‘പിടിച്ചു ഞാന്‍ അവനെന്നെ കെട്ടി‘ എന്നത് മലയാള ഭാഷയിലെ കേവലം ഹാസ്യപ്രയോഗം മാത്രമല്ല. കരുത്തനായ മല്ലനോട് വിഭവങ്ങളൊന്നുമില്ലാതെ ഗുസ്തിക്ക് പോയ ദുര്‍ബലന്റെ ദീനരോദനം കൂടിയാണിത്. ഇത്തരത്തിലൊരു ദീനരോദനം കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവിന്റെ മനോരമയിലെ ലേഖനത്തില്‍ (മുഖ്യമന്ത്രിക്കുള്ള തുറന്ന കത്ത്) കണ്ടു. വിഷയം ശക്തരായ മറുനാടന്‍ ലോട്ടറി ലോബിയെ നേരിടാന്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ എടുത്ത നടപടികളെപ്പറ്റിയുള്ള ഉമ്മന്‍ചാണ്ടിയുടെ വീരവാദങ്ങളാണ്. ഉമ്മന്‍ചാണ്ടി അവകാശപ്പെടുന്നത് യുഡിഎഫ് സര്‍ക്കാര്‍ അന്യസംസ്ഥാന ലോട്ടറികളെ 'വരിഞ്ഞുമുറുക്കി'യെന്നാണ്.
അതിനുവേണ്ടി എടുത്ത ധീരമായ നടപടികള്‍ അദ്ദേഹം വിവരിക്കുന്നു.
1) അന്യസംസ്ഥാന ലോട്ടറികളുടെ നികുതി കുത്തനെ കൂട്ടി.
2) മുന്നൂറിലധികം പൊലീസ് റെയിഡും 544 കേസും രജിസ്റര്‍ചെയ്തു.
എന്നാല്‍, ഈ രണ്ട് നടപടിയുംകൊണ്ട് ആരാണ് വരിഞ്ഞു മുറുക്കപ്പെട്ടതെന്ന് ഉമ്മന്‍ചാണ്ടിയുടെ ലേഖനം ഒരിക്കല്‍കൂടി വായിച്ചാല്‍ ബോധ്യപ്പെടും. നികുതി കുത്തനെ കൂട്ടി അന്യസംസ്ഥാന ലോട്ടറികളെ വരിഞ്ഞുമുറുക്കിയെന്ന് ഉമ്മന്‍ചാണ്ടി അവകാശപ്പെടുമ്പോള്‍ ഈ ലേഖനത്തില്‍തന്നെ അന്യസംസ്ഥാന ലോട്ടറികള്‍ 14,600 കോടി രൂപ പ്രതിവര്‍ഷം ഇവിടെനിന്ന് കൊണ്ടുപോകുന്നു എന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. നികുതി കൂട്ടിയതുകൊണ്ട് കാര്യമായ പ്രയോജനം ലഭിച്ചില്ല. തങ്ങളുടെ കാലത്ത് എടുത്ത 544 കേസും സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി യുഡിഎഫ് സര്‍ക്കാര്‍ മരവിപ്പിച്ചു എന്നതാണ് രണ്ടാമത്തെ വെളിപ്പെടുത്തല്‍. കോടതിയലക്ഷ്യം വന്നതിനാല്‍ അങ്ങനെ ചെയ്യേണ്ടിവന്നു എന്നാണ് ഇതിനുള്ള ഭാഷ്യം. ചുരുക്കത്തില്‍ പൊലീസ് റെയ്ഡും പൊലീസ് കേസും പ്രഹസനമായി കടലാസുകളിലൊതുങ്ങി. യുഡിഎഫ് കാലത്ത് കരുത്തരായ അന്യസംസ്ഥാന ലോട്ടറി മാഫിയ സംസ്ഥാന സര്‍ക്കാരിനെ 'തിരിച്ച് വരിഞ്ഞുമുറുക്കി'. മുന്‍ യുഡിഎഫ് സര്‍ക്കാരിലെ പ്രബലനായ ഒരു മന്ത്രിയുടെ ഉറ്റ ബന്ധുവാണ് ഓണ്‍ലൈന്‍ ലോട്ടറിയുടെ കേരളത്തിലെ നടത്തിപ്പുകാരന്‍. അതുതന്നെയായിരുന്നു യുഡിഎഫും അന്യസംസ്ഥാന ലോട്ടറി മാഫിയകളുമായുള്ള അവിഹിത ബന്ധത്തിന്റെ ശക്തമായ ദൃഷ്ടാന്തവും.
