Tuesday, May 18, 2021

ചേലക്കരയുടെ രാധാകൃഷ്‌ണന്‌ വീണ്ടും മന്ത്രിതിളക്കം

 തൃശൂർ > നാല് പതിറ്റാണ്ട് വികസനത്തിന്റെ മായാജാലം സൃഷ്ടിച്ച ചേലക്കരയുടെ  രാധാകൃഷ്‌ണൻ  വീണ്ടും  സംസ്ഥാന മന്ത്രി സഭയിലേക്ക്‌.  രണ്ടാംതവണയാണ്‌ മന്ത്രിയാവുന്നത്‌.  സിപിഐ എം കേന്ദ്രകമ്മിറ്റി അംഗമായ കെ രാധാകൃഷ്ണൻ  അഞ്ചാം തവണയാണ് ചേലക്കരയിൽനിന്ന് നിയമസഭയിലേക്കെത്തുന്നത്‌.

1996-ലാണ്‌ ആദ്യമായി ചേലക്കരയിൽ നിന്നും നിയമസഭാംഗമാവുന്നത്‌. അന്ന്‌ നായനാർ മന്ത്രിസഭയിൽ പട്ടികജാതി–-പട്ടികവർഗക്ഷേമ വകുപ്പ്‌ മന്ത്രിയായി.    2001, 2006, 2011 തെരഞ്ഞെടുപ്പുകളിലും ചേലക്കരയില്‍ നിന്നും വന്‍ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു.  2001  പ്രതിപക്ഷത്തിന്റെ ചീഫ് വിപ്പായി.  2006ല്‍  നിയമസഭാ സ്പീക്കറായി  2011ല്‍ വീണ്ടും ചേലക്കരയില്‍ നിന്നും വിജയിച്ചു.  2016ലെ തെരഞ്ഞെടുപ്പില്‍ രാധാകൃഷ്ണന്‍ മല്‍സരിച്ചില്ല. സംഘടനരംഗത്ത് സജീവമായ രാധാകൃഷ്ണന്‍ സിപിഐ എം ജില്ലാ സെക്രട്ടറിയായി. തുടര്‍ന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗമായ രാധാകൃഷ്ണന്‍ ദളിത്ശോഷന്‍ മുക്തി മഞ്ചിന്‍റ അഖിലേന്ത്യാ പ്രസിഡണ്ടായും തെരഞ്ഞെടുത്തു.

ഓരോ തെരഞ്ഞെടുപ്പിലും രാധാകൃഷ്‌ണന്റെ  ഭൂരിപക്ഷം ഉയർന്നുകൊണ്ടിരുന്നു. ചേലക്കരയുമായുള്ള രാധാകൃഷ്‌ണന്റെ ബന്ധം അങ്ങനെയാണ്‌. ജനങ്ങളുടെ ചിരകാല സ്വപ്നമായ മായന്നൂർ പാലം യാഥാർഥ്യമാക്കിയതു മുതൽ റോഡുകൾ, പാലങ്ങൾ, കോളേജുകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾവരെ ഇന്ന് ചേലക്കരയിൽ തലയുർത്തിനിൽക്കുന്നത് രാധാകൃഷ്‌ണന്റെ നിസ്വാർഥ പ്രവർത്തനത്തിന്റെ ഉദാഹരണങ്ങളാണ്‌.

എസ്എഫ്ഐയിലൂടെ പൊതുരംഗത്ത് വന്ന അദ്ദേഹം തൃശൂർ കേരളവർമ കോളേജിലെ ബിരുദ പഠനത്തിനുശേഷം മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി.  പ്രീഡിഗ്രിബോർഡ്‌ സമരത്തിനിടെ തൃശൂർ നഗരത്തിൽ കെ രാധാകൃഷ്‌ണനടക്കം രണ്ടുപേർ നഗരം സ്‌തംഭിപ്പിച്ചു. പൊലീസ്‌ എത്തി ഭീകര ലാത്തിപ്രയോഗം നടത്തി. അന്ന്‌ തോളെല്ലിന്‌ പരിക്കേറ്റതിന്റെ വേദന ഇന്നും നിലിനിൽക്കുന്നുണ്ട്‌. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു.

കഷ്ടപ്പാടുകളുടെ ബാല്യകൗമാരങ്ങളോട് പൊരുതി പൊതുരംഗത്ത് ഉറച്ചുനിന്ന രാധാകൃഷ്ണൻ 1982ൽ സിപിഐ എം അംഗമായി. 1986ൽ  ചേലക്കര ലോക്കൽ കമ്മിറ്റി അംഗം, 1991ൽ ചേലക്കര ഏരിയ കമ്മിറ്റി അംഗം, 2002ൽ തൃശൂർ ജില്ലാ കമ്മിറ്റി അംഗമായി. 2008ൽ സംസ്ഥാന കമ്മിറ്റി അംഗവും 2018ൽ കേന്ദ്രകമ്മിറ്റി അംഗവുമായി. 1991ൽ വള്ളത്തോൾ നഗർ ഡിവിഷനിൽ നിന്നും ആദ്യ ജില്ലാ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് പാർലമെന്ററി ജീവിതത്തിന് തുടക്കംകുറിച്ചു.

തോന്നൂർക്കര യുപി സ്കൂൾ, ചേലക്കര എസ്എംടിഎച്ച്എസ്, വടക്കാഞ്ചേരി വ്യാസ എൻഎസ്എസ്‌ കോളേജ്, തൃശൂർ കേരളവർമ കോളേജ് എന്നിവിടങ്ങളിലാണ്‌ വിദ്യാഭ്യാസം.

ചേലക്കര തോന്നൂർക്കര വടക്കേവളപ്പിൽ കൊച്ചുണ്ണിയുടെയും ചിന്നയുടെയും മകനായ രാധാകൃഷ്ണൻ   അവിവാഹിതനാണ്.  ഇടുക്കി ജില്ലയിലെ പുള്ളിക്കാനത്ത്‌ തോട്ടം തൊഴിലാളിയായിരുന്നു അച്ഛൻ കൊച്ചുണ്ണി.  ചേലക്കര തോന്നൂർക്കരയിൽ അമ്മ ചിന്നയോടൊപ്പമാണ് താമസം. ഇപ്പോഴും കാർഷികപണികളിൽ ഏർപ്പെടുന്നുണ്ട്‌.

No comments:

Post a Comment