വികസനചരിത്രം കുറിച്ച് ജില്ലാപഞ്ചായത്ത് ഭരണസമിതി വിടവാങ്ങുന്നു
വികസനപ്രവര്‍ത്തങ്ങളുടെ പുതിയ അധ്യായം എഴുതിച്ചേര്‍ത്തുകൊണ്ടാണ് തിരുവനന്തപുരം ജില്ലാപഞ്ചായത്ത് ഭരണസമിതി പടിയിറങ്ങുന്നത്. കാര്‍ഷിക, വിദ്യാഭ്യാസ, സാമൂഹ്യക്ഷേമ മേഖലകളില്‍ വിപുലമായ പ്രവര്‍ത്തനങ്ങളാണ് ആനാവൂര്‍ നാഗപ്പന്റെ നേതൃത്വത്തിലുള്ള ജില്ലാപഞ്ചായത്ത് ഭരണസമിതി നടപ്പാക്കിയത്. ഇതിലൂടെ ജില്ലാ പഞ്ചായത്ത് കൈവരിച്ചത് സംസ്ഥാനത്തിനുതന്നെ മാതൃകയായ നേട്ടങ്ങള്‍. വ്യാഴാഴ്ച കാലാവധി തീരുന്ന ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ പ്രവര്‍ത്തനം പഠിക്കാന്‍ മറ്റ് ജില്ലകളില്‍നിന്നും സംസ്ഥാനങ്ങളില്‍നിന്നും വിദേശത്തുനിന്നും നിരവധി സംഘങ്ങള്‍ എത്തിയിട്ടുണ്ടെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ആനാവൂര്‍ നാഗപ്പന്‍ ദേശാഭിമാനിയോട് പറഞ്ഞു.
നെല്‍പ്പാടങ്ങള്‍ സംരക്ഷിക്കാനും തരിശുഭൂമി കൃഷിയോഗ്യമാക്കാനും ജില്ലാപഞ്ചായത്ത് നടപ്പാക്കിയ സമഗ്ര നെല്‍കൃഷി പദ്ധതി വളരെയേറെ വിജയമായിരുന്നു. 2200 ഹെക്ടര്‍ പ്രദേശത്ത് നെല്‍കൃഷി നടത്താന്‍ ഇതിലൂടെ കഴിഞ്ഞു. നൂറ് ഏക്കറിലധികം തരിശുഭൂമി കൃഷിയോഗ്യമാക്കാന്‍ സാധിച്ചു. ഹെക്ടറിന് ശരാശരി രണ്ടര ടണ്‍മാത്രമുണ്ടായിരുന്ന വിളവ് നാലര ടണ്ണിലേക്ക് ഉയര്‍ത്താന്‍ കഴിഞ്ഞു. സമഗ്ര വാഴകൃഷി പദ്ധതിയും വിജയകരമായി നടപ്പാക്കി.
വിദ്യാഭ്യാസരംഗത്ത് ജില്ലാപഞ്ചായത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ വളരെയധികം ശ്രദ്ധേയമായി. എല്ലാ സ്കൂളുകള്‍ക്കും സ്മാര്‍ട്ട് ക്ളാസ് മുറികള്‍ ഏര്‍പ്പെടുത്താന്‍ കഴിഞ്ഞത് സുപ്രധാന നേട്ടമാണ്. എല്ലാ സ്കൂളിലും പുതിയ മന്ദിരങ്ങള്‍ നിര്‍മിച്ചുനല്‍കി. വിദ്യാലയങ്ങള്‍ക്ക് ആവശ്യമായ ഫര്‍ണിച്ചറുകള്‍, എല്ലാ വിദ്യാലയത്തിലും ലബോറട്ടറികള്‍, എല്‍സിഡി പ്രോജക്ടറുകള്‍, സ്പോര്‍ട്സ് ഉപകരണങ്ങള്‍ എന്നിവ നല്‍കി. അഞ്ചുവര്‍ഷം മുമ്പ് ഒരു കോടിയോളം രൂപയാണ് ജില്ലാപഞ്ചായത്ത് സ്കൂളുകളിലെ ഓലക്കെട്ടിടങ്ങള്‍ മേയുന്നതിന് ഉപയോഗിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ സ്ഥിതി മാറി. മൂന്ന് സ്കൂളുകളില്‍ ഒഴികെ മറ്റ് എല്ലാ സ്കൂളുകളിലും ചുറ്റുമതിലുകള്‍ പൂര്‍ത്തിയായി. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവരെ സഹായിക്കാന്‍ ജ്യോതിര്‍ഗമയ പദ്ധതി, അധ്യാപകരുടെ കുറവ് പരിഹരിക്കാന്‍ ടീച്ചേഴ്സ് ബാങ്ക്, കൌമാരത്തിലെ മാനസികസംഘര്‍ഷം ഒഴിവാക്കാനുള്ള ഉണര്‍വ് കൌണ്‍സലിങ് പദ്ധതി എന്നിവയും നടപ്പാക്കി.