1998ല്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമാകുന്ന ലോട്ടറി നിയന്ത്രണനിയമം കൊണ്ടുവന്നു. എന്നാല്‍, ഇതിനുകീഴില്‍ ലോട്ടറി നടത്തിപ്പ് നിയന്ത്രിക്കുന്നതിനായി വ്യക്തമായ മാനദണ്ഡങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചട്ടങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ 2010 വരെയും തയ്യാറായില്ല. 2004 വരെ കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന ബിജെപിക്കും 2004 നു ശേഷം തുടര്‍ച്ചയായി അധികാരത്തിലിരിക്കുന്ന കോണ്‍ഗ്രസിനുമാണ് ഇതിന്റെ ഉത്തരവാദിത്തം. എന്തുകൊണ്ടാണ് കേന്ദ്രസര്‍ക്കാരുകള്‍ ലോട്ടറി നിയന്ത്രണനിയമം നടപ്പാക്കുന്നതിനുള്ള ചട്ടങ്ങള്‍ക്ക് രൂപം നല്‍കാന്‍ 12 വര്‍ഷം വൈകിച്ചത്? ആര്‍ക്കുവേണ്ടിയായിരുന്നു ഈ കാലതാമസം?
2010 ല്‍ കേന്ദ്ര സര്‍ക്കാരിറക്കിയ ലോട്ടറി നിയന്ത്രണച്ചട്ടങ്ങള്‍ ഇതിന് മറുപടി നല്‍കുന്നു. യഥേഷ്ടം നറുക്കെടുപ്പുകള്‍ നടത്താനുള്ള അധികാരം, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിയമലംഘനം ബോധ്യപ്പെട്ടാല്‍പോലും നടപടിയെടുക്കാന്‍ അധികാരമില്ലാത്ത അവസ്ഥ. കേന്ദ്ര സര്‍ക്കാരിനോ, ലോട്ടറി നടത്തുന്ന അന്യസംസ്ഥാനങ്ങള്‍ക്കോ നിയമലംഘനത്തിന്റെ പേരില്‍ വെറുതെ കത്തുകള്‍മാത്രം അയക്കാമെന്ന ഉദാര സമീപനം എന്നിവയാണ് കേന്ദ്രചട്ടത്തിന്റെ ആകത്തുക. സംസ്ഥാനങ്ങള്‍ക്കോ ജനങ്ങള്‍ക്കോ അല്ല, ലോട്ടറി മാഫിയക്കു മാത്രമാണ് ഈ ചട്ടത്തിന്റെ ഗുണം ലഭിച്ചത്.
