Wednesday, September 15, 2010

മതതീവ്രവാദത്തിനെതിരെ മതനിരപേക്ഷതയ്ക്കൊപ്പം

മതത്തെ വില്‍പ്പനച്ചരക്കാക്കുന്നവര്‍ മതമൌലികവാദം വളര്‍ത്തുന്നു: ഡോ. കെ എന്‍ പണിക്കര്‍

മതത്തെ വില്‍പ്പനച്ചരക്കാക്കുന്നവരുടെ പ്രതിനിധികളാണ് മതമൌലികവാദം വളര്‍ത്തുന്നതെന്ന് ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ. കെ എന്‍ പണിക്കര്‍ പറഞ്ഞു. 'മതതീവ്രവാദത്തിനെതിരെ മതനിരപേക്ഷതയ്ക്കൊപ്പം' എന്ന സന്ദേശമുയര്‍ത്തി പുരോഗമന കലാസാഹിത്യസംഘം സംഘടിപ്പിച്ച സാംസ്കാരിക കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മതമൌലികവാദം അടിസ്ഥാനപരമായി ആക്രമണാത്മകമാണ്. ഭീകരത ഉടലെടുക്കുന്നത് ഇങ്ങനെയാണ്. ഇതുമൂലമാണ് ഒരു മനുഷ്യന് മറ്റൊരു മനുഷ്യന്റെ കൈവെട്ടാന്‍ അവസരം ഒരുങ്ങുന്നത്. ഇത്തരം അവസരങ്ങളില്‍ സാംസ്കാരികമണ്ഡലവും മാധ്യമങ്ങളും നിശ്ശബ്ദമായിരിക്കുന്നത് കുറ്റകരമാണ്. അനീതികളെ ചോദ്യംചെയ്തില്ലെങ്കില്‍ സമൂഹത്തില്‍ പുരോഗതി ഉണ്ടാവില്ല.

മതമൌലികവാദത്തിന്റെയും വലതുപക്ഷ ആശയങ്ങളുടെയും സ്വാധീനം കേരളത്തില്‍ വളര്‍ന്നുവരുന്നു. ഇത് തടയാന്‍ കൂട്ടായ്മകള്‍ നിരന്തരമായി ഉണ്ടാകണം. കേരളത്തില്‍ ഇന്ന് സംഭവിക്കുന്ന അനാവശ്യമായ ആശയപ്രചാരണങ്ങള്‍ തടയാന്‍ ഇത്തരം കൂട്ടായ്മകളുടെ മതിലുകള്‍ സൃഷ്ടിക്കണമെന്ന് ഡോ. കെ എന്‍ പണിക്കര്‍ പറഞ്ഞു.

നവോത്ഥാന കാലഘട്ടത്തില്‍ ആശയസംവാദത്തിന് ഉണ്ടായിരുന്ന അവസരംപോലും ഇപ്പോള്‍ ഇല്ലെന്ന് ചടങ്ങില്‍ സംസാരിച്ച കെ ഇ എന്‍ പറഞ്ഞു. വലതുപക്ഷ ആശയപ്രചാരണങ്ങള്‍ ജനാധിപത്യത്തെയും മതനിരപേക്ഷതയെയും വെല്ലുവിളിച്ചുകൊണ്ടിരിക്കുന്നു. ചോദ്യപേപ്പര്‍ തെറ്റാണെങ്കില്‍ അതിന് പ്രതിവിധിയായി കൈമുറിക്കല്‍ എങ്ങനെ ശരിയാകുമെന്നും കെ ഇ എന്‍ ചോദിച്ചു.

പുരോഗമന കലാസാഹിത്യ സംഘം ജില്ലാ വൈസ് പ്രസിഡന്റ് പ്രൊഫ. ആര്‍ രമേശന്‍നായര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പ്രൊഫ. വി എന്‍ മുരളി, കെ ഇ എന്‍, പ്രൊഫ. കെ എന്‍ ഗംഗാധരന്‍, വിതുര ശിവനാഥ് എന്നിവര്‍ സംസാരിച്ചു. കാവ്യപഥം അവാര്‍ഡ് നേടിയ ശശി മാവിന്‍മൂട്, ജോസഫ് മുണ്ടശേരി അവാര്‍ഡ് നേടിയ വിനോദ് വൈശാഖി എന്നിവരെ ചടങ്ങില്‍ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. ഡി വിനയചന്ദ്രന്‍, മുരുകന്‍ കാട്ടാക്കട, ശശി മാവിന്‍മൂട് എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.

deshabhimani 14092010

1 comment:

  1. മതത്തെ വില്‍പ്പനച്ചരക്കാക്കുന്നവരുടെ പ്രതിനിധികളാണ് മതമൌലികവാദം വളര്‍ത്തുന്നതെന്ന് ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ. കെ എന്‍ പണിക്കര്‍ പറഞ്ഞു. 'മതതീവ്രവാദത്തിനെതിരെ മതനിരപേക്ഷതയ്ക്കൊപ്പം' എന്ന സന്ദേശമുയര്‍ത്തി പുരോഗമന കലാസാഹിത്യസംഘം സംഘടിപ്പിച്ച സാംസ്കാരിക കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    മതമൌലികവാദം അടിസ്ഥാനപരമായി ആക്രമണാത്മകമാണ്. ഭീകരത ഉടലെടുക്കുന്നത് ഇങ്ങനെയാണ്. ഇതുമൂലമാണ് ഒരു മനുഷ്യന് മറ്റൊരു മനുഷ്യന്റെ കൈവെട്ടാന്‍ അവസരം ഒരുങ്ങുന്നത്. ഇത്തരം അവസരങ്ങളില്‍ സാംസ്കാരികമണ്ഡലവും മാധ്യമങ്ങളും നിശ്ശബ്ദമായിരിക്കുന്നത് കുറ്റകരമാണ്. അനീതികളെ ചോദ്യംചെയ്തില്ലെങ്കില്‍ സമൂഹത്തില്‍ പുരോഗതി ഉണ്ടാവില്ല.

    ReplyDelete