Saturday, September 25, 2010

ജനാധിപത്യത്തിനു ഭീഷണിയായ രാഷ്ട്രീയ അഴിമതി

അഴിമതി ഇന്ത്യയിലോ ലോകത്തോ ഒരു പുതിയ കാര്യമല്ല. എന്നാല്‍ ഇപ്പോള്‍ ഗവണ്‍മെന്റിന്റെ വിവിധ തലങ്ങളില്‍ തീരുമാനമെടുക്കുന്നതില്‍ ഉള്‍പ്പെടെ, രാഷ്ട്രീയ പ്രക്രിയയിലാകെ അഴിമതി ആധിപത്യം പുലര്‍ത്താന്‍ തുടങ്ങിയിരിക്കുന്നു.

കഴിഞ്ഞ ദശകത്തില്‍ ബൊഫോഴ്‌സ് കേസ് ഒരു വലിയ രാഷ്ട്രീയ കുംഭകോണമായി തുറന്നുകാട്ടപ്പെട്ടു. രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ യൂറോപ്പില്‍ നിന്നും ആയുധങ്ങള്‍ വാങ്ങാന്‍ ഗവണ്‍മെന്റ് ഉത്തരവിട്ടു. പ്രതിരോധ ഇടപാടുകളില്‍ ഇടത്തട്ടുകാരുണ്ടാവാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. വന്‍തോതില്‍ ആയുധവില്‍പന നടത്തുന്ന സ്വീഡനിലെ ഒരു കമ്പനിയാണ് ബൊഫോഴ്‌സ്. അന്ന് മന്ത്രിസഭയില്‍ അംഗമായിരുന്ന വി പി സിംഗ് ഇടപാടില്‍ എന്തോ കുഴപ്പമുണ്ടെന്നുകണ്ട്, മന്ത്രിസഭയില്‍ നിന്ന് രാജിവയ്ക്കുകയും വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പ്രതിപക്ഷം ഒന്നടങ്കം ഈ വിഷയം ഏറ്റെടുത്തു. പ്രതിപക്ഷ എം പിമാര്‍ രാജിവെച്ചു. പ്രശ്‌നം ഒരു ദേശീയ വിഷയമായി മാറി. ലണ്ടന്‍ ആസ്ഥാനമായുള്ള ബിസിനസ് സ്ഥാപന ഉടമകളായ ഹിന്ദുജമാരും ഇറ്റാലിയന്‍ ആയുധ ഇടപാടുകാരനായ ക്വത്ത്‌റോച്ചിയുമാണ് ഇടനിലക്കാരായി പ്രവര്‍ത്തിച്ചതെന്ന ആരോപണമുയര്‍ന്നു. ആരോപണങ്ങളെല്ലാം ചെന്നുനിന്നത് രാജീവ്ഗാന്ധിയിലായിരുന്നു. കോണ്‍ഗ്രസ് ഗവണ്‍മെന്റിന്റെ ജനപിന്തുണ ഇടിയുകയും അടുത്ത തിരഞ്ഞെടുപ്പില്‍ അധികാരം നഷ്ടപ്പെടുന്ന  സ്ഥിതി സംജാതമാവുകയും ചെയ്തു. ആരും ശിക്ഷിക്കപ്പെട്ടില്ലെങ്കിലും അധികാരത്തിലിരുന്നവര്‍ പൂര്‍ണമായും തുറന്നുകാട്ടപ്പെട്ടു.

തുടര്‍ന്ന് ബി ജെ പിയുടെ യുഗവും അതിന്റെ അഴിമതിയും അരങ്ങേറി. കേന്ദ്രത്തിലെ നിരവധി മന്ത്രിമാരും സംസ്ഥാന-ജില്ല-പ്രാദേശിക തലങ്ങളിലെ ബി ജെ പി നേതാക്കന്‍മാരും രായ്ക്കുരാമാനം പണക്കാരായി. പെട്രോള്‍ പമ്പുകള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട വലിയൊരു കുംഭകോണം നടന്നു. ബി ജെ പി നേതാക്കന്‍മാര്‍ക്കോ പണം നല്‍കിയവര്‍ക്കോ ആണ് പമ്പുകള്‍ അനുവദിച്ചത്. ആയുധ ഇടപാടിന് ശുപാര്‍ശ നല്‍കുന്നതിന് ബി ജെ പി ദേശീയ പ്രസിഡന്റ് ബങ്കാരുലക്ഷ്മണ പണം പറ്റുന്നതിന്റെ ദൃശ്യങ്ങള്‍ 'തെഹല്‍ക്ക'യുടെ രഹസ്യ ക്യാമറകള്‍ പകര്‍ത്തി. ടെലിവിഷന്‍ ചാനലുകളിലൂടെ രാജ്യമാകെ ഇതുകണ്ടു.