വളര്‍ച്ചയുടെ പന്ഥാവില്‍ കുന്നത്തുകാല്‍ കുതിക്കുന്നു
വെള്ളറട: വികസനചരിത്രത്തില്‍ പുതിയ ചരിത്രം രചിച്ച കുന്നത്തുകാല്‍ പഞ്ചായത്തില്‍ അഞ്ചുവര്‍ഷത്തെ വളര്‍ച്ച പരിശോധിക്കുമ്പോള്‍ അഭിമാനിക്കാന്‍ ഏറെ. വെള്ളം-വെളിച്ചം-ശുചിത്വം എന്ന മുദ്രാവാക്യമുയര്‍ത്തി അധികാരത്തിലേറിയ പ്രസിഡന്റായ ബാലകൃഷ്ണപിള്ള ഭരണസമിതി അസൂയാവഹമായ പുരോഗതിയാണ് കൈവരിച്ചത്. സംസ്ഥാനസര്‍ക്കാരിന്റെ ഗ്രീന്‍ കേരള, രാഷ്ട്രപതിയുടെ നിര്‍മല്‍ ഗ്രാമപുരസ്കാരം തുടങ്ങി വിവിധ അവാര്‍ഡുകള്‍ ഈ ഗ്രാമത്തിനെ തേടിയെത്താന്‍ കാരണങ്ങളില്‍ ഒന്നായ നീലപ്പടയുടെ പ്രവര്‍ത്തനം ഇതിനോടകം എങ്ങും ചര്‍ച്ചയായിട്ടുണ്ട്. നീലപ്പടയില്‍നിന്ന് പ്രത്യേക പരിശീലനം നേടിയ 40 പേര്‍ അടങ്ങുന്ന സംഘമാണ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിലുള്ളത്. അശരണരായ 120 കിടപ്പുരോഗികള്‍ക്ക് സാന്ത്വനചികിത്സ നല്‍കാനായി. പ്രസിഡന്റ്, വാര്‍ഡ് മെമ്പര്‍മാര്‍, മെഡിക്കല്‍ സംഘം തുടങ്ങിയവര്‍ ഇവരോടൊപ്പം രോഗികളുടെ വീടുകള്‍ സന്ദര്‍ശിച്ച് ആഹാരം, വസ്ത്രം, മരുന്ന് തുടങ്ങിയ നല്‍കിവരുന്നു. ഇതിലേക്കായി ഏഴുലക്ഷം രൂപ പദ്ധതിവിഹിതമായി ഉപയോഗിച്ചു.
ഇ എം എസ് പാര്‍പ്പിടപദ്ധതിയില്‍ ആദ്യമായി ഏറ്റവും കൂടുതല്‍ വീടുകള്‍ സമയബന്ധിതമായി തീര്‍ത്തു നല്‍കിയതിന് ജില്ലാപഞ്ചായത്തിന്റെ അംഗീകാരം ലഭിച്ചു. 1200 വീട് നിര്‍മിച്ച് നല്‍കി. 300 വീടുകളുടെ നിര്‍മാണ നടപടികള്‍ക്കു പുറമെ 90 പേര്‍ക്ക് ഭൂമി വാങ്ങി നല്‍കാനുള്ള പദ്ധതി ആരംഭിച്ചു. രണ്ടാംഘട്ട ഭവനനിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഭവനരഹിതരും ഭൂരഹിതരും പഞ്ചായത്തില്‍ ശേഷിക്കില്ല. പത്തുലക്ഷം രൂപ ചെലവില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍, പൊതുസ്ഥാപനങ്ങള്‍, വീടുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കക്കൂസുകള്‍ തുടങ്ങിയ അടിസ്ഥാനസൌകര്യങ്ങള്‍ ഒരുക്കി. 17 ലക്ഷം രൂപ ചെലവഴിച്ച് ബേബി ഫ്രണ്ട്ലി ടോയ്ലറ്റുകളോടെ അടിസ്ഥാനസൌകര്യം മെച്ചപ്പെടുത്തിയും പോഷകാഹാരങ്ങള്‍ നല്‍കിയും അങ്കണവാടികള്‍ കാര്യക്ഷമമാക്കി. യുഡിഎഫ് ഭരണകാലത്ത് അടച്ചുപൂട്ടല്‍ നടപടിവരെ എത്തിയ പഞ്ചായത്ത് സ്കൂളുകളില്‍ ഉള്‍പ്പെടെ 50 ലക്ഷം രൂപ ചെലവഴിച്ച് വിവിധ പദ്ധതികള്‍ക്ക് തുടക്കംകുറിച്ചും സ്മാര്‍ട്ട് ക്ളാസുകള്‍ നിര്‍മിച്ച് നല്‍കി എസ്എസ്എല്‍സി വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ക്ളാസുകളും ലഘുഭക്ഷണ സംവിധാനങ്ങളും ഒരുക്കി വിദ്യാര്‍ഥികളുടെ എണ്ണം കൂട്ടിയും സ്കൂളുകളെ സംരക്ഷിക്കാന്‍ കഴിഞ്ഞു.
വികസന-ക്ഷേമ പ്രവര്‍ത്തനത്തില്‍ പക്ഷപാതിത്വമില്ലാതെ അതിയന്നൂര്‍
നെയ്യാറ്റിന്‍കര: അനാഥത്വത്തില്‍നിന്ന് സനാഥത്വത്തിലേക്കും അശരണര്‍ക്ക് ആശ്വാസമേകിയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് പുത്തനുണര്‍വേകിയ അതിയന്നൂര്‍ പഞ്ചായത്തിന് മികവുകളേറെ. ഭരണസമിതിയുടെ വികസന-ക്ഷേമപ്രവര്‍ത്തനങ്ങളാകെ പരാതിക്കും പക്ഷപാതത്തിനും ഇടനല്‍കാതെ നടപ്പാക്കാനായതാണ് എടുത്തുപറയത്തക്ക നേട്ടമെന്ന് പ്രസിഡന്റ് എസ് പരമേശ്വരന്‍കുട്ടിനായര്‍ പറഞ്ഞു.
വൃദ്ധജനങ്ങള്‍ക്ക് തണലേകാന്‍ പഞ്ചായത്ത് പുതിയ വൃദ്ധസദനം പണിതത് ഒരു പുരുഷായുസ്സ് മുഴുവന്‍ കുടുംബത്തിനും നാടിനുമായി യത്നിച്ച് കഷ്ടപ്പെട്ടവര്‍ക്കായാണ്. എല്ലാ ആഴ്ചയിലും റേഷന്‍കടകളിലൂടെ തെരഞ്ഞെടുക്കപ്പെട്ട 96 കുടുംബങ്ങള്‍ക്കാണ് ഭക്ഷ്യധാന്യം നല്‍കുന്നത്. കൂടാതെ ഇവര്‍ക്കാവശ്യമായ മരുന്ന് നല്‍കാനും വേണ്ട നടപടിയെടുത്തിട്ടുണ്ട്. അന്യംനിന്നുപോയേക്കാവുന്ന അവസ്ഥയിലേക്ക് കൂപ്പുകുത്തിയ വെണ്‍പകലിലെ വയലേലകളില്‍ കതിര്‍മണി വിളയിക്കാനായത് ഗ്രാമത്തിന് പച്ചപ്പിന്റെ പുത്തനുണര്‍വേകി. സമഗ്ര വാഴക്കൃഷിയും ലക്ഷ്യംകണ്ടു. കൊയ്ത്തുയന്ത്രം വാങ്ങിയതും സബ്സിഡി നല്‍കിയതും നെല്‍കൃഷി പരിപോഷിപ്പിക്കാനായി. തെങ്ങുകൃഷി പ്രോത്സാഹിപ്പിക്കാന്‍ അസുഖം ബാധിച്ച തെങ്ങുകള്‍ മുറിച്ചുമാറ്റാനും മുന്തിയയിനം വയ്ക്കാന്‍ ധനസഹായം നല്‍കി. കൃഷിനാശത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കിയതും കര്‍ഷകര്‍ക്ക് ആശ്വാസമേകി. വെണ്‍പകല്‍, പട്യക്കാല, കോട്ടപ്പുറം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ നടപ്പാക്കി.
