Monday, September 13, 2010

മദ്യദുരന്തം: തികഞ്ഞ ജാഗ്രത അനിവാര്യം

മലപ്പുറത്തുണ്ടായ മദ്യദുരന്തം മനുഷ്യസ്നേഹികളെ ഞെട്ടിച്ചു. 1982 ലെ വൈപ്പിന്‍ മദ്യദുരന്തം, 1995 ലെ മട്ടാഞ്ചേരി ദുരന്തം, 2000 ല്‍ കല്ലുവാതുക്കല്‍ ദുരന്തം-ഈ പട്ടികയില്‍ മലപ്പുറത്തെ ദുരന്തവും സ്ഥാനം പിടിച്ചിരിക്കുന്നു. നാടിന് ഏറ്റവും ദുഃഖകരമായ സംഭവങ്ങളാണ് ഇവ. ആരുടെയും മനസ്സിനെ വേദനിപ്പിക്കുന്ന ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണ്. അത് ഏതൊക്കെ തരത്തില്‍ സാധ്യമാകും എന്ന ചര്‍ച്ചയാണ് ഉയര്‍ത്തിക്കൊണ്ടുവരേണ്ടത്.

ഈ സംഭവത്തില്‍നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ കഴിയുമോ എന്ന ഹീനശ്രമത്തിലാണ് ഉമ്മന്‍ചാണ്ടിയും യുഡിഎഫും. ഇതിന്റെ ഭാഗമായാണ് കേരളത്തില്‍ സ്പിരിറ്റും വ്യാജമദ്യവും ഇല്ലാതാകാന്‍ സിപിഐ എം വിചാരിച്ചാല്‍ മതി എന്ന ഉമ്മന്‍ചാണ്ടിയുടെ കണ്ടുപിടിത്തം. മറ്റെല്ലാ മേഖലകളിലും എന്നപോലെ ഈ രംഗത്തും എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും നയങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ട്. മദ്യമേഖലയെ സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാട് മുന്നോട്ടു വച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. എല്‍ഡിഎഫിന്റെ മദ്യനയം എന്നത് മദ്യ മാഫിയക്കും അവര്‍ സംരക്ഷിക്കുന്ന സാമൂഹ്യ വിരുദ്ധ പ്രവണതകള്‍ക്കുമെതിരെ കര്‍ശന നിലപാട് സ്വീകരിക്കും എന്നതാണ്. അതോടൊപ്പം ഈ മേഖലയിലെ പരമ്പരാഗത വ്യവസായത്തെ സംരക്ഷിക്കും എന്നതുമാണ്. ഉദയഭാനു കമീഷന്‍ മുന്നോട്ടുവച്ച ശുപാര്‍ശകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന കാര്യവും അതില്‍ എടുത്തു പറഞ്ഞിരുന്നു. എല്‍ഡിഎഫ് അധികാരത്തില്‍ വന്നശേഷം മേല്‍പ്പറഞ്ഞ കാഴ്ചപ്പാടുകള്‍ പ്രായോഗികമാക്കുന്നതിനാണ് പരിശ്രമിച്ചത്.

കേരളത്തിലേക്കുള്ള സ്പിരിറ്റൊഴുക്ക് തടയുന്നതിന് ഫലപ്രദമായ നടപടികളാണ് ഗവണ്മെന്റ് സ്വീകരിച്ചത്. കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ 28402 അബ്കാരി കേസ് രജിസ്റ്റര്‍ ചെയ്തു. അഞ്ച് ബോട്ട് ഉള്‍പ്പെടെ 1777 വാഹനം പിടിച്ചെടുത്തു. 4 ബോട്ട് ഉള്‍പ്പെടെ 2006 വാഹനം കണ്ടുകെട്ടി. വ്യാജമദ്യത്തിനും അതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന പ്രശ്നങ്ങളെയും കൈകാര്യംചെയ്യുന്നതില്‍ ശ്രദ്ധേയമായ രീതിയില്‍ ഇടപെട്ടു. അതിന്റെ ഭാഗമായാണ് ഒരു കേസില്‍ സ്പിരിറ്റ് മാഫിയാ തലവന്മാരെ തമിഴ്നാട്ടില്‍നിന്ന് പാലക്കാട് എസ്പി വിജയ് സാക്കറെയുടെ നേതൃത്വത്തില്‍ കേരള പൊലീസ് അതിസാഹസികമായി പിടികൂടിയത്. എസ്പിയെയും സംഘത്തെയും അപായത്തില്‍പ്പെടുത്താന്‍ മാഫിയാസംഘം ശ്രമിച്ചു. കേരള പൊലീസിന് മറ്റൊരു സംസ്ഥാനത്തുപോയി സാഹസികമായി സ്പിരിറ്റ് മാഫിയാ തലവന്മാരെ പിടികൂടാന്‍ കഴിഞ്ഞത് ഇവിടെ ഇച്ഛാശക്തിയുള്ള സര്‍ക്കാര്‍ നിലനില്‍ക്കുന്നതുകൊണ്ടാണ്. സ്പിരിറ്റ് വേട്ടയുടെ കാര്യത്തില്‍ ഏതറ്റംവരെയും പോവാന്‍ പൊലീസിന് എല്‍ഡിഎഫ് സര്‍ക്കാര്‍ പിന്തുണ നല്‍കിയതുകൊണ്ടാണ് ഇത് സംഭവിച്ചത്.