ജോര്‍ജ് ഫെര്‍ണാണ്ടസ് പ്രതിരോധമന്ത്രിയായിരുന്നപ്പോള്‍ മുങ്ങിക്കപ്പലുകള്‍ വാങ്ങിയതിലും കൊല്ലപ്പെട്ട പട്ടാളക്കാരുട മൃതദേഹങ്ങള്‍ കൊണ്ടുപോകാനുള്ള അലൂമിനിയം ശവപേടകങ്ങള്‍ വാങ്ങിയതില്‍പോലും അഴിമതി നടന്നതായി ആരോപണം ഉയര്‍ന്നു. ബി ജെ പിയും ശിവസേനയും ഉള്‍പ്പെട്ട ''എന്റോണ്‍ ഇടപാടുമായിരുന്നു ഏറ്റവും വലിയ ഒരു കുംഭകോണം. മഹാരാഷ്ട്രയില്‍ ഒരു വൈദ്യുതി പദ്ധതിക്കു വേണ്ടി കരാര്‍ എടുത്തത് ഒരു അമേരിക്കന്‍ കമ്പനിയായിരുന്നു. കരാറിനെ ഇടതു ജനാധിപത്യ പാര്‍ട്ടികള്‍ എതിര്‍ത്തു. കരാറിന്റെ വ്യവസ്ഥകളോടുള്ള എതിര്‍പ്പായിരുന്നു കാരണം. എതിര്‍പ്പുകള്‍ അവഗണിച്ച് എന്റോണുമായി കരാര്‍ ഒപ്പുവയ്ക്കാന്‍ ബി ജെ പിയും ശിവസേനയും നിര്‍ബന്ധം പിടിച്ചു. മഹാരാഷ്ട്ര സര്‍ക്കാരിനും ഇലക്ട്രിസിറ്റി ബോര്‍ഡിനും താങ്ങാന്‍ പറ്റാത്ത ഭാരമായി ആ കരാര്‍ മാറി. അവസാനം എന്റോണ്‍ പദ്ധതി അടച്ചുപൂട്ടി. രാഷ്ട്രത്തിന് ആയിരം കോടിയോളം രൂപയുടെ നഷ്ടമുണ്ടായി. ബി ജെ പി സര്‍ക്കാര്‍ ഒപ്പുവച്ച ഏറ്റവും നാണംകെട്ട കരാറുകളിലൊന്നായിരുന്നു അത്. കരാറുണ്ടാക്കുമ്പോള്‍ മഹാരാഷ്ട്രയില്‍ ബി ജെ പി-ശിവസേന സഖ്യവും കേന്ദ്രത്തില്‍ എന്‍ ഡി എയുമായിരുന്നു അധികാരത്തിലുണ്ടായിരുന്നത്.
പി വി നരസിംഹറാവു പ്രധാനമന്ത്രിയായിരുന്നപ്പോള്‍ പാര്‍ലമെന്റില്‍ വിശ്വാസ പ്രമേയത്തിനനുകൂലമായി വോട്ട് ചെയ്യാന്‍ കോണ്‍ഗ്രസ് ഏതാനും പാര്‍ലമെന്റ് അംഗങ്ങളെ വിലയ്ക്ക് വാങ്ങി. പിന്നീട് കേന്ദ്രമന്ത്രിയും ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ ഷിബുസോറനും മറ്റ് അഞ്ച് പേരുമായിരുന്നു അവര്‍. അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ അമ്പതു ലക്ഷം മുതല്‍ ഒരു കോടി രൂപവരെയാണ് നിക്ഷേപിച്ചത്. പാര്‍ലമെന്റ് അംഗങ്ങളുടെ പ്രിവിലേജിന്റെ പേരില്‍ അവരെല്ലാം കേസില്‍ നിന്നു രക്ഷപ്പെടുകയും ചെയ്തു.

ഇപ്പോള്‍ നാം 'സംശുദ്ധനായ, അഴിമതി വിമുക്തനായ, സത്യസന്ധനായ' പ്രധാനമന്ത്രിയുടെ കീഴിലാണ്. അമേരിക്കയുമായുളള ആണവ  കരാര്‍ പ്രശ്‌നത്തില്‍ ഇടതുപക്ഷം ഒന്നാം യു പി എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചപ്പോള്‍ മന്‍മോഹന്‍സിംഗിനെ രക്ഷിക്കാന്‍ എം പിമാരെ വിലയ്‌ക്കെടുത്തു. അംഗങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത പണം, ലോക്‌സഭ വേദിയില്‍ സ്പീക്കര്‍ക്ക് കൈമാറി. ഈ സംഭവം രാജ്യത്തെ പിടിച്ചുകുലുക്കി. എന്നാല്‍ ആരും ശിക്ഷിക്കപ്പെട്ടില്ല. നേരത്തെ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിനു പണം വാങ്ങിയതിന് എട്ട് എം പിമാരെ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കിയിരുന്നു.

