കൊച്ചി > വിദ്യാർഥി, യുവജന പ്രസ്ഥാനത്തിലൂടെ മികച്ച സംഘാടകനും പോരാളിയുമായി മുൻനിരയിലേക്കുവന്ന പി രാജീവ് കളമശേരിയിൽ
അഴിമതിയ്‌ക്കും കുടുംബവാഴ്‌ചയ്‌ക്കുമെതിരായ പോരാട്ടത്തിൽ ചരിത്രവിജയം നേടിയാണ് മന്ത്രിപദത്തിലേക്കെത്തുന്നത്. യുഡിഎഫ്‌കോട്ടയെന്നു വിശേഷിപ്പിക്കാറുള്ള മണ്ഡലത്തിൽ പാലാരിവട്ടം പാലം അഴിമതി കേസിലെ പ്രതി മുൻമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ മകനെ 15336 വോട്ടുകൾക്കു പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തുന്നത്.
സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും , ദേശാഭിമാനി ചീഫ് എഡിറ്ററുമായ പി രാജീവ് രാജ്യസഭാംഗമായിരിക്കെ മികച്ച പാർലമമെന്റേറിയൻ എന്ന ബഹുമതി നേടി. എറണാകുളം ജനറൽ ആശുപത്രിയിൽ ക്യാൻസർ രോഗികൾക്കുള്ള അത്യാധുനിക റേഡിയേഷൻ കേന്ദ്രം, ഡയറ്ററി കിച്ചൺ, ആലുവ താലൂക്ക് ആശുപത്രിയിൽ വൃക്കരോഗികൾക്ക് സൗജന്യ ഡയാലിസിസ് സെന്റർ, സർക്കാർ സ്‌കൂൾ വിദ്യാർഥികൾക്ക് ബസ് എന്നിവ ഏർപ്പെടുത്തുകയും കൊച്ചിയുടെ പൊതു വികസനത്തിനുവേണ്ടിയുള്ള പദ്ധതികൾ നടപ്പാക്കുകയും ചെയ്‌തു. കൊച്ചി മെട്രോ റെയിലിനു വേണ്ടിയുള്ള പോരാട്ടത്തിലും മുൻ നിര പോരാളിയായിരുന്നു.
2015 മുതൽ 2018 വരെ സിപിഐ എം എറണാകുളം ജില്ലാസെക്രട്ടറിയായിരുന്ന രാജീവ് എസ്‌എഫ്‌ഐ എറണാകുളം ജില്ലാസെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, ഡിവൈഎഫ്‌ഐ ജില്ലാസെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചു. വിദ്യാർഥി നേതാവായിരിക്കെ കൂത്തുപറമ്പ് വെടിവെയ്‌പ് ദിവസം എറണാകുളത്ത് മുൻ മുഖ്യമന്ത്രി കെ കരുണാകരനെ കരിങ്കൊടി കാണിച്ചതിന് പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി.
2009 മുതൽ 2015 വരെ രാജ്യസഭാംഗവും അഷ്വറൻസ് കമ്മിറ്റി ചെയർമാനും പാനൽ ഓഫ് ചെയർമാനുമായിരുന്നു. സിപിഐ എം പാർലമെന്ററി പാർടി ഡെപ്യൂട്ടി ലീഡർ, രാജ്യസഭയിൽ ചീഫ് വിപ്പ് എന്നീ സ്ഥാനങ്ങളും വഹിച്ചു. 2001 മുതൽ 2010 വരെ ദേശാഭിമാനി റസിഡന്റ് എഡിറ്ററായിരുന്നു. 2018 മുതൽ ചീഫ് എഡിറ്റർ.‘ഭരണഘടന: ചരിത്രവും സംസ്‌കാരവും’, ‘ആഗോളവൽക്കരണകാലത്തെ ക്യാമ്പസ്’, ‘വിവാദങ്ങളിലെ വൈവിധ്യങ്ങൾ’, ‘കാഴ്ചവട്ടം’, ‘പുരയ്ക്കുമേൽ ചാഞ്ഞ മരം’ (മറ്റുള്ളവരുമായി ചേർന്ന്), ‘1957- ചരിത്രവും വർത്തമാനവും’ (എഡിറ്റർ) തുടങ്ങിയ പുസ്തകങ്ങൾ രചിച്ചു. 2017ൽ മികച്ച എംപിക്കുള്ള സൻസത് രത്ന പുരസ്‌കാരം, മികച്ച പൊതുപ്രവർത്തകനുള്ള പി കെ വി പുരസ്‌കാരം, പി പി ഷണ്മുഖദാസ് അവാർഡ്, മികച്ച മുഖപ്രസംഗത്തിനുള്ള പന്തളം കേരളവർമ പുരസ്‌കാരം എന്നിവ ലഭിച്ചു.
സ്വദേശം തൃശൂർ ജില്ലയിലെ മേലഡൂർ. ദീർഘകാലമായി കളമശേരിയിൽ സ്ഥിരതാമസം. 52 വയസ്സ്. റവന്യൂ ഇൻസ്‌പെക്‌ടറായിരുന്ന പി വാസുദേവന്റെയും രാധയുടെയും മകൻ. ഭാര്യ: വാണി കേസരി ( പ്രൊഫസർ, കുസാറ്റ് സ്‌കൂൾ ഓഫ് ലീഗൽ സ്‌റ്റഡീസ്). മക്കൾ: ഹൃദ്യ, ഹരിത.
No comments:
Post a Comment