1998ല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ലോട്ടറി നിയന്ത്രണ നിയമത്തിലെ 5-ാം വകുപ്പ് പ്രകാരം പല സംസ്ഥാന സര്‍ക്കാരുകളും ലോട്ടറി മാഫിയയുടെ അഴിഞ്ഞാട്ടത്തിനെതിരായി നടപടികള്‍ സ്വീകരിച്ചു. എന്നാല്‍, വ്യക്തമായ ചട്ടങ്ങളുടെ അഭാവത്തില്‍ ഈ നടപടികളില്‍ പലതും കോടതിയില്‍ ചോദ്യംചെയ്യപ്പെട്ടു. സുപ്രീം കോടതി 2000 ല്‍ ബിആര്‍ എന്റര്‍പ്രൈസസ് കേസില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിയമത്തിലെ 5-ാം വകുപ്പ് പ്രകാരം അന്യസംസ്ഥാന ലോട്ടറികളെ നിരോധിക്കുന്നതിനുള്ള അധികാരം സംബന്ധിച്ച് വ്യക്തമായ വിധി പുറപ്പെടുവിച്ചു. സംസ്ഥാനത്ത് അന്യസംസ്ഥാന ലോട്ടറി നിരോധനം നടപ്പാക്കണമെങ്കില്‍ സംസ്ഥാനമൊട്ടാകെ ലോട്ടറി ഫ്രീസോണ്‍ ആയി പ്രഖ്യാപിക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ വിധി. ചുരുക്കത്തില്‍ സംസ്ഥാനം ലോട്ടറി നടത്തുന്നുവെങ്കില്‍ മറ്റു സംസ്ഥാന ലോട്ടറികളെ നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്ന സ്ഥിതിയാണ് സംജാതമായത്. ഇത്തരമൊരു സ്ഥിതിവിശേഷം 2000ല്‍ തന്നെ ഉണ്ടായിട്ടും ചട്ടങ്ങള്‍ രൂപീകരിക്കുന്ന കാര്യത്തിലും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ലോട്ടറി നിയന്ത്രണ നിയമത്തിന്‍ കീഴില്‍ വിപുലമായ അധികാരങ്ങള്‍ നല്‍കുന്ന കാര്യത്തിലും അക്ഷന്തവ്യമായ വീഴ്ചയാണ് തുടര്‍ന്നുള്ള 10 വര്‍ഷങ്ങളിലും കേന്ദ്രസര്‍ക്കാര്‍ വരുത്തിയത്.
'വരിഞ്ഞുമുറുക്കി 5 വര്‍ഷം കഴിഞ്ഞിട്ടും ലോട്ടറി മാഫിയകളുടെ അഴിഞ്ഞാട്ടം അവസാനിച്ചിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി പരിതപിക്കുന്നു. 2005 ല്‍ അന്യസംസ്ഥാന ലോട്ടറികളെ തൊടാതെ കേരളാ ലോട്ടറി നടത്തിപ്പ് നിയന്ത്രണത്തിനുള്ള ചട്ടങ്ങള്‍ രൂപീകരിക്കുക മാത്രമാണ് ഉമ്മന്‍ചാണ്ടി ചെയ്തത്. കേന്ദ്രനിയമത്തിന്‍ കീഴിലുള്ള ചട്ടങ്ങള്‍ രൂപീകരിച്ചിട്ടില്ലാത്ത ആ കാലയളവില്‍ അന്യസംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാന്‍ സംസ്ഥാന ചട്ടങ്ങള്‍ കൊണ്ടുവരുകയോ, കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരില്‍ ഇതിനായി സമ്മര്‍ദം ചെലുത്തുകയോ ചെയ്യാമായിരുന്നിട്ടും ഉമ്മന്‍ചാണ്ടി അതിന് ചെറുവിരല്‍പോലും അനക്കിയില്ല.
2005ല്‍ ലോട്ടറി നിരോധനം അവസാനിപ്പിച്ച് കേരളത്തില്‍ എല്ലാവിധ ലോട്ടറികളും തിരികെ കൊണ്ടുവന്ന കാലം മുതല്‍ക്കാണ് ഇപ്പോള്‍ നമ്മുടെ മുമ്പിലുള്ള അന്യസംസ്ഥാന ലോട്ടറി ചൂഷണം ആരംഭിച്ചത്. ഉമ്മന്‍ചാണ്ടി വാദിക്കുന്നതുപോലെ നികുതി കുത്തനെ കൂട്ടിയും കേസുകള്‍ രജിസ്റര്‍ചെയ്തും മാത്രം ഇത് നിയന്ത്രിക്കാനായിട്ടില്ല എന്നതാണ് നമ്മുടെ അനുഭവം. യഥാര്‍ഥ രോഗം കണ്ടുപിടിക്കാതെ തൊലിപ്പുറമെ നടത്തിയ ചികിത്സാ തട്ടിപ്പു മാത്രമായിരുന്നു ഇതെല്ലാമെന്ന് വ്യക്തം.