സ്‌പെക്ട്രം രണ്ട് വില്‍പനയുമായി ബന്ധപ്പെട്ട മറ്റൊരു വന്‍ കുംഭകോണവും പുറത്തുവന്നു. എ രാജയാണ് ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രി. ഈ ഇടപാടില്‍ ഒരു ലക്ഷം കോടി രൂപ കേന്ദ്രത്തിനു നഷ്ടമായെന്നാണ് ആരോപണം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി പൊടുന്നനെ, ഏകപക്ഷീയമായി മാറ്റുകയും സിനിമാ ടിക്കറ്റു നല്‍കുന്നതുപോലെ ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന രീതിയില്‍ സ്‌പെക്ട്രം അനുവദിക്കുകയും ചെയ്തു. ബന്ധപ്പെട്ട വകുപ്പു മന്ത്രി രാജിവെച്ചില്ല. പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായി പ്രിതഷേധിക്കുകയും മാധ്യമങ്ങള്‍ തുറന്നു കാണിക്കുകയും ചെയ്തിട്ടും ശരിയായ ഒരന്വേഷണത്തിനു ഉത്തരവിടാന്‍ പ്രധാനമന്ത്രി ധൈര്യം കാണിച്ചില്ല.

നിരവധി രാഷ്ട്രീയ നേതാക്കന്‍മാരുടെ മറ്റ് അഴിമതി കേസുകളുമുണ്ട്. ഖനികള്‍ പാട്ടത്തിനു നല്‍കിയ ഇടപാടില്‍ കോടിക്കണക്കിനു രൂപയുടെ അഴിമതി നടത്തിയതിന് മുന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായ മധുകോഡയ്ക്ക് എതിരെ സി ബി ഐ കേസ് രജിസ്റ്റര്‍ ചെയ്തു. ലാലു പ്രസാദിനെതിരായി കാലിതീറ്റ കേസ് വന്നു. മുലയംസിംഗ് യാദവിനും മായാവതിക്കും മുന്‍ ഹരിയാന മുഖ്യമന്ത്രി ചൗത്താലയ്ക്കും എതിരെ വരവില്‍കവിഞ്ഞ സ്വത്തിന്റെ കേസുണ്ട്. രണ്ടാം യു പി എയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഈ കേസുകളില്‍ ചിലതെല്ലാം സ്വന്തം താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട്. രാഷ്ട്രീയ എതിരാളികളെ മെരുക്കാന്‍ സര്‍ക്കാര്‍ സി ബി ഐയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. സി ബി ഐ  പോലുള്ള സ്ഥാപനങ്ങളുടെ വിശ്വാസ്യതയ്ക്കാണ് ഇടിവുതട്ടുന്നത്.

രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ലാത്ത രണ്ടുപേര്‍ ഈയിടെ ഝാര്‍ഖണ്ഡില്‍ നിന്നും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഓരോ എം എല്‍ എക്കും അമ്പതുലക്ഷം മുതല്‍ ഒരു കോടി രൂപവരെ നല്‍കിയാണ് അവര്‍ വോട്ടുപിടിച്ചത്. അതേപോലെ മദ്യരാജാവായ വിജയ മല്യ കര്‍ണാടകയില്‍ നിന്നും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം എങ്ങനെയാണ് തിരഞ്ഞെടുക്കപ്പെട്ടതെന്ന് എല്ലാവര്‍ക്കും അറിയാം.

