Wednesday, September 29, 2010

വനിതകള്‍ക്ക് പെരുമാറ്റ ചട്ടം: ലീഗ് വെട്ടില്‍

മലപ്പുറം: വനിതാ സ്ഥാനാര്‍ഥികള്‍ക്ക് പെരുമാറ്റ ചട്ടം പ്രഖ്യാപിച്ച മുസ്ളിംലീഗ് വെട്ടിലായി. ലീഗുമായി സഹകരിക്കുന്ന സ്ത്രീകള്‍ എങ്ങനെ വസ്ത്രം ധരിക്കണമെന്നും പെരുമാറണമെന്നും നേതൃത്വം തീരുമാനിച്ചതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷനില്‍ പരാതിയായെത്തി. ഇതോടെ കൂടുതല്‍ വിശദീകരണവുമായി ലീഗ് നേതൃത്വം രംഗത്തുവന്നെങ്കിലും ആശയക്കുഴപ്പം ഇരട്ടിച്ചു. കമീഷന്റെ പൊല്ലാപ്പ് ഭയന്ന നേതൃത്വം പെരുമാറ്റ ചട്ടമില്ലെന്ന് മാറ്റിപ്പറഞ്ഞെങ്കിലും മതനേതൃത്വത്തിന്റെ ആവശ്യം പൂര്‍ണമായി തളളിക്കളയാന്‍ തയാറുമല്ല.

കേരളത്തില്‍ ഒരു രാഷ്ട്രീയകക്ഷി സ്ത്രീകളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിന് 'ഫത്വവ' (മതവിധി) ഏര്‍പ്പെടുത്തുന്നത് ആദ്യമായാണ്. ചില സമുദായ സംഘടനകളുടെ ആവശ്യപ്രകാരം പെരുമാറ്റ ചട്ടം ഏര്‍പ്പെടുത്തുകയാണെന്നകാര്യം ജൂണ്‍ ആദ്യവാരത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചത്. പൊതുവേദിയില്‍ വരുന്ന സ്ത്രീകള്‍ വസ്ത്രധാരണത്തില്‍ കാര്യമായി ശ്രദ്ധിക്കണമെന്നായിരുന്നു പ്രധാന വ്യവസ്ഥ. പര്‍ദ അടക്കമുള്ള വസ്ത്രങ്ങളാണ് അഭികാമ്യം. സ്ത്രീകള്‍ എങ്ങനെ പെരുമാറണം, പൊതുവേദിയില്‍ എങ്ങനെ സംസാരിക്കണം, എന്തൊക്കെ ചെയ്യണം എന്നെല്ലാം എഴുതി തയ്യാറാക്കി താഴേ ഘടകങ്ങള്‍ക്ക് നല്‍കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.

ചൊവ്വാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അന്നത്തെ വാക്കുകളെല്ലാം കുഞ്ഞാലിക്കുട്ടി വിഴുങ്ങി. പെരുമാറ്റ ചട്ടം സംബന്ധിച്ച വിവാദം അനാവശ്യമാണെന്നും വനിതകള്‍ക്ക് പ്രത്യേക നിബന്ധനയില്ലെന്നും പറഞ്ഞു. എന്നാല്‍ ഓരോ പ്രദേശം, വിഭാഗം എന്നിവക്ക് അനുസരിച്ച് പരമ്പരാഗത വസ്ത്രധാരണരീതികളും വിശ്വാസങ്ങളും ഉണ്ടെന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. സമരത്തിനും പൊതുപ്രവര്‍ത്തനത്തിനും സിപിഐ എം ശൈലിയല്ല പിന്തുടരുന്നതെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.

അതേസമയം പ്രസ്ക്ളബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത വനിതാലീഗ് പ്രസിഡന്റ്് ഖമറുന്നീസ അന്‍വര്‍ പറഞ്ഞത് സ്ത്രീകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ മാര്‍ഗരേഖയുണ്ടെന്നാണ്. ആരെയും വേലികെട്ടി തടയുന്നില്ലെന്ന് പറഞ്ഞപ്പോള്‍തന്നെ, വൈകിട്ട് ആറിന് സ്ത്രീകള്‍ വീട്ടില്‍ കയറണമെന്നും അവര്‍ പറഞ്ഞു. കൂടുതല്‍ ചോദ്യങ്ങള്‍ക്ക് 'ഞങ്ങള് സഹിച്ചോളാം' എന്നായിരുന്നു മറുപടി.