1998 ലെ നിയമത്തിന്റെ ഉള്ളടക്കത്തില്‍ വെള്ളം ചേര്‍ത്ത് അന്യസംസ്ഥാന ലോട്ടറികള്‍ക്ക് അനിയന്ത്രിതമായ നടത്തിപ്പവകാശം തീറുനല്‍കിയ 2010 ലെ കേന്ദ്രസര്‍ക്കാര്‍ ചട്ടങ്ങളാണ് യഥാര്‍ഥത്തില്‍ ലോട്ടറി മാഫിയക്ക് സൌകര്യങ്ങള്‍ ഒരുക്കിക്കൊടുത്തത്.
ദേശാഭിമാനിയും കൈരളിയും പരസ്യങ്ങള്‍ സ്വീകരിച്ചതിന്റെ പേരില്‍ പുകമറ സൃഷ്ടിക്കാനുള്ള പരിശ്രമമാണ് ഉമ്മന്‍ചാണ്ടിയും യുഡിഎഫും മനോരമ, മാതൃഭൂമി മുതലായ മാധ്യമങ്ങളും നടത്തിക്കൊണ്ടിരിക്കുന്നത്. ആട്, മാഞ്ചിയം, ബ്ളേഡ് സ്ഥാപനങ്ങളുടെ പരസ്യം നല്‍കിയിരുന്ന മനോരമയും മാതൃഭൂമിയും അടക്കമുള്ള മാധ്യമങ്ങള്‍ക്ക് ആ തട്ടിപ്പുകളിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് ശ്രീ. ഉമ്മന്‍ചാണ്ടി ആരോപിക്കുമോ?
ചുരുക്കത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ സൃഷ്ടിയായ ലോട്ടറി നിയമത്തിന്റെ പഴുതുകള്‍ മുതലെടുത്ത് ലോട്ടറി മാഫിയകള്‍ നടത്തുന്ന ചൂഷണത്തെ കണ്ടില്ലെന്ന് നടിക്കുകയും തങ്ങള്‍ അധികാരത്തിലിരുന്നപ്പോള്‍ അവരെ നിയന്ത്രിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കാതിരിക്കുകയും ചെയ്തുവന്ന യുഡിഎഫിന്റെ മറ്റൊരു രാഷ്ട്രീയ തട്ടിപ്പ് മാത്രമാണ് ഇപ്പോഴത്തെ ലോട്ടറി വിവാദമെന്ന് ഉമ്മന്‍ചാണ്ടിയുടെ തുറന്ന കത്തുതന്നെ തെളിയിക്കുന്നു.
ലോട്ടറി സംവാദം മലയാളികളെ ബോധ്യപ്പെടുത്തിയ ഒരു കാര്യം ലോട്ടറി മാഫിയകളുമായി കേന്ദ്രസര്‍ക്കാരിനും കോണ്‍ഗ്രസിനും അവിശുദ്ധമായ ബന്ധമുണ്ടെന്ന വസ്തുതയാണ്. അതുകൊണ്ടാണ് അധികാരമുണ്ടായിട്ടും നിയമവിരുദ്ധ ലോട്ടറികള്‍ കേന്ദ്രം നിരോധിക്കാതിരിക്കുന്നത്. ഈ വിവാദമൊക്കെയുണ്ടായിട്ടും കേരളത്തില്‍നിന്നുള്ള കേന്ദ്ര മന്ത്രിമാരോ ആഭ്യന്തരമന്ത്രി ചിദംബരമോ ഒന്നും പ്രതികരിച്ചുകണ്ടില്ല. 2003ല്‍ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് കൊണ്ടുവന്ന കേരള സ്റേറ്റ് ലോട്ടറി നിയന്ത്രണച്ചട്ടത്തിലെ 24-ാം വകുപ്പ് അന്യസംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരം നല്‍കിയിരുന്നു. 2005ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ ഈ വകുപ്പ് എടുത്തുകളഞ്ഞത് ആര്‍ക്കുവേണ്ടിയായിരുന്നു? 2010 ഏപ്രിലില്‍ കേന്ദ്ര കോണ്‍ഗ്രസ് സര്‍ക്കാര്‍ ഓണ്‍ലൈന്‍ ലോട്ടറി രാജ്യത്താകെ നിയമവിധേയമാക്കിയത് മണികുമാര്‍ സുബ്ബ മുതല്‍ മാര്‍ട്ടിന്‍ വരെയുള്ള ലോട്ടറി രാജാക്കന്മാര്‍ക്കുവേണ്ടിയായിരുന്നില്ലേ?
