Wednesday, May 12, 2021

നൂറ്റാണ്ടിന്റെ സാക്ഷി; വി എസ് അച്യുതാനന്ദൻ എഴുതുന്നു

 1919 ൽ ജനിച്ച ഗൗരിയമ്മ 20–ാം നൂറ്റാണ്ടിന്റെയും, 21 ന്റെയും ആദ്യപാദങ്ങൾ കൂട്ടിയിണക്കിനിന്ന  നൂറ്റാണ്ടിന്റെ സമര നായികയായിരുന്നു.  ഈ കാലയളവിൽ എന്തെല്ലാം സംഭവങ്ങൾ ലോകത്തുണ്ടായി. നമ്മുടെ രാജ്യത്ത്, കേരളത്തിൽ. അവയ്ക്കെല്ലാം ആ ജന്മം സാക്ഷി. നിരവധി സവിശേഷതകളുടെ തിളക്കമുള്ള വ്യക്തിത്വം. തിരുവിതാംകൂറിലെ ഈഴവ സമുദായത്തിൽനിന്ന് ആദ്യമായി നിയമബിരുദം നേടിയ വനിത. കേരളത്തിൽ ഏറ്റവും കൂടുതൽ  എം എൽ എയും  മന്ത്രിയുമായ സ്ത്രീ. ഒന്നാം  മന്ത്രിസഭയിലെ ഏക വനിതയും ഗൗരിയമ്മ. എറണാകുളം മഹാരാജാസിൽനിന്ന് ബിരുദം നേടി.  തുടർന്ന് തിരുവനന്തപുരം ലോ കോളേജിൽനിന്ന് ബി എല്ലും. അക്കാലത്ത് ഇത്രയും വിദ്യാഭ്യാസം നേടിയവർ ഉന്നത ഉദ്യോഗങ്ങൾ തേടിപ്പോകുകയാണ് പതിവ്. ഗൗരിയമ്മയ്ക്കും അത് സാധ്യമായിരുന്നു. പക്ഷേ, ആ മനസ്സ് തിരിഞ്ഞത് തൊഴിലാളി വർഗത്തിലേക്കാണ്. അവർ അനുഭവിച്ചുകൊണ്ടിരുന്ന ചൂഷണത്തിലേക്കും കഷ്ടപ്പാടിലേക്കും. അതിനു പരിഹാരം കാണാനുള്ള രാഷ്ട്രീയ വഴിയിലേക്കാണ് തിരിഞ്ഞത്.

ഗൗരിയമ്മയുടെ തറവാട് കളത്തിപ്പറമ്പിൽ വീട് പ്രാമാണിക കുടുംബമായിരുന്നു. അച്ഛൻ കെ എൻ രാമൻ, വലിയ ഭൂവുടമ.  ചേർത്തല താലൂക്കിൽ അഴീക്കൽ പ്രദേശത്ത് അത്തരക്കാർ ഏറെയുണ്ടായി. വൻകിട കൃഷിക്കാരയായിരുന്നു അവർ.  അന്നത്തെ ജന്മിത്വ വ്യവസ്ഥയിൽ കാർഷികരംഗമാകട്ടെ കൊടും  ചുഷണത്തിലും  തൊഴിലാളികൾ  കൊടിയ ദുരിതങ്ങളിലും.  കർഷക തൊഴിലാളി യൂണിയൻ പ്രവർത്തന ഫലമായി അവർ സംഘടിതരായി.  ചൂഷണത്തിനും മറ്റ് അനീതികൾക്കുമെതിരെ നിരവധി പ്രക്ഷോഭങ്ങൾ ഉയർന്നു.  അതിനെ പൊലീസും ഗുണ്ടകളും ചേർന്ന് നേരിട്ട രീതി  ഗൗരിയമ്മയിൽ വലിയ മാറ്റമുണ്ടാക്കി. പുന്നപ്ര‐വയലാർ സമരത്തിന്റെ നേർസാക്ഷ്യവും ഗൗരിയമ്മയ്ക്കുണ്ടായി. മൂത്തസഹോദരൻ സുകുമാരൻ കമ്യൂണിസ്റ്റ് പ്രവർത്തകനായിരുന്നു. ആ  സാഹചര്യങ്ങളെല്ലാം അവരെ പാർടിയിലേക്ക് നയിച്ചു.

