രണ്ടാഴ്ചയ്ക്കകം പെട്രോള്‍-ഡീസല്‍ വില രണ്ടാമതും വര്‍ധിപ്പിച്ചിരിക്കുന്നു. ഇത്തവണ പെട്രോളിന് 29 പൈസയും ഡീസലിന് 22 പൈസയുമാണ് വര്‍ധന. ഇതിന് കാരണവും പറഞ്ഞിട്ടുണ്ട്-പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം യൂറോ ത്രീ തലത്തിലേക്ക് മാറ്റുന്നതിന്റെ ചെലവാണത്രെ കൂടുതല്‍ ചുമത്തുന്നത്. രണ്ടാഴ്ച മുമ്പ് പെട്രോളിന് 10 പൈസയും ഡീസലിന് 8 പൈസയുമാണ് വര്‍ധിപ്പിച്ചത്. അതിനു പറഞ്ഞ കാരണം ഡീലര്‍മാരുടെ കമീഷന്‍ കൂട്ടിയതിന്റെ ഭാരമാണ് എന്നാണ്. പെട്രോള്‍-ഡീസല്‍ വില നിയന്ത്രണം ഉപേക്ഷിച്ചതിലൂടെ കേന്ദ്ര യുപിഎ സര്‍ക്കാര്‍ നേടിയെടുത്തത്, ഇങ്ങനെ ജനങ്ങളെ ഇഞ്ചിഞ്ചായി ദ്രോഹിക്കാനുള്ള അധികാരമാണ്. ഒറ്റയടിക്ക് വില വര്‍ധിപ്പിച്ചാലേ വാര്‍ത്തായാകൂ; അപ്പോഴേ പ്രതിഷേധവും വരൂ. രണ്ടാഴ്ച കൂടുമ്പോള്‍ ചെറിയ തുക വര്‍ധിപ്പിച്ചാല്‍ അത്തരം അലോസരങ്ങളില്ലാതെ കാര്യം നേടാം-എണ്ണക്കമ്പനികളെ സഹായിക്കാം.
എയര്‍ ഇന്ത്യ എന്ന രാജ്യത്തിന്റെ ഔദ്യോഗിക വിമാന സര്‍വീസിനെ തകര്‍ത്ത് സ്വകാര്യ വിമാനക്കമ്പനികള്‍ക്ക് ഒത്താശചെയ്യുന്നതിന്റെ മറ്റൊരു പതിപ്പാണിവിടെ അരങ്ങേറുന്നത്. ടയര്‍ കുത്തകകള്‍ക്കുവേണ്ടി റബര്‍ കര്‍ഷകരെ ദ്രോഹിച്ച് വിദേശ റബര്‍ ഇറക്കുമതിചെയ്യുന്ന അതേ തന്ത്രം. സ്വകാര്യ എണ്ണക്കമ്പനികള്‍ക്കുവേണ്ടിയാണ് എണ്ണവില നിയന്ത്രണം എടുത്തുകളഞ്ഞത്. അവര്‍ക്കുവേണ്ടിത്തന്നെയാണ് ഇപ്പോള്‍ രണ്ടാഴ്ച കൂടുമ്പോള്‍ വില വര്‍ധിപ്പിച്ചു നല്‍കുന്നതും. വിലക്കയറ്റത്തിന്റെ തോത് ഭയാനകമായി വര്‍ധിപ്പിക്കുന്ന ഇത്തരം നയങ്ങള്‍ നടപ്പാക്കുക മാത്രമല്ല, നാനാമേഖലകളിലും ജനങ്ങളെ ഞെരുക്കുന്ന നടപടികളും തുടര്‍ച്ചയായി എടുക്കുകയാണ്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ മുഖ്യഅജന്‍ഡതന്നെ നവലിബറല്‍ നയങ്ങള്‍ തീവ്രമായി നടപ്പാക്കലാണെന്ന് തെളിഞ്ഞിരിക്കുന്നു.
