Wednesday, May 12, 2021

വിടവാങ്ങിയത്‌ വീരേതിഹാസം; പിണറായി വിജയൻ എഴുതുന്നു

സ്വന്തം ജീവിതത്തെ നാടിൻ മോചനപോരാട്ടത്തിന്റെ വീരേതിഹാസമാക്കി മാറ്റിയ ധീര നായികയാണ് കെ ആർ ഗൗരിയമ്മ. എല്ലാവിധ ഉച്ചനീചത്വങ്ങളും അവസാനിപ്പിക്കാനും സമത്വത്തിലധിഷ്ഠിതമായ വ്യവസ്ഥിതി സ്ഥാപിച്ചെടുക്കാനും വേണ്ടിയുള്ള നിരന്തര പോരാട്ടങ്ങൾക്കായി സമർപ്പിതമായ ജീവിതമായിരുന്നു ഗൗരിയമ്മയുടേത്. കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ അവർ വഹിച്ച പങ്ക് സമാനതകളില്ലാത്തതാണ്. ധീരയായ പോരാളിയും സമർഥയായ ഭരണാധികാരിയും ആ വ്യക്തിത്വത്തിൽ ഒരുമിച്ചു. ആധുനിക കേരളത്തിന്റെ ചരിത്രം ഗൗരിയമ്മയുടെ  ജീവചരിത്രം കൂടിയാണ്. പോരാട്ടങ്ങൾക്ക് നിത്യ പ്രചോദനമാണ് അവരുടെ മാതൃകാപരമായ ജീവിതം.

നൂറുവർഷം ജീവിക്കാൻ കഴിയുക എന്നത് അപൂർവം പേർക്കു മാത്രം സാധ്യമാകുന്ന ഒന്നാണ്. ജീവിതഘട്ടമാകെ ബോധത്തെളിച്ചയോടെ കഴിയുക, പരാധീനത്തിലല്ലാതെ കഴിയുക, മറ്റുള്ളവർക്ക്‌ സഹായകമായി കഴിയുക തുടങ്ങിയവയൊക്കെ സാധ്യമാകുന്നത്‌ അത്യപൂർവം പേർക്കാണ്. ആ അത്യപൂർവം പേരിൽപ്പെടുന്നു  കെ ആർ ഗൗരിയമ്മ. ഇങ്ങനെയൊരാൾ നമുക്കുണ്ടായിരുന്നു എന്നത്‌ തീർച്ചയായും നമ്മുടെ വലിയ ഒരു ധന്യതയാണ്. ഗൗരിയമ്മയുടെ കാലത്ത്‌ ജീവിക്കാൻ കഴിഞ്ഞു എന്നത് മലയാളിയുടെ അഭിമാനമാണ്.

അനുഭവങ്ങളുടെ അതിസമ്പന്നമായ പശ്ചാത്തലത്തോടെ നമ്മുടെ സാമൂഹ്യജീവിതത്തിന്‌ മാർഗനിർദേശം നൽകാൻ കഴിഞ്ഞ മാതൃകാ വ്യക്തിത്വം എന്നുവേണം ഗൗരിയമ്മയെ വിശേഷിപ്പിക്കാൻ. ഇത്ര ദീർഘമായ, ഇത്ര തീവ്രമായ അനുഭവങ്ങളുള്ള മറ്റൊരാൾ കേരളത്തിലുണ്ടായിരുന്നില്ല. ആ നിലയ്ക്ക് അങ്ങേയറ്റം അസാധാരണവും താരതമ്യമില്ലാത്തതുമാകുന്നു ആ ജീവിതം. ആധുനിക കേരളത്തിന്റെ ചരിത്രവുമായി വേർപെടുത്താനാകാത്ത വിധം കെട്ടുപിണഞ്ഞു കിടക്കുന്നു ഗൗരിയമ്മയുടെ ജീവിതം.

സ്വന്തം ജീവിതം സഫലമാകുന്നത്, അന്യജീവന് ഉതകുമ്പോഴാണ് എന്നു പറയുമല്ലൊ. ഇതു മാനദണ്ഡമാക്കിയാൽ, ഇതുപോലെ സഫലമായ ജീവിതം മറ്റ് അധികം പേർക്കുണ്ടാകില്ല. വിദ്യാർഥി ജീവിതഘട്ടത്തിൽ തന്നെ കർമരംഗത്തേക്കും സമരരംഗത്തേക്കുമിറങ്ങി. നൂറുവയസ്സ്‌ പിന്നിട്ട ഘട്ടത്തിലും ഗൗരിയമ്മ ജനങ്ങൾക്കിടയിൽ തന്നെയുണ്ടായി. വെള്ളത്തിൽ മത്സ്യം എന്ന പോലെ, ജനങ്ങൾക്കിടയിൽ ജീവിച്ചു. ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ വർത്തമാനകാല രാഷ്ട്രീയഘട്ടവുമായി ബന്ധപ്പെടുത്തുന്ന അപൂർവം കണ്ണികളേ ഉണ്ടായിരുന്നുള്ളു. അതിലെ വിലപ്പെട്ട കണ്ണിയായിരുന്നു ഗൗരിയമ്മ. അന്നത്തെ അനുഭവങ്ങൾ മനസ്സിൽവച്ച് ഭാവിയെക്കുറിച്ച് അഭിപ്രായം പറയാൻ കഴിയുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്. ഇവിടെയാണ് ഗൗരിയമ്മയുടെ പ്രസക്തി നാം കൂടുതൽ തിരിച്ചറിയുന്നത്. അതുകൊണ്ടാണ് ഗൗരിയമ്മയുടെ അഭാവം നാടിന്റെ നികത്താനാകാത്ത  നഷ്ടമായി മാറുന്നത്.

