Tuesday, September 28, 2010

ക്രിസ്ത്യന്‍ മാനേജ്മെന്റ് ഫെഡറേഷന്‍ പ്രവേശനം സുതാര്യമല്ല

ഇന്റര്‍ ചര്‍ച്ച് കൌസിലിന്റെ ആഭിമുഖ്യത്തിലുള്ള കേരള ക്രിസ്ത്യന്‍ പ്രൊഫഷണല്‍ മാനേജ്മെന്റ് ഫെഡറേഷന്‍ നാല് സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്കായി നടത്തിയ പ്രവേശനരീതി സുതാര്യമല്ലെന്ന് പ്രവേശനപരീക്ഷാ മേല്‍നോട്ടസമിതിയായ ജസ്റ്റിസ് പി എ മുഹമ്മദ് കമ്മിറ്റി നിയോഗിച്ച ഉപസമിതി കണ്ടെത്തി. ഈ കോളേജുകളില്‍ നടത്തിയ പ്രവേശനം കമ്മിറ്റിയുടെ അന്തിമ റിപ്പോര്‍ട്ടിനു വിധേയമായിരിക്കുമെന്ന് കമ്മിറ്റി വ്യക്തമാക്കി. ഈ കോളേജുകള്‍ക്കെതിരെ നടപടി സ്വീകരിക്കാനും കമ്മറ്റി തീരുമാനിച്ചു.

തൃശൂരിലെ അമല, ജൂബിലി മിഷന്‍, തിരുവല്ല പുഷ്പഗിരി, കോലഞ്ചേരി മെഡിക്കല്‍മിഷന്‍ എന്നീ കോളേജുകളിലെ പ്രവേശനമാണ് സുതാര്യമല്ലെന്നു കണ്ടെത്തിയത്. നാലു കാരണങ്ങളാണ് പ്രവേശനത്തിലെ സുതാര്യതയെ ചോദ്യംചെയ്ത് ഉപസമിതി ചൂണ്ടിക്കാണിച്ചത്. കാരണം പറയാതെ അപേക്ഷ നിരസിക്കാനുള്ള അവകാശം മാനേജ്മെന്റുകള്‍ കൈവശംവച്ചു, യോഗ്യതാ മാര്‍ക്ക് സംബന്ധിച്ച് ചട്ടങ്ങള്‍ക്കു വിരുദ്ധമായ വ്യവസ്ഥ പ്രോസ്പെക്ടസില്‍ ഉള്‍പ്പെടുത്തി, 1997ലെ ഗ്രാജ്വേറ്റ് മെഡിക്കല്‍ എഡ്യൂക്കേഷന്‍, മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ എന്നിവയുടെ നിബന്ധനകള്‍ ലംഘിച്ചു, എസ്.സി, എസ്.ടി കുട്ടികള്‍ പ്രവേശനസമയത്ത് മുഴുവന്‍ ഫീസും കൊടുക്കണമെന്നും സര്‍ക്കാര്‍ തിരിച്ചുനല്‍കുകയാണെങ്കില്‍ പണം തിരികെ നല്‍കാമെന്നുമുള്ള വ്യവസ്ഥവച്ചു എന്നിവയാണവ. ഇതില്‍ അവസാനത്തെ വ്യവസ്ഥയ്ക്ക് സര്‍ക്കാര്‍ ഉത്തരവിന്റെ പിന്‍ബലവും ഇല്ലായിരുന്നു.

പ്രവേശനരീതി സുതാര്യമല്ലെന്ന് നേരത്തെ മുഹമ്മദ് കമ്മിറ്റി കണ്ടെത്തിയതിനെത്തുടര്‍ന്നാണ്സെപ്തംബര്‍ 15ന് വിശദപഠനത്തിനായി ഉപസമിതിയെ നിശ്ചയിച്ചത്. സമിതി വിശദാന്വേഷണം നടത്തി 21ന് റിപ്പോര്‍ട്ട് നല്‍കി. 22ന് ചേര്‍ന്ന കമ്മറ്റി ഇത്പരിഗണിക്കുകയും തുടര്‍ന്ന് ഉത്തരവ് പുറപ്പെടുവിക്കുകയുമായിരുന്നു. കോളേജുകള്‍ നടത്തിയ പ്രവേശനം താല്‍ക്കാലികവും കമ്മിറ്റിയുടെ അന്തിമ തീരുമാനത്തിനു വിധേയമായിരിക്കുമെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടി. കമ്മിറ്റിയുടെ കണ്ടെത്തലിന്മേല്‍ 10 ദിവസത്തിനകം മറുപടി നല്‍കാന്‍ ഫെഡറേഷനോടും കോളേജുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ബി എസ് മാവോജി, ഡോ. എസ് അനിരുദ്ധന്‍ എന്നിവരായിരുന്നു ഉപസമിതി അംഗങ്ങള്‍. സര്‍ക്കാരുമായി കരാര്‍ ഒപ്പിടാത്തതിന്റെ പേരില്‍ മാനേജ്മെന്റിന്റെ പ്രതിച്ഛായ തകര്‍ക്കുന്നതിന് മുഹമ്മദ് കമ്മിറ്റി നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കമെന്ന് ഫെഡറേഷന്‍ പ്രസിഡന്റ് ജോര്‍ജ് പോള്‍ കുറ്റപ്പെടുത്തി.