സൊഹറാബുദ്ദീന്‍ കേസില്‍ മുന്‍ ഗുജറാത്ത് ആഭ്യന്തര മന്ത്രി അമിത് ഷായെ സി ബി ഐ അറസ്റ്റ് ചെയ്തു. ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന ഒരു ക്രമിനലാണ് സൊഹറാബുദ്ദീന്‍ എന്നാണ് ആരോപണം. എന്നാല്‍ വിചാരണ കൂടാതെ അദ്ദേഹത്തെ കൊലചെയ്യുന്നതിന് പൊലീസിന് അനുമതി നല്‍കുന്നില്ല. സൊഹറാബുദ്ദീനെ വകവരുത്താന്‍ രാജസ്ഥാനില്‍ നിന്നുള്ള ചില മാര്‍ബിള്‍ വ്യാപാരികള്‍ അമിത് ഷായെ സമീപിക്കുകയും സൊഹറാബുദ്ദീനെ വകവരുത്താന്‍ പണം വാഗ്ദാനം ചെയ്യുകയും ചെയ്തു. സൊഹറാബുദ്ദീനെ വധിക്കാന്‍ അമിത്ഷാ ഐ പി എസ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഹൈദരാബാദില്‍ നിന്നും ഗുജറാത്തിലേയ്ക്കു പോകുംവഴി സൊഹറാബുദ്ദീനെയും ഭാര്യയെയും പൊലീസ് പിടികൂടി. നാലു ദിവസത്തിനുശേഷം അയാളെ കൊലചെയ്തു. സൊഹറാബുദ്ദീനെ ഭീകരവാദിയായാണ് മുദ്രകുത്തിയത്. ഗുജറാത്തില്‍ ഏതു മുസ്‌ലീമിനെയും ഭീകരവാദിയായി ചിത്രീകരിച്ച് പൊലീസിന് കൊല ചെയ്യാം. പിന്നീട് സൊഹറാബുദ്ദീന്റെ ഭാര്യയെയും വധിച്ചു. സൊഹറാബുദ്ദീനോടൊപ്പമുണ്ടായിരുന്ന പ്രജാപതി ഈ കൊലപാതകങ്ങള്‍ക്ക് സാക്ഷിയായതുകൊണ്ട് അയാളെയും കൊലചെയ്തു. സി ബി ഐ അന്വേഷണത്തില്‍ വ്യക്തമായ തെളിവുകള്‍ ലഭിച്ചതിനെ  തുടര്‍ന്ന് അമിത്ഷായ്ക്കും ഡി ജി പിക്കും മറ്റ് രണ്ടു ഉയര്‍ന്ന ഐ പി എസ്‌കാര്‍ക്കും എതിരെ കേസെടുത്തു. വലിയ ചില കുംഭകോണങ്ങള്‍ സി ബി ഐ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. എന്നാല്‍ ഭരണകക്ഷിയുടെ ഒരു രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നതുകൊണ്ട് സി ബി ഐയുടെ വിശ്വാസ്യത കുറഞ്ഞുവരികയാണ്.

ഐ പി എല്‍ ആണ് ഒടുവിലത്തെ ഒരു കുംഭകോണം. ക്രിക്കറ്റിന്റെ ജുഗുപ്‌സാവഹമായ വാണിജ്യ പതിപ്പാണ് ഐ പി എല്‍. മധ്യകാലനാളുകളിലേതുപോലെ നമ്മുടെ ക്രിക്കറ്റ് കളിക്കാരെ പരസ്യമായി ലേലം ചെയ്യുന്നു. ഏറ്റവും കൂടുതല്‍ തുക നല്‍കുന്നവര്‍ അവരെ വിലയ്ക്കുവാങ്ങുന്നു. നാണംകെട്ട ഏര്‍പ്പാടാണിത്. ചലച്ചിത്ര താരങ്ങളും വന്‍ പണക്കാരും ക്രിക്കറ്റ് ടീമുകളുടെ ഉടമകളായി. ഐ പി എല്‍ ക്രിക്കറ്റ് മത്സരങ്ങളെ വിനോദനികുതിയില്‍ നിന്നും ഒഴിവാക്കിയതുമൂലം കോടിക്കണക്കിനു രൂപ നികുതി ഇനത്തില്‍ നഷ്ടപ്പെടുന്നു. കള്ളപ്പണം ഐ പി എല്ലിലൂടെ വെള്ള പണമാക്കിമാറ്റാം. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ പുതുതാരമായ ശശിതരൂരും ഐ പി എല്ലിലെ തന്ത്രശാലിയായ താരമായ ലളിത് മോഡിയും തമ്മിലുള്ള വിവാദമാണ് ഐ പി എല്‍ അഴിമതി തുറന്നുകാട്ടിയത്. ശശിതരൂരിനും ലളിത് മോഡിക്കും സ്ഥാനം നഷ്ടമായെങ്കിലും ഐ പി എല്‍ ക്രിക്കറ്റ് ടീം ഉടമകള്‍ സുരക്ഷിതരാണ്. ഇപ്പോള്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് കുംഭകോണം പുറത്തുവന്നതോടെ ഐ പി എല്‍ വിസ്മരിക്കപ്പെട്ടിരിക്കുന്നു. പതിനായിരക്കണക്കിനു കോടി രൂപ ചെലവഴിച്ചെങ്കിലും കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ തയ്യാറെടുപ്പ് ഒട്ടും തൃപ്തികരമല്ല. വന്‍തുക പലരും തട്ടിയെടുത്തു. ഇപ്പോഴത്തെ സ്ഥിതിക്ക് ഉത്തരവാദിയായ സീനിയര്‍ കോണ്‍ഗ്രസ് നേതാവ് സുരേഷ് കല്‍മാഡി ഇപ്പോഴും ഗെയിംസിന്റെ സംഘാടക സമിതി അധ്യക്ഷനായിതുടരുന്നു. അതേസമയം സോണിയാഗാന്ധി മുതല്‍ ജയ്പാല്‍ റെഡ്ഢിവരെയുള്ളവരെല്ലാം കുറ്റക്കാരെ ശിക്ഷിക്കുമെന്നു വാഗ്ദാനം ചെയ്യുന്നു. താഴെക്കിടയിലുളള ചില ഉദ്യോഗസ്ഥന്‍മാര്‍ മാത്രം സസ്‌പെന്റ് ചെയ്യപ്പെട്ടു.