ക്ഷീരമേഖലയുടെ ഉയര്‍ച്ചയ്ക്കായി കന്നുകാലിയെ വളര്‍ത്താനും കന്നുകുട്ടി പരിപാലനത്തിനും കറവപ്പശു ഇന്‍ഷുറന്‍സിനും കാലിത്തീറ്റ വിതരണം, കറവപ്പശു-ആട് എന്നിവ വാങ്ങാന്‍ ധനസഹായം എന്നിവ കുറ്റമറ്റതായി നടപ്പാക്കിയതും ജീവിതനിലവാരം മെച്ചപ്പെടാനിട നല്‍കി. എല്ലാ കോളനികളിലും കുടിവെള്ളവും വൈദ്യുതിയും എത്തിക്കാനായി. അരങ്കമുകള്‍ ശുദ്ധജലപദ്ധതിക്കായി 14 ലക്ഷം രൂപയാണ് ചെലവിട്ടത്. പട്യക്കാല കല്ലില്‍ കുടിവെള്ളപദ്ധതി, പൊരിയണംകോട് പദ്ധതി എന്നിവയ്ക്കായി ഇരുപത്തൊന്നരലക്ഷം രൂപയും ചെലവാക്കി. ഇതിനുപുറമെയാണ് കുടിവെള്ളപദ്ധതികള്‍ക്കും കിണറുകള്‍ക്കുമായി ധനസഹായം നല്‍കിയത്. സമ്പൂര്‍ണ ശുചിത്വം നടപ്പാക്കിയതിന് രാഷ്ട്രപതിയുടെ നിര്‍മല്‍ പുരസ്കാരം കരസ്ഥമാക്കിയ വകയിലും അഞ്ചുലക്ഷം രൂപ നേടാനായി.
ജനകീയ വികസനപദ്ധതികളുമായി അഞ്ചുതെങ്ങ്
ആറ്റിങ്ങല്‍: മഹാകവി കുമാരനാശാന്റെ ജന്മസ്ഥലവും അഞ്ചുതെങ്ങ് കോട്ടയും സ്ഥിതി ചെയ്യുന്ന അഞ്ചുതെങ്ങ് പഞ്ചായത്തില്‍ ജനകീയ വികസന പ്രക്രിയയിലൂടെ വന്‍മുന്നേറ്റം സൃഷ്ടിച്ചിരിക്കുകയാണ് എല്‍ഡിഎഫ് ഭരണസമിതി. അഞ്ചുവര്‍ഷത്തെ ഭരണത്തിലൂടെ കുടുംബശ്രീ യൂണിറ്റുകള്‍ വഴി സ്വയംതൊഴില്‍ കണ്ടെത്താന്‍ സഹായിച്ചുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജസ്പിന്‍ മാര്‍ട്ടിന്‍ പറഞ്ഞു
മില്‍മാ യൂണിറ്റും ഗാര്‍മെന്റ് യൂണിറ്റും മത്സ്യസംസ്കരണ യൂണിറ്റും കോഴിവളര്‍ത്തല്‍ യൂണിറ്റും വിവിധ ധാന്യപ്പൊടി നിര്‍മാണയൂണിറ്റുകളും വഴി നിരവധി വനിതകള്‍ക്ക് ജീവിതമാര്‍ഗം കണ്ടെത്താനായി. 220 യൂണിറ്റിലൂടെ പഞ്ചായത്തിലെ സ്ത്രീസമൂഹത്തിന്റെ മൂന്നിലൊന്നു പേരെയും അംഗമാക്കി വനിതാ ക്ഷേമരംഗത്ത് പഞ്ചായത്ത് മാതൃകയായി. മത്സ്യമേഖലയിലെ 55 പുരുഷ സ്വയംസഹായസംഘത്തിലൂടെ മത്സ്യബന്ധനോപകരണങ്ങള്‍ വാങ്ങാന്‍ ധനസഹായം നല്‍കി. മത്സ്യത്തൊഴിലാളികളെ കടക്കെണിയില്‍നിന്ന് ഒരുപരിധിവരെ രക്ഷിക്കാനും സ്വകാര്യ സാമ്പത്തിക ഏജന്‍സികളുടെ ചൂഷണത്തില്‍നിന്ന് മോചിതരാകാനും കഴിഞ്ഞു. മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് മത്സ്യസംഘങ്ങള്‍ മുഖേന നടപ്പാക്കിയ റിവോള്‍വിങ് ഫണ്ട് മറ്റൊരു തുണയായി. കയര്‍തൊഴിലാളികളുടെ തൊഴില്‍ദിനം വര്‍ധിപ്പിക്കാനും നിരവധി പദ്ധതി നടപ്പാക്കിയതായി പ്രസിഡന്റ് ജസ്പിന്‍ മാര്‍ട്ടിന്‍ പറയുന്നു. കടലിനും കായലിനും ഇടയ്ക്ക് ഉപദ്വീപ് പോലെ സ്ഥിതി ചെയ്യുന്ന ഈ പഞ്ചായത്തിലെ പ്രധാന പ്രശ്നമായിരുന്ന കുടിവെള്ളക്ഷാമം പരിഹരിക്കാനും എല്ലാ ഭാഗത്തും വൈദ്യുതിയും എത്തിക്കാനായി. 14 അങ്കണവാടി പുതുതായി ആരംഭിച്ച് കുട്ടികളുടെ പോഷകാഹാരവിതരണത്തിന് ഒരുകോടിയോളം രൂപ ചെലവാക്കി.