ദേശാഭിമാനി 28092010

5 comments:

  1. ഇന്റര്‍ ചര്‍ച്ച് കൌസിലിന്റെ ആഭിമുഖ്യത്തിലുള്ള കേരള ക്രിസ്ത്യന്‍ പ്രൊഫഷണല്‍ മാനേജ്മെന്റ് ഫെഡറേഷന്‍ നാല് സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്കായി നടത്തിയ പ്രവേശനരീതി സുതാര്യമല്ലെന്ന് പ്രവേശനപരീക്ഷാ മേല്‍നോട്ടസമിതിയായ ജസ്റ്റിസ് പി എ മുഹമ്മദ് കമ്മിറ്റി നിയോഗിച്ച ഉപസമിതി കണ്ടെത്തി. ഈ കോളേജുകളില്‍ നടത്തിയ പ്രവേശനം കമ്മിറ്റിയുടെ അന്തിമ റിപ്പോര്‍ട്ടിനു വിധേയമായിരിക്കുമെന്ന് കമ്മിറ്റി വ്യക്തമാക്കി. ഈ കോളേജുകള്‍ക്കെതിരെ നടപടി സ്വീകരിക്കാനും കമ്മറ്റി തീരുമാനിച്ചു

    ReplyDelete
  2. അഴിമതിക്ക്‌ കുടപിടിക്കുന്ന സംവിധാനമാണ്‌ ജസ്റ്റീസ്‌ മുഹമ്മദ്‌ കമ്മിറ്റി എന്ന ധാരണ വ്യാപകമാകുന്നതുകൊണ്ട്‌ ഈ പ്രതിഛായ മറയ്ക്കാൻ എല്ലാവരും അഴിമതിക്കാർ എന്ന പുകമറ സൃഷ്ടിക്കാനാണ്‌ സുതാര്യമായി മാത്രം പ്രവർത്തിക്കുന്ന ക്രൈസ്തവ മെഡിക്കൽ കോളജുകൾക്കെതിരേ ആരോപണമുന്നയിക്കുന്നതിലൂടെ കമ്മീഷൻ ശ്രമിക്കുന്നതെന്ന്‌ ഇന്റർ ചർച്ച്‌ കൗൺസിൽ ഫോർ എഡ്യൂക്കേഷൻ. കമ്മീഷന്റെ വിശ്വാസ്യതയെ തകർക്കാൻ മാത്രമെ ഈ നീക്കം ഉപകരിക്കൂവെന്നും ഇന്റർ ചർച്ച്‌ കൗൺസിൽ വക്താവ്‌ റവ. ഡോ. ഫിലപ്പ്‌ നെൽപ്പുരപ്പറമ്പിൽ ചൂണ്ടിക്കാട്ടി.

    വിശദീകരണം തേടുകയോ വിശദാംശങ്ങൾ അന്വേഷിക്കുകയോ ചെയ്യാതെ മാധ്യമങ്ങളിൽ ക്രൈസ്തവ സ്ഥാപനങ്ങളെക്കുറിച്ച്‌ തെറ്റിദ്ധാരണ പരത്തുന്ന വാർത്ത എത്തിക്കാനാണ്‌ കമ്മീഷൻ ശ്രമിച്ചത്‌. മാധ്യമങ്ങളിൽ വാർത്ത വന്നതിനുശേഷം മാത്രമാണ്‌ ഇതു സംബന്ധിച്ച്‌ കമ്മീഷന്റെ കത്ത്‌ ഓഫീസിൽ ലഭിച്ചത്‌. ഇത്‌ കമ്മീഷന്റെ ഗൂഢലക്ഷ്യങ്ങൾ വ്യക്തമാക്കുന്നതായും ഇന്റർ ചർച്ച്‌ കൗൺസിൽ ചൂണ്ടിക്കാട്ടി.