ഇതിനൊക്കെ മറുപടി പറയാതെ പ്രതിപക്ഷ നേതാവിന് ഒളിച്ചോടാന്‍ കഴിയുമോ?
2006ല്‍ വിജിലന്‍സ് അന്വേഷണം നടത്തിയും വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രജിസ്ട്രേഷന്‍ റദ്ദാക്കിയും ഇപ്പോള്‍ നികുതി വാങ്ങാതെയും പിന്‍വലിക്കാന്‍ കഴിയാത്തവിധത്തില്‍ കേസെടുത്തും കര്‍ശനമായ വ്യവസ്ഥകളോടെ നികുതിനിയമത്തില്‍ ഭേദഗതി വരുത്തി ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. അന്യസംസ്ഥാന ലോട്ടറി ചൂതാട്ടത്തെ തടയാന്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നതിനുശേഷം കൈക്കൊണ്ട നടപടികള്‍ പ്രതിപക്ഷ നേതാവ് തുറന്ന കത്തില്‍ വിവരിക്കാന്‍ മറന്നുപോയെങ്കിലും കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം. ലോട്ടറി മാഫിയകളെ നിലയ്ക്കുനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ അധികാരമുപയോഗിച്ച് ചെയ്യാവുന്നതെല്ലാം ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്യുമ്പോള്‍ പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രിക്ക് തുറന്ന കത്തിലൂടെ ആശ്വാസംകൊള്ളാന്‍ കഴിയുന്നുണ്ടോ?
എം വി ജയരാജന്‍ ദേശാഭിമാനി 18092010
ലോട്ടറി സംവാദം മലയാളികളെ ബോധ്യപ്പെടുത്തിയ ഒരു കാര്യം ലോട്ടറി മാഫിയകളുമായി കേന്ദ്രസര്‍ക്കാരിനും കോണ്‍ഗ്രസിനും അവിശുദ്ധമായ ബന്ധമുണ്ടെന്ന വസ്തുതയാണ്. അതുകൊണ്ടാണ് അധികാരമുണ്ടായിട്ടും നിയമവിരുദ്ധ ലോട്ടറികള്‍ കേന്ദ്രം നിരോധിക്കാതിരിക്കുന്നത്. ഈ വിവാദമൊക്കെയുണ്ടായിട്ടും കേരളത്തില്‍നിന്നുള്ള കേന്ദ്ര മന്ത്രിമാരോ ആഭ്യന്തരമന്ത്രി ചിദംബരമോ ഒന്നും പ്രതികരിച്ചുകണ്ടില്ല. 2003ല്‍ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് കൊണ്ടുവന്ന കേരള സ്റേറ്റ് ലോട്ടറി നിയന്ത്രണച്ചട്ടത്തിലെ 24-ാം വകുപ്പ് അന്യസംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരം നല്‍കിയിരുന്നു. 2005ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ ഈ വകുപ്പ് എടുത്തുകളഞ്ഞത് ആര്‍ക്കുവേണ്ടിയായിരുന്നു? 2010 ഏപ്രിലില്‍ കേന്ദ്ര കോണ്‍ഗ്രസ് സര്‍ക്കാര്‍ ഓണ്‍ലൈന്‍ ലോട്ടറി രാജ്യത്താകെ നിയമവിധേയമാക്കിയത് മണികുമാര്‍ സുബ്ബ മുതല്‍ മാര്‍ട്ടിന്‍ വരെയുള്ള ലോട്ടറി രാജാക്കന്മാര്‍ക്കുവേണ്ടിയായിരുന്നില്ലേ?
ReplyDeleteഇതിനൊക്കെ മറുപടി പറയാതെ പ്രതിപക്ഷ നേതാവിന് ഒളിച്ചോടാന്‍ കഴിയുമോ?