ചില്ലറ വ്യാപാരം, ഉന്നതവിദ്യാഭ്യാസം, ബാങ്കിങ്, ഇന്‍ഷുറന്‍സ്, പ്രതിരോധം തുടങ്ങിയ മേഖലകളെല്ലാം കൂടുതല്‍ വിദേശ പ്രത്യക്ഷ നിക്ഷേപത്തിനായി തുറന്നുകൊടുക്കുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഗവണ്‍മെന്റിന്റെ അജന്‍ഡ നിശ്ചയിക്കുന്നത് ഇന്ത്യ-അമേരിക്ക സിഇഒ ഫോറമാണ്. ഓഹരി വിറ്റഴിക്കല്‍ നീക്കം എന്നത്തേക്കാളും ഊര്‍ജിതമാണ്. 25,000 കോടി രൂപയിലധികം വിലയുള്ള പൊതു ഓഹരികള്‍ 2009-10 വര്‍ഷത്തില്‍ വിറ്റുകഴിഞ്ഞു. ഈ വര്‍ഷം സെയില്‍, ഹിന്ദുസ്ഥാന്‍ കോപ്പര്‍, കോള്‍ ഇന്ത്യ എന്നിവയുടെ ഉള്‍പ്പെടെ 40,000 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കാനാണ് പദ്ധതി. റെയില്‍വേയും രാജ്യത്തെ പശ്ചാത്തല വികസനമാകെയും പൂര്‍ണമായും സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം തകൃതിയാണ്. പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിച്ച് കാശുമാറാന്‍ വന്‍കിടകള്‍ക്ക് സൌകര്യംചെയ്യുന്ന ഖനന നയമാണ് നടപ്പാക്കുന്നത്. ഇങ്ങനെ ഒരു നാടിനോ ജനങ്ങള്‍ക്കോ അംഗീകരിക്കാനാവാത്തതും ഭൂഷണമല്ലാത്തതുമായ സമീപനത്തിന്റെ മറ്റൊരു വശമാണ് എണ്ണവില വര്‍ധനയും.
ഇക്കൊല്ലം ഫെബ്രുവരിയില്‍ അവതരിപ്പിച്ച ബജറ്റില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കുമേലുള്ള പരോക്ഷനികുതി വര്‍ധനയിലൂടെ ജനങ്ങള്‍ക്കുമേല്‍ 60,000 കോടി രൂപയുടെ അധികബാധ്യതയാണ് ഇതേ മന്‍മോഹന്‍ സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചത്. ആ ബജറ്റില്‍തന്നെ കോര്‍പറേറ്റുകള്‍ക്കും സമ്പന്ന വിഭാഗങ്ങള്‍ക്കും 26,000 കോടി രൂപയുടെ അധിക പ്രത്യക്ഷ നികുതിയിളവ് അനുവദിക്കുകയുംചെയ്തു. ആ ബജറ്റ് വന്ന് മൂന്നുമാസം പിന്നിടുന്നതിനുമുമ്പ് മണ്ണെണ്ണ ഉള്‍പ്പെടെയുള്ള പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് രണ്ടാമതും കുത്തനെ വില വര്‍ധിപ്പിച്ചു. ഒപ്പം പെട്രോളിയം വിലനിയന്ത്രണം നീക്കംചെയ്തു. ഇത് ഊഹക്കച്ചവടത്തിനും കൂടുതല്‍ വില വര്‍ധനയ്ക്കും ഇടയാക്കുമെന്ന് ഇടതുപക്ഷ പാര്‍ടികള്‍ അന്നേ ചൂണ്ടിക്കാട്ടിയതാണ്. ജനങ്ങള്‍ക്കുമേല്‍ അമിതഭാരം അടിച്ചേല്‍പ്പിച്ച് വന്‍കിട ബിസിനസുകാര്‍ക്ക് ഉയര്‍ന്ന നിരക്കില്‍ ലാഭമുണ്ടാക്കിക്കൊടുക്കുന്നത് തുടരുക എന്ന ഏക അജന്‍ഡയിലാണ് യുപിഎ സര്‍ക്കാരിന്റെ ഓരോ നടപടികളും ചെന്നവസാനിക്കുന്നത്.
