കണ്ണൂര്‍: ഗുജറാത്തിലെ അമുല്‍ ഗ്രാമംപോലെ പാല്‍ചുരത്തുന്ന ഗ്രാമമായി വളരുകയാണ് കണ്ണൂര്‍ പെരളശേരിക്കടുത്ത മാവിലായി. ബീഡിവ്യവസായം കിതച്ചുതുടങ്ങിയപ്പോഴാണ് മാവിലായിക്കാരുടെ മനസ്സില്‍ പാല്‍ഗ്രാമം ചേക്കേറിയത്. 1500 കുടുംബങ്ങള്‍ക്ക് അത്യുല്‍പ്പാദനശേഷിയുള്ള രണ്ടുവീതം പശുക്കളെ നല്‍കുകയും പാല്‍ ശേഖരിച്ച് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി വിപണനം ചെയ്യുന്നതുമായിരുന്നു സങ്കല്‍പ്പത്തിലെ പദ്ധതി.
നൂറുക്കണക്കിന് പേര്‍ക്ക് തൊഴിലും കുടുംബങ്ങള്‍ക്ക് ഉപജീവനമാര്‍ഗവും നല്‍കുന്ന എട്ടു കോടി രൂപയുടെ കേന്ദ്രസര്‍ക്കാര്‍ പദ്ധതി പക്ഷേ, ചുവപ്പുനാടയില്‍ കുരുങ്ങി. പിന്നീട് വനിതാവികസന കോര്‍പറേഷനാണ് അവരുടെ സ്വപ്നങ്ങളിലേക്ക് വീണ്ടും വാതില്‍ തുറന്നത്. 40 ലക്ഷം രൂപ കോര്‍പറേഷന്‍ വായ്പ അനുവദിച്ചു. എട്ടുകോടിയുടെ പദ്ധതിയെ 'ബോസായ്' രൂപത്തിലാക്കി പരിഷ്കരിക്കുകയായിരുന്നു. വീടുകളിലേക്ക് പശുവിനെ നല്‍കുന്നതിന് പകരം 'ക്ഷീരധാര ഡെയ്റിഫാം' എന്ന പദ്ധതി തയ്യാറാക്കി. 2007ല്‍ ആര്‍ഡിസി മാവിലായി എന്ന പേരില്‍ റൂറല്‍ ഡെവലപ്മെന്റ് സെന്ററിന്റെ മഹിളാസമാജത്തിന് കീഴില്‍ ക്ഷീരധാര പ്രവര്‍ത്തനം തുടങ്ങി. ഹോള്‍സ്റ്റെയിന്‍ ഫ്രീഷ്യന്‍, ജേഴ്സി ക്രോസ് ഇനത്തിലുള്ള 25 പശുക്കളുമായാണ് തുടക്കം. മൂന്നുവര്‍ഷം പിന്നിടുമ്പോള്‍ ഫാമില്‍ എഴുപത് പശുക്കളുണ്ട്. പ്രതിമാസം 11000 ലിറ്ററോളം പാല്‍ ക്ഷീരധാരയില്‍ കറന്നെടുക്കുന്നു. സ്വന്തം ബ്രാന്‍ഡ്നെയിമില്‍ മില്‍മയുടെ മാതൃകയിലാണ് പായ്ക്കറ്റ് പാല്‍ വിതരണം.