അഴിമതിയിലൂടെ രാഷ്ട്രീയ നേതാക്കന്‍മാര്‍ സമാഹരിക്കുന്ന പണത്തിന്റെ സിംഹഭാഗവും ബിസിനസുകാരുടെയും ഉദ്യോഗസ്ഥ പ്രമാണിമാരുടെയും കള്ള പണവും സ്വിസ്ബാങ്കുകളിലേക്കാണ് പോകുന്നത്. ഇന്ത്യയുടെ വാര്‍ഷിക ബജറ്റ് പത്തുലക്ഷം കോടി രൂപയാണ്. സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപം 72 ലക്ഷം കോടി രൂപയാണെന്നാണ് കണക്കാക്കുന്നത്. ഈ കള്ളപണം പിടിച്ചെടുത്തു വിതരണം ചെയ്താല്‍ ഇന്ത്യയിലെ ഓരോ പൗരനും അമ്പതിനായിരം രൂപ വീതം ലഭിക്കും. ഇത് നമ്മുടെ രാഷ്ട്രത്തിന്റെ പണമാണ്. പാര്‍ലമെന്റില്‍ ഞാന്‍ അംഗമായിരുന്നപ്പോള്‍ നാലുതവണ ഈ പ്രശ്‌നം ഉന്നയിച്ചു. അന്വേഷിക്കുമെന്ന വാഗ്ദാനം മാത്രമാണ് ലഭിച്ചത്. ഒന്നും സംഭവിച്ചില്ല.

രാഷ്ട്രീയ അഴിമതി നമ്മുടെ രാഷ്ട്രത്തെ കാര്‍ന്നുതിന്നുകയാണ്. നമ്മുടെ ഖനികളും ധാതുക്കളുമെല്ലാം കൊള്ളയടിക്കപ്പെടുന്നു. ലാഭക്കൊതിയരായ കോര്‍പറേറ്റുകള്‍ പ്രകൃതി വാതകവും പെട്രോളിയം ഉല്‍പന്നങ്ങളും ചൂഷണംചെയ്യുന്നു. ലോകത്തെ ഏറ്റവും സമ്പന്നരായ പത്തു പേരില്‍ നാല് ഇന്ത്യക്കാരുണ്ട്. ലോകത്ത് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരില്‍ 40 ശതമാനവും ഇന്ത്യയിലാണ്. ഏറ്റവും സമ്പന്നരായ അഞ്ച് ഇന്ത്യക്കാരുടെ ആസ്തി മുപ്പതു കോടി ഇന്ത്യക്കാരുടെ ആസ്തിക്ക് തുല്യമാണ്. ഇതാണ് മുതലാളിത്തത്തിന്റെ വൃത്തികെട്ട കളി. മുതലാളിത്തം അഴിമതി വളര്‍ത്തുന്നു.

എസ് സുധാകര്‍ റെഡ്ഢി janayugom 23092010

1 comment:

  1. അഴിമതി ഇന്ത്യയിലോ ലോകത്തോ ഒരു പുതിയ കാര്യമല്ല. എന്നാല്‍ ഇപ്പോള്‍ ഗവണ്‍മെന്റിന്റെ വിവിധ തലങ്ങളില്‍ തീരുമാനമെടുക്കുന്നതില്‍ ഉള്‍പ്പെടെ, രാഷ്ട്രീയ പ്രക്രിയയിലാകെ അഴിമതി ആധിപത്യം പുലര്‍ത്താന്‍ തുടങ്ങിയിരിക്കുന്നു.

    ReplyDelete