കശ്മീര്‍ പ്രശ്നപരിഹാരത്തിനും സമാധാന പുനഃസ്ഥാപനത്തിനുമുള്ള നിര്‍ണായകമായ ചുവടുവയ്പാണ് സര്‍വകക്ഷിസംഘത്തിന്റെ ജമ്മു കശ്മീര്‍ സന്ദര്‍ശനം. എല്ലാ കക്ഷിയുടെയും നേതാക്കള്‍ ചെന്ന് ഔപചാരികചര്‍ച്ച നടത്തി വാര്‍ത്ത സൃഷ്ടിച്ച് തിരിച്ചുപോരുന്നതിനുപകരം കൂട്ടായ; ക്രിയാത്മകമായ ഇടപെടലുകളാണ് ഉണ്ടായത്. മുഖ്യധാരയില്‍നിന്ന് വേറിട്ടുനില്‍ക്കുന്നവരെയടക്കം അങ്ങോട്ടുചെന്ന് കണ്ട് അവര്‍ക്ക് പറയാനുള്ളത് കേട്ടും രാജ്യത്തിന്റെ പൊതുവികാരം വ്യക്തമാക്കിയും സംഭാഷണത്തില്‍ ഏര്‍പ്പെട്ടത് സര്‍വകക്ഷിസന്ദര്‍ശനത്തിലെ ശ്രദ്ധേയ നേട്ടമാണ്.
ഇടതുപക്ഷപാര്‍ടി നേതാക്കളുടെ നേതൃത്വത്തിലുള്ള രണ്ടു പ്രത്യേകസംഘമാണ് കശ്മീരിലെ ഹുറിയത് വിഭാഗം നേതാക്കളുമായി കൂടിക്കണ്ടത്. ഹുറിയത്തിലെ തീവ്രവാദിവിഭാഗത്തിന് നേതൃത്വം നല്‍കുന്ന എപതുകാരനായ സയ്യിദ് അലിഷാ ഗീലാനിയുമായും മിതവാദി നേതാവ് മിര്‍വായിസ് ഒമര്‍ ഫാറൂഖുമായുമാണ് പ്രത്യേക സംഘങ്ങളുടെ ചര്‍ച്ച നടന്നത്. സിപിഐ എം പാര്‍ലമെന്ററി പാര്‍ടി നേതാവ് സീതാറാം യെച്ചൂരി, സിപിഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത എന്നിവര്‍ ഈ സംഘങ്ങളെ നയിച്ചു. മറ്റൊരു പ്രതിനിധിസംഘം ജെകെഎല്‍എഫ് നേതാവ് യാസീന്‍ മാലിക്കിനെയും കണ്ടു. സര്‍വകക്ഷി പ്രതിനിധിസംഘവുമായി കൂടിക്കാഴ്ചയ്ക്ക് വിസമ്മതിച്ച ഹുറിയത് നേതാക്കള്‍ ഇടതുപക്ഷപാര്‍ടി നേതാക്കളുടെ അഭ്യര്‍ഥനയ്ക്ക് വഴങ്ങിയാണ് ചര്‍ച്ചയുടെ വഴിയിലേക്ക് വന്നത്. ഇടതുപക്ഷത്തിന്റെ പ്രസക്തിയും പ്രാധാന്യവും ഒന്നുകൂടി തെളിയിച്ചതോടൊപ്പം രാജ്യത്തിന്റെ സുപ്രധാന പ്രശ്നങ്ങളില്‍ ശരിയും പ്രായോഗികവുമായ രാഷ്ട്രീയനിലപാട് ഇടതുപക്ഷത്തിനുമാത്രമാണെന്ന് വ്യക്തമാക്കുന്നതുകൂടിയാണ് കശ്മീര്‍പ്രശ്നത്തിലെ ഈ ഇടപെടല്‍.
ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്റെ നേതൃത്വത്തില്‍ 42 അംഗ സര്‍വകക്ഷിസംഘം ശ്രീനഗറിലെത്തിയതും കശ്മീരിനെ ശാന്തമാക്കാനുള്ള ഗൌരവമായ ശ്രമത്തില്‍ ഏര്‍പ്പെട്ടതും പൊതുവെ അംഗീകരിക്കപ്പെടുന്ന നീക്കമാണ്. എന്നാല്‍, സംഘത്തിന്റെ രണ്ടാംദിവസ സന്ദര്‍ശനത്തിനിടെ ചില അപസ്വരം കേട്ടുതുടങ്ങി. ഹുറിയത് നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്കെതിരെ സംഘാംഗമായ ബിജെപി നേതാവ് സുഷമ സ്വരാജ് പരസ്യപ്രതികരണത്തിന് മുതിര്‍ന്നു. ആ ചര്‍ച്ച കൂട്ടായ തീരുമാനത്തിന്റെ ഭാഗമല്ലെന്ന വസ്തുതാവിരുദ്ധമായ പരാമര്‍ശമാണ് അവരില്‍നിന്നുണ്ടായത്. കശ്മീര്‍പ്രശ്നത്തില്‍ ബിജെപി എക്കാലത്തും എടുത്ത തീവ്രവാദപരമായ നിലപാടിന്റെ ആവര്‍ത്തനമാണിത്. എല്ലാവരും യോജിച്ച് എടുത്ത തീരുമാനം നടപ്പാക്കിയ ഇടതുപക്ഷത്തിനെതിരെ ബിജെപിനേതാവ് തിരിയാനിടവന്നത് ആ പാര്‍ടി കശ്മീര്‍പ്രശ്നത്തില്‍ എടുക്കുന്ന തെറ്റായ നിലപാടുമൂലമാണ്.
ഭരണഘടനയുടെ 370-ാംവകുപ്പുപ്രകാരം ജമ്മു കശ്മീരിന് അനുവദിച്ച പ്രത്യേക പദവിതന്നെ റദ്ദാക്കണമെന്നതാണ് ബിജെപിയുടെ ഇംഗിതം. കശ്മീര്‍പ്രശ്നത്തില്‍ സിപിഐ എം ഉയര്‍ത്തിപ്പിടിക്കുന്ന; ഇടതുപക്ഷത്തിന്റേതായ നയമാണ് ശരിയെന്നാണ് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയടക്കമുള്ളവരുടെ പ്രതികരണം വ്യക്തമാക്കുന്നത്. കശ്മീരിലെ സ്ഥിതി മെച്ചപ്പെടുത്താന്‍ ഉപകരിക്കുന്നതാണ് ഹുറിയത്തിലെ വിവിധ വിഭാഗങ്ങളുമായുള്ള ചര്‍ച്ചയെന്ന് ഒമര്‍ പറഞ്ഞിട്ടുണ്ട്. സ്വാഗതാര്‍ഹമായ ചുവടുവയ്പെന്നാണ് പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി ഈ ചര്‍ച്ചയെ വിശേഷിപ്പിച്ചത്.
കശ്മീര്‍, ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്നതില്‍ വിട്ടുവീഴ്ചചെയ്യാതെ നിരുപാധികമായ ചര്‍ച്ചയാണ് ഉണ്ടാകേണ്ടത്. സംസ്ഥാനത്തിന് പരമാവധി സ്വയംഭരണാധികാരം അനുവദിക്കണമെന്നും ജമ്മു, കശ്മീര്‍ താഴ്വര, ലഡാക്ക് എന്നീ മൂന്ന് മേഖലയ്ക്ക് സ്വയംഭരണാധികാരം നല്‍കണമെന്നുമാണ് സിപിഐ എം ആവശ്യപ്പെട്ടത്. സ്വയംഭരണാധികാരം ഉറപ്പുവരുത്തുന്നതിന് ഭരണഘടനയില്‍ മാറ്റംവരുത്തേണ്ടതുണ്ട്. അതിന് രാഷ്ട്രീയസമവായം ഉണ്ടാകണം. ദൌര്‍ഭാഗ്യവശാല്‍ കേന്ദ്രത്തിലെ മുഖ്യ ഭരണകക്ഷിയായ കോണ്‍ഗ്രസും മുഖ്യ പ്രതിപക്ഷമായ ബിജെപിയും ഇതിന് അനുകൂലമായ സമീപനമല്ല എടുക്കുന്നത്. കശ്മീരിന് പരമാവധി സ്വയംഭരണാധികാരം നല്‍കുന്നതില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്നാണ് പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവു പ്രഖ്യാപിച്ചിരുന്നത്. സ്വയംഭരണാധികാരക്കാര്യത്തില്‍ 1953നുമുമ്പുള്ള സ്ഥിതി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ജമ്മു കശ്മീര്‍ അസംബ്ളി പാസാക്കുകയും ചെയ്തതാണ്. എന്നാല്‍, സംസ്ഥാനത്തിന് കൂടുതല്‍ സ്വയംഭരണാധികാരം നല്‍കുന്ന ഒരു കാര്യത്തിലും കോണ്‍ഗ്രസ് സര്‍ക്കാരും പിന്നീടുവന്ന ബിജെപി സര്‍ക്കാരും താല്‍പ്പര്യമെടുത്തില്ല. ചര്‍ച്ചയ്ക്കുള്ള രാഷ്ട്രീയമുന്‍കൈ എടുക്കുന്നതില്‍ യുപിഎ സര്‍ക്കാരും അറച്ചുനിന്നു. ബിജെപി പരിഹാരശ്രമങ്ങള്‍ക്ക് ഇടങ്കോലിടുന്നത് തുടരുമെന്നാണ് സുഷമ സ്വരാജിന്റെ വാക്കുകളില്‍ വ്യക്തമാകുന്നത്.
