മുപ്പത്തിരണ്ട് മാസത്തെ ഇടവേളയ്ക്കു ശേഷം ബോംബെ ഓഹരിസൂചിക ഇരുപതിനായിരം പോയിന്റ് മറികടന്നത് ഇക്കഴിഞ്ഞയാഴ്ചയാണ്. ദേശീയ ഓഹരിസൂചികയായ നിഫ്റ്റിയിലും ഈ ദിവസങ്ങളില്‍ മുന്നേറ്റമുണ്ടായിട്ടുണ്ട്. ഓഹരി സൂചികയുടെ മുന്നേറ്റം, രാജ്യത്തിന്റെ കോര്‍പ്പറേറ്റ് മേഖലയില്‍, പ്രത്യേകിച്ച് ധനവിപണിയില്‍ ഉണര്‍വുണ്ടാക്കിയിട്ടുണ്ട്. വിദേശ ധനകാര്യ സ്ഥാപനങ്ങളില്‍നിന്നുള്ള (എഫ് ഐ ഐ) നിക്ഷേപത്തിന്റെ ഒഴുക്കാണ് വിപണിയുടെ ഇപ്പോഴത്തെ മുന്നേറ്റത്തിനു കാരണം. ഈ വര്‍ഷം ഇതുവരെ 71,000 കോടി രൂപയാണ് വിദേശനിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരിവിപണികളില്‍ നിക്ഷേപിച്ചിരിക്കുന്നത്. മൂന്നു വര്‍ഷം മുമ്പ് ആഗോള സാമ്പത്തിക രംഗത്ത് മാന്ദ്യം രൂക്ഷമായപ്പോള്‍ ഇന്ത്യന്‍ വിപണി തകര്‍ന്നുകൂപ്പുകുത്തിയതും വിദേശധനകാര്യ സ്ഥാപനങ്ങള്‍ കൂട്ടത്തോടെ പിന്‍വലിഞ്ഞതുകൊണ്ടായിരുന്നു. രാജ്യത്തിന്റെ അടിസ്ഥാന സാമ്പത്തിക മേഖലയ്ക്ക് കാര്യമായ ഒരു ഗുണവുമുണ്ടാക്കാത്ത എഫ് ഐ ഐ നിക്ഷേപത്തിന്റെ ഈ ഒഴുക്ക് കരുതലോടെ വീക്ഷിക്കേണ്ട ഒന്നാണ്.
മൗറീഷ്യസ്, കയ്മാന്‍ ഐലന്‍ഡ്, സെന്റ്കിറ്റ്‌സ്, വെര്‍ജിന്‍ ഐലന്‍ഡ്, ലൈബിരിയ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് ഇപ്പോള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍തോതില്‍ പണം എത്തുന്നത്. നികുതി വെട്ടിപ്പുകാരുടെ സ്വര്‍ഗമായാണ് ഇവയെല്ലാം അറിയപ്പെടുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേയ്ക്ക് നിക്ഷേപം ഒഴുകിയെത്തിയത് പ്രധാനമായും ഈ ദ്വീപുകലില്‍നിന്നായിരുന്നു. ഓഹരി വാങ്ങാനായി ഇവിടങ്ങളില്‍ നിന്നും ഡോളര്‍ വന്നടിയുന്നത് രൂപയുടെ വിനിമയനിരക്ക് ഉയര്‍ത്തുന്നുണ്ട്. ഇത് ഇന്ത്യന്‍ വ്യവസായത്തെ, പ്രത്യേകിച്ച് ഐ ടി ഉള്‍പ്പെടെയുളള കയറ്റുമതി രംഗത്തെ പ്രതികൂലമായി ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. രൂപയുടെ വിനിമയ നിരക്ക് ഉയരുന്നത് തടയാന്‍ റിസര്‍വ് ബാങ്ക് കമ്പോളത്തില്‍ നിന്നും ഡോളര്‍ നേരിട്ട് വാങ്ങുന്നത് ആഭ്യന്തര നാണയപ്പെരുപ്പം വര്‍ധിക്കാനിടയാകും.
എഫ് ഐ ഐ നിക്ഷേപം കുത്തിയൊഴുകുമ്പോഴും ഉല്‍പ്പാദന മേഖലകളിലേയ്ക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ് ഡി ഐ) ത്തില്‍ കാര്യമായ വര്‍ധനയുണ്ടാകുന്നില്ല. ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പദ് ഘടനയ്ക്ക് നേട്ടമുണ്ടാകുക എഫ് ഡി ഐ വര്‍ധിക്കുന്നതാണ്. ഒരിടത്തും സ്ഥിരമായി നില്‍ക്കാത്ത, കൂടുതല്‍ ലാഭം തേടിപോകുന്ന എഫ് ഐ ഐയുടെ യഥാര്‍ഥ സ്രോതസുകളെക്കുറിച്ച് അന്വേഷണം നടത്താന്‍ റിസര്‍വ് ബാങ്കും സെബിയും ധനമന്ത്രാലയവും തയ്യാറാകേണ്ടതാണ്. ഈ ഫണ്ടുകളില്‍ സിംഹഭാഗവും ഇന്ത്യക്കാരുടേതാണ്. നികുതി വെട്ടിച്ചുണ്ടാക്കിയ കള്ളപ്പണമാണിത്.
