Monday, September 20, 2010

ഓരോ നാട്ടിലും സര്‍ക്കാര്‍ എല്ലാ വീട്ടിലും നേട്ടം

പഞ്ചായത്തുകള്‍ പ്രാദേശിക ഗവണ്‍മെന്റുകളായി പ്രവര്‍ത്തിച്ചു തുടങ്ങിയപ്പോള്‍ അസഹിഷ്ണുത കാട്ടിയവര്‍ ഇപ്പോള്‍ പശ്ചാത്തപിക്കുന്നുണ്ടാവും. പഞ്ചായത്തംഗങ്ങള്‍ പ്രോട്ടോക്കോള്‍ പറഞ്ഞപ്പോള്‍ നെറ്റിചുളിച്ചവര്‍ക്കും തെറ്റി. അത്തരക്കാര്‍ക്കുള്ള മറുപടികൂടിയാണ് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് കേരളത്തിന്റെ തദ്ദേശ സ്വയംഭരണ മന്ത്രി പാലോളി മുഹമ്മദ്കുട്ടിക്ക് കഴിഞ്ഞ പഞ്ചായത്ത് രാജ് ദിനത്തില്‍ സമ്മാനിച്ച ദേശീയ ബഹുമതി. പദവിയും പണവും പരിശീലനവും പ്രവര്‍ത്തന സ്വാതന്ത്ര്യവും പോത്സാഹനവും നല്‍കി പ്രാദേശിക സര്‍ക്കാരുകളെ വളര്‍ത്തിയെടുക്കാന്‍ കേരളവും ഇടതുപക്ഷവും കൈക്കൊണ്ട രാഷ്ട്രീയ ധീരതക്കും പ്രതിബദ്ധതക്കുമുള്ള അംഗീകാരം. അവാര്‍ഡ് തുകയായി രണ്ടരക്കോടി രൂപ. പഞ്ചായത്ത് രാജ് പ്രവര്‍ത്തനത്തില്‍ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനത്തിനുള്ള ദേശീയ പുരസ്കാരമാണ് മൂന്നര കോടിയിലേറെ വരുന്ന കേരളീയര്‍ക്കായി മന്ത്രി ഏപ്രില്‍ 24ന് ഏറ്റുവാങ്ങിയത്. പഞ്ചായത്തീരാജ് പ്രവര്‍ത്തനത്തിലൂടെ ജനങ്ങളുടെ ശാക്തീകരണത്തിനും പദ്ധതികള്‍ക്കായി ഏറ്റവും ഫലപ്രദമായി ഫണ്ട് വിനിയോഗിച്ചതിനുമുള്ള മികവിനാണ് കേരളം ദേശീയ ബഹുമതി നേടിയത്. കേരളത്തിന്റെ ശിരസില്‍ ബഹുമതി മുദ്രകള്‍ ചാര്‍ത്തുമ്പോള്‍ കിടിലം കൊള്ളുന്നവരെ ഓര്‍ത്ത് ഒരോ മലയാളിക്കും ലജ്ജിക്കാം.

കേരളത്തിന് തുടരെ അംഗീകാരങ്ങള്‍ നല്‍കുന്നതിനെതിരെ കേന്ദ്ര മന്ത്രി വയലാര്‍ രവിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എം പിമാര്‍ കേന്ദഭരണാധികാരികളെ കണ്ട് നിവേദനം നല്‍കിയത് ഈയിടെയാണ്. പൊതുഭരണരംഗത്തെ പഠന ഗവേഷണങ്ങള്‍ക്കും പരിശീലനത്തിനും രാജ്യാന്തര മികവ് തെളിയിച്ച ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ളിക്ക് അഡ്മിനിസ്ട്രേഷനാണ് കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയത്തിന് വേണ്ടി മികച്ച സംസ്ഥാനങ്ങളെ കണ്ടെത്തുന്നത് എന്ന കാര്യം ഇവര്‍ മറന്നു. ജവാഹര്‍ലാല്‍ നെഹ്റു അധ്യക്ഷനായി രൂപം കൊണ്ട ഈ സ്ഥാപനം പ്രഖ്യാപിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടത്തിയത്. അധികാരം പൂര്‍ണമായി നല്‍കിയപ്പോള്‍, ഉപാധിരഹിതമായി പണം നല്‍കിയപ്പോള്‍, പ്രവര്‍ത്തനത്തിന് ജീവനക്കാരെ ലഭ്യമാക്കിയപ്പോള്‍ കേരളത്തിലെ ഗ്രാമങ്ങളും നഗരങ്ങളും മികവിന്റെ മേലാപ്പിലേക്കുയര്‍ന്നു. തരിശുകളില്‍ കതിര്‍ വിരിഞ്ഞു. ചൊരിമണലില്‍ ഹരിതമേലാപ്പുയര്‍ന്നു. 'പൂജ്യ'ന്മാരായിരുന്ന പള്ളിക്കുടങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായി, അഗതികള്‍ക്ക് തുണയേകി, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ സ്വകാര്യ ആതുരാലയങ്ങളോട് കിടപിക്കുന്നതായി. തദ്ദേശസ്ഥാപനങ്ങളിലേക്ക് വിജയിച്ചവരെയും ജനപ്രതിനിധികളായി കണക്കാക്കാന്‍ കേരളത്തിലെ ഇടതുപക്ഷമാണ് സമൂഹത്തെ പഠിപ്പിച്ചത്.

