ജനങ്ങൾ ഭയത്തോടെ മാത്രം ജീവിക്കേണ്ട ഒരു നാടായി മാറുകയാണ് നമ്മുടെ ഇന്ത്യ. ഏവരെയും ഭയപ്പെടുത്തുന്ന ഫാസിസ്റ്റ് അവസ്ഥയുടെ മുന്നറിയിപ്പുകൾ തുടർച്ചയായി വന്നുകൊണ്ടിരിക്കുന്നു. ജനങ്ങളെ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കാത്ത സാഹചര്യത്തിലൂടെയാണ് ഓരോ ദിവസവും കടന്നുപോകുന്നത്. ഹിന്ദുവർഗീയ വാദികൾ അയോധ്യയിൽ അഴിഞ്ഞാടിയപ്പോൾമുതൽ ആരംഭിച്ച ഫാസിസ്റ്റ് നീക്കങ്ങൾ ഭ്രാന്തവേഗം കൈക്കൊണ്ടിരിക്കുന്നു. രണ്ടാം മോഡി സർക്കാർ അധികാരത്തിൽ വന്നശേഷം ഇതിന്റെ എത്ര ഉദാഹരണം വേണമെങ്കിലും ചൂണ്ടിക്കാട്ടാനാകും. ഏറ്റവുമൊടുവിൽ ഇപ്പോൾ ലക്ഷദ്വീപിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് അത്തരത്തിൽ ഒന്നാണ്.
ജനങ്ങൾ സമാധാനത്തോടെ, സ്നേഹത്തോടെ, സ്വാതന്ത്ര്യത്തോടെ, സഹകരണത്തോടെ വസിക്കുന്ന ഒരു മനോഹര പ്രദേശമാണ് ലക്ഷദ്വീപ്. അവിടെ 2020 ഡിസംബറിൽ പുതിയ അഡ്മിനിസ്ട്രേറ്റർ ചുമതലയേറ്റതോടെ, ജനങ്ങളുടെ ശാന്തജീവിതം തകർക്കാൻ എല്ലാ നടപടിയും ആരംഭിച്ചിരിക്കുന്നു. സംഘപരിവാറിന്റെ മുസ്ലിം വിരുദ്ധതയാണ് ഈ നടപടികൾക്കു പിന്നിലെ പ്രധാന കാരണം. വംശീയ വിദ്വേഷത്തിന്റെ പരീക്ഷണശാലയായി ലക്ഷദ്വീപിനെ മാറ്റാനാണ് ശ്രമം. ഇവിടെ വസിക്കുന്നവരിൽ ഭൂരിപക്ഷവും മുസ്ലിം ജനവിഭാഗമാണ്. വർഗീയക്കളിക്കൊപ്പം ടൂറിസത്തിന്റെ മറവിൽ ദ്വീപിനെ കോർപറേറ്റ് മുതലാളിമാർക്ക് തീറെഴുതിക്കൊടുക്കാനുള്ള ശ്രമവും തിടുക്കത്തിൽ നടന്നുവരുന്നുണ്ട്.
ലക്ഷദ്വീപിലെ മനോഹരമായ കടൽത്തീരങ്ങൾ തങ്ങൾക്ക് തുറന്നുതരണമെന്ന് രാജ്യത്തെ കോർപറേറ്റ് മുതലാളിമാർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടാൻ തുടങ്ങിയിട്ട് കുറച്ചുനാളായി. അതെ, ലക്ഷദ്വീപിൽ കോർപറേറ്റ് സേവയുടെ, ചങ്ങാത്ത മുതലാളിത്തത്തിന്റെ പുതിയ വാതിൽ തുറക്കുകയാണ്. തീരദേശത്തെ മത്സ്യത്തൊഴിലാളികളെ നീക്കുന്നതും അവരുടെ താൽക്കാലിക ഷെഡുകൾ പൊളിച്ചുമാറ്റുന്നതും അവിടെ വൻകിട റിസോർട്ടുകൾ പണിയാൻ വേണ്ടിയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരേസമയം വർഗീയക്കളിയും കോർപറേറ്റ് സേവയും.
