Friday, September 17, 2010

ഉദയസൂര്യനെ മറയാക്കി പുത്തിഗെയിലെ കോ-ലീ-ബീ

കാസര്‍കോട്: പുത്തിഗെയില്‍ കോണ്‍ഗ്രസിനും ലീഗിനും ബിജെപിക്കും ഒറ്റചിഹ്നം- ഉദയസൂര്യന്‍. 2005 ലെ തെരഞ്ഞെടുപ്പിലായിരുന്നു ഈ വിചിത്രസഖ്യം. എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ ഏത് അവിശുദ്ധസഖ്യത്തിനും യുഡിഎഫ് നേതൃത്വം തയ്യാറാകുമെന്നതിന്റെ വ്യക്തമായ തെളിവാണ് പുത്തിഗെ പഞ്ചായത്ത്. കമ്യൂണിസ്റ്റ് പോരാട്ടത്തിന്റെ പാരമ്പര്യമുള്ള പുത്തിഗെയിലെ വലിയ പാര്‍ടി സിപിഐ എമ്മും മുന്നണി എല്‍ഡിഎഫുമാണ്. കാലങ്ങളായി ഇവിടെ ഭരിച്ചുവന്നതും എല്‍ഡിഎഫായിരുന്നു.

എല്‍ഡിഎഫ് ഭരണം ഏത് വിധത്തിലും അവസാനിപ്പിക്കണമെന്നു തീരുമാനിച്ച് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ബിജെപിയുമായി മുന്നണിയുണ്ടാക്കി മത്സരിച്ചു. കോണ്‍ഗ്രസ്, മുസ്ളിംലീഗ്, ബിജെപി സ്ഥാനാര്‍ഥികള്‍ സ്വന്തം പാര്‍ടിയുടെ ചിഹ്നം ഉപേക്ഷിച്ച് ഉദയസൂര്യനെന്ന പൊതുചിഹ്നത്തില്‍ മത്സരിച്ചു. 13 വാര്‍ഡുള്ള പഞ്ചായത്തില്‍ ഈ മുന്നണിക്ക് ഒമ്പത് സീറ്റും കിട്ടി. എല്‍ഡിഎഫിന് നാലും. ബിജെപി-5, കോണ്‍ഗ്രസ്-3, ലീഗ്-1 എന്നിങ്ങനെയാണ് കോ-ലീ-ബി കക്ഷിനില. മുന്‍ ധാരണയനുസരിച്ച് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസ് ഡിസൂസ പ്രസിഡന്റും ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ജയന്ത പാട്ടാളി വൈസ്പ്രസിഡന്റുമായി. കഴിഞ്ഞ അഞ്ച് വര്‍ഷവും ഭരണം നടത്തുന്നത് ഈ മുന്നണിയാണ്.

കോണ്‍ഗ്രസിന്റെയും മുസ്ളിംലീഗിന്റെയും സംസ്ഥാനനേതൃത്വത്തിന്റെ അനുമതിയോടെയാണ് പുത്തിഗെയിലെ കൂട്ടുകെട്ട്. ബിജെപി സംസ്ഥാനനേതൃത്വം ആദ്യംതന്നെ ആരുമായും കൂട്ടുകൂടുമെന്ന് പ്രഖ്യാപിച്ചിരുന്നു. തോമസ് ഡിസൂസ മത്സരിക്കുമ്പോഴും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്നു. സംഘടനാതെരഞ്ഞെടുപ്പ് നടന്നശേഷവും ഇയാളെ തന്നെയാണ് പ്രസിഡന്റാക്കിയത്. ലീഗ് അംഗത്തിന്റെ പാര്‍ടി ഭാരവാഹിത്വത്തിനും തടസ്സമൊന്നുമുണ്ടായില്ല. സംസ്ഥാനനേതൃത്വത്തിന്റെ അറിവോടും സമ്മതത്തോടുമാണ് ഇവിടെ മുന്നണിയുണ്ടാക്കിയതെന്നതിന് തെളിവാണ് ഇവരെല്ലാം ഇപ്പോഴും പാര്‍ടി ഭാരവാഹികളായിരിക്കുന്നത്. വികസനപ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന പഞ്ചായത്താണ് കോ-ലീ-ബി ഭരിക്കുന്ന പുത്തിഗെ. മൂന്ന് പാര്‍ടികളും പദ്ധതി ഫണ്ട് പങ്കിട്ടെടുത്ത് അഴിമതി നടത്തുന്നതിലാണ് മത്സരിക്കുന്നത്. കൂട്ടുത്തരവാദിത്തം എന്നൊന്നില്ല.