മുസ്ളിംലീഗ് സ്ഥാനാര്‍ഥികളായി മത്സരിക്കുന്ന സ്ത്രീകള്‍ മതപരമായ ചിട്ടകള്‍ പാലിക്കണമെന്ന് സംസ്ഥാന സെക്രട്ടറി കെഎന്‍എ ഖാദര്‍ പ്രസ്ക്ളബ്ബിന്റെ മുഖാമുഖത്തില്‍ പങ്കെടുത്ത് കഴിഞ്ഞദിവസം പറഞ്ഞതാണ് വിവാദം വീണ്ടും സജീവമാക്കിയത്. ഇതേ തുടര്‍ന്ന് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി. ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി കെ അബ്ദുറബ്ബ് എംഎല്‍എ കെഎന്‍എ ഖാദറിനെ തിരുത്തി രംഗത്തുവന്നു. തെരഞ്ഞെടുപ്പുകാലത്ത് ഇത്തരം കാര്യങ്ങള്‍ പരസ്യമായി പറയരുതെന്ന് കാദറിന് നേതൃത്വത്തിന്റെ താക്കീതും കിട്ടി. ഇതിനെല്ലാം മറുപടിയെന്നോണം കുഞ്ഞാലിക്കുട്ടിയും ഖമറുന്നീസയും വിശദീകരിച്ചപ്പോള്‍ സ്ത്രീകളെ നിയന്ത്രിക്കാന്‍ ലീഗ് പെരുമാറ്റ ചട്ടം കൊണ്ടുവന്നുവെന്ന് പകല്‍പോലെ വ്യക്തമായി.
(ആര്‍ രഞ്ജിത്)

പൊതുപ്രവര്‍ത്തനം വൈകിട്ട് വരെ മതി: വനിതാ ലീഗ് പ്രസിഡന്റ്

മലപ്പുറം: സ്ത്രീകളുടെ പൊതുപ്രവര്‍ത്തനം പരമാവധി വൈകിട്ട് ആറുവരെ മതിയെന്ന് വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് ഖമറുന്നിസ അന്‍വര്‍. ആറിനുശേഷം വനിതകള്‍ പൊതുപരിപാടികളില്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് ലീഗ് തീരുമാനം. സ്ത്രീകള്‍ കുടുംബത്തോടൊപ്പം ചെലവിടേണ്ട സമയമാണത്. സന്ധ്യകഴിഞ്ഞാല്‍ സ്ത്രീകള്‍ പുറത്തിറങ്ങുന്നത് സുരക്ഷിതമല്ല. ഗള്‍ഫ് നാടുകളില്‍ ഈ പ്രശ്നമില്ല. മുഴുവന്‍ സമയവും പൊതുപരിപാടിയുമായി നടക്കാനാവില്ല. അത്തരം കുടുംബങ്ങള്‍ കുളം തോണ്ടുമെന്നും മലപ്പുറം പ്രസ് ക്ളബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ അവര്‍ പറഞ്ഞു.