ബുധനാഴ്ച അര്‍ധരാത്രിമുതല്‍ നിലവില്‍ വന്ന പെട്രോള്‍ വിലവര്‍ധന പല പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തതുപോലുമില്ല. റിപ്പോര്‍ട്ട് ചെയ്ത ഭൂരിപക്ഷത്തിനും അത് പ്രാധാന്യത്തോടെ കൊടുക്കേണ്ട വാര്‍ത്തയായി തോന്നിയതുമില്ല. എത്രമാത്രം കൌശലത്തോടെയാണ് ജനങ്ങളെ കൊള്ളയടിക്കുന്നത് എന്നും ബഹളമില്ലാത്ത കൊള്ള എങ്ങനെയാണ് നടത്തുന്നത് എന്നും മനസിലാക്കാനുള്ള മികച്ച ഉദാഹരണംതന്നെ ഈ നടപടി. ഒരു ലിറ്റര്‍ പെട്രോളിന് 29-30 പൈസയും ഡീസലിന് 22 പൈസയും വര്‍ധിക്കുക എന്നത് നിസ്സാരമായ കാര്യമല്ല. ഇന്ന് നിലനില്‍ക്കുന്ന അസഹ്യമായ വിലക്കയറ്റത്തെ പാരമ്യത്തിലെത്തിക്കാനുള്ള ശേഷി ഈ മുപ്പതുപൈസയ്ക്കും 22 പൈസയ്ക്കുമുണ്ട്. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ പെടാപ്പാട് പെടുന്ന കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ പ്രതികൂലമായി ഇത് ബാധിക്കും. ഇവിടെ, സാധാരണക്കാരന് രണ്ടുരൂപയ്ക്ക് അരിയും നാല്‍പതുശതമാനം വിലകുറച്ച് അവശ്യ സാധനങ്ങളും വിതരണംചെയ്യുന്ന സര്‍ക്കാരിനെ പുച്ഛിക്കാനും ആ നേട്ടത്തിന്റെ മാറ്റു കുറച്ചുകാണിക്കാനുമാണ് പല മാധ്യമങ്ങളും തയ്യാറാകുന്നത്. അവര്‍ക്ക് കേന്ദ്രം എണ്ണവില കൂട്ടിയാലും ലോട്ടറി മാഫിയയെ സംരക്ഷിച്ചാലും ലക്ഷക്കണക്കിന് ടണ്‍ റബര്‍ ഇറക്കുമതിചെയ്താലും പൊതുമേഖല വിറ്റുതുലച്ചാലും പ്രശ്നമില്ല.
സാവധാനത്തില്‍ ആളെക്കൊല്ലുന്ന വിഷപ്രയോഗം പോലെയാണ് എണ്ണവിലക്കാര്യത്തില്‍ യുപിഎ സര്‍ക്കാരിന്റെ സമീപനം എന്ന് തിരിച്ചറിയുകയും വിളിച്ചുപറയുകയും വേണ്ടതുണ്ട്. നവലിബറല്‍ നയങ്ങളെ ചെറുത്തുതോല്‍പ്പിക്കാനും സര്‍ക്കാര്‍ എന്നത് ജനങ്ങള്‍ക്കും നാടിനും വേണ്ടിയുള്ളതാണ് എന്ന് കോഗ്രസിനെയും കൂട്ടരെയും ബോധ്യപ്പെടുത്താനുമുള്ള മുന്നേറ്റമാണുണ്ടാകേണ്ടത്. ആ കൂട്ടായ്മയില്‍നിന്ന് കോഗ്രസുകാര്‍ക്കും മാറിനില്‍ക്കാന്‍ കഴിയില്ല എന്ന യാഥാര്‍ഥ്യമാണ് ഈ മാസം ഏഴിന് നടന്ന പൊതുപണിമുടക്കില്‍ ഐഎന്‍ടിയുസി അണിചേര്‍ന്ന അനുഭവം തെളിയിക്കുന്നത്.
