സീറ്റ്തര്‍ക്കം യൂത്ത് നേതാവിന്റെ തല അടിച്ചുപൊളിച്ചു
കുറവിലങ്ങാട്: പഞ്ചായത്ത് തെരഞ്ഞെടുപ്പ് സീറ്റുവിഭജനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ കേരള കോണ്‍ഗ്രസ് എമ്മുകാരന്യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ തല അടിച്ചുപൊളിച്ചു. തലയ്ക്കും കണ്ണിനും ഗുരുതരമായി പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് കടുത്തുരുത്തി നിയോജകമണ്ഡലം പ്രസിഡന്റ് കെ എസ് ജോമോനെ(34) താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി എട്ടരയോടെ ഉഴവൂര്‍ കുരിശുപള്ളിക്കവലയിലാണ് കേരള കോണ്‍ഗ്രസ് എം പ്രവര്ത്തകന് പുല്ലന് രാജുവെന്ന കളരിയ്ക്കല്‍ രാജു, യൂത്ത് കോണ്‍ഗ്രസ് നേതാവിനെ അക്രമിച്ചത്. യുഡിഎഫ് സീറ്റ്വിഭജന ചര്‍ച്ചയില്‍ ചീങ്കല്ലേല്‍, അരീക്കര വാര്ഡുകളെച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. യുഡിഎഫിന് വിജയസാധ്യതയില്ലാത്ത സീറ്റുകള്‍ കോണ്‍ഗ്രസിനുമേല്‍ കെട്ടിവച്ച് വിജയസാധ്യതയുള്ള സീറ്റ് മാണി ഗ്രൂപ്പ് കൈയടക്കിയതായി കോണ്‍ഗ്രസ് ഉഴവൂര്‍ മണ്ഡലം നേതൃത്വം ആരോപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് അക്രമം ഉണ്ടായത്. ചികിത്സയില്‍ കഴിയുന്ന ജോമോനെ കെപിസിസി സെക്രട്ടറി ലതികാ സുഭാഷ്, മുന്‍ എംഎല്‍എയും കെപിസിസി എക്സിക്യൂട്ടീവ് അംഗവുമായ പി എം മാത്യു, കെപിസിസി അംഗം ഡി ജോസഫ് എന്നിവര്‍ സന്ദര്‍ശിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച ഉഴവൂരില്‍ യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചു. അക്രമിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിലുടനീളം പോസ്റ്ററും പതിച്ചിട്ടുണ്ട്.
സമവായം ആയില്ല; ആലപ്പുഴ ഡിസിസി പിരിച്ചുവിട്ടു
ആലപ്പുഴ: കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലും ആലപ്പുഴ ഡിസിസി പ്രസിഡന്റിന്റെ കാര്യത്തില്‍ സമവായത്തിലെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പ്രസിഡന്റിനെ നിശ്ചയിക്കാനുള്ള അധികാരം പൂര്‍ണമായി സോണിയഗാന്ധിക്ക് നല്കി ഡിസിസി പിരിച്ചുവിട്ടു. പുതിയ നിയമനം നടത്തുംവരെ എ എ ഷുക്കൂര്‍ എംഎല്‍എ കാവല്പ്രസിഡന്റായി തുടരും.
'ഐ' ഗ്രൂപ്പിന് മുന്‍തൂക്കമുള്ള ജില്ലയില്‍ സമവായത്തിന്റെ പാതയിലാണ് 'എ' ഗ്രൂപ്പുകാരനായ എ എ ഷുക്കൂറിന് പ്രസിഡന്റ് സ്ഥാനം നല്‍കിയത്. പിന്നീട് ഷുക്കൂര്‍ ചെന്നിത്തല പക്ഷത്തേക്ക് ചുവടുമാറ്റി. ഇതോടെ 'എ' ഗ്രൂപ്പുകാരില്‍ ശക്തമായ അമര്‍ഷമായി. അവര്‍ അത് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. പലപ്പോഴും ഇരുവിഭാഗവും തെരുവില്‍ ഏറ്റുമുട്ടുകയും കെപിസിസി അംഗങ്ങള്‍ക്കുവരെ പരിക്കേല്‍ക്കുകയും ചെയ്യുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തി. ഇതിനിടയില്‍ ഗ്രൂപ്പ് സമവാക്യങ്ങളിലും മാറ്റമുണ്ടായി. അതോടെ 'എ' ഗ്രൂപ്പിന്റെ ശക്തി കുറച്ചുകൂടി വര്‍ധിച്ചു. കോണ്‍ഗ്രസിന് ലഭിച്ച എല്ലാ സ്ഥാനങ്ങളും ചെന്നിത്തല ഗ്രൂപ്പ് കൈയ്യടക്കിയതിനെതിരെ പ്രതിഷേധം ശക്തമായി. എ എ ഷുക്കൂര്‍ എംഎല്‍എ ആയതോടെ ഡിസിസി ഐ പ്രസിഡന്റുസ്ഥാനം 'എ' ഗ്രൂപ്പിന് നല്‍കണമെന്ന ആവശ്യവും കൂടുതല്‍ ശക്തമായി. എന്നാല്‍, പ്രസിഡന്റുസ്ഥാനം വിട്ടുകൊടുക്കാന്‍ ചെന്നിത്തല വിഭാഗം തയ്യാറല്ലായിരുന്നു. ചര്‍ച്ചകള്‍ പലവട്ടം നടന്നെങ്കിലും പൊതുസമ്മതനായ ഒരു പേര് എഐസിസിക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല. ഡിസിസി പ്രസിഡന്റുമാരാകാന്‍ അര്‍ഹതയുള്ളവരുടെ പട്ടിക മറ്റ് ജില്ലകള്‍ കെപിസിസി മുഖാന്തിരം എഐസിസിക്ക് നല്‍കിയിട്ടുണ്ട്. ആലപ്പുഴയില്‍ ഗ്രൂപ്പ് വൈരം മൂര്‍ഛിച്ച് നില്ക്കുന്നതിനാല് അതിനും കഴിഞ്ഞിട്ടില്ല.
അവസാനശ്രമമെന്ന നിലയിലാണ് ബുധനാഴ്ച കെപിസിസി പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ ജില്ലയിലെ കെപിസിസി, ഡിസിസി അംഗങ്ങള്‍, ബ്ളോക്ക് പ്രസിഡന്റ്, സെക്രട്ടറിമാര്‍ എന്നിവര്‍ ഉള്‍ക്കൊള്ളുന്ന ജനറല്‍ബോഡി യോഗം ചേര്‍ന്നത്. എന്നാല്‍, സമവായത്തിലെത്താന്‍ കഴിയില്ലെന്ന് മനസ്സിലാക്കി ആരെയെങ്കിലും പ്രസിഡന്റാക്കൂ എന്ന നിലപാടില്‍ ഡിസിസി ഐ പിരിച്ചുവിട്ട് എല്ലാ അധികാരവും സോണിയഗാന്ധിക്ക് നല്‍കുകയായിരുന്നു. സോണിയഗാന്ധി പുതിയ നിയമനം നടത്തുംവരെ എ എ ഷുക്കൂര്‍ കാവല്പ്രസിഡന്റായി തുടരും.
deshabhimani 15092010
No comments:
Post a Comment