ധീരതയുടെ പ്രതീകമായാണ്‌ ഗൗരിയമ്മയെ കേരളം എന്നും കണ്ടിട്ടുള്ളത്. സർ സി പിയുടെ കാലത്തെ പൊലീസിന്റെ ഭേദ്യം അനുഭവിക്കേണ്ടി വന്നിട്ടുള്ള അവർക്ക്, സ്വാതന്ത്ര്യലബ്ധിക്കു ശേഷവും ഒട്ടേറെ യാതനാനുഭവങ്ങളുണ്ടായി. ചെറുത്തുനിൽപ്പിന്റെ കരുത്തുറ്റ ബിംബമായി ഗൗരിയമ്മ അങ്ങനെ മാറി. ആ നിലയ്ക്കുള്ള കവിതകൾ പോലും മലയാളത്തിൽ അവരെക്കുറിച്ചുണ്ടായി. കേരളത്തിന്റെ സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ ചരിത്രത്തിൽ ഗൗരിയമ്മ നിർണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്  . അത്യപൂർവം സ്ത്രീകൾ മാത്രം ഉന്നത വിദ്യാഭ്യാസത്തിനെത്തിയിരുന്ന ഒരു കാലത്ത് നിയമവിദ്യാഭ്യാസം പൂർത്തിയാക്കിയ ഗൗരിയമ്മയ്‌ക്ക്‌ വേണമെങ്കിൽ ഔദ്യോഗിക തലത്തിൽ തിളക്കമാർന്ന തലങ്ങളിലേക്കു വളർന്ന് സ്വന്തം ജീവിതം സുരക്ഷിതവും സമ്പന്നവുമാക്കാമായിരുന്നു. എന്നാൽ, ആ വഴിയല്ല, തന്റേതെന്ന് അവർ തിരിച്ചറിഞ്ഞു. ജനങ്ങളിലേക്കിറങ്ങി. ഒളിവിലും തെളിവിലും ഒക്കെയായി ത്യാഗപൂർവമായി ജീവിച്ചു.

ഒന്നാം കേരള മന്ത്രിസഭയിൽ  അംഗമായി,  കേരള കാർഷിക പരിഷ്‌കരണ നിയമം അടക്കമുള്ള സാമൂഹ്യമാറ്റത്തിന്റെ കൊടുങ്കാറ്റു വിതച്ച ബില്ലുകളുടെ നിയമമാക്കലിൽ ശ്രദ്ധേയമായ പങ്കുവഹിച്ചു. രണ്ടാം ഇ എം എസ് മന്ത്രിസഭയിലും ഒന്നും രണ്ടും നായനാർ മന്ത്രിസഭകളിലും  സജീവ സാന്നിധ്യമായിരുന്നു.അസാമാന്യ ദൈർഘ്യമുള്ള നിയമസഭാ സാമാജിക ജീവിതമാണ് ഗൗരിയമ്മയുടേത്. 1952–53, 1954–56 ഘട്ടങ്ങളിലെ തിരു കൊച്ചി നിയമസഭകളിലും കേരള രൂപീകരണത്തോടെ അഞ്ചാമത്തേതൊഴികെ ഒന്നു മുതൽ പതിനൊന്നുവരെയുള്ള നിയമസഭകളിലും അംഗമായി. മന്ത്രിസഭയിലാകട്ടെ, റവന്യു, വ്യവസായം, കൃഷി, എക്സൈസ്, ഭക്ഷ്യം തുടങ്ങിയ വകുപ്പുകളിലൊക്കെ മൗലികമായ പരിഷ്‌കാരങ്ങൾ വരുത്താനും  തനതായ പദ്ധതികൾ ആവിഷരിക്കാനും ശ്രദ്ധിച്ചു.

പി കൃഷ്ണപിള്ള, ഇ എം എസ്, എ കെ ജി തുടങ്ങിയ ഒന്നാം തലമുറ കമ്യൂണിസ്റ്റ് നേതാക്കൾക്കൊപ്പം പ്രവർത്തിക്കാൻ ഗൗരിയമ്മയ്ക്ക് കഴിഞ്ഞിട്ടുണ്ട്  . കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ വലിയ സംഭാവനയാണ് അവർക്കൊപ്പംനിന്ന്‌ നിർവഹിച്ചത്‌. സ്ത്രീക്ക് സ്വന്തം മുഖവും വ്യക്തിത്വവുമുണ്ട് എന്ന് കേരള സമൂഹത്തിൽ പൊരുതി സ്ഥാപിച്ച വ്യക്തിയാണ്‌ ഗൗരിയമ്മ. അതിന് അവർക്ക് ശക്തിപകർന്നത്‌ കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. അസാധാരണമായ ത്യാഗവും ധീരതയും നിറഞ്ഞ ജീവിതമാണ്‌ നയിച്ചത്. അതാകട്ടെ, ഈ സമൂഹത്തെ പുരോഗമനോന്മുഖവും മനുഷ്യോചിതവുമായി മാറ്റിയെടുക്കുന്നതിനു വേണ്ടിയായിരുന്നു. അവരുടെ വിയോഗ വേളയിൽ സമൂഹത്തെ ഇനിയും പുരോഗമനപരമായി മുമ്പോട്ടുകൊണ്ടുപോകാനുള്ള നവോത്ഥാന രാഷ്ട്രീയ നീക്കങ്ങളെ ശക്തിപ്പെടുത്തി മുന്നേറുമെന്ന് പ്രതിജ്ഞ ചെയ്യുക. അതാകട്ടെ, ഗൗരിയമ്മയ്ക്കുള്ള ആദരാഞ്ജലി.

പിണറായി വിജയൻ 

No comments:

Post a Comment