സംസ്ഥാനത്ത് മദ്യനിരോധനം നടപ്പിലാക്കിയാല്‍ ഉണ്ടാകുന്ന ഗുണദോഷങ്ങളെപ്പറ്റി പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ 1987 ജനുവരി 31-നാണ് ഉദയഭാനു കമീഷനെ നിയോഗിച്ചത്. 1988 ആഗസ്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഈ കമ്മിറ്റി പരമ്പരാഗതമായ കള്ളിനെയും കള്ളു ഷാപ്പുകളെയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തു പറയുകയുണ്ടായി. കമീഷന്‍ റിപ്പോര്‍ട്ടിന്റെ അധ്യായം 6 ലെ പതിനെട്ടാം ഖണ്ഡികയില്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു.

"വീര്യം കുറഞ്ഞ മദ്യങ്ങളായ കള്ളും, ബിയറും വിപണിയില്‍ വില്‍ക്കുന്നതിനോട് കമ്മിറ്റിക്ക് യാതൊരു അഭിപ്രായവ്യത്യാസവുമില്ല. മാത്രവുമല്ല കമ്മിറ്റി ഇതിനെ പ്രോത്സാഹിപ്പിക്കാനും ശുപാര്‍ശചെയ്യുന്നു.''

ഇതിന്റെ കാരണങ്ങള്‍ റിപ്പോര്‍ട്ടിന്റെ അതേ അധ്യായത്തിലെ 18 മുതല്‍ 24 വരെയുള്ള ഖണ്ഡികകളില്‍ വിശദീകരിക്കുന്നുണ്ട്. കള്ളുഷാപ്പുകളെ തൊഴിലാളി സഹകരണസംഘങ്ങളുടെ കീഴിലേക്ക് കൊണ്ടുവരേണ്ടതിന്റെ പ്രാധാന്യവും ഇതില്‍ പരാമര്‍ശിക്കുന്നു. ഇതില്‍ മുന്നോട്ടു വച്ച കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് മദ്യമേഖലയുമായി ബന്ധപ്പെട്ട നയങ്ങള്‍ രൂപപ്പെടുത്തുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ എല്ലാ കാലത്തും തയ്യാറായത്. അതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ കള്ളുഷാപ്പുകള്‍ സഹകരണസംഘങ്ങളെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചത്. ഷാപ്പുമേഖലയിലുള്ള അഴിമതി അവസാനിപ്പിക്കാനും ശുദ്ധമായ കള്ള് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതിനും സഹായിക്കുന്ന ഒന്ന് എന്ന നിലയിലാണ് ഈ സമീപനം സ്വീകരിച്ചത്. ഇത്തരത്തില്‍ മദ്യനയത്തെ സംബന്ധിച്ചുള്ള പഠനത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനാണ് എല്ലാ കാലത്തും പാര്‍ടി ശ്രമിച്ചിട്ടുള്ളത്.

