Tuesday, September 28, 2010

ഇസ്രയേലിനെ ബഹിഷ്കരിക്കുക

പലസ്തീന്‍ജനതയോട് നിര്‍ദയം പെരുമാറുന്ന ഇസ്രയേലിലെ വംശവെറിയന്‍ ഭരണകൂടം ലോകമനഃസാക്ഷിക്ക് മുന്നില്‍ പ്രതിക്കൂട്ടിലാണ്. പലസ്തീന്‍കാരുടെ പ്രാഥമിക മനുഷ്യാവകാശങ്ങള്‍ അംഗീകരിക്കാന്‍പോലും ഇസ്രയേല്‍ തയ്യാറാകുന്നില്ല. ഉപരോധം നേരിടുന്ന ഗാസയിലേക്ക് ദുരിതാശ്വാസവസ്തുക്കളുമായി വന്ന കപ്പല്‍വ്യൂഹത്തെ ഇസ്രയേല്‍കമാന്‍ഡോകള്‍ പൈശാചികമായ രീതിയില്‍ ആക്രമിച്ചത് രാജ്യാന്തരസമൂഹത്തെ നടുക്കി. ഇതേത്തുടര്‍ന്ന് തുര്‍ക്കിപോലുള്ള രാജ്യങ്ങള്‍പോലും ഇസ്രയേല്‍ സര്‍ക്കാരുമായുള്ള നയതന്ത്രബന്ധം ഉപേക്ഷിച്ചു. എന്നാല്‍, കേന്ദ്രത്തിലെ യുപിഎ സര്‍ക്കാര്‍ രാജ്യത്തിന്റെ പരമ്പരാഗത വിദേശനയത്തില്‍നിന്ന് വ്യതിചലിച്ച് ഇസ്രയേലുമായി ബന്ധം ശക്തമാക്കാന്‍ വെമ്പല്‍ കൊള്ളുകയാണ്. ഗാസ ആക്രമണത്തെ അപലപിച്ച് വിദേശമന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ ഇസ്രയേലിന്റെ പേരെടുത്തു പറഞ്ഞ് വിമര്‍ശിക്കാന്‍പോലും തയ്യാറായില്ല.

പലസ്തീന്‍മണ്ണിലെ അധിനിവേശമേഖലകളില്‍ ഇസ്രയേല്‍ നടത്തിവരുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാതെ സമാധാനചര്‍ച്ചകള്‍ ഫലപ്രദമാകില്ല. കൈയേറ്റത്തിനെതിരായി പ്രതിഷേധിക്കുന്ന പലസ്തീന്‍യുവാക്കളെ സങ്കീര്‍ണമായ ആയുധങ്ങള്‍ ഉപയോഗിച്ചാണ് ഇസ്രയേല്‍സേന വകവരുത്തുന്നത്. ഇത്തരത്തില്‍ ഗാസയില്‍ ഇസ്രയേല്‍ പരീക്ഷിച്ച ആയുധങ്ങളാണ് ഇന്ത്യ വാങ്ങിക്കൂട്ടുന്നത്. ഇസ്രയേലില്‍നിന്ന് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആയുധം വാങ്ങുന്ന രാജ്യം ഇന്ത്യയാണ്. കഴിഞ്ഞദിവസം ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യസമ്മേളനത്തില്‍, സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഇസ്രയേലുമായി പ്രതിരോധ-സുരക്ഷ സഹകരണം ശക്തമാക്കുന്ന കേന്ദ്രസര്‍ക്കാരിനെ നിശിതമായി വിമര്‍ശിക്കുകയുണ്ടായി. കശ്മീര്‍സ്ഥിതി കൈകാര്യംചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ഇസ്രയേലിന്റെ ഉപദേശം തേടുന്നുവെന്ന ധാരണ കശ്മീരിലെ സാധാരണജനങ്ങള്‍ക്കിടയില്‍ പ്രബലമാണ്. സ്വാതന്ത്ര്യസമരകാലം മുതലുള്ള ഇന്ത്യയുടെ രാഷ്ട്രീയ ചിന്താധാരയ്ക്ക് എതിരായ സംഭവഗതിയാണിതെന്ന് പ്രകാശ് കാരാട്ട് ചൂണ്ടിക്കാട്ടി. ഇസ്രയേലുമായുള്ള പ്രതിരോധഇടപാടുകളില്‍ ശതകോടി ഡോളറുകളുടെ അഴിമതിയാണ് നടക്കുന്നത്, നമ്മുടെ പ്രതിരോധസംവിധാനത്തിന്റെ കെട്ടുറപ്പിനെ ഇത് തകര്‍ക്കും. കോഴഇടപാടുകള്‍ നടത്തിയതിന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഇസ്രയേല്‍ ആയുധക്കമ്പനികള്‍ക്ക് ക്ളീന്‍ചിറ്റ് നല്‍കാനും നീക്കം സജീവമാണ്.