ദേശാഭിമാനി മുഖപ്രസംഗം 17092010
ഇന്ധനഗുണമേന്മ ഉയര്‍ത്തലും പോക്കറ്റ് കാലിയാക്കും
കൊച്ചി: വിലകൂട്ടിയതിനു പുറമെ ഇന്ധനത്തിന്റെ ഗുണമേന്മ ഉയര്‍ത്തുന്നതും ഡീലര്‍മാര്‍ക്കും ഉപയോക്താക്കള്‍ക്കും വന്‍ നഷ്ടം വരുത്തും. ശുദ്ധീകരണപ്രക്രിയ ഒരുപടികൂടി കൂട്ടുമ്പോള്‍ ബാഷ്പീകരണം കൂടുന്നതിനാലാണ് നഷ്ടം ഏറുന്നത്. ബാഷ്പീകരണനഷ്ടം ഉപയോക്താക്കളുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള സാധ്യത ഏറെയാണെന്നും വ്യാപാരികള്‍ സൂചിപ്പിക്കുന്നു. എന്നാല്‍, ഡീലര്‍മാരുടെ ഈ വാദത്തില്‍ കഴമ്പില്ലെന്ന് പെട്രോളിയം കമ്പനികള്‍ പറയുന്നു. നേരത്തെ 4000 ലിറ്ററിന് 30 മുതല്‍ 40 ലിറ്റര്‍വരെയായിരുന്നു ബാഷ്പീകരണനഷ്ടം. ഇനി അത് 40-53 എന്ന തോതിലാകും. ഈ നഷ്ടം നികത്താന്‍ ഓയില്‍കമ്പനികള്‍ ടെമ്പറേച്ചര്‍ അലവന്‍സ് നല്‍കിയില്ലെങ്കില്‍ പല പമ്പുകളിലും അളവില്‍ കൃത്രിമം കാട്ടാനുള്ള സാധ്യത ഏറെയാകുമെന്നാണ് ഇവര്‍ നല്‍കുന്ന സൂചന.
ഊഷ്ടമാവിനെ ആസ്പദമാക്കി ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്നവയാണ് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍. അതുകൊണ്ട് അന്താരാഷ്ട്രതലത്തില്‍ ഇത്തരം ഉല്‍പ്പന്നങ്ങള്‍ വലിയ അളവില്‍ വാങ്ങുന്നതും കൈമാറുന്നതും 15 ഡിഗ്രി സെല്‍ഷ്യസിലായിരിക്കണമെന്നാണ് വ്യവസ്ഥ. ക്രൂഡ്ഓയില്‍ റിഫൈനറിയിലെത്തിക്കുമ്പോഴും റിഫൈനറി കമ്പനികള്‍ക്ക് ഉല്‍പ്പന്നം എത്തിക്കുമ്പോഴും കമ്പനി വിവിധ ടെര്‍മിനലുകളിലേക്ക് ഉല്‍പ്പന്നം കൊണ്ടുപോകുമ്പോഴും ഈ ഊഷ്മാവ് നിലനിര്‍ത്തും. ടെര്‍മിനലുകളില്‍നിന്ന് വ്യാപാരികളിലേക്ക് ഉല്‍പ്പന്നം കൊണ്ടുപോകുന്നത് ടാങ്കര്‍ലോറികളിലാണ്. അതില്‍ ഊഷ്മാവ് 35 വരെയെത്തും. ഊഷ്മാവ് കൂടുമ്പോള്‍ ഇന്ധനത്തിന്റെ ഇലാസ്തികത കൂടുകയും കുറവ് ഇന്ധനം കൊണ്ടുതന്നെ ടാങ്കര്‍ നിറയുകയുംചെയ്യും. ഇത് പമ്പുകളിലെ ഭൂമിക്കടിയിലുള്ള ശേഖരണ കിണറുകളിലേക്കു നിറയ്ക്കുമ്പോള്‍ ഊഷ്മാവ് കുറയുകയും വേണ്ടത്ര അളവ് കിട്ടാതെവരികയുംചെയ്യും. അതുകൊണ്ടുതന്നെ പെട്രോളിയം ഉല്‍പ്പന്നം കുടുതല്‍ ശേഖരിച്ചുവയ്ക്കാതെ അന്നന്ന് വില്‍ക്കാനാണ് വ്യാപാരികള്‍ താല്‍പര്യപ്പെടുന്നത്.
