ആലപ്പുഴ> ചെങ്ങന്നൂരിന്റെ വികസനത്തിന് ചുക്കാൻ പിടിച്ച ആത്മവിശാസവുമായാണ് സജി ചെറിയാൻ (56) രണ്ടാമതും നിയമസഭാംഗമായത്. 2018 ൽ കെ കെ രാമചന്ദ്രൻ നായരുടെ മരണശേഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ സജി ചെറിയാൻ 20,956 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിൽ ആദ്യജയം നേടി.
198 കോടി ചെലവഴിച്ച് സംസ്ഥാനത്തെ ഏറ്റവും വലിയ പദ്ധതികളിലൊന്നായ സമ്പൂർണ കുടിവെള്ള പദ്ധതി, സമ്പൂർണ തരിശുരഹിത പദ്ധതിയായ "ചെങ്ങന്നൂർ സമൃദ്ധി', ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ 100 കോടി ചെലവഴിച്ച് കെട്ടിട സമുച്ചയം, ബൈപാസ് നിർമാണം (200 കോടി), ചെങ്ങന്നൂർ മഹാദേവർ ക്ഷേത്രത്തിനു സമീപം നിർമിക്കുന്ന ശബരിമല തീർത്ഥാടകർക്കായുള്ള ഇടത്താളം (9.56 കോടി) അങ്ങനെ വികസനത്തിന്റെ പട്ടിക നീളുകയാണ്.
ചെങ്ങന്നൂർ കൊഴുവല്ലൂർ തെങ്ങുംതറയിൽ പരേതനായ റിട്ട. സ്‌റ്റാറ്റിസ്‌റ്റിക്കൽ ഓഫീസർ ടി ടി ചെറിയാന്റെയും റിട്ട. പ്രധാനാധ്യാപിക ശോശാമ്മ ചെറിയാന്റെയും മകനാണ്. എസ്‌എഫ്‌ഐയിലൂടെ പൊതുരംഗത്ത്. 25 വർഷത്തെ കെഎസ്‌യു ഭരണം അവസാനിപ്പിച്ച് മാവേലിക്കര ബിഷപ്പ് മൂർ കോളേജിൽ യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറായി.
എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സിഐടിയു ജില്ലാ പ്രസിഡന്റ്, സിപിഐ എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച സജി നിലവിൽ സംസ്ഥാന കമ്മിറ്റി അംഗമാണ്.
ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷൻ, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കേരളസർവകലാശാല സിൻഡിക്കേറ്റംഗം, സ്‌പോർട്‌സ് കൗൺസിൽ ജില്ലാ പ്രസിഡന്റ്, ആലപ്പുഴ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.
കരുണ പെയിൻ ആൻഡ് പാലിയേറ്റിവ് സൊസൈറ്റി ചെയർമാൻ, ജില്ലാ ജൈവകാർഷിക സഹകരണസംഘം ചെയർമാൻ, എആർപിസി ചെയർമാൻ, അരീക്കര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് , ജനതാ വ്യവസായ സഹകരണസംഘം പ്രസിഡന്റ്, സ്വദേശാഭിമാനി ഗ്രന്ഥശാല പ്രസിഡന്റ് എന്നീ ചുമതലകളിലും സജീവം. ഭാര്യ: ക്രിസ്‌റ്റീന. മക്കൾ: ഡോ. നിത്യ, ഡോ. ദൃശ്യ, ശ്രവ്യ (എംബിബിഎസ് വിദ്യാർഥിനി). മരുമക്കൾ: അലൻ, ജസ്‌റ്റിൻ.
No comments:
Post a Comment