ഉക്രിദ് (പശ്ചിമബംഗാള്‍)
"എനിക്ക് ജീവിതം തന്നത് ഈ മണ്ണാണ്. പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും നാളുകള്‍ ഓര്‍മമാത്രം. ഞാനും കുടുംബാംഗങ്ങളും ഇന്ന് പട്ടിണിയില്ലാതെ ജീവിക്കുന്നു. സ്വന്തമായി ഒരുപിടി മണ്ണ് സ്വപ്നമായിരുന്നു. അത് യാഥാര്‍ഥ്യമാക്കിയത് ഇടതുമുന്നണി സര്‍ക്കാരായിരുന്നു'' എന്ന് സ്വന്തം മണ്ണില്‍ പണിയെടുത്ത് ജീവിക്കുന്ന അറുപതുകാരി ബഹുലാ റോയി 'ദേശാഭിമാനി'യോട് പറഞ്ഞു.
ബര്‍ധമാന്‍ ജില്ലയിലെ ഖണ്ഡാഘോഷ് ബ്ളോക്കിലെ ഉക്രിദ് ഗ്രാമത്തില്‍ ഇങ്ങനെ ഭൂമി കിട്ടിയവര്‍ നൂറുകണക്കിനുണ്ട്. ബഹുലയ്ക്ക് 1985ലാണ് 15 സെന്റ് ഭൂമി കിട്ടിയത്. അതുവരെ മറ്റുള്ളവരുടെ കൃഷിഭൂമിയില്‍ പണിചെയ്യുന്ന കര്‍ഷകത്തൊഴിലാളിയായിരുന്നു അവര്‍. കുറഞ്ഞ കൂലിയും വര്‍ഷം നീളുന്ന പട്ടിണിയും. അതെല്ലാം പഴയ കഥ. ഭര്‍ത്താവ് മരിച്ച ബഹുല ഇപ്പോള്‍ തന്റെ കൃഷിഭൂമിയില്‍ പണിയെടുത്ത് പട്ടിണിയില്ലാതെ ജീവിക്കുന്നു. എഴുപതുകാരനായ പശുപതി റായ് തനിക്ക് ലഭിച്ച 14 സെന്റ് കൃഷിഭൂമിയില്‍ സ്വന്തമായി അധ്വാനിച്ചാണ് ഇപ്പോള്‍ 20 സെന്റ് കൃഷിഭൂമികൂടി വാങ്ങിയത്. ഭാര്യയും രണ്ടു മക്കളും അവരുടെ മക്കളുമായി 12 പേരടങ്ങുന്ന കുടുംബം പണിയെടുത്ത് കനകം വിളയിക്കുന്നു. ആശുതോഷ് മെതെ, ബുധന്‍ മെതെ, സാധന്‍ മെതെ, കൊച്ചില പാല്‍ എന്നിവരുടെ വിജയഗാഥകളും തങ്ങള്‍ക്ക് ലഭിച്ച ഭൂമിയില്‍നിന്നാണ്. ഗ്രാമീണ ജനതയ്ക്ക് ജീവിതമാര്‍ഗം ഉണ്ടാക്കിയെന്നതുമാത്രമല്ല, ഗ്രാമങ്ങളില്‍ ഭക്ഷ്യസുരക്ഷ ഉണ്ടാക്കിയെന്നതും പശ്ചിമബംഗാളിലെ ഭൂപരിഷ്കരണത്തിന്റെ ഗുണഫലമാണെന്ന് ബര്‍ധമാന്‍ ജില്ലാപഞ്ചായത്തിലെ ആസൂത്രണ വിദഗ്ധന്‍ ഡോ. കൃഷ്ണപ്രസാദ് മുഖര്‍ജി പറഞ്ഞു.
ഇന്ത്യയിലെ മിച്ചഭൂമിവിതരണത്തില്‍ 23 ശതമാനവും നടന്നത് പശ്ചിമബംഗാളിലാണ്. 2010 ഫെബ്രുവരിവരെയുള്ള കണക്കനുസരിച്ച് 11.28 ലക്ഷം ഏക്കര്‍ ഭൂമി ഭൂരഹിതരായവര്‍ക്ക് വിതരണം ചെയ്തു. 30.12 ലക്ഷം ആളുകള്‍ക്ക് ഭൂമി കിട്ടി. ഭൂമി ലഭിച്ചതില്‍ 56 ശതമാനവും പട്ടികജാതി- വര്‍ഗക്കാരാണ്. 17 ശതമാനം മറ്റു പിന്നോക്ക വിഭാഗങ്ങളും ന്യൂനപക്ഷവിഭാഗവും. പശ്ചിമബംഗാളിലെ കൃഷിഭൂമിയില്‍ 78 ശതമാനവും കൈവശം വയ്ക്കുന്നത് 95 ശതമാനം വരുന്ന ചെറുകിട- നാമമാത്ര കര്‍ഷകരാണ്. ഇന്ത്യയാകെയെടുത്താല്‍ കൃഷിഭൂമിയുടെ 60 ശതമാനവും 15 ശതമാനം വന്‍കിട കര്‍ഷകരുടെ കൈയിലാണ്. 30.12 ലക്ഷം കര്‍ഷകര്‍ക്ക് പട്ടയം നല്‍കിയതിനുപുറമേ 15.10 ലക്ഷം പങ്കുകൃഷിക്കാര്‍ക്ക് (ബര്‍ഗാധാര്‍) തങ്ങളുടെ ഭൂമിയില്‍ കൃഷിചെയ്യാനുള്ള സംരക്ഷണം ലഭിച്ചു. പട്ടയം സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി സംയുക്തമായി രേഖപ്പെടുത്തി നല്‍കുന്നതുവഴി സ്ത്രീകള്‍ക്ക് സ്വത്തില്‍ അവകാശം കിട്ടി. 6.15 ലക്ഷം സംയുക്ത പട്ടയമാണ് വിതരണംചെയ്തത്. 5.6 ലക്ഷം ഭൂരഹിത ദരിദ്ര കുടുംബത്തിന് വീടുവയ്ക്കാന്‍ ഭൂമി നല്‍കി. ഏറ്റവുമൊടുവില്‍ ഗവമെന്റ് ഭൂമി വാങ്ങി ഭൂരഹിതകുടുംബങ്ങള്‍ക്ക് നല്‍കുന്ന പദ്ധതിയും നടപ്പാക്കി.
(വി ജയിന്‍)
ദേശാഭിമാനി 26092010
"എനിക്ക് ജീവിതം തന്നത് ഈ മണ്ണാണ്. പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും നാളുകള്‍ ഓര്‍മമാത്രം. ഞാനും കുടുംബാംഗങ്ങളും ഇന്ന് പട്ടിണിയില്ലാതെ ജീവിക്കുന്നു. സ്വന്തമായി ഒരുപിടി മണ്ണ് സ്വപ്നമായിരുന്നു. അത് യാഥാര്‍ഥ്യമാക്കിയത് ഇടതുമുന്നണി സര്‍ക്കാരായിരുന്നു'' എന്ന് സ്വന്തം മണ്ണില്‍ പണിയെടുത്ത് ജീവിക്കുന്ന അറുപതുകാരി ബഹുലാ റോയി 'ദേശാഭിമാനി'യോട് പറഞ്ഞു.
ReplyDelete