തുടക്കംമുതല്‍ ടെര്‍മിനല്‍വരെ എത്തുമ്പോള്‍ നിലനിര്‍ത്തുന്ന ഊഷ്മാവ് ഡീലര്‍മാര്‍ക്കും ഉപയോക്താക്കള്‍ക്കും നല്‍കുമ്പോഴും പാലിക്കപ്പെടണമെന്ന് പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷന്‍ ദേശീയ ജോയിന്റ് സെക്രട്ടറി ആര്‍ ശബരീനാഥ് ആവശ്യപ്പെട്ടു. നഷ്ടം നികത്താന്‍ വ്യാപാരികള്‍ അളവില്‍ കൃത്രിമംകാണിച്ചേക്കാവുന്ന സ്ഥിതി വരുമെന്നും 20 ശതമാനം ഉപഭോക്താക്കളെങ്കിലും ഇതിനിരയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചെറിയ അളവില്‍ പെട്രോള്‍ അടിക്കുന്ന ഇരുചക്രവാഹനക്കാരാകും ഈ തട്ടിപ്പിനിരയാകുക. ഗുണമേന്മ നിലനിര്‍ത്തുകയും മാലിന്യമുക്ത ഉല്‍പ്പന്നം നല്‍കുകയും ചെയ്യുന്നതിനൊപ്പം ഡീലര്‍മാരുടെ നഷ്ടം നികത്താനും അധികൃതര്‍ തയ്യാറാകണമെന്ന് പെട്രോളിയം ട്രേഡേഴ്സ് ഫെഡറേഷന്‍ സെക്രട്ടറി സുനില്‍ എബ്രഹാം പറഞ്ഞു.
ദേശാഭിമാനി 17092010
രണ്ടാഴ്ചയ്ക്കകം പെട്രോള്‍-ഡീസല്‍ വില രണ്ടാമതും വര്‍ധിപ്പിച്ചിരിക്കുന്നു. ഇത്തവണ പെട്രോളിന് 29 പൈസയും ഡീസലിന് 22 പൈസയുമാണ് വര്‍ധന. ഇതിന് കാരണവും പറഞ്ഞിട്ടുണ്ട്-പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം യൂറോ ത്രീ തലത്തിലേക്ക് മാറ്റുന്നതിന്റെ ചെലവാണത്രെ കൂടുതല്‍ ചുമത്തുന്നത്. രണ്ടാഴ്ച മുമ്പ് പെട്രോളിന് 10 പൈസയും ഡീസലിന് 8 പൈസയുമാണ് വര്‍ധിപ്പിച്ചത്. അതിനു പറഞ്ഞ കാരണം ഡീലര്‍മാരുടെ കമീഷന്‍ കൂട്ടിയതിന്റെ ഭാരമാണ് എന്നാണ്. പെട്രോള്‍-ഡീസല്‍ വില നിയന്ത്രണം ഉപേക്ഷിച്ചതിലൂടെ കേന്ദ്ര യുപിഎ സര്‍ക്കാര്‍ നേടിയെടുത്തത്, ഇങ്ങനെ ജനങ്ങളെ ഇഞ്ചിഞ്ചായി ദ്രോഹിക്കാനുള്ള അധികാരമാണ്. ഒറ്റയടിക്ക് വില വര്‍ധിപ്പിച്ചാലേ വാര്‍ത്തായാകൂ; അപ്പോഴേ പ്രതിഷേധവും വരൂ. രണ്ടാഴ്ച കൂടുമ്പോള്‍ ചെറിയ തുക വര്‍ധിപ്പിച്ചാല്‍ അത്തരം അലോസരങ്ങളില്ലാതെ കാര്യം നേടാം-എണ്ണക്കമ്പനികളെ സഹായിക്കാം.
ReplyDelete