തങ്ങളുടെ കാലത്ത് കാര്യങ്ങളെല്ലാം ഭദ്രമായിരുന്നുവെന്നും എല്‍ഡിഎഫ് സര്‍ക്കാരാണ് ഈ മേഖലയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയത് എന്നുമാണ് ഉമ്മന്‍ചാണ്ടിയുടെ വാദം. ഇതിന്റെ ഭാഗമായി ആന്റണി ഗവണ്മെന്റ് ചാരായം നിരോധിച്ചതിനെ ഉമ്മന്‍ചാണ്ടി പുകഴ്ത്തിപ്പറയുന്നുണ്ട്. ചാരായം നിരോധിച്ചതിനുശേഷം കാര്യങ്ങള്‍ ഭംഗിയായിരുന്നുവെന്നാണ് ഉമ്മന്‍ചാണ്ടിയുടെ അവകാശവാദം. എന്നാല്‍, ആ പ്രവര്‍ത്തനം നടത്തിയതിന്റെ ഭാഗമായി ഏറ്റവും ദുരിതം അനുഭവിച്ച വിഭാഗമായ ചാരായ തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കി പുനരധിവസിപ്പിച്ചത് എല്‍ഡിഎഫ് സര്‍ക്കാരായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ലഹരിയുടെ ലാഭവിഹിതം ഭരണകക്ഷികളും ഉദ്യോഗസ്ഥമേധാവികളും ഒക്കെ വീതം വച്ചെടുക്കുന്നുവെന്നാണ് ഉമ്മന്‍ചാണ്ടിയുടെ ആരോപണം. ഇത്തരം ഒരു പ്രസ്താവന അദ്ദേഹം പുറപ്പെടുവിച്ചത് സ്വന്തം ഭരണകാലത്തെ അനുഭവം ഓര്‍ത്തുകൊണ്ടായിരിക്കാനാണ് സാധ്യത. കാരണം ഈ സര്‍ക്കാരിന്റെ കാലത്ത് ആ സ്ഥിതിക്ക് മാറ്റം വന്നിട്ടുണ്ട് എന്ന് മുകളില്‍ കാണിച്ച കണക്കുകളും ജനങ്ങളുടെ അനുഭവവും വ്യക്തമാക്കുന്നുണ്ട്.

യാഥാര്‍ഥ്യം യാഥാര്‍ഥ്യമായി കണ്ടുകൊണ്ടു മാത്രമേ പ്രശ്നങ്ങള്‍ പരിഹരിക്കാനാകൂ. ആ നിലയില്‍ നോക്കുമ്പോള്‍ കഴിഞ്ഞ കുറെ കാലമായി മാറ്റം വരാതിരിക്കുന്ന ഒരു കാര്യത്തെ ക്കുറിച്ച് തീര്‍ച്ചയായും പറയേണ്ടതുണ്ട്. ആ കാര്യം ഉമ്മന്‍ചാണ്ടി മറച്ചുവച്ചതില്‍ കാര്യവിവരമുള്ള ആരും അത്ഭുതപ്പെടുകയുമില്ല. കാരണം ഉമ്മന്‍ ചാണ്ടിയുടെ പാലക്കാട്ടെ അനുയായിയായ കോണ്‍ഗ്രസ് നേതാവ് നടത്തുന്ന കച്ചവടമാകുമ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് അത് പറയാനാവില്ലല്ലോ. ഈ അനുയായി ഇത്തരം കച്ചവടത്തിലൂടെ കോടാനുകോടി രൂപ ഇതിനകം സമ്പാദിച്ച കാര്യം ഏവര്‍ക്കും അറിയാവുന്നതാണ്.

പാലക്കാട് ജില്ലയില്‍ ചിറ്റൂര്‍ പ്രദേശത്ത് താരതമ്യേന മറ്റ് പ്രദേശങ്ങളേക്കാള്‍ കള്ള് ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. പാലക്കാട് മുതല്‍ പാറശാലവരെ അനധികൃത 'ചിറ്റൂര്‍ കള്ള്' സുലഭമായി ലഭിക്കുന്നു. കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ മിക്ക കള്ള് ഷാപ്പുകളും അനധികൃത ചിറ്റൂര്‍ കള്ളിനെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നതെന്നാണ് പറയപ്പെടുന്നത്. കൃത്രിമക്കള്ള് ഉല്‍പ്പാദിപ്പിച്ച് മദ്യപന്മാര്‍ക്കിഷ്ടപ്പെടുന്ന തരത്തില്‍ വീര്യമുയര്‍ത്തി ഷാപ്പുകളിലേക്ക് എത്തിക്കുകയാണ് ഇവരുടെ പതിവെന്ന് കേള്‍ക്കുന്നു. ഈ രീതി അടിയന്തരമായി തടഞ്ഞാല്‍ മാത്രമേ കള്ളിന്റെ മേഖലയിലുള്ള അപകടകരമായ ഈ പ്രവണതകള്‍ അവസാനിപ്പിക്കാനാകൂ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇത് അയക്കുന്ന രീതിക്കും അന്ത്യം കുറിക്കണം. ഇത് കണ്ടുകൊണ്ടാണ് ആ ദിശയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുള്ളത്. ഇതിനെ സംബന്ധിച്ചുള്ള തന്റെ അഭിപ്രായം രേഖപ്പെടുത്തുന്നതിന് ഉമ്മന്‍ചാണ്ടിയും തയ്യാറാകണം. ജനങ്ങള്‍ക്ക് അത് അറിയാന്‍ ഏറെ താല്‍പ്പര്യമുണ്ടാകും.