പലസ്തീന്‍ജനതയോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ ശബ്ദം ഇന്ത്യന്‍ പാര്‍ലമെന്റിനുള്ളില്‍ ദുര്‍ബലമായതാണ് ഇതെല്ലാം സംഭവിക്കാന്‍ കാരണം. പലസ്തീന്‍ ജനതയോട് ഇന്ത്യ സുസ്ഥിരമായ ഐക്യദാര്‍ഢ്യം ഔദ്യോഗികമായി പ്രകടിപ്പിക്കണമെന്നും ഇസ്രയേലുമായുള്ള സൈനികബന്ധം വിച്ഛേദിക്കണമെന്നും ആവശ്യപ്പെട്ട് പാര്‍ലമെന്റിനുള്ളില്‍ ഇടതുപക്ഷത്തോടൊപ്പം നിലയുറപ്പിക്കാന്‍ സമ്മേളനത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരോടും എന്‍സിപി ജനറല്‍ സെക്രട്ടറി ഡി പി ത്രിപാഠിയോടും കാരാട്ട് അഭ്യര്‍ഥിച്ചിരുന്നു. രാജ്യാന്തരതലത്തില്‍ ഇസ്രയേലിനെതിരെ ഉയര്‍ന്നുവന്നിരിക്കുന്ന ബഹിഷ്കരണ, ഉപരോധ പ്രസ്ഥാനത്തെ പിന്തുണയ്ക്കാന്‍ സമാനമായ പരിപാടി ഇന്ത്യയില്‍ ഇടതുപക്ഷം സംഘടിപ്പിക്കുകയാണ്. ഇന്ത്യന്‍തുറമുഖങ്ങളില്‍ ഇസ്രയേല്‍കപ്പലുകള്‍ ബഹിഷ്കരിക്കാനുള്ള കൂട്ടായ തീരുമാനമെടുക്കാന്‍ ട്രേഡ് യൂണിയനുകളോട് അഭ്യര്‍ഥിക്കുമെന്നും കാരാട്ട് പ്രഖ്യാപിക്കുകയുണ്ടായി.

ഇംഗ്ളണ്ട് ഇംഗ്ളീഷ്ജനതയുടെ മാതൃരാജ്യം എന്നതുപോലെ പലസ്തീന്‍ അറബ് പലസ്തീന്‍കാരുടെ ഭൂമിയാണെന്ന് മഹാത്മാഗാന്ധി പറഞ്ഞിട്ടുള്ളത് മണിശങ്കര്‍ അയ്യര്‍ ചൂണ്ടിക്കാട്ടി. 1947ല്‍ പലസ്തീന്‍വിഭജനത്തെ എതിര്‍ത്ത ഏക പ്രമുഖ മുസ്ളിംഇതര രാഷ്ട്രം ഇന്ത്യയാണ്. പലസ്തീന്‍പ്രശ്നത്തില്‍ നാം ദീര്‍ഘകാലമായി സ്വീകരിച്ചുവന്ന നിലപാടില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ വഴിമാറിനടക്കുകയാണെന്ന വസ്തുത അയ്യര്‍ ശരിവച്ചു. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ആരും പലസ്തീന്‍കാരെ പിന്തുണയ്ക്കണമെന്നാണ് ഡി പി ത്രിപാഠി വ്യക്തമാക്കിയത്. ഇപ്പോള്‍ നടക്കുന്ന സമാധാനചര്‍ച്ചകള്‍ ഇസ്രയേല്‍ അധിനിവേശത്തിന് സാധുത നല്‍കാന്‍വേണ്ടി മാത്രമാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ധന്‍ വിശദീകരിക്കുകയുണ്ടായി.