സാധാരണനിലയും ജനാധിപത്യപ്രവര്‍ത്തനങ്ങളും രാഷ്ട്രീയപ്രവര്‍ത്തനങ്ങളും നടത്തുന്നതിന് ആവശ്യമായ സാഹചര്യം പുനഃസ്ഥാപിക്കുക എന്നതാണ് ഇന്ന് ജമ്മു കശ്മീരിന്റെ ആവശ്യം. രാഷ്ട്രീയചര്‍ച്ചയ്ക്ക് തുടക്കമിടാനുള്ള മുന്നുപാധിയും അതാണ്. ചര്‍ച്ചയില്‍ എല്ലാ വിഭാഗത്തെയും ഉള്‍പ്പെടുത്തണം. കശ്മീരിലെ ജനങ്ങളുടെ അഭിലാഷം കണക്കിലെടുത്ത്, എല്ലാ പ്രശ്നവും ചര്‍ച്ചചെയ്യാനുള്ള ആത്മാര്‍ഥവും സത്യസന്ധവുമായ ശ്രമം നടക്കുന്നു എന്ന വിശ്വാസം ജനങ്ങളിലുണ്ടാകണം. അത്തരമൊരു സാഹചര്യത്തിലേക്കുള്ള ചുവടുവയ്പാണ് സര്‍വകക്ഷിസംഘത്തിന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ചുണ്ടായ സ്വാഗതാര്‍ഹമായ നീക്കങ്ങള്‍. ഇത് ഒരുതുടക്കംമാത്രമായി കരുതണം. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിഷേധിക്കുന്ന സമീപനം തിരുത്താനും അതിക്രമങ്ങള്‍ അവസാനിപ്പിക്കാനും ശക്തമായ നടപടികളുണ്ടാകണം.
അതിവേഗവികസനത്തിനും യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള പാക്കേജിന് രൂപംനല്‍കണമെന്ന സിപിഐ എമ്മിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കണം. എല്ലാ വിഭാഗവുമായും സര്‍ക്കാര്‍ കൂടിയാലോചനയ്ക്ക് തയ്യാറാകണം. സംസ്ഥാനത്തിന് പരമാവധി സ്വയംഭരണത്തിനുള്ള വ്യവസ്ഥ കൂടാതെയും, സംസ്ഥാനത്തിലെ മൂന്ന് മേഖലയ്ക്ക് പ്രാദേശിക സ്വയംഭരണം ഉറപ്പാക്കാതെയും, രാഷ്ട്രീയപരിഹാരത്തിന് പുരോഗതി കൈവരിക്കാനാകില്ലെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടുള്ള നടപടിയാണ് ഉണ്ടാകേണ്ടത്. അതിനെ തുരങ്കംവയ്ക്കാനുള്ള ഒരു ശ്രമവും പ്രോത്സാഹിപ്പിച്ചുകൂടാ.
ദേശാഭിമാനി മുഖപ്രസംഗം 22092010
കശ്മീര്‍ പ്രശ്നപരിഹാരത്തിനും സമാധാന പുനഃസ്ഥാപനത്തിനുമുള്ള നിര്‍ണായകമായ ചുവടുവയ്പാണ് സര്‍വകക്ഷിസംഘത്തിന്റെ ജമ്മു കശ്മീര്‍ സന്ദര്‍ശനം. എല്ലാ കക്ഷിയുടെയും നേതാക്കള്‍ ചെന്ന് ഔപചാരികചര്‍ച്ച നടത്തി വാര്‍ത്ത സൃഷ്ടിച്ച് തിരിച്ചുപോരുന്നതിനുപകരം കൂട്ടായ; ക്രിയാത്മകമായ ഇടപെടലുകളാണ് ഉണ്ടായത്. മുഖ്യധാരയില്‍നിന്ന് വേറിട്ടുനില്‍ക്കുന്നവരെയടക്കം അങ്ങോട്ടുചെന്ന് കണ്ട് അവര്‍ക്ക് പറയാനുള്ളത് കേട്ടും രാജ്യത്തിന്റെ പൊതുവികാരം വ്യക്തമാക്കിയും സംഭാഷണത്തില്‍ ഏര്‍പ്പെട്ടത് സര്‍വകക്ഷിസന്ദര്‍ശനത്തിലെ ശ്രദ്ധേയ നേട്ടമാണ്.
ReplyDelete