കൃത്യമായ പരിധിക്കുള്ളിലാണ് ഓരോ കള്ള് ഷാപ്പും സ്ഥിതി ചെയ്യുന്നത്. ഒരു ഷാപ്പില്‍ ചുരുങ്ങിയത് അഞ്ച് ചെത്ത് തൊഴിലാളികളുണ്ടാകണമെന്നതാണ് വ്യവസ്ഥ. ഒരു തൊഴിലാളി ചുരുങ്ങിയത് പത്ത് തെങ്ങെങ്കിലും ചെത്തിയിരിക്കണം. അന്‍പത് തെങ്ങില്‍നിന്ന് ലഭിക്കുന്ന കള്ള് ഓരോ ഷാപ്പിലും ഇതനുസരിച്ച് ഉണ്ടാകേണ്ടതാണ്. ചെത്തുതൊഴിലാളികളുള്ള മിക്ക സ്ഥലങ്ങളിലും ഷാപ്പുകള്‍ സഹകരണ സംഘങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്. സഹകരണസംഘങ്ങള്‍ നല്ല കള്ള് നല്‍കുക മാത്രമല്ല തൊഴിലാളികള്‍ക്ക് വര്‍ധമാനമായ തോതില്‍ ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്. തൊഴിലാളികളുടെ ക്ഷേമം മുന്‍നിര്‍ത്തിയുള്ള നൂതനമായ പല പരിപാടികളും സഹകരണ സംഘങ്ങള്‍ ആവിഷ്കരിച്ചിട്ടുമുണ്ട്. ഇതിനെല്ലാം പുറമെ സംഘങ്ങള്‍ നല്ല ലാഭവും ഉണ്ടാക്കുന്നു. സഹകരണസംഘത്തിന്റെ ഷാപ്പുകളെക്കുറിച്ച് വലിയ തോതില്‍ ആക്ഷേപങ്ങളൊന്നും ഉയര്‍ന്നു വന്നിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച സമീപനം ശരിയായിരുന്നുവെന്ന് ഈ അനുഭവം തെളിയിക്കുന്നുണ്ട്.

സര്‍ക്കാര്‍ കള്ള് ഷാപ്പുകള്‍ ലേലംചെയ്തു കൊടുക്കുന്നത് ഷാപ്പില്‍നിന്നുള്ള വരുമാനം മോഹിച്ചല്ല. ഒരു പരമ്പരാഗത വ്യവസായ മേഖലയായ കള്ളുചെത്തു തൊഴിലിനെ സംരക്ഷിക്കലാണ് സര്‍ക്കാരിന്റെ യഥാര്‍ഥ ഉദ്ദേശ്യം. എന്നാല്‍, കള്ളുഷാപ്പ് നടത്താന്‍ സര്‍ക്കാര്‍ ലൈസന്‍സ് നല്‍കിയ ഷാപ്പില്‍ വിതരണംചെയ്ത കള്ള് കഴിച്ച് ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ആ നിലയ്ക്ക് കള്ളുചെത്ത് തൊഴിലാളി ആര് എന്നതിനെക്കുറിച്ച് വ്യക്തമായി നിര്‍വചിക്കേണ്ടത് അനിവാര്യമാണ്. അതേപോലെ ഒരു കള്ളുഷാപ്പ് പ്രവര്‍ത്തിക്കുന്നതിന് നിയമപരമായുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടോ എന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തുകയും വേണം. ഇക്കാര്യത്തില്‍ തികഞ്ഞ ജാഗ്രത അനിവാര്യമാണ്.