ലീഗില്‍ വനിതകള്‍ക്ക് പെരുമാറ്റച്ചട്ടമുണ്ടോ എന്ന ചോദ്യത്തിന് 'ഇല്ല' എന്നായിരുന്നു ആദ്യ മറുപടി. എന്നാല്‍ പൊതുപ്രവര്‍ത്തകരായ സ്ത്രീകള്‍ കര്‍ശനമായി പാലിക്കേണ്ട ചില നിര്‍ദേശങ്ങള്‍ ലീഗ് നേതൃത്വം നല്‍കുന്നുണ്ട്. നാട് നന്നാക്കുന്നതിനൊപ്പം വീടും നന്നാക്കാനുള്ളതുകൊണ്ടാണ് ലീഗ് വനിതകള്‍ക്ക് തയ്യാറാക്കിയ പെരുമാറ്റച്ചട്ടത്തില്‍ സമയബന്ധിതമായ പൊതുപ്രവര്‍ത്തനം നിര്‍ദേശിച്ചതെന്ന് ഖമറുന്നിസ അന്‍വര്‍ വിശദീകരിച്ചു. വസ്ത്രധാരണത്തിലും ലീഗുകാര്‍ മാതൃകയാകും. ധാരാളം സ്ത്രീകള്‍ കടന്നുവരുന്ന സമയത്ത് ഇത്തരം കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണ്ടിവരും. കുടുംബം നല്ലരീതിയില്‍ കൊണ്ടുപോകുന്നതിനാണ് ഈ നിര്‍ദേശങ്ങള്‍. ഇത് മറ്റുതരത്തില്‍ വ്യാഖ്യാനിക്കേണ്ടതില്ല. വനിതകളെ ലീഗ് വേലികെട്ടി തിരിച്ചിട്ടില്ലെന്നും സംഘടന രൂപീകരിച്ചപ്പോള്‍ മുന്നോട്ടുവച്ച നിര്‍ദേശം സ്ത്രീകള്‍ കൂടുതലായി കടന്നുവരുന്ന സാഹചര്യത്തില്‍ ഒന്നുകൂടി ഓര്‍മിപ്പിച്ചതേയുള്ളൂവെന്നും അവര്‍ പറഞ്ഞു. വനിതാ ലീഗിന് പെരുമാറ്റച്ചട്ടമുണ്ടെങ്കില്‍ അത് പ്രവര്‍ത്തകര്‍ സഹിച്ചോളാമെന്നും മറ്റുള്ളവര്‍ ആകുലപ്പെടേണ്ടതില്ലെന്നും ഖമറുന്നിസ കൂട്ടിച്ചേര്‍ത്തു. മത്സരിക്കാന്‍ നേരത്തേ കുപ്പായം തുന്നിവച്ച പല പുരുഷന്മാര്‍ക്കും സ്ത്രീകളുടെ മുന്നേറ്റത്തില്‍ വിഷമമുണ്ടായിട്ടുണ്ട്. ആരും പേടിക്കേണ്ടതില്ലെന്നും 'അച്ചടക്കത്തോടെ' ഭരിച്ചോളാമെന്നും വനിതാ ലീഗ് നേതാവ് ഉറപ്പുനല്‍കി.

ദേശാഭിമാനി 29092010

1 comment:

  1. കേരളത്തില്‍ ഒരു രാഷ്ട്രീയകക്ഷി സ്ത്രീകളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിന് 'ഫത്വവ' (മതവിധി) ഏര്‍പ്പെടുത്തുന്നത് ആദ്യമായാണ്. ചില സമുദായ സംഘടനകളുടെ ആവശ്യപ്രകാരം പെരുമാറ്റ ചട്ടം ഏര്‍പ്പെടുത്തുകയാണെന്നകാര്യം ജൂണ്‍ ആദ്യവാരത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചത്. പൊതുവേദിയില്‍ വരുന്ന സ്ത്രീകള്‍ വസ്ത്രധാരണത്തില്‍ കാര്യമായി ശ്രദ്ധിക്കണമെന്നായിരുന്നു പ്രധാന വ്യവസ്ഥ. പര്‍ദ അടക്കമുള്ള വസ്ത്രങ്ങളാണ് അഭികാമ്യം. സ്ത്രീകള്‍ എങ്ങനെ പെരുമാറണം, പൊതുവേദിയില്‍ എങ്ങനെ സംസാരിക്കണം, എന്തൊക്കെ ചെയ്യണം എന്നെല്ലാം എഴുതി തയ്യാറാക്കി താഴേ ഘടകങ്ങള്‍ക്ക് നല്‍കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.

    ചൊവ്വാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അന്നത്തെ വാക്കുകളെല്ലാം കുഞ്ഞാലിക്കുട്ടി വിഴുങ്ങി.

    ReplyDelete