ബിജെപി നേതാവും ഗുജറാത്തിലെ മുൻ ആഭ്യന്തര മന്ത്രിയും പ്രധാനമന്ത്രിയുടെ വിശ്വസ്തനുമാണ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ. ഇദ്ദേഹം വന്നതുമുതൽ പൗരാവകാശങ്ങളും സ്വാതന്ത്ര്യവും നിഷേധിക്കുന്ന നടപടികൾക്ക് തിടുക്കത്തിൽ തുടക്കമിടുകയായിരുന്നു. രാജ്യത്തെ ജനങ്ങൾക്ക് ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളാണ് ലക്ഷദ്വീപ് ജനതയ്‌ക്ക് നിഷേധിച്ചിരിക്കുന്നത്. ജനങ്ങൾ എന്തു ഭക്ഷണം കഴിക്കണമെന്നുപോലും അഡ്മിനിസ്ട്രേറ്റർ തീരുമാനിക്കുന്ന സ്ഥിതി. പ്രധാന വകുപ്പിന്റെയെല്ലാം ചുമതല ഏറ്റെടുത്ത ഇദ്ദേഹം ജില്ലാ പഞ്ചായത്തിന്റെ അധികാരം വെട്ടിക്കുറച്ചു. സർക്കാർ സർവീസിലെ തദ്ദേശീയരായ എല്ലാ താൽക്കാലിക ജീവനക്കാരെയും പിരിച്ചുവിട്ടു, ടൂറിസം വകുപ്പിൽ മാത്രം 190 ജീവനക്കാരെ കാരണമൊന്നുമില്ലാതെ പിരിച്ചുവിട്ടു. മദ്യോപയോഗം തീരെയില്ലാത്ത ദ്വീപിൽ ടൂറിസത്തിന്റെ പേരുപറഞ്ഞ് മദ്യശാലകൾ തുറന്നു. ഗോവധ നിരോധനം ഏർപ്പെടുത്തി, സ്കൂൾ വിദ്യാർഥികളുടെ ഉച്ചഭക്ഷണ മെനുവിൽനിന്ന് മാംസം ഒഴിവാക്കി, കുറ്റകൃത്യങ്ങൾ ഏറ്റവും കുറവുള്ള ദ്വീപിൽ ഗുണ്ടാനിയമം നടപ്പാക്കി. ആരെയും പിടിച്ച് തടങ്കലിലാക്കാനാണിത്. രണ്ടു മക്കളിൽ കൂടുതലുള്ളവർ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും വിലക്കി. അഭിപ്രായങ്ങളും പ്രതിഷേധവും വിമർശവുമെല്ലാം തടയാൻ വാർത്താ പോർട്ടലുകൾ വിലക്കി. ഇങ്ങനെ എല്ലാ തരത്തിലും പൗരസ്വാതന്ത്ര്യം തടയുന്നതും ദ്വീപിന്റെ സംസ്കാരത്തെയും വിശ്വാസങ്ങളെയും അട്ടിമറിക്കുന്നതുമാണ് അഞ്ചു മാസത്തിനിടെ അഡ്മിനിസ്ട്രേറ്റർ നടപ്പാക്കിയ പരിപാടികൾ. ദ്വീപിന്റെ പാരിസ്ഥിതിക, സാമൂഹ്യ ചുറ്റുപാടുകൾ അപ്പാടെ തകർക്കുന്ന നീക്കങ്ങൾ. കോർപറേറ്റ്–റിയൽ എസ്റ്റേറ്റ് ലോബികളുടെ താൽപ്പര്യം സംരക്ഷിക്കാൻ വികസന അതോറിറ്റിയും രൂപീകരിച്ചു.
ലക്ഷദ്വീപിന് കേരളവുമായുള്ള ദൃഢമായ ബന്ധം തകർക്കാനും ശ്രമമുണ്ടെന്നത് പ്രത്യേകം കാണേണ്ടതുണ്ട്. തൊഴിൽ, ചികിത്സ, വിദ്യാഭ്യാസം എന്നിവയ്‌ക്കെല്ലാം ദ്വീപ് നിവാസികൾ കേരളത്തെയാണ് ആശ്രയിക്കുന്നത്. അത് തടയാനാണ് നീക്കം. ബേപ്പൂർ തുറമുഖവുമായുള്ള ബന്ധം വിച്ഛേദിക്കുന്നതും ചരക്കുനീക്കം കർണാടകത്തിലെ മംഗളൂരു തുറമുഖം വഴിയാകണമെന്ന് നിർബന്ധിക്കുന്നതും ഇതിന്റെ ഭാഗമായി കാണണം.
കേന്ദ്ര സർക്കാരിന്റെയും അഡ്മിനിസ്ട്രേറ്ററുടെയും നടപടികൾക്കെതിരെ രാജ്യവ്യാപകമായും കേരളത്തിലും ദ്വീപിലും പ്രത്യേകിച്ചും പ്രതിഷേധങ്ങൾ ഉയർന്നിട്ടുണ്ടെന്നത് പ്രതീക്ഷയ്‌ക്ക് വകനൽകുന്നു. സിപിഐ എം അടക്കുള്ള രാഷ്ട്രീയ പാർടികളും സിനിമയടക്കുള്ള സാംസ്കാരിക മേഖലയുമെല്ലാം ശക്തമായ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന ആവശ്യവും ശക്തമാണ്. ലക്ഷദ്വീപിൽ എന്താണ് സംഭവിക്കുന്നതെന്ന് ഹൈക്കോടതിയും ചൊവ്വാഴ്ച ഉൽക്കണ്ഠ പ്രകടിപ്പിക്കുകയുണ്ടായി. ഭരണഘടനയും ജനാധിപത്യവും പൗരാവകാശങ്ങളും മിന്നലാക്രമണം നേരിടുമ്പോൾ വിട്ടുവീഴ്ചയില്ലാത്ത ചെറുത്തുനിൽപ്പ് ഒന്നുമാത്രമാണ് പോംവഴി. നമ്മുടെ സംസ്കാരത്തിന്റെ സമ്പന്നമായ വൈവിധ്യത്തിൽ അഭിമാനിക്കുന്ന ഏതൊരു ഇന്ത്യക്കാരന്റെയും മനസ്സിൽ ആശങ്കയും ഉൽക്കണ്ഠയും ഉണ്ടാക്കുന്ന സംഭവങ്ങളാണ് ലക്ഷദ്വീപിൽ നടക്കുന്നത്. ഇവിടെ നാം ചെറുത്തുനിന്നേ പറ്റൂ.
deshabhimani editorial 260521
No comments:
Post a Comment