മുണ്ടയോട്ടെ കുന്നിന്‍ചെരുവിലെ ഫാമിലെത്തുന്നവരെ സ്വാഗതം ചെയ്യുക ആധുനിക പശുപരിപാലനത്തിന്റെ കൌതുകക്കാഴ്ചകളാണ്. ശാസ്ത്രീയമായി രൂപകല്‍പ്പനചെയ്ത തൊഴുത്തില്‍ ഫാനിന്റെ കാറ്റേറ്റ് സംഗീതം ആസ്വദിച്ചു കിടക്കുന്ന പശുക്കള്‍. ആധുനിക കറവയന്ത്രങ്ങള്‍. കുടിക്കുന്നതിന് അനുസരിച്ച് വെള്ളം താനേ നിറയുന്ന ഓട്ടോമാറ്റിക് വാട്ടര്‍ സിസ്റ്റം. ചാണകത്തില്‍നിന്ന് ബയോഗ്യാസും മണ്ണിര കമ്പോസ്റ്റും ഉല്‍പ്പാദിപ്പിക്കുന്ന പ്ളാന്റുകള്‍... കേന്ദ്രസര്‍ക്കാരിന്റെ ഗ്രാന്റ് നിഷേധിച്ചതോടെ പദ്ധതി ചുരുങ്ങിയെങ്കിലും പശുഗ്രാമം എന്ന സ്വപ്നം ഉപേക്ഷിച്ചിട്ടില്ല. ക്ഷീരധാരയുടെ വളര്‍ച്ചയ്ക്ക് സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ തുണയാവുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ക്ഷീരധാര പ്രവര്‍ത്തകര്‍. ബീഡി പ്രതിസന്ധി കാരണം തൊഴില്‍രഹിതരായവരെ മുഴുവന്‍ തുണയ്ക്കാനാവുമെന്നും കരുതുന്നു. ഇതിനായി വനിതാവികസനകോര്‍പറേഷനില്‍ 25 ലക്ഷം രൂപയുടെ വായ്പയ്ക്ക് കാത്തിരിക്കുകയാണ്. സഹായം ലഭിക്കുന്നതോടെ 'വീടുകളിലേക്ക് പശു' പദ്ധതിക്ക് തുടക്കമാവും.
ഒമ്പത് സ്ഥിരം ജീവനക്കാര്‍. ഇരുപതോളം പേര്‍ക്ക് പരോക്ഷമായും ജോലി നല്‍കുന്നു. പാലിനു പുറമെ പ്രതിമാസം മൂവായിരം കിലോ മണ്ണിരകമ്പോസ്റ്റും ഉല്‍പ്പാദിക്കുന്നു. കഴിഞ്ഞവര്‍ഷം ക്ഷീരവികസന വകുപ്പ് അമ്പതുശതമാനം സബ്സിഡിയോടെ ഒമ്പതുലക്ഷം രൂപ സാമ്പത്തികസഹായം അനുവദിച്ചിരുന്നു. കറവ യന്ത്രങ്ങള്‍ വാങ്ങാന്‍ ജില്ലാപഞ്ചായത്ത് അരലക്ഷം രൂപയും നല്‍കി. മണ്ണിര കമ്പോസ്റ് പ്ളാന്റിന് കൃഷിവകുപ്പും സഹായം നല്‍കി. പ്രവര്‍ത്തനലാഭം മുഴുവന്‍ ഇപ്പോള്‍ മൂലധനത്തിനൊപ്പം ചേരുകയാണ്. പ്രതിസന്ധി തരണം ചെയ്യാനായാല്‍ ക്ഷീരഗ്രാമം ഇവിടെ പടുത്തുയര്‍ത്തും- ക്ഷീരധാരയുടെ പ്രസിഡന്റ് ടി വി ലക്ഷ്മിയും സെക്രട്ടറി ആര്‍ കെ നിഷയും പറയുന്നു.
(പി പി സതീഷ്കുമാര്‍)
കടുത്തുരുത്തിയുടെ ക്ഷീരസാഗരം
കടുത്തുരുത്തി: സംസ്ഥാനത്ത് ആദ്യമായി ക്ഷീരസംഘങ്ങളില്‍ ഓട്ടോമാറ്റിക് മില്‍ക് കലക്ഷന്‍ യൂണിറ്റുകള്‍ സജ്ജമാക്കി കടുത്തുരുത്തി ബ്ളോക്ക് പഞ്ചായത്ത് കര്‍ഷകര്‍ക്ക് കൈത്താങ്ങാകുന്നു. പ്രതിവര്‍ഷം 19,520 മെട്രിക്ട പാല്‍ ഉല്‍പ്പാദിപ്പിക്കുന്ന 11 ക്ഷീര സംഘങ്ങള്‍ക്കാണ് സാങ്കേതിക വികാസത്തിന്റെ പ്രയോജനം ആദ്യഘട്ടത്തില്‍ ലഭ്യമാക്കിയത്. ക്ഷീരപഥം പദ്ധതിയിലൂടെ സംവിധാനം യാഥാര്‍ഥ്യമാക്കിയതിനുപിന്നില്‍ എല്‍ഡിഎഫ് നേതൃത്വത്തിലുള്ള ബ്ളോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ ദീര്‍ഘവീഷണമാണ്.