വികസനത്തിന്റെ പുത്തനുണര്‍വോടെ നന്ദിയോട്
പാലോട്: ആതുരമേഖലയ്ക്ക് പുത്തന്‍ ഉണര്‍വ്. ഗതാഗതസൌകര്യങ്ങളില്‍ വിപുലമായ മുന്നേറ്റം. കാര്‍ഷികരംഗത്ത് നിറവ്. എന്‍ദിവാകരന്‍നായര്‍ സാരഥിയായ നന്ദിയോട് പഞ്ചായത്ത് വികസനക്കുതിപ്പില്‍. സര്‍ക്കാരില്‍നിന്നു ലഭിക്കുന്ന പദ്ധതിവിഹിതം ശ്രദ്ധാപൂര്‍വം വിനിയോഗിച്ച് മുന്നേറ്റമുണ്ടാക്കാന്‍ പഞ്ചായത്തിനു കഴിഞ്ഞു. ഉല്‍പ്പാദന മേഖലയില്‍ വന്‍ മുന്നേറ്റമാണ് സൃഷ്ടിക്കപ്പെട്ടത്. പൌള്‍ട്രി ഡെവലപ്മെന്റ് കോര്‍പറേഷനുമായി സഹകരിച്ച് ഇറച്ചിക്കോഴി വളര്‍ത്തല്‍ ആരംഭിച്ചു. പച്ച, പേരയം, ആനകുളം എന്നിവിടങ്ങളിലായി മൂന്ന് കുടുംബശ്രീ യൂണിറ്റ് ലാഭകരമായി ഇറച്ചിക്കോഴിവളര്‍ത്തല്‍ നടത്തുന്നു. സ്കൂളുകള്‍ക്ക് പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി വിത്തും വളവും സബ്സിഡിയായി നല്‍കുന്നു. നെല്‍ക്കൃഷി സംരക്ഷണത്തിന്റെ ഭാഗമായി ചെല്ലഞ്ചി പാടശേഖരത്തിന് ജലസേചനം ലഭ്യമാക്കുന്നതിനായി ഏഴുലക്ഷം രൂപ വിനിയോഗിച്ചുള്ള ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി ആരംഭിച്ചു. തെങ്ങ്, വാഴ, കുരുമുളക്, പച്ചക്കറി, വെറ്റിലക്കൊടി തുടങ്ങിയ കൃഷികള്‍ പ്രോത്സാഹിപ്പിക്കുന്നതിനാവശ്യമായ പദ്ധതികള്‍ നടപ്പാക്കി.
ക്ഷീരകര്‍ഷകരുടെ പുരോഗതിയും ഉന്നമനവും ലക്ഷ്യമിട്ട് എല്ലാവര്‍ഷവും പദ്ധതികള്‍ നടപ്പാക്കുന്നു. പശുക്കളെ വാങ്ങുന്നതിന് മിനി ഡെയ്റി യൂണിറ്റ് പദ്ധതിപ്രകാരം സബ്സിഡി നല്‍കുന്നു. സാമൂഹ്യക്ഷേമരംഗത്ത് അങ്കണവാടി കുട്ടികള്‍ക്കും അമ്മമാര്‍ക്കും കൌമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്കും പോഷകാഹാര വിതരണത്തിന് നല്ലൊരു തുക വര്‍ഷംതോറും നീക്കിവയ്ക്കുന്നു. കെട്ടിമില്ലാത്ത അഞ്ച് അങ്കണവാടിക്ക് കെട്ടിടം നിര്‍മിച്ചുനല്‍കി. 13 അങ്കണവാടി മെയിന്റനന്‍സ് നടത്തി.
ആതുര ശുശ്രൂഷാരംഗത്തും വന്‍ കുതിച്ചുചാട്ടമാണ് ഉണ്ടായത്. പാലോട് ഗവ. ആശുപത്രിയെ കമ്യൂണിറ്റി ഹെല്‍ത്ത്സെന്ററാക്കി ഉയര്‍ത്തി. പഴയ കെട്ടിടങ്ങളുടെ നവീകരണത്തിനും ഉപകരണങ്ങള്‍ക്കുമായി 50 ലക്ഷം രൂപ നല്‍കി. മെയിന്‍ ബ്ളോക്കിന്റെ രണ്ടാം നില നിര്‍മാണത്തിന് 50 ലക്ഷം നല്‍കി. എംഎല്‍എയുടെ പിഡബ്ള്യുഡി ഫണ്ടില്‍നിന്ന് 60 ലക്ഷം രൂപ ചെലവഴിച്ച് പുതിയ കെട്ടിടം. വര്‍ക്കല രാധാകൃഷ്ണന്‍ എംപിയുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് പ്രസവവാര്‍ഡ് മന്ദിരം നിര്‍മിച്ചു. നിലവിലുള്ളതിന് പുറമേ രണ്ട് ഡോക്ടര്‍മാരും ഏഴ് നേഴ്സുമാരും ഉള്‍പ്പെടെ 15 പുതിയ തസ്തികകള്‍. നന്ദിയോട് ഹോമിയോ ആശുപത്രിയുടെ ഭൌതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി. പേരയം ആയുര്‍വേദ ആശുപത്രി കെട്ടിടനിര്‍മാണത്തിന് എംഎല്‍എ ഫണ്ടില്‍നിന്ന് ആറുലക്ഷം രൂപ അനുവദിച്ചു. പാലോട് ഗവ. ആശുപത്രിക്കും നന്ദിയോട് ഹോമിയോ ആശുപത്രിക്കും വര്‍ഷംതോറും മരുന്നുവാങ്ങി നല്‍കുന്നു. വട്ടപ്പന്‍കാട്ടില്‍ പുതിയ സിദ്ധാശുപത്രി അനുവദിച്ചു. പച്ച മുടുമ്പ് ഹെല്‍ത്ത്സെന്ററിന് പുതിയ മന്ദിരം നിര്‍മിച്ചു. അസൌകര്യങ്ങളുടെ നടുവില്‍ പ്രവര്‍ത്തിക്കുന്ന നന്ദിയോട് മൃഗാശുപത്രിക്ക് പഞ്ചായത്ത് ഫണ്ടില്‍നിന്ന് 6.5 ലക്ഷം രൂപ വിനിയോഗിച്ച് പുതിയ കെട്ടിടം നിര്‍മിച്ചു.