ഓഹരി സൂചിക ഉയരുന്നത് സാമ്പത്തിക വളര്‍ച്ചയുടെ തെളിവായി പ്രചാരണം നടത്തുന്ന പതിവ് ഇവിടെ നടന്നുവരുന്നുണ്ട്. സെന്‍സെക്‌സ് ഇരുപതിനായിരം കടന്ന വാര്‍ത്ത വന്നപ്പോഴും ഈ കേന്ദ്രങ്ങള്‍ സജീവമായി രംഗത്തെത്തിയിട്ടുണ്ട്. സമ്പദ് ഘടനയുടെ കരുത്തിന്റെ സൂചനയാണ് സൂചികയെന്നാണ് അവരുടെ അവകാശവാദം. ഇത് അടിസ്ഥാനമില്ലാത്ത പ്രചാരണമാണ്. നാണയപ്പെരുപ്പ നിരക്ക് ഉയര്‍ന്നുകൊണ്ടിരിക്കുന്നു. മൊത്ത ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചാനിരക്ക് എട്ട് ശതമാനമാണെങ്കിലും നാണയപ്പെരുപ്പ നിരക്ക് അതിലും അധികമാണ്. ഭക്ഷ്യവില സൂചികയിലെ വര്‍ധന 15 ശതമാനത്തിലധികമാണ്. ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്തയില്‍ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ 10 ശതമാനത്തിന്റെ വര്‍ധന വരുത്തിയത് വില സൂചിക ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നതിന്റെ സാക്ഷ്യപത്രമാണ്. വിദേശ വ്യാപാര കമ്മിയാണെങ്കില്‍ പെരുകിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള അഞ്ചു മാസത്തെ വ്യാപാരകമ്മി 5600 കോടി ഡോളറാണ്. വിദേശത്തു നിന്നും ഇന്ത്യ വന്‍തോതില്‍ കടമെടുക്കുന്നു. ഏറ്റവും കൂടുതല്‍ കടബാധ്യതയുളള രാഷ്ട്രങ്ങളിലൊന്നായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാര്‍ച്ച് അവസാനത്തില്‍ ഇന്ത്യയുടെ വിദേശ വായ്പ 26,150 കോടി ഡോളറാണ്. തൊട്ടുമുമ്പത്തെ വര്‍ഷം ഇതേകാലയളവിലുണ്ടായിരുന്നതിലും 16.5 ശതമാനം കൂടുതലാണിത്. വസ്തുതകള്‍ ഇങ്ങനെയൊക്കെയായിരിക്കെയാണ് സൂചികയുടെ അനക്കങ്ങളില്‍, ഭരണരംഗത്തുതന്നെയുള്ള സമ്പദ് വിദഗ്ധര്‍ പുളകം കൊള്ളുന്നത്.
ഓഹരി വില സൂചികയും മൊത്ത ആഭ്യന്തര ഉല്‍പാദന വളര്‍ച്ചയും മാത്രം ഒരു സമ്പദ് ഘടനയുടെ അടിസ്ഥാന ശക്തി വിലയിരുത്താന്‍ മാനദണ്ഡമാക്കാനാവില്ല. ഭക്ഷണത്തിന്റെയും ഊര്‍ജത്തിന്റെയും ലഭ്യത, വ്യവസായ-സാമൂഹ്യ അടിസ്ഥാന സൗകര്യങ്ങള്‍, തന്ത്രപ്രധാനമായ വ്യാവസായിക അസംസ്‌കൃത സാധനങ്ങളുടെ ലഭ്യത, ആഭ്യന്തര-വൈദേശിക സുരക്ഷ, രാഷ്ട്രീയ സ്ഥിരത, സര്‍ക്കാരിന്റെ പ്രവര്‍ത്തനക്ഷമത തുടങ്ങിയ ഘടകങ്ങള്‍ കൂടി കണക്കിലെടുത്തുവേണം രാഷ്ട്രത്തിന്റെ കരുത്ത് നിര്‍ണയിക്കേണ്ടത്.
ജനയുഗം മുഖപ്രസംഗം 26092010

ReplyDelete