പിന്നീടങ്ങോട്ട് പാവങ്ങൾക്കുവേണ്ടിയുള്ള സമർപ്പിത ജീവിതമായിരുന്നു ഗൗരിയമ്മയുടേത്. രക്ഷിതാക്കളിൽനിന്നോ   കുടുംബാംഗങ്ങളിൽ നിന്നോ ഉള്ള എതിർപ്പുകൾ വകവെക്കാതെ പാർടിയുടെ ധീരയായ പ്രവർത്തകയായി. അവരുടെ ജീവിതം  പാർടി പ്രവർത്തനത്തിന്റെ തീച്ചൂളയിലായിരുന്നു. നിരവധി തവണ അറസ്റ്റു ചെയ്യപ്പെട്ടു. ഒരു പക്ഷേ ഇത്ര ക്രുരമായ മർദനമുറകൾ അനുഭവിച്ച വനിത കേരളത്തിൽ അപൂർവമായിരിക്കും. ഗൗരിയമ്മയും ഞാനും അടുത്ത സുഹൃത്തുക്കളായിരുന്നു.

എന്നോട് മാത്രമല്ല കുടുംബത്തോടും ആഴത്തിലുള്ളഅടുപ്പം. ആ ആത്മബന്ധം  അവസാനംവരെ തുടർന്നു. ഗൗരിയമ്മയും ടി വി തോമസുമായുള്ള വിവാഹത്തിൽ എന്റെ ഇടപെടൽകൂടി ഉണ്ടായിരുന്നു. എല്ലാവരോടും സഹാനുഭൂതിയും സ്നേഹവും നിറഞ്ഞ മനസ്സാണ് ഗൗരിയമ്മയുടേത്. പക്ഷേ  അവ പ്രകടിപ്പിക്കാത്ത പ്രകൃതം. മിക്കപ്പോഴും ഗൗരവം.  സ്നേഹത്തിന്റെ വാക്കുകളിൽപോലും ആ ഭാവമാണ്‌ നിറഞ്ഞത്‌. അതുകൊണ്ട് മനസ്സ് പലർക്കും തിരിച്ചറിയാൻ കഴിഞ്ഞില്ല. 1964 ലെ പിളർപ്പിനെ തുടർന്ന്‌ ഗൗരിയമ്മ  സി പിഐ എമ്മിൽ  നിലകൊണ്ടു.  ടി വി  സി പിഐയിലും.

പാർടി പുന:സംഘടനയുടെ ഭാഗമായി ആലപ്പുഴയിൽ സെക്രട്ടറി സ്ഥാനത്തേക്ക് ഞാനും  ടി വി യും മത്സരിച്ചപ്പോൾ അവർ  എനിക്കാണ് വോട്ടു ചെയ്തത്.  ഞാൻ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.  1994 ൽ ഗൗരിയമ്മ  സിപിഐ എമ്മിൽ നിന്ന് പുറത്താക്കപ്പെട്ടത്‌ ദൗർഭാഗ്യകരം. തുടർന്ന് അവർ യുഡിഎഫിൽ ചേർന്നത് അതിലേറെ ദൗർഭാഗ്യകരമായി. സംസ്ഥാനകമ്മിറ്റി അംഗമായ അവരെ ആലപ്പുഴ ജില്ലാകമ്മിറ്റിയിലേക്ക് മാറ്റിയതായിരുന്നു ആദ്യ നടപടി.  ഞാനും പങ്കെടുത്ത കമ്മറ്റിയാണ്  നടപടി തീരുമാനിച്ചത്. ഗൗരിയമ്മ അത്  ഉൾക്കൊള്ളില്ല എന്ന് തോന്നിയിരുന്നു.  പ്രകോപനത്തിന് അടിപ്പെട്ട് കടുത്ത തീരുമാനം എടുക്കുന്നതിൽനിന്ന് തടയണമെന്ന്‌ തീരുമാനിച്ചു. എന്നോടുള്ള സ്നേഹവും അടുപ്പവും അതിന് ഉപയോഗിക്കാനാവണമെന്ന്  കരുതി. കമ്മിറ്റിക്കുശേഷം ഞാൻ ഗൗരിയമ്മയുടെ ചാത്തനാട്ടെ വീട്ടിലേക്ക്‌ പോയി. എന്നാൽ  കാണാൻ  വിമുഖത കാട്ടി. തുടർന്ന്‌ ഗൗരിയമ്മ സ്വീകരിച്ച രാഷ്ട്രീയ വഴികൾ അവർക്ക് ഗുണകരമായിരുന്നില്ല. അതിനുശേഷം പതിറ്റാണ്ടുകൾ പിന്നിട്ടു. പല മാറ്റങ്ങളും  സംഭവിച്ചു. ഒടുവിൽ ഗൗരിയമ്മ സിപിഐ എമ്മിനോട്  കൂടുതൽ അടുത്തു.

വി എസ് അച്യുതാനന്ദൻ

No comments:

Post a Comment