പുരോഗതിയുടെ പച്ചപ്പണിഞ്ഞ് പരവൂര്‍
ചാത്തന്നൂര്‍: കാര്‍ഷിക മേഖലയില്‍ ഇന്നുവരെയുണ്ടാകാത്ത ഉണര്‍വിന്റെ ആവേശത്തിലാണ് പരവൂര്‍ പട്ടണം. വര്‍ഷങ്ങളായി തരിശിട്ട പാടങ്ങളിപ്പോള്‍ പച്ചപ്പണിഞ്ഞു. കാര്‍ഷികവൃത്തി ഉപേക്ഷിച്ച കര്‍ഷകരിപ്പോള്‍ നൂറുമേനി കൊയ്യുന്നതിന്റെ ആഹ്ളാദത്തിലാണ്. കര്‍ഷകര്‍ക്ക് സൌജന്യമായി നെല്‍വിത്ത് വിതരണംചെയ്യുന്നതിന്റെ ഗുണം കണ്ടുതുടങ്ങിയതായി പരവൂര്‍ കുറുമണ്ടല്‍ മരുതുവിള വീട്ടില്‍ തങ്കമ്മ പറഞ്ഞു.
മുനിസിപ്പാലിറ്റി ഇന്ന് പച്ചക്കറി ഉല്‍പ്പാദനത്തില്‍ ഏറെക്കുറെ സ്വയം പര്യാപ്തമാണ്. കഴിഞ്ഞ ഓണത്തിന് തങ്കമ്മയ്ക്ക് പൊതു കമ്പോളത്തില്‍നിന്ന് പച്ചക്കറി വാങ്ങേണ്ടിവന്നില്ല. സൌജന്യമായി ലഭിച്ച വിത്ത് വിതച്ചത് ഓണക്കാലമായപ്പോഴേക്കും വിളവെടുക്കാന്‍ പാകമായി. കോഴിക്കുഞ്ഞുങ്ങളെ സൌജന്യമായി നല്‍കിയത് വീട്ടമ്മമാര്‍ക്ക് വരുമാന മാര്‍ഗവുമായി. മുട്ട വിറ്റുകിട്ടുന്നത് ചില്ലറ വീട്ടുചെലവും കഴിക്കാം. കോഴി മാത്രമല്ല, മൃഗസംരക്ഷണ പദ്ധതി പ്രകാരം പാല്‍, മാംസം എന്നിവയുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും നടപടി സ്വീകരിച്ചു. മുനിസിപ്പല്‍പ്രദേശത്തെ വീട്ടമ്മമാര്‍ക്കൊക്കെ പറയാനുള്ളത് തങ്കമ്മയുടെ അനുഭവമാണ്. കേരകര്‍ഷകര്‍ക്കും ആഹ്ളാദത്തിന്റെ നാളുകളായിരുന്നു. മണ്ടരി വ്യാപകമായതോടെ പലരും തെങ്ങ് മുറിച്ചുവിറ്റ് കാശാക്കി. എന്നാലിന്ന് രോഗം ബാധിച്ച തെങ്ങ് മുറിക്കാന്‍ മുനിസിപ്പാലിറ്റിയില്‍നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നു. കൂടാതെ പകരം തെങ്ങിന്‍ തൈയും നല്‍കും. പുതിയൊരു കാര്‍ഷിക സംസ്ക്കാരത്തിനുതന്നെ ഇവിടെ തുടക്കമാകുകയാണ്.
അറബിക്കടലും കായലും അതിരുനില്‍ക്കുന്ന പ്രകൃതിരമണീയമായ നാടാണ് പരവൂര്‍. കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളുടെയും കയറിന്റെയും ഗ്രാമം. പ്രക്ഷോഭത്തിന്റെ വിത്ത് വിളഞ്ഞ മണ്ണാണിത്. അവകാശങ്ങള്‍ നേടാനായി തൊഴിലാളികള്‍ നടത്തിയ മിച്ചഭൂമി സമരത്തിന്റെ കഥയാണ് മാലാക്കായലിന് പറയാനുള്ളത്. വി കേശവനാശാന്‍, കെ സി കേശവപിള്ള, ജി ദേവരാജന്‍ മാസ്റ്റര്‍... പരവൂര്‍ സാംസ്ക്കാരിക കേരളത്തിന് സംഭാവനചെയ്ത മഹാരഥന്‍മാര്‍ നിരവധി. ഇവരുടെ ഓര്‍മ നിലനിര്‍ത്താനായി കെ പി കുറുപ്പ് നേതൃത്വംനല്‍കുന്ന മുനിസിപ്പല്‍ ഭരണസമിതി ഉചിതമായ സ്മാരകങ്ങള്‍ നിര്‍മിച്ചു. പട്ടികജാതി കുടുംബങ്ങള്‍ക്ക് ഭൂമി, വീട്, കിണര്‍, പൈപ്പ് ലൈന്‍ തുടങ്ങിയ സൌകര്യങ്ങള്‍ നല്‍കി. വൈദ്യുതിയെത്താത്ത വീടുകളില്‍ വൈദ്യുതിയെത്തിച്ചു. പൊതുജനാരോഗ്യ രംഗത്ത് വലിയ മാറ്റമാണുണ്ടായത്. ഗവ. രാമറാവു ആശുപത്രിക്ക് കെട്ടിടം നിര്‍മിച്ചു. പൊഴിക്കര പിഎച്ച് സെന്ററില്‍ ഇപ്പോള്‍ മരുന്നില്ലെന്ന പരാതിയില്ല. ആയുര്‍വേദാശുപത്രി നവീകരിച്ചു. ഹോമിയോ ആശുപത്രിയില്‍ മരുന്നും മെച്ചപ്പെട്ട സേവനവും ലഭ്യമാക്കി. മുനിസിപ്പല്‍ പ്രദേശത്തെ 37 അങ്കണവാടികളിലും പോഷകാഹാര വിതരണം മുടങ്ങാതെ നടക്കുന്നു. പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല, അമ്മമാര്‍ക്കും പേഷകാഹാരം നല്‍കുന്നു. നാട്ടില്‍ കുടിവെള്ള വിതരണം ഇപ്പോള്‍ കാര്യക്ഷമമാണ്. പൊട്ടിപ്പൊളിഞ്ഞ ടാപ്പുകള്‍ മാറ്റിസ്ഥാപിച്ചു. പുതിയ കുഴല്‍ കിണറുകള്‍ സ്ഥാപിച്ചു.