    പ്രോസ്പെക്ടസിനെ ആധാരമാക്കിയാണ്‌ ഇങ്ങനെയൊരു ദുരാരോപണം കമ്മീഷൻ വയ്ക്കുന്നതെന്നു പറയുന്നു. കഴിഞ്ഞ മൂന്നു വർഷങ്ങളിലും കമ്മീഷൻ തന്നെ അംഗീകരിച്ചതാണ്‌ ഈ പ്രോസ്പെക്ടസിലെ നിബന്ധനകൾ. അതിനെതിരേ ഇപ്പോൾ രംഗത്തുവരുമ്പോൾ ഒന്നുകിൽ കമ്മീഷൻ കെടുകാര്യസ്ഥതയുടെ കൂടാണെന്നും അല്ലെങ്കിൽ കമ്മീഷൻ ദുഷ്ടലാക്കോടെയാണ്‌ പ്രവർത്തിക്കുന്നതെന്നും പറയേണ്ടി വരും.

    പ്രവേശനത്തിൽ അനുവർത്തിക്കേണ്ട മാനദണ്ഡങ്ങളെക്കുറിച്ചുള്ള കോടതി വിധികളെ സംബന്ധിച്ച അജ്ഞതയും ഈ നിലപാടിൽ കാണാൻ കഴിയും. ഹൈക്കോടതി അംഗീകരിച്ച്‌ ബോധ്യപ്പെട്ടതാണ്‌ ഇപ്പോൾ ക്രൈസ്്തവ കോളജുകൾ അനുവർത്തിക്കുന്ന നിലപാട്‌. അതുകൊണ്ടുതന്നെ കമ്മീഷന്റെ നിലപാട്‌ തികച്ചും പ്രതിഷേധാർഹമാണെന്നും റവ. ഡോ. ഫിലിപ്പ്‌ നെൽപ്പുരപ്പറമ്പിൽ പറഞ്ഞു.

    ReplyDelete
  3. നമ്മളെ സര്‍ക്കാരു വിമര്‍ശിക്കാന്‍ പാടില്ല, കോടതി വിമര്‍ശിക്കാന്‍ പാടില്ല, ഭരണഘടനാസ്ഥാപനങ്ങള്‍ വിമര്‍ശിക്കാന്‍ പാടില്ല. നമ്മളൊരു സമാന്തരസര്‍ക്കാരാണല്ലോ.

    ReplyDelete
  4. സ്വയം അംഗീകരിച്ച പ്രവേശനത്തെ മുഹമ്മദ് കമ്മിറ്റി തള്ളിപ്പറയുന്നു

    തിരുവനന്തപുരം: ഒരിക്കല്‍ സ്വയം അംഗീകരിച്ച സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനത്തെ മുഹമ്മദ് കമ്മിറ്റി ഇപ്പോള്‍ തള്ളിപ്പറയുന്നത് രാഷ്ട്രീയലക്ഷ്യത്തോടെയാണെന്ന് വ്യക്തമാകുന്നു. നാല് ക്രിസ്ത്യന്‍ മെഡിക്കല്‍കോളേജുകളിലേക്ക് നടത്തിയ പ്രവേശനരീതിക്കും റാങ്ക്‌ലിസ്റ്റിനും കമ്മിറ്റി അംഗീകാരം നല്‍കിയിരുന്നതായി മാനേജ്‌മെന്റ് അസോസിയേഷന്‍ ആണയിട്ട് പറയുന്നു. എല്ലാ നടപടികളും അംഗീകരിച്ചശേഷം ക്ലാസ് തുടങ്ങി ഒന്നരമാസം കഴിഞ്ഞപ്പോള്‍ അതെല്ലാം തള്ളിപ്പറയുന്നതിനെയാണ് മാനേജ്‌മെന്റ് ചോദ്യം ചെയ്യുന്നത്.