മുറ്റത്തെ മാലിന്യം മുതല്‍ സ്കൂളും ആശുപത്രിയും മാത്രമല്ല വിമനത്താവളത്തെക്കുറിച്ച് പോലും പറയാനും പദ്ധതികള്‍ തയ്യാറാക്കാനും പഞ്ചായത്തുകളും നഗരസഭകളും ധൈര്യപ്പെട്ടു. മണല്‍ മാഫിയയുടെ ടിപ്പറിന് മുന്നില്‍ കയറി നില്‍ക്കാന്‍ തന്റേടമുണ്ടായി. ഇവിടെ വീടില്ലാത്തവര്‍ ആരുമില്ലെന്ന് പറയാന്‍ കരുത്തുനേടി.
(എം എന്‍ ഉണ്ണികൃഷ്ണന്‍)

നിര്‍മല കേരളം

വൃത്തിയിലും വെടിപ്പിലും കേരളംതന്നെ. 869 ഗ്രാമപഞ്ചായത്തും 105 ബ്ളോക്കുപഞ്ചായത്തും ആറ് ജില്ലാ പഞ്ചായത്തും കേന്ദ്രസര്‍ക്കാരിന്റെ നിര്‍മല്‍ പുരസ്കാരം നേടിയെന്നതുതന്നെ ഇതിന്റെ തെളിവ്. അവാര്‍ഡ് തുകയായി മാത്രം കിട്ടിയത് 67.45 കോടി രൂപ. ഇത്തരമൊരു നേട്ടം കേരളത്തിനു മാത്രം സ്വന്തം. മാലിന്യ പരിപാലനത്തില്‍ കേരളത്തിലെ വന്‍ നഗരങ്ങളും മികവ് പുലര്‍ത്തി. കൊച്ചി നഗരസഭയും മുന്‍വര്‍ഷം തിരുവനന്തപുരം നഗരസഭയും ദേശീയ പുരസ്കാരം നേടിയിരുന്നു. മാലിന്യ നിര്‍മാര്‍ജനത്തിനും പരിസര ശുചീകരണത്തിനും എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയ വലിയ പ്രാധാന്യവും തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്ക് നല്‍കിയ ഉറച്ച പിന്തുണയുമാണ് ഈ മേഖലയില്‍ ഒറ്റനോട്ടത്തില്‍ത്തന്നെ കാണാവുന്ന മാറ്റങ്ങള്‍ വരുത്തിയത്. ക്ളീന്‍ കേരള മിഷനും ടോട്ടല്‍ സാനിട്ടേഷന്‍ മിഷനും സംയോജിപ്പിച്ച് ശുചിത്വ മിഷനാക്കി പ്രവര്‍ത്തനം ശക്തിപ്പെടുത്തി. പൊതു സ്ഥലങ്ങളും സ്ഥാപനങ്ങളും ശുചിയായി സൂക്ഷിക്കാനുള്ള പ്രചാരണവും പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചു. മാലിന്യം പൊതുസ്ഥലത്തും ജലസ്രോതസ്സിലും തള്ളുന്നത് ശിക്ഷാര്‍ഹമാക്കി. പ്ളാസ്റിക് ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ആവശ്യമായ പിന്തുണയും നിര്‍ദേശവും സംസ്ഥാന സര്‍ക്കാരില്‍നിന്ന് കിട്ടിയതോടെ തദ്ദേശസ്ഥാപനങ്ങള്‍ അവസരത്തേക്കാള്‍ ഉയര്‍ന്നുവെന്നതാണ് കേരളത്തിലെ അനുഭവം.

