Thursday, September 30, 2010

ഈ യൂറോപ്യന്‍സിനു ഒരു കാലിലെ ചെരുപ്പുണ്ടാക്കി സമരിച്ചുകൂടേ?

യൂറോപ്പില്‍ പണിമുടക്ക്, ഹര്‍ത്താല്‍

ബ്രസല്‍സ്: സര്‍ക്കാരുകള്‍ ചെലവ് ചുരുക്കാന്‍ ശമ്പളവും തൊഴിലവസരങ്ങളും വെട്ടിക്കുറയ്ക്കുന്നതിനെതിരെ യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രതിഷേധ കൊടുങ്കാറ്റ്. യൂറോപ്പിലാകെ വ്യാഴാഴ്ച തൊഴിലാളികള്‍ ജനവിരുദ്ധ തീരുമാനത്തിനെതിരെ തെരുവിലിറങ്ങി. പലരാജ്യങ്ങളിലും തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലുകള്‍ പൂര്‍ണമായി. ഗ്രീസില്‍ ഡോക്ടര്‍മാരും റെയില്‍വേ ജീവനക്കാരും പണിമുടക്കി. സ്പെയിനില്‍ തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ ട്രെയിനുകളും ബസ് സര്‍വീസും തടഞ്ഞു. രാജ്യത്തിന്റെ പലഭാഗത്തും പ്രക്ഷോഭത്തെ പൊലീസ് നേരിട്ടു. വിവിധ സംഭവങ്ങളില്‍ 20 പ്രക്ഷോഭകര്‍ക്ക് പരിക്കേറ്റു. സ്പെയിനില്‍ എട്ടുവര്‍ഷത്തിനിടെ ആദ്യമായി നടന്ന 24 മണിക്കൂര്‍ ദേശീയ ഹര്‍ത്താലില്‍ രാജ്യം സ്തംഭിച്ചു. രോഷപ്രകടനത്തിന്റെ ഭാഗമായി ഒരാള്‍ ഐറിഷ് പാര്‍ലമെന്റിലേക്ക് സിമന്റ് ട്രക്ക് ഓടിച്ചുകയറ്റി. ബെല്‍ജിയത്തിലെ ബ്രസല്‍സില്‍ യൂറോപ്യന്‍ യൂണിയന്‍ ആസ്ഥാനത്തേക്ക് യൂറോപ്യന്‍ ട്രേഡ് യൂണിയന്‍ കോണ്‍ഫെഡറേഷന്റെ നേതൃത്വത്തില്‍ നടത്തിയ തൊഴിലാളി മാര്‍ച്ചില്‍ ലക്ഷത്തിലേറെ പങ്കെടുത്തു.

കടബാധ്യത പെരുകുന്ന അംഗരാജ്യങ്ങള്‍ക്കെതിരെ യൂറോപ്യന്‍ യൂണിയന്‍ കമീഷന്‍ നടപടി സീകരിക്കുന്നതിനിടയാണ് പ്രക്ഷോഭം ശക്തമായത്. സാമൂഹ്യ-തൊഴില്‍മേഖലകളില്‍ സര്‍ക്കാര്‍ മുതല്‍മുടക്ക് വെട്ടിക്കുറച്ച് കമ്മി കുറയ്ക്കാനാണ് കമീഷന്‍ നിര്‍ദേശം. ഇത് രാജ്യങ്ങളില്‍ തൊഴിലില്ലായ്മ രൂക്ഷമാക്കുമെന്ന്് പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുന്ന തൊഴിലാളി സംഘടനകളും രാഷ്ട്രീയപാര്‍ടികളും ചൂണ്ടിക്കാട്ടി. ജനങ്ങളെ ദ്രോഹിക്കുന്ന തീരുമാനങ്ങള്‍ സീകരിക്കാനുള്ള യൂറോപ്യന്‍ യൂണിയന്‍ കമീഷന്റെ തീരുമാനം അംഗരാജ്യങ്ങള്‍ക്കുള്ള ശിക്ഷയാകാമെന്ന് ബ്രസല്‍സില്‍ പ്രതിഷേധമാര്‍ച്ചിന് ചുക്കാന്‍ പിടിച്ച യൂറോപ്യന്‍ ട്രേഡ് യൂണിയന്‍ കോണ്‍ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ജോണ്‍ മോന്‍ക്സ് പറഞ്ഞു. സ്ഥിതി കൂടുതല്‍ വഷളാക്കുന്നതാണ് കമീഷന്‍ തീരുമാനമെന്നും അദ്ദേഹം ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ആഗോളസാമ്പത്തിക പരിഷ്കാരങ്ങളെ കണ്ണുമടച്ച് പിന്താങ്ങി സര്‍ക്കാരുകള്‍ വരുത്തിവച്ച വന്‍ ബാധ്യതകളുടെ ഭാരം മുഴുവന്‍ തൊഴിലാളികളുടെമേല്‍ അടിച്ചേല്‍പ്പിക്കാനാണ് നീക്കമെന്ന് തൊഴിലാളിയൂണിയനുകള്‍ തിരിച്ചറിഞ്ഞതോടെ തൊഴില്‍മേഖലയാകെ പ്രക്ഷോഭത്തിന്റെ പാതയിലേക്ക് നീങ്ങുകയായിരുന്നു. ബാങ്കുകളെയും വ്യാപാര മേഖലയെയും തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാന്‍ സേവന-തൊഴില്‍ മേഖലകളില്‍ വന്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പാക്കിയാല്‍ ജനജീവിതം പൊറുതിമുട്ടും. യൂറോപ്യന്‍ യൂണിയനിലെ പല രാജ്യങ്ങളും സാമ്പത്തിക തകര്‍ച്ചയുടെ വക്കിലാണ്. യൂണിയന്‍ കമീഷന്‍ ഇടപെട്ട് വന്‍തുക കടം നല്‍കിയാണ് പ്രതിസന്ധിയില്‍നിന്ന് താല്‍ക്കാലിക രക്ഷ നേടിയിട്ടുള്ളത്. തുടര്‍ന്നാണ് യൂണിയന്‍ കടഭാരം കുറയ്ക്കാന്‍ രാജ്യത്തെ ജീവനക്കാരുടെയും തൊഴിലാളികളുടെയും ശമ്പളമുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ മുഴുവന്‍ വെട്ടിക്കുറയ്ക്കാനും നികുതികളെല്ലാം വര്‍ധിപ്പിക്കാനും രാജ്യങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. പെന്‍ഷന്‍കാരുടെ ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കുകയാണ്.

ദേശാഭിമാനി 30092010

1 comment:

  1. ഈ യൂറോപ്യന്‍സെന്താ ഇങ്ങനെ?

    ReplyDelete