രാഷ്ട്രീയ-ചരിത്ര-സാമൂഹ്യശാസ്ത്ര മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ വിപുലമായ കൂട്ടായ്മയാണ് ന്യൂഡല്‍ഹി സമ്മേളനത്തില്‍ ദൃശ്യമായത്. ബംഗ്ളാദേശ് കമ്യൂണിസ്റ്റ് പാര്‍ടി അധ്യക്ഷന്‍ മന്‍സുറുള്‍ ഖാന്‍, ബംഗ്ളാദേശിലെ ട്രേഡ് യൂണിയന്‍ നേതാവ് റാഷെദ് മേനോന്‍, ജാതിയ സമാജ് ക്രാന്തിദള്‍ അധ്യക്ഷന്‍ മൊയ്നുദീന്‍ ഖാന്‍, പലസ്തീന്‍ നേതാക്കളായ ഡോ. മുസ്തഫ ബര്‍ഗൌട്ടി, ജമാല്‍ ജുമ, ജമാല്‍ സഹല്‍ക്ക, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക സീമ മുസ്തഫ, പ്രൊഫ. ഉപേന്ദ്ര ബക്ഷി, പ്രൊഫ. അചിന്‍ വനായക്, ഫോക്കസ് ഓ ഗ്ളോബല്‍ സൌത്ത് സ്ഥാപകന്‍ വാള്‍ഡന്‍ ബെല്ലോ, പ്രൊഫ. റിച്ചാര്‍ഡ് ഫോക്ക്, പ്രൊഫ. ഇലന്‍ പാപ്പ്, ഡോ. മൊര്‍ദക്കായി ബ്രീംബര്‍ഗ് തുടങ്ങിയവര്‍ സമ്മേളനത്തിന്റെ വിവിധ സെഷനുകളില്‍ സംസാരിച്ചു. ഗാസയിലേക്ക് വന്ന കപ്പല്‍വ്യൂഹത്തില്‍ ഉണ്ടായിരുന്ന തോമസ് സോമ്മര്‍ ഹൂഡെവില്ല അനുഭവങ്ങള്‍ പങ്കിട്ടു.
സ്വതന്ത്രപലസ്തീന്‍ രൂപീകരിക്കണമെന്ന ആവശ്യത്തിന് നിരുപാധിക പിന്തുണ നല്‍കണമെന്ന് ഇവരെല്ലാം ചൂണ്ടിക്കാട്ടി. പശ്ചിമേഷ്യന്‍ ഭൌമരാഷ്ട്രീയത്തില്‍ തങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് അമേരിക്ക ഇസ്രയേലിനെ സഹായിക്കുന്നത്. എന്നാല്‍, അമേരിക്കന്‍ജനതയ്ക്ക് ഇക്കാര്യത്തില്‍ ഏകാഭിപ്രായമാണെന്ന് കരുതുന്നത് ശരിയല്ലെന്ന് എക്സേസ്റര്‍ സര്‍വകലാശാലയിലെ ചരിത്രവിഭാഗം പ്രൊഫസറായ ഇലന്‍ പാപ്പ് വ്യക്തമാക്കുകയുണ്ടായി. അമേരിക്കന്‍ ജനതയില്‍ ഇസ്രയേലിന്റെ നടപടികള്‍ക്കെതിരെ അമര്‍ഷം വളര്‍ന്നുവരികയാണ്. ഈ വികാരം ശക്തമായി അമേരിക്കയുടെ ഔദ്യോഗികനയത്തെ തന്നെ സ്വാധീനിച്ചേക്കാമെന്ന് ഇസ്രയേല്‍ ഭയപ്പെടുന്നതായും ഇലന്‍ പാപ്പ് വ്യക്തമാക്കുകയുണ്ടായി. യൂറോപ്പിലും പലസ്തീന്‍ജനതയോട് അനുഭാവം ശക്തമായി വളര്‍ന്നുവന്നിട്ടുണ്ടെന്ന് ഡോ. മൊര്‍ദക്കായി ബ്രീംബര്‍ഗ് പറഞ്ഞു. ഇത്തരത്തില്‍ ലോകമൊട്ടാകെ പലസ്തീന്‍ഐക്യദാര്‍ഢ്യ പ്രസ്ഥാനം ഉയര്‍ന്നുവരികയാണ്.