തമ്മില്‍ത്തല്ല്: ജയിച്ചിടങ്ങളില്‍പ്പോലും ഭരിക്കാനാകാതെ യുഡിഎഫ്

കൊച്ചി: ജില്ലയില്‍ കൈവിരലിലെണ്ണാവുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണമാണ് 2005ല്‍ യുഡിഎഫിന് കിട്ടിയത്. 88 പഞ്ചായത്തില്‍ 19, എട്ട് മുന്‍സിപ്പാലിറ്റിയില്‍ മൂന്ന്, 15 ബ്ളോക്ക് പഞ്ചായത്തില്‍ നാല് എന്നിങ്ങനെയായിരുന്നു യുഡിഎഫിനു ലഭിച്ചത്. ഇതിനുപുറമെ ജില്ലാ പഞ്ചായത്ത്, കോര്‍പറേഷന്‍ എന്നിവയില്‍ ഭൂരിപക്ഷത്തിനടുത്തെത്താന്‍പോലും കഴിഞ്ഞില്ല. എന്നാല്‍ കിട്ടിയ ചുരുക്കം തദ്ദേശസ്ഥാപനങ്ങള്‍പോലും യുഡിഎഫ് തമ്മില്‍ത്തല്ലി ഭരണം എല്‍ഡിഎഫിനെ ഏല്‍പ്പിച്ചു. അങ്കമാലി നഗരസഭ, കെ വി തോമസിന്റെ നാടായ കുമ്പളങ്ങി എന്നിവയുടെ ഭരണം എല്‍ഡിഎഫിന് ഏറ്റെടുക്കേണ്ടിവന്നു. ചിലയിടങ്ങളില്‍ പ്രശ്നം തീര്‍ക്കാന്‍ പഞ്ചായത്ത് പ്രസിഡന്റിനെത്തന്നെ പലപ്രാവശ്യം മാറ്റി. ഭരണം നടത്തുന്നതിനേക്കാള്‍ കൂടുതല്‍ സമയം അധികാരത്തര്‍ക്കം തീര്‍ക്കാനായിരുന്നു ചെലവഴിച്ചത്.

അതേസമയം ജില്ലാ പഞ്ചായത്ത്, കൊച്ചിന്‍ കോര്‍പറേഷന്‍, തൃപ്പൂണിത്തുറ, പറവൂര്‍, ആലുവ, കോതമംഗലം, മൂവാറ്റുപുഴ മുനിസിപ്പാലിറ്റികളിലും സുസ്ഥിര ഭരണത്തിലൂടെ വികസനമുന്നേറ്റംനടത്താന്‍ എല്‍ഡിഎഫിനായി. അങ്കമാലി മുനിസിപ്പാലിറ്റിയില്‍ 27ല്‍ 15 സീറ്റുമായാണ് യുഡിഫ് അധികാരത്തില്‍ വന്നത്. ലില്ലി രാജു ചെയര്‍പേഴ്സണായി. തുടക്കം മുതലെ ഭരണത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ത്തന്നെ അഭിപ്രായവ്യത്യാസം ഉടലെടുത്തു. ഇതിനെത്തുടര്‍ന്ന് നഗരസഭയിലെ സീനിയര്‍ അംഗമായ താണ്ടുവര്‍ഗീസിനെ അവസാന രണ്ടുവര്‍ഷം ചെയര്‍പേഴ്സനാക്കാമെന്ന് കരാറുണ്ടാക്കി. മൂന്നരവര്‍ഷം കഴിഞ്ഞും ലില്ലി സ്ഥാനം ഒഴിയാതിരുന്നതിനെത്തുടര്‍ന്ന് താണ്ടുവര്‍ഗീസ്, സി കെ വര്‍ഗീസ്, വില്‍സ മുണ്ടാടന്‍, എം എ സുലോചന, കെ പി ഏലിയാസ് എന്നിവര്‍ കുറുമുന്നണിയുണ്ടാക്കി. ചെയര്‍പേഴ്സനെതിരെ അവിശ്വാസത്തിന് നോട്ടീസ് നല്‍കി. തുടര്‍ന്ന് താണ്ടുവര്‍ഗീസ് എല്‍ഡിഎഫിന്റെ പിന്തുണയോടെ ഭരിച്ചു. താണ്ടുവര്‍ഗീസ് രാജിവച്ചതിനുശേഷം നറുക്കെടുപ്പിലൂടെ എല്‍ഡിഎഫിലെ വത്സല ഹരിദാസ് ചെയര്‍പേഴ്സനായി. കുമ്പളങ്ങിയില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയായിരുന്നു തര്‍ക്കം. സ്വതന്ത്രയായ സലില ജെയിംസിനെയാണ് കോണ്‍ഗ്രസ് ആദ്യം വൈസ്പ്രസിഡന്റാക്കിയത്. കാലാവധി രണ്ടര വര്‍ഷമായിരുന്നു.