ജനപ്രതിനിധികള്‍ക്ക് അര്‍ഹിക്കുന്ന അധികാരം

കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രിയായിരുന്ന മണിശങ്കര്‍ അയ്യരുടെ നിര്‍ദ്ദേശപ്രകാരം തയ്യാറാക്കിയ 'പഞ്ചായത്തുകളുടെ അവസ്ഥ: 2007-08, ഒരു സ്വതന്ത്ര വിലയിരുത്തല്‍' എന്ന പഠനത്തിലും തെളിഞ്ഞു നില്‍ക്കുന്നത് കേരളമാണ്. പ്രമുഖ സാമ്പത്തിക വിദഗ്ധനും മുന്‍കേന്ദ്രമന്ത്രിയുമായ ഡോ. യോഗേന്ദ്ര അലഗിന്റെ നേതൃത്വത്തിലായിരുന്നു ആനന്ദിലെ പ്രശസ്തമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ മാനേജ്മെന്റിലെ വിദഗ്ധരുടെ പഠനം. പ്രാദേശിക മുന്‍ഗണന കണക്കിലെടുത്ത് ഗണ്യമായ പണം ഉപാധിരഹിതമായി നല്‍കുന്നതും നിശ്ചിത മേഖലകളില്‍ പ്രാദേശിക വിഭവങ്ങള്‍ വകയിരുത്തുന്നതുമാണ് കേരളത്തിലെ അധികാര വികേന്ദ്രീകരണത്തിന്റെ വിപ്ളവാത്മക വശമെന്ന് ഈ റിപ്പോര്‍ട്ട് എടുത്തു പറയുന്നു. ഏതെങ്കിലും ധനകമീഷന്റെ നിര്‍ദ്ദേശപ്രകാരമല്ല ഇത്. സംസ്ഥാനത്തിന്റെ നയപരമായ സ്വന്തം തീരുമാനമായിരുന്നു എന്നതും പഠനം അടിവരയിടുന്നു.

അധികാരവും വിഭവവും കൈമാറിയപ്പോഴും പല സംസ്ഥാനങ്ങളും 'പൊതുജീവനക്കാരെ' മാത്രമെ കൈമാറിയുള്ളു. മറ്റു ചിലയിടങ്ങളില്‍ ജീവനക്കാരെ കൈമാറിയപ്പോഴും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് അവരുടെ മേല്‍ അധികാരമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ചില സംസ്ഥാനങ്ങള്‍ അവധി അനുവദിക്കാനും മറ്റുമുള്ള പരിമിതമായ അവകാശം മാത്രം തദ്ദേശസര്‍ക്കാരുകള്‍ക്ക് നല്‍കാന്‍ തയ്യാറായി. കൈമാറിയ വകുപ്പുകളിലെ ജീവനക്കാര്‍ക്കുമേല്‍ ജനപ്രതിനിധികള്‍ക്ക് ഗണ്യമായ നിയന്ത്രണാധികാരം നല്‍കിയ ഒരേഒരു സംസ്ഥാനം കേരളമാണെന്നും പഠനം എടുത്തുപറയുന്നു. സെന്‍ കമ്മിറ്റി റിപ്പോര്‍ടിനെതുടര്‍ന്ന് എക്സിക്യൂട്ടീവ് ഓഫീസര്‍ പദവികള്‍ ഒഴിവാക്കിയ കേരളത്തിന്റെ മാതൃകയെ പഠനം ശ്ളാഘിക്കുന്നുണ്ട്. തദ്ദേശഭരണത്തില്‍ കേരളത്തിന്റെ സമഗ്രമായ പരിശീലനപദ്ധതിയെയും പഠനത്തില്‍ പ്രത്യേകമായി പരാമര്‍ശിക്കുന്നുണ്ട്.