നമ്മുടെ ഭരണനേതൃത്വം ഈ ചുവരെഴുത്ത് മനസ്സിലാക്കണം. യുഎന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം നേടാന്‍ ഇന്ത്യ ശ്രമിച്ചുവരികയാണ്. ലോകത്തിന് മുന്നില്‍ അന്തസ്സ് കളയുന്ന നയങ്ങള്‍ സ്വീകരിക്കുന്നത് രാജ്യത്തിന്റെ ദീര്‍ഘകാലതാല്‍പ്പര്യങ്ങള്‍ക്ക് ഹാനികരമാണ്. മാത്രമല്ല, ഇസ്രയേലുമായുള്ള സൈനികപങ്കാളിത്തം ഇന്ത്യയുടെ ആഭ്യന്തരസുരക്ഷയ്ക്കും ഭീഷണിയാണ്. കശ്മീരില്‍തന്നെ കേന്ദ്രസര്‍ക്കാരിനെതിരെ വികാരം ശക്തമാകാന്‍ ഇസ്രയേലുമായി വര്‍ധിച്ചുവരുന്ന സഹകരണം കാരണമായി. ഇതൊക്കെ തിരിച്ചറിയാനുള്ള വിവേകം യുപിഎ സര്‍ക്കാരിനുണ്ടാകണം. ഇതിനായി ഭരണനേതൃത്വത്തെ പ്രേരിപ്പിക്കാന്‍ ശക്തമായ ജനകീയപ്രസ്ഥാനം രാജ്യത്ത് ഉയര്‍ന്നുവരണം. ഇസ്രയേലിനെ ബഹിഷ്കരിക്കാന്‍ ഇടതുപക്ഷം നല്‍കിയ ആഹ്വാനം വിജയിപ്പിക്കാന്‍ എല്ലാ രാജ്യസ്നേഹികളും മുന്നിട്ടിറങ്ങണമെന്നാണ് കാലം ആവശ്യപ്പെടുന്നത്.

ദേശാഭിമാനി മുഖപ്രസംഗം 28092010

1 comment:

  1. പലസ്തീന്‍ജനതയോട് നിര്‍ദയം പെരുമാറുന്ന ഇസ്രയേലിലെ വംശവെറിയന്‍ ഭരണകൂടം ലോകമനഃസാക്ഷിക്ക് മുന്നില്‍ പ്രതിക്കൂട്ടിലാണ്. പലസ്തീന്‍കാരുടെ പ്രാഥമിക മനുഷ്യാവകാശങ്ങള്‍ അംഗീകരിക്കാന്‍പോലും ഇസ്രയേല്‍ തയ്യാറാകുന്നില്ല. ഉപരോധം നേരിടുന്ന ഗാസയിലേക്ക് ദുരിതാശ്വാസവസ്തുക്കളുമായി വന്ന കപ്പല്‍വ്യൂഹത്തെ ഇസ്രയേല്‍കമാന്‍ഡോകള്‍ പൈശാചികമായ രീതിയില്‍ ആക്രമിച്ചത് രാജ്യാന്തരസമൂഹത്തെ നടുക്കി. ഇതേത്തുടര്‍ന്ന് തുര്‍ക്കിപോലുള്ള രാജ്യങ്ങള്‍പോലും ഇസ്രയേല്‍ സര്‍ക്കാരുമായുള്ള നയതന്ത്രബന്ധം ഉപേക്ഷിച്ചു. എന്നാല്‍, കേന്ദ്രത്തിലെ യുപിഎ സര്‍ക്കാര്‍ രാജ്യത്തിന്റെ പരമ്പരാഗത വിദേശനയത്തില്‍നിന്ന് വ്യതിചലിച്ച് ഇസ്രയേലുമായി ബന്ധം ശക്തമാക്കാന്‍ വെമ്പല്‍ കൊള്ളുകയാണ്. ഗാസ ആക്രമണത്തെ അപലപിച്ച് വിദേശമന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ ഇസ്രയേലിന്റെ പേരെടുത്തു പറഞ്ഞ് വിമര്‍ശിക്കാന്‍പോലും തയ്യാറായില്ല.

    ReplyDelete