എന്നാല്‍ കാലാവധി കഴിഞ്ഞിട്ടും സ്ഥാനം ഒഴിയാതെ വന്നപ്പോള്‍ മുന്നണിയില്‍ പ്രശ്നങ്ങളായി. ആറു മാസത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ രാജിവച്ചു. പിന്നീട് കോണ്‍ഗ്രസില്‍നിന്നു രണ്ടുപേര്‍ വൈസ്പ്രസിഡന്റാകാന്‍ മത്സരിച്ചു. എം പി രത്തനും പി കെ രമണനും. എല്‍ഡിഎഫ് പിന്തുണയോടെ രമണന്‍ വൈസ്പ്രസിഡന്റായി. തുടര്‍ന്ന് യുഡിഎഫ് പരാതിയില്‍ രമണന്‍ അയോഗ്യനായി. തെരഞ്ഞെടുപ്പില്‍ അവിടെ എല്‍ഡിഎഫ് ജയിച്ചു. ഇതോടെ എല്‍ഡിഎഫിന് എട്ടംഗങ്ങളായി. യുഡിഎഫിന് ഏഴും. സ്വതന്ത്രകൂടി എല്‍ഡിഎഫിനെ പിന്തുണച്ചതോടെ ഭരണം എല്‍ഡിഎഫിനായി. ഭരണം അനുഭവപ്പെട്ടത് അന്നുമുതലാണെന്ന് ജനം സാക്ഷി.

ദേശാഭിമാനി 17092010

2 comments:

  1. പുത്തിഗെയില്‍ കോണ്‍ഗ്രസിനും ലീഗിനും ബിജെപിക്കും ഒറ്റചിഹ്നം- ഉദയസൂര്യന്‍. 2005 ലെ തെരഞ്ഞെടുപ്പിലായിരുന്നു ഈ വിചിത്രസഖ്യം. എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ ഏത് അവിശുദ്ധസഖ്യത്തിനും യുഡിഎഫ് നേതൃത്വം തയ്യാറാകുമെന്നതിന്റെ വ്യക്തമായ തെളിവാണ് പുത്തിഗെ പഞ്ചായത്ത്

    ReplyDelete
  2. പുത്തിഗെ പഞ്ചായത്തില്‍ നിലവിലുള്ള കോണ്‍ഗ്രസ്- ബിജെപി സഖ്യം തുടരാന്‍ ഉന്നത നേതാക്കളുടെ രഹസ്യ യോഗം തീരുമാനിച്ചു. കട്ടത്തടുക്കയിലെ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ ഇരുപാര്‍ടികളുടെയും ജില്ലാനേതാക്കള്‍ പങ്കെടുത്തു. പൊതുമുന്നണിയായി മത്സരിക്കണമെന്ന വികാരമാണ് കോണ്‍ഗ്രസ് പ്രകടിപ്പിച്ചത്. ഇത്തവണ പ്രസിഡന്റ് സ്ഥാനം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കഴിഞ്ഞതവണ തങ്ങള്‍ക്ക് കൂടുതല്‍ സീറ്റുണ്ടായിട്ടും പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിന് നല്‍കിയത് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഭൂരിപക്ഷം കിട്ടിയാല്‍ കൂടുതല്‍ സീറ്റുള്ള പാര്‍ടിയുടെ ആള്‍ പ്രസിഡന്റാകട്ടെ എന്ന തീരുമാനത്തിലാണ് യോഗം പിരിഞ്ഞത്.കോലീബി മുന്നണിയെ എതിര്‍ക്കുന്ന ചില ലീഗ് നേതാക്കളെ അനുനയിപ്പിക്കാനുള്ള ഉത്തരവാദിത്വം കോണ്‍ഗ്രസ് ഏറ്റെടുത്തിട്ടുണ്ട്. ഇതിന്റെ മുന്നോടിയായി കോണ്‍ഗ്രസ്- ലീഗ് ചര്‍ച്ച നടന്നു. കോണ്‍ഗ്രസും ലീഗുമായി ധാരണയിലെത്താമെന്നും ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് എതിരെ വേണമെങ്കില്‍ ലീഗിന് സ്ഥാനാര്‍ഥികളെ നിര്‍ത്താമെന്നുമാണ് കോണ്‍ഗ്രസ് വെച്ച നിര്‍ദേശം. ബിജെപി മത്സരിക്കുന്ന വാര്‍ഡുകളില്‍ ലീഗിന് കാര്യമായ സ്വാധീനമില്ലാത്തതിനാല്‍ മത്സരമുണ്ടായാലും ബിജെപിയുമായി മുന്നണിയുണ്ടാക്കാന്‍ പ്രയാസമില്ലെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. ഫലത്തില്‍ കോ-ലീ-ബി സഖ്യം വരികയും ലീഗ് മുന്നണിയിലില്ലെന്ന് പറയാനുള്ള അവസരം ഉണ്ടാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ നിര്‍ദേശം പരിഗണിക്കാമെന്ന് ലീഗ് നേതാക്കള്‍ സമ്മതിച്ചിട്ടുണ്ട്. deshabhimani 200910

    ReplyDelete