മൈനാഗപ്പള്ളി: മുന്നിലും പിന്നിലും
ശാസ്താംകോട്ട: എല്‍ഡിഎഫ് ഭരണത്തിന്‍കീഴില്‍ ആദ്യരണ്ടരവര്‍ഷം വികസനവെട്ടം വിതറിയ മൈനാഗപ്പള്ളി പഞ്ചായത്തില്‍ തുടര്‍ന്നുവന്ന യുഡിഎഫ് സമിതി വികസനപദ്ധതികള്‍ പിന്നോട്ടടിച്ചു. രണ്ടരവര്‍ഷത്തെ വികസനപ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ കോണ്‍ഗ്രസ് ഭരണസമിതിഅംഗങ്ങള്‍ ഗ്രൂപ്പുവഴക്കുമൂലം ഉടലെടുത്ത ഭരണപ്രതിസന്ധി മറച്ചുവയ്ക്കാന്‍ കിണഞ്ഞുശ്രമിക്കുകയാണ്. കിട്ടിയ ചെറിയ കാലയളവിനുള്ളില്‍ അനുവദിക്കപ്പെട്ട പദ്ധതികള്‍ എല്ലാം ഇടതുമുന്നണിയിലെ ബീനയുടെ നേതൃത്വത്തിലുള്ള ഭരണസമിതി വിജയകരമായി നടപ്പാക്കി. എല്‍ഡിഎഫ് ഭരണസമിതി ഉല്‍പ്പാദനവര്‍ധനയ്ക്ക് സഹായകരമായ രീതിയില്‍ വിവിധ കാര്‍ഷികപദ്ധതികള്‍ നടപ്പാക്കി. കുടുംബശ്രീ യൂണിറ്റുകള്‍ വഴി പച്ചക്കറി കൃഷി വ്യാപിപ്പിച്ചു.
പഞ്ചായത്തിന് വിട്ടുകിട്ടിയ എല്‍പി, യുപി സ്കൂളുകള്‍ക്ക് സമഗ്രവിദ്യാഭ്യാസപദ്ധതി ആവിഷ്കരിച്ചു. പട്ടികജാതി കോളനികളില്‍ കുടിവെള്ളവും വൈദ്യുതിയും എത്തിക്കുന്നതിന് മുന്‍ഗണന നല്‍കി കുഴല്‍ക്കിണറുകള്‍ സ്ഥാപിച്ചു. ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി വാങ്ങാന്‍ നടപടി സ്വീകരിച്ചു. സാക്ഷരതാപ്രവര്‍ത്തനം ലക്ഷ്യത്തിലെത്തിക്കാന്‍ അക്ഷരസാഫല്യം എന്ന പദ്ധതിയിലൂടെ പ്രസ്ഥാനത്തെ കുറ്റമറ്റതാക്കി. അക്ഷയവഴി സ്കൂള്‍കുട്ടികള്‍ക്ക് ഇന്റര്‍നെറ്റ് കംപ്യൂട്ടര്‍ പരിശീലനം നല്‍കി. സ്ഥലപരിമിതിയാല്‍ ബുദ്ധിമുട്ടിയ കടപ്പ എല്‍വിഎച്ച്എസിന് ജില്ലാ പഞ്ചായത്തുമായി ചേര്‍ന്ന് 75 സെന്റ് സ്ഥലം വാങ്ങി നല്‍കി. ഉപേക്ഷിച്ച കെഐപി കനാലുകളായ മൈനാഗപ്പള്ളി മൈനര്‍ കനാല്‍, ചാമവിള കനാല്‍ എന്നിവയുടെ പുനരുദ്ധരണപ്രവര്‍ത്തനത്തിന് നടപടി സ്വീകരിച്ചെങ്കിലും തുടര്‍ന്നുവന്ന യുഡിഎഫ് സമിതി പദ്ധതി ഉപേക്ഷിച്ചു.
1500 കുടുംബങ്ങള്‍ക്ക് ഇ എം എസ് ഭവനപദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കാന്‍ സാഹചര്യമുണ്ടായിട്ടും 506 പേരെ മാത്രമാണ് യുഡിഎഫ് സമിതി തെരഞ്ഞെടുത്തത്. കാര്‍ഷിക മേഖലയിലും കനത്ത പരാജയമായി യുഡിഎഫ് ഭരണസമിതി. ഭക്ഷ്യസുരക്ഷാപദ്ധതി പഞ്ചായത്തില്‍ നടപ്പാക്കിയില്ല. പഞ്ചായത്തില്‍ ഏക്കറോളം നിലമാണ് ഇപ്പോഴും തരിശു കിടക്കുന്നത്. കൃഷിഭവനില്‍കൂടി വിത്തും വളവും നല്‍കുക മാത്രമാണ് കാര്‍ഷികമേഖലയില്‍ ചെയ്തത്. പഞ്ചായത്തിലെ ദൈനംദിന പ്രവര്‍ത്തനങ്ങളിലും യുഡിഎഫ് മികവ് പുലര്‍ത്തിയില്ല. കെഐപി കനാല്‍ നിര്‍മാണം പൂര്‍ത്തീകരിച്ചില്ല. പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനും തയ്യാറാകാതെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നു യുഡിഎഫ് സമിതി എന്ന് റുഹാലത്ത്ബീവി പറഞ്ഞു.