    കമ്മിറ്റി ആവശ്യപ്പെട്ടതിനാല്‍ മറുപടിയും രേഖകളും നല്‍കും. എന്നാല്‍ കമ്മിറ്റിയുടെ നടപടിയെ കോടതിയില്‍ ചോദ്യം ചെയ്യും -മാനേജ്‌മെന്റ് ഫെഡറേഷന്‍ പ്രസിഡന്റ് ജോര്‍ജ്‌പോള്‍ 'മാതൃഭൂമി'യോട് പറഞ്ഞു. എന്‍ട്രന്‍സ് കമ്മീഷണര്‍ നടത്തിയ പ്രവേശനപ്പരീക്ഷയിലും യോഗ്യതാപരീക്ഷയായ പ്ലസ്ടുവിനും 50 ശതമാനം വീതം മാര്‍ക്കില്ലാത്ത ഒരു വിദ്യാര്‍ഥിയെപ്പോലും തങ്ങളുടെ മെഡിക്കല്‍കോളേജുകളില്‍ പ്രവേശിപ്പിച്ചിട്ടില്ല. എന്‍ട്രന്‍സ്​പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് കിട്ടിയവരുടെ പട്ടിക എന്‍ട്രന്‍സ് കമ്മീഷണറുടെ കൈവശമുണ്ട്. തങ്ങളോട് വിശദീകരണം ചോദിക്കാതെ തന്നെ നിശ്ചിതമാര്‍ക്കില്‍ കുറഞ്ഞ ആരെയെങ്കിലും പ്രവേശിപ്പിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാവുന്നതേയുള്ളൂ. 9000 പേര്‍ ഇക്കുറി എന്‍ട്രന്‍സില്‍ യോഗ്യത നേടിയിരിക്കെ തങ്ങളുടെ കോളേജിലേക്ക് 340 കുട്ടികളെ ലഭിക്കുക ബുദ്ധിമുട്ടുള്ള കാര്യമല്ല-മാനേജ്‌മെന്റിന്റെ വിശദീകരണം ഇങ്ങനെ പോകുന്നു.

    പ്രവേശന നടപടികള്‍ അംഗീകരിച്ച മുഹമ്മദ് കമ്മിറ്റിയിലുള്ള രണ്ടംഗങ്ങള്‍ തന്നെ സബ്കമ്മിറ്റിയായി ത്തിരിഞ്ഞ് എല്ലാം ക്രമവിരുദ്ധമാണെന്ന് പറയുന്നതിലും വൈരുധ്യമുണ്ട്. ക്രമക്കേടുണ്ടെങ്കില്‍ പ്രവേശന നടപടി അംഗീകാരത്തിനായി ചെന്നപ്പോള്‍ കമ്മിറ്റി എന്തെടുക്കുകയായിരുന്നുവെന്ന ചോദ്യവും ബാക്കിനില്‍ക്കുന്നു. ഈ ചോദ്യങ്ങളാണ് മാനേജ്‌മെന്റ് അസോസിയേഷന്‍ കോടതിക്കുമുമ്പില്‍ ഹര്‍ജിയുടെ രൂപത്തില്‍ എത്തിക്കുക.

    പ്രവേശനപ്പരീക്ഷയുടെയും പ്ലസ്ടുവിന്റെയും മാര്‍ക്ക് ഒന്നിച്ചുചേര്‍ത്ത് ഇന്‍ഡക്‌സ് മാര്‍ക്ക് തയ്യാറാക്കുന്നതിന് 2009 ലെ വിധിയില്‍ ജസ്റ്റിസ് ഗിരി അംഗീകാരം നല്‍കിയിട്ടുണ്ട്. മുഹമ്മദ്കമ്മിറ്റിയും മൂന്നുവര്‍ഷമായി ഇതംഗീകരിച്ച് പോരുന്നു. പ്രൊഫഷണല്‍ കോഴ്‌സ് പ്രവേശനത്തിന് സര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന ഓര്‍ഡിനന്‍സിലെ പ്രധാന നിര്‍ദേശവും ഇങ്ങനെ തയ്യാറാക്കുന്ന ഇന്‍ഡക്‌സ്മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്തണമെന്നാണ്. സാഹചര്യമിതായിരിക്കെ പ്രവേശനസമ്പ്രദായത്തിന്റെ അടിസ്ഥാനത്തില്‍ മാനേജ്‌മെന്റുകളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയെന്നതും പ്രയാസകരമായിരിക്കും.

    http://www.mathrubhumi.com/online/malayalam/news/story/542713/2010-09-29/kerala

    ReplyDelete
  5. വിമര്‍ശിച്ചോ വേണ്ടാന്ന് ആര് പറയുന്നു. വിമര്‍ശി ക്കുമ്പോള്‍ അതിനുള്ള മറുപടിയും കൂടി കേള്‍ക്കണം.

    ഇവിടെ കോടതി അലക്ഷ്യം കാട്ടിയതും, ജഡ്ജിയെ സുംബന്‍ എന്നും കൊഞ്ഞാണന്‍ എന്നും ഒക്കെ വിളിച്ചതും ഏതെങ്കിലും ബിഷപ്പുമാരാണോ ?

    ReplyDelete