുടങ്ങിയവയാണ് ദ്വീപ് നിവാസികളുടെ പ്രധാന വരുമാനം. ഈ മേഖലയിലെല്ലാം അഡ്‌മിനിസ്‌ട്രേറ്റർ കൈവച്ചു. രണ്ടായിരത്തോളം കരാർ ജീവനക്കാരെ പട്ടേൽ ചുമതലയേറ്റശേഷം വിവിധ വകുപ്പുകളിലായി പിരിച്ചുവിട്ടു. ഒരാളുടെ ശരാശരി ശമ്പളം 15,000 രൂപയായാൽതന്നെ പ്രതിവർഷം 36 കോടിയുടെ വരുമാന നഷ്ടം ദ്വീപിലുണ്ടാക്കും.
ടൂറിസം, മത്സ്യബന്ധനം, ഹോട്ടൽ എന്നിവയെല്ലാം സ്വകാര്യ മേഖലക്ക് തീറെഴുതുന്നതോടെ മാസവും 150 കോടിയെങ്കിലും വരുമാന നഷ്ടമുണ്ടാകുമെന്നാണ് കണക്ക്. മത്സ്യത്തൊഴിലാളി സബ്‌സിഡി നിർത്തുന്നതും മറ്റുമുണ്ടാക്കുന്ന നഷ്ടം പുറമെ. അഡ്‌മിനിസ്‌ട്രേഷന് കീഴിലുള്ള കപ്പലുകൾ ഷിപ്പിങ് കോർപറേഷന് കൈമാറുന്നതോടെ ആയിരത്തോളം പേർക്ക് ജോലി നഷ്ടപ്പെടും. ടൂറിസം പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്ന സ്‌പോർട്‌സ് സൊസൈറ്റി ജീവനക്കാരെ പിരിച്ചുവിട്ടതും സമ്പദ്‌ഘടനക്ക് കനത്ത തിരിച്ചടിയാണ്. വർഷം ശരാശരി 43 കോടി രൂപയാണ് ഇതുവഴിയുണ്ടാകുന്ന വരുമാനനഷ്ടം.
വൈദ്യുതി, കൃഷി, മൃഗസംരക്ഷണം, വ്യവസായം തുടങ്ങിയ വകുപ്പുകളിലും സ്വകാര്യവൽക്കരണത്തിനുള്ള നീക്കം നടക്കുന്നുണ്ട്. ഇതിന്റെ ആദ്യപടിയാണ് പാൽ ഇറക്കുമതി ചെയ്യാനുള്ള തീരുമാനം. പോർട്ട്, എൽഡിസിഎൽ വകുപ്പുകൾ പിരിച്ചുവിടുമ്പോൾ അറുനൂറോളം സ്ഥിരം ജീവനക്കാർക്ക് ജോലി നഷ്ടമാകും. ഇതിലൂടെയും വർഷത്തിൽ 36 കോടി രൂപയുടെ കുറവുണ്ടാകും. ജനങ്ങളുടെ വരുമാനത്തിലെ ഇടിവ് ദ്വീപിലെ വിപണിയെയും സാരമായി ബാധിക്കും. ഭൂപരിഷ്‌കാരം കൂടി നടപ്പാക്കിയാൽ ദ്വീപുപേക്ഷിച്ച് പോകേണ്ട സാഹചര്യത്തിലേക്കും മാറും.
സുജിത്‌ബേബി
No comments:
Post a Comment