ഏരൂരില്‍ ഉദിച്ചുയരുന്നത് അക്ഷരജ്യോതി
അഞ്ചല്‍: വിജയകരമായി നടപ്പാക്കിയ 'അക്ഷര ജ്യോതി' സമഗ്ര വിദ്യാഭ്യാസ പദ്ധതിയിലൂടെ മറ്റ് പഞ്ചായത്തുകള്‍ക്ക് മാതൃകയായി ഉദിച്ചുയരുകയായിരുന്നു ഏരൂര്‍. സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താന്‍ ഭരണസമിതി പ്രത്യേകം ശ്രദ്ധയാണ് ചെലുത്തിയതെന്ന് റീസര്‍വെ വകുപ്പില്‍നിന്ന് വിരമിച്ച ബാലന്‍പിള്ള അഭിപ്രായപ്പെട്ടു. അങ്കണവാടിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തി. കൂടാതെ അഞ്ച് അങ്കവാടികള്‍കൂടി ആരംഭിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ഇ എം എസ് സമ്പൂര്‍ണ ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്തി 1200 കുടുംബങ്ങള്‍ക്ക് പുതിയതായി വീട്വച്ചുനല്‍കി. എം എന്‍ ലക്ഷംവീടുകള്‍ നവീകരിക്കുന്നപദ്ധതിപ്രകാരം ലക്ഷംവീടുകള്‍ പുതുക്കി പണിതു. കൃഷിയെയും കാര്‍ഷിക വൃത്തിയെയും ആശ്രയിച്ച് കഴിയുന്ന ഭൂരിപക്ഷം ഗ്രാമീണരുടെയും ഉന്നമനം ലക്ഷ്യമിട്ട് കാര്‍ഷിക മേഖലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമായിരുന്നു. പാര്‍പ്പിടം, വൈദ്യുതി, കുടിവെള്ളം തുടങ്ങിയ മേഖലകളില്‍ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിക്ക് മികച്ച നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതായി കര്‍ഷക തൊഴിലാളിയായ രാധാമണിയമ്മ പറഞ്ഞു.
ആശ്രയ പെന്‍ഷന്‍ പദ്ധതി, ചികിത്സാ സഹായം, സൌജന്യ ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം, വികലാംഗര്‍ക്ക് പതിനായിരം രൂപവീതം സ്വയംതൊഴില്‍ തുടങ്ങുന്നതിന് ധനസഹായം എന്നിവ നല്‍കിയിതിലൂടെ സാധാരണക്കാരോടുള്ള പഞ്ചായത്ത് ഭരണസമിതിയുടെ പ്രതിബദ്ധത വെളിവാകുന്നു. തൊഴില്‍ പരിശീലനം നേടിയ നിരവധി കുടുംബശ്രീ പ്രവര്‍ത്തകര്‍ കൂട്ടായും സ്വന്തമായും സ്ഥാപനങ്ങള്‍ തുടങ്ങി സ്വയം പര്യാപ്തതയിലെത്തി. ഇവര്‍ക്കായി വേണ്ട സാഹചര്യം ഒരുക്കിയതും ആര്‍ സരസ്വതിയമ്മയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ്.
കരീപ്രയില്‍ കാര്‍ഷികവിപ്ളവം
എഴുകോണ്‍: തരിശുനിലങ്ങളില്‍ പൊന്‍കതിര്‍ വിജയിച്ച് ഒരു കാര്‍ഷിക സംസ്കാരത്തിനാണ് കരീപ്ര പഞ്ചായത്തില്‍ എല്‍ഡിഎഫ് ഭരണസമിതി അടിത്തറയിട്ടത്. അഞ്ചുവര്‍ഷ ഭരണനേട്ടങ്ങളില്‍ കാര്‍ഷിക വിപ്ളവംതന്നെയാണ് ഏറെ പ്രാമുഖ്യമര്‍ഹിക്കുന്നതെന്നതില്‍ സമ്മിശ്ര കര്‍ഷകനുള്ള പുരസ്കാരത്തിനര്‍ഹനായ തളവൂര്‍ക്കോണം, കളീലഴിയത്ത് ഉദയകുമാറിനും മികച്ച നെല്‍കര്‍ഷകയ്ക്കുള്ള പുരസ്കാരം നേടിയ കരീപ്ര നിത്യലക്ഷ്മിയില്‍ വിജയകുമാരിക്കും ഭിന്നാഭിപ്രായമില്ല. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ചയും വിത്തിന്റെയും വളത്തിന്റെയും വിലവര്‍ധനയും തൊഴിലാളി ക്ഷാമബത്തയുംമൂലം കാര്‍ഷകവൃത്തിയെ അവഗണിച്ച ഒരു തലമുറയെ കൃഷിയിലേക്ക് മടക്കി കൊണ്ടുവരാന്‍ കഴിഞ്ഞത് എല്‍ഡിഎഫ് ഭരണസമിതിയുടെ ആത്മാര്‍ഥതമൂലമാണ്.
പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹെക്ടറിന് 5000മുതല്‍ 7500 രൂപവരെ സബ്സിഡി നല്‍കിയും നവീനമായ കാര്‍ഷിക ഉപകരണങ്ങള്‍ നല്‍കിയും വിൈവധ്യമാര്‍ന്ന പദ്ധതികള്‍ നടപ്പാക്കി. 327 ടണ്‍ നെല്‍ അധികമായി ഉല്‍പ്പാദിപ്പിച്ചു. 2008-2009ലാണ് നേട്ടം കൈവരിച്ചത്. 2009-10ല്‍ അഞ്ച് ഹെക്ടര്‍ തരിശുനിലത്തില്‍കൂടി കൃഷിയിറക്കി. മൃഗസംരക്ഷണ മേഖലയില്‍ 536 കര്‍ഷകര്‍ക്ക് കന്നുകുട്ടി പരിപാലന പദ്ധതിയുടെ ഭാഗമായി ആനുകൂല്യം നല്‍കി. കുടിവെള്ള വിതരണത്തിനായി ആറ് കോടി 56 ലക്ഷം രൂപയുടെ നിര്‍മാണ പ്രവര്‍ത്തനം പുരോഗമിക്കുന്നു. ഇ എം എസ് ഭവനപദ്ധതിപ്രകാരം 44 കുടുംബങ്ങള്‍ക്കും ജനറല്‍ വിഭാഗത്തില്‍ ഭവനപദ്ധതിയില്‍ 374 കുടുംബങ്ങള്‍ക്കും വീട് നല്‍കി. സാമൂഹ്യപ്രതിബദ്ധത നിറവേറ്റിയതായി ഉദയകുമാര്‍ പറയുന്നു. അശരണരും നിരാലംബരുമായവരെ സഹായിക്കുന്നതിനായി വിവിധ ക്ഷേമപദ്ധതികള്‍ നടപ്പില്‍വരുത്തുന്നതിന് ഈ കാലയളവില്‍ ശ്രദ്ധചെലുത്തിയിരുന്നു. വിധവ പെന്‍ഷന്‍ പുതുതായി 118പേര്‍ക്കും കര്‍ഷകതൊഴിലാളി പെന്‍ഷന്‍ 156പേര്‍ക്കും 50 വയസ് കഴിഞ്ഞ അവിവാഹിത പെന്‍ഷന്‍ 22പേര്‍ക്കും നല്‍കിയും വിവിധ പദ്ധതിപ്രകാരം 1789 പേര്‍ക്ക് പെന്‍ഷന്‍ നല്‍കിവരുന്നു.