തദ്ദേശസ്ഥാപനങ്ങളും സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന 'കില'യുടെ സമഗ്രമായ പദ്ധതികള്‍ കേരളത്തിന്റെ സമഗ്രവികസനത്തിന് സഹായകമാണ്. കില തെന്നിന്ത്യന്‍ സംസ്ഥാനങ്ങളുടെയാകെ അറിവുകേന്ദ്രമാണെന്നും റിപ്പോര്‍ട് പുകഴ്ത്തുന്നു. ഗ്രാമ വികസനരംഗത്തെ സമാന്തര സംവിധാനങ്ങള്‍ ഒഴിവാക്കുന്നതിനായി ഡിആര്‍ഡിഎയെ ലയിപ്പിച്ചത് കേരളവും ബംഗാളും മാത്രമാണ്. തദ്ദേശസര്‍ക്കാരുകളെ ശക്തിപ്പെടുത്താനുള്ള നിയമനിര്‍മാണത്തില്‍ നിര്‍ണായക മുന്നേറ്റമുണ്ടായത് കേരളത്തിലാണ്. 35 സംസ്ഥാന നിയമങ്ങളെ ഇതിനായി മാറ്റുകയോ ഭേദഗതി ചെയ്യുകയോ ചെയ്തു. ബ്ളോക്ക്- ജില്ലാ തലങ്ങളില്‍ ഗ്രാമസഭയ്ക്ക് വകുപ്പുള്ളത് കേരളത്തിലും ബംഗാളിലും മാത്രമാണെന്നും ദേശീയതലത്തില്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.

ദേശാഭിമാനി 20092010

1 comment:

  1. പഞ്ചായത്തുകള്‍ പ്രാദേശിക ഗവണ്‍മെന്റുകളായി പ്രവര്‍ത്തിച്ചു തുടങ്ങിയപ്പോള്‍ അസഹിഷ്ണുത കാട്ടിയവര്‍ ഇപ്പോള്‍ പശ്ചാത്തപിക്കുന്നുണ്ടാവും. പഞ്ചായത്തംഗങ്ങള്‍ പ്രോട്ടോക്കോള്‍ പറഞ്ഞപ്പോള്‍ നെറ്റിചുളിച്ചവര്‍ക്കും തെറ്റി. അത്തരക്കാര്‍ക്കുള്ള മറുപടികൂടിയാണ് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് കേരളത്തിന്റെ തദ്ദേശ സ്വയംഭരണ മന്ത്രി പാലോളി മുഹമ്മദ്കുട്ടിക്ക് കഴിഞ്ഞ പഞ്ചായത്ത് രാജ് ദിനത്തില്‍ സമ്മാനിച്ച ദേശീയ ബഹുമതി. പദവിയും പണവും പരിശീലനവും പ്രവര്‍ത്തന സ്വാതന്ത്ര്യവും പോത്സാഹനവും നല്‍കി പ്രാദേശിക സര്‍ക്കാരുകളെ വളര്‍ത്തിയെടുക്കാന്‍ കേരളവും ഇടതുപക്ഷവും കൈക്കൊണ്ട രാഷ്ട്രീയ ധീരതക്കും പ്രതിബദ്ധതക്കുമുള്ള അംഗീകാരം. അവാര്‍ഡ് തുകയായി രണ്ടരക്കോടി രൂപ. പഞ്ചായത്ത് രാജ് പ്രവര്‍ത്തനത്തില്‍ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനത്തിനുള്ള ദേശീയ പുരസ്കാരമാണ് മൂന്നര കോടിയിലേറെ വരുന്ന കേരളീയര്‍ക്കായി മന്ത്രി ഏപ്രില്‍ 24ന് ഏറ്റുവാങ്ങിയത്. പഞ്ചായത്തീരാജ് പ്രവര്‍ത്തനത്തിലൂടെ ജനങ്ങളുടെ ശാക്തീകരണത്തിനും പദ്ധതികള്‍ക്കായി ഏറ്റവും ഫലപ്രദമായി ഫണ്ട് വിനിയോഗിച്ചതിനുമുള്ള മികവിനാണ് കേരളം ദേശീയ ബഹുമതി നേടിയത്. കേരളത്തിന്റെ ശിരസില്‍ ബഹുമതി മുദ്രകള്‍ ചാര്‍ത്തുമ്പോള്‍ കിടിലം കൊള്ളുന്നവരെ ഓര്‍ത്ത് ഒരോ മലയാളിക്കും ലജ്ജിക്കാം.

    ReplyDelete