പാല്‍ അളന്ന് രജിസ്റ്ററില്‍ രേഖപ്പെടുത്തിയ ശേഷം ലാക്ടോ മീറ്ററും സെന്‍ട്രിഫ്യൂജും ഉപയോഗിച്ച് ഖര പദാര്‍ഥങ്ങളും കൊഴുപ്പും തിട്ടപ്പെടുത്തിയാണ് മുമ്പ് പാല്‍ വില നിശ്ചയിച്ചിരുന്നത്. പാല്‍ അളക്കുമ്പോള്‍തന്നെ എല്ലാ വിവരങ്ങളും നല്‍കുന്നു എന്നതാണ് ഓട്ടോമാറ്റിക് മില്‍ക് കലക്ഷന്‍ യൂണിറ്റിന്റെ പ്രയോജനം. പദ്ധതിയിലൂടെ കര്‍ഷകന് ശരിയായ അളവും ന്യായമായ വിലയും ലഭിക്കും. ഉപയോക്താവിന് ഗുണനിലവാരമുള്ള പാല്‍ കുറഞ്ഞ വിലയില്‍ ലഭിക്കുകയും ചെയ്യും.
കര്‍ഷകര്‍ക്ക് നേരത്തെ പാല്‍വില ലിറ്ററിന് ശരാശരി 17 മുതല്‍ 17.50 രൂപ വരെയായിരുന്നു. പദ്ധതി നടപ്പാക്കിയശേഷം 20.40 മുതല്‍ 20.50 രൂപ വരെ ഉയര്‍ന്നതായി മുട്ടുചിറ ക്ഷീരസംഘം സെക്രട്ടറി ഷാജന്‍ പറഞ്ഞു. ലിറ്റര്‍ ഒന്നിന് ശരാശരി 3.80 രൂപ അധിക വില നല്‍കാനും സംഘത്തിന് കഴിയുന്നു.
ഞീഴൂര്‍, വാക്കാട്, മുട്ടുചിറ, പെരുന്തുരുത്ത്, വടയാര്‍, എഴുമാന്തുരുത്ത്, കപിക്കാട്, കരിപ്പാടം, കെ എസ് പുരം, കാപ്പുന്തല, മാഞ്ഞൂര്‍ എന്നീ ക്ഷീര സംഘങ്ങളിലാണ് ആദ്യഘട്ടം പദ്ധതി നടപ്പാക്കിയത്. 2007-08ലെ ജനകീയാസൂത്രണ പദ്ധതിയില്‍പ്പെടുത്തി 5.5 ലക്ഷം രൂപ 11 സംഘങ്ങള്‍ക്കായി ബ്ളോക്കുപഞ്ചായത്ത് വകയിരുത്തി. സംസ്ഥാന ഡയറി വകുപ്പിന്റെ സഹായത്തോടെ കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയില്‍ നിന്ന് 12.5 ലക്ഷം രൂപയും സംഘടിപ്പിച്ചു. ഒരു യൂണിറ്റിന് 1,73,500 രൂപയുടെ ആനുകൂല്യം സംഘങ്ങള്‍ക്കു ലഭിച്ചു. ബ്ളോക്ക്പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ ഗോമതിയമ്മാളും ഇപ്പോഴത്തെ പ്രസിഡന്റ് ആന്‍സി അഗസ്റ്റിനും കടുത്തുരുത്തി ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസറായിരുന്ന ജോസ് ജേക്കബും ചേര്‍ന്നാണ് ക്ഷീരപഥം യാഥാര്‍ഥ്യമാക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. മാഞ്ഞൂര്‍ ഒഴികെ ആറ് പഞ്ചായത്തുകള്‍ കാലിത്തീറ്റ സബ്സിഡിയ്ക്ക് 40 ലക്ഷംരൂപ വകയിരുത്തിയിട്ടുണ്ട്. മാഞ്ഞൂര്‍ പഞ്ചായത്ത് കന്നുകുട്ടി പരിപാലന പദ്ധതിയ്ക്ക് ഒമ്പത് ലക്ഷം രൂപയുടെ പദ്ധതി ഈവര്‍ഷം നടപ്പാക്കും.
ദേശാഭിമാനി 24092010
No comments:
Post a Comment