മാറ്റത്തിന്റെ വിത്തുവിതച്ച് ഇലന്തൂര്‍ ബ്ളോക്ക്
പത്തനംതിട്ട: തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്ക് ജനജീവിതത്തില്‍ എന്തുമാറ്റം വരുത്താന്‍ കഴിയുമെന്നതിന്റെ തെളിവാണ് ഇലന്തൂര്‍ ബ്ളോക്ക് പഞ്ചായത്ത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സമസ്ത മേഖലയിലും മാറ്റത്തിന്റെ വിത്തുവിതച്ചാണ് ഭരണസമിതി രംഗമൊഴിയുന്നത്. അടിസ്ഥാന മേഖലകളിലാണ് വലിയമാറ്റം. ഭവനനിര്‍മാണ രംഗത്ത് നടത്തിയ കുതിപ്പ് ഇതിന് തെളിവ്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 750 കുടുംബങ്ങള്‍ക്ക് വീട് നല്‍കി. കുടിവെള്ള പ്രശ്നം രൂക്ഷമായിരുന്ന പല പ്രദേശങ്ങളിലും വാട്ടര്‍ അതോറിറ്റിയുമായി സഹകരിച്ച് വെള്ളമെത്തിച്ചു. പഞ്ചായത്തുകളിലെ പൊതുമാര്‍ക്കറ്റുകളുടെ നവീകരണമാണ് എടുത്തു പറയേണ്ട മറ്റൊന്ന്. ചെറുകോല്‍ പഞ്ചായത്തില്‍ മാര്‍ക്കറ്റ് സ്റ്റാള്‍ പണിയുന്നതിന് തുക അനുവദിച്ചു. ഇതിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. റോഡുകളുടെ പുനരുദ്ധാരണത്തിലും ഏറെ മുന്നോട്ടു പോകാന്‍ ഭരണസമിതിക്കായി. സര്‍ക്കാരില്‍നിന്നും 45 ലക്ഷം രൂപയാണ് ഇതിനായി അനുവദിപ്പിച്ചത്. ചരിത്രപ്രസിദ്ധമായ മരാമണ്‍ കണ്‍വന്‍ഷന്‍ നഗറിലേക്കുള്ള കോഴഞ്ചേരി മാര്‍ക്കറ്റ്-മരാമ കണ്‍വന്‍ഷന്‍ നഗര്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്ത് സഞ്ചാര യോഗ്യമാക്കി. ചെറുകോല്‍ പഞ്ചായത്തിലെ പൊട്ടിപ്പൊളിഞ്ഞ കിളിയാനിക്കല്‍-തൂളിക്കുളം റോഡ് പുനരുദ്ധാരണം ദ്രുതഗതിയിലാണ്.
പട്ടികജാതിക്കാരുടെ സാമൂഹിക സാമ്പത്തിക നിലവാരം മെച്ചപ്പെടുത്തുന്നതിന് സമഗ്ര വികസന പരിപാടികള്‍ ആവിഷ്കരിച്ചു. എല്ലാവര്‍ഷവും പട്ടികജാതി കേന്ദ്രങ്ങളില്‍ വൈദ്യപരിശോധന നടത്തി മരുന്ന്, കണ്ണട എന്നിവ വിതരണം ചെയ്യുന്നു. പഞ്ചായത്ത് പരിധിയിലുള്ള തൊഴില്‍ രഹിതര്‍ക്ക് സ്വയംതൊഴില്‍ ചെയ്യുന്നതിന് ധനസഹായം നല്‍കി. അങ്കണവാടികളുടെ അടിസ്ഥാന സൌകര്യം വര്‍ധിപ്പിച്ചു. സ്വന്തമായി സ്ഥലമുള്ള അങ്കണവാടികള്‍ക്ക് കെട്ടിടം നിര്‍മിച്ച് നല്‍കി. കോഴഞ്ചേരി ഗവ. മഹിളാമന്ദിരത്തിലെയും വയലത്തല വൃദ്ധമന്ദിരത്തിലെയും അന്തേവാസികള്‍ക്ക് ഭക്ഷണവും അടിസ്ഥാന സൌകര്യങ്ങളും വൈദ്യസഹായവും ഏര്‍പ്പെടുത്തി. വയലത്തല വൃദ്ധമന്ദിരത്തിന് മൂന്ന് നിലകളിലുള്ള കെട്ടിടത്തിന്റെ പണികള്‍ ആരംഭിച്ചു. ഇതിന്റെ ഒന്നാം നിലയുടെ പണിപൂര്‍ത്തീകരിച്ച് തുറന്നു കൊടുത്തു. വികസനത്തിന്റെ കഥമാത്രം പറയാനുള്ള ഇലന്തൂര്‍ ബ്ളോക്ക് പഞ്ചായത്തിനെത്തേടി ഒടുവില്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍മല്‍ ഗ്രാമ പുരസ്കാരവും തേടിയെത്തി. അവാര്‍ഡ് തുകയായി ലഭിച്ച 20 ലക്ഷം മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവച്ചു.
deshabhimani news
No comments:
Post a Comment