ചെയ്യാത്ത തൊഴിലിന് കൂലി വാങ്ങുന്ന നോക്കുകൂലിയേക്കാള്‍ ഗുരുതരമായ ചില പ്രവണതകള്‍ ഈ മേഖലയില്‍ നിലനില്‍ക്കുന്നുണ്ട്. അവയ്ക്ക് പരിഹാരമുണ്ടാകണം. തെങ്ങില്‍ കയറുന്ന, ചെത്തി കള്ള് ഉല്‍പ്പാദിപ്പിക്കുന്ന തൊഴിലാളിയെ മാത്രമാണ് കള്ളുചെത്ത് തൊഴിലാളിയായി പരിഗണിക്കാനാവുക. ചില ഷാപ്പുകളിലെങ്കിലും തെങ്ങ് ചെത്തി കള്ള് ഉല്‍പ്പാദിപ്പിക്കുന്ന ഒരു തൊഴിലാളിയും ഇല്ലെന്നാണ് കേള്‍ക്കുന്നത്. അത്തരം ഷാപ്പുകളില്‍ കൃത്രിമ ക്കള്ളാണ് വിതരണം ചെയ്യുന്നതെന്നും കേള്‍ക്കുന്നു. വന്നേടത്തോളം പത്രറിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തി മീതൈല്‍ ആള്‍ക്കഹോള്‍ ചേര്‍ത്ത കള്ളാണ് ദുരന്തം വരുത്തിയതെന്നു കാണാം. അവശ്യം തൊഴിലാളിയും ചെത്തുന്ന തെങ്ങും ഇല്ലാത്ത ഷാപ്പുകള്‍ യഥാര്‍ഥ കള്ളുഷാപ്പുകളല്ലാത്തതിനാല്‍ അവ പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുത്. ഇത് ഈ മേഖലയെ സംരക്ഷിക്കുന്നതിനുള്ള സുപ്രധാന നടപടിയായിരിക്കും.

കേരളത്തില്‍ സംരക്ഷണവും പ്രോത്സാഹനവും നല്‍കേണ്ട ഒരു പരമ്പരാഗത മേഖലയാണ് കള്ളുചെത്ത് രംഗം എന്ന് കണ്ടുകൊണ്ടുള്ള നടപടികളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. അതോടൊപ്പംതന്നെ ഈ രംഗത്തുള്ള ദുഷ്പ്രവണതകള്‍ കര്‍ക്കശമായ നടപടികളിലൂടെ തടയാന്‍ സര്‍ക്കാര്‍ ഇടപെടണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ കള്ളുവ്യവസായത്തെയും കള്ളുചെത്ത് തൊഴിലാളികളെയും സംരക്ഷിക്കാനുദ്ദേശിച്ചുള്ളവയാണെന്ന് തിരിച്ചറിഞ്ഞ് തൊഴിലാളി സംഘടനകള്‍ സര്‍ക്കാര്‍ നടപടികളെ പിന്താങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.

മനുഷ്യരെ കൂട്ടക്കൊല ചെയ്യുന്ന ഹീനകൃത്യത്തില്‍ പങ്കാളികളായവരെ കണ്ടെത്തുന്നതിന് കുറ്റമറ്റ അന്വേഷണ സംവിധാനം എല്‍ഡിഎഫ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തുമെന്നുതന്നെയാണ് സമൂഹം കരുതുന്നത്. ആ നിലയ്ക്കു തന്നെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്. സര്‍ക്കാരിന്റെ ക്രിയാത്മകമായ നടപടികള്‍ പിന്നിട്ട ഓണക്കാലമടക്കം മറ്റു പ്രശ്നങ്ങളൊന്നുമില്ലാതെ കഴിഞ്ഞുപോയതാണ്. ഇപ്പോള്‍ ഇങ്ങനെയൊരു ദുരന്തം ഉണ്ടായതിനു പിന്നില്‍ ഏതെങ്കിലും ഗൂഢശക്തികള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്നും അതിന് മറ്റു മാനങ്ങളുണ്ടോയെന്നും അന്വേഷണത്തിലൂടെ വെളിച്ചത്തുകൊണ്ടുവരാനും തികഞ്ഞ ജാഗ്രത ഉണ്ടാകണം. കുറ്റവാളികള്‍ ആരായാലും അവരെ നിയമത്തിന്റെ കരങ്ങളിലേല്‍പ്പിക്കാന്‍ കാലതാമസമില്ലാതെ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാരിന് കഴിയുമെന്ന് പ്രതീക്ഷി'ക്കുന്നു.

പിണറായി വിജയന്‍ ദേശാഭിമാനി 13092010

1 comment:

  1. മലപ്പുറത്തുണ്ടായ മദ്യദുരന്തം മനുഷ്യസ്നേഹികളെ ഞെട്ടിച്ചു. 1982 ലെ വൈപ്പിന്‍ മദ്യദുരന്തം, 1995 ലെ മട്ടാഞ്ചേരി ദുരന്തം, 2000 ല്‍ കല്ലുവാതുക്കല്‍ ദുരന്തം-ഈ പട്ടികയില്‍ മലപ്പുറത്തെ ദുരന്തവും സ്ഥാനം പിടിച്ചിരിക്കുന്നു. നാടിന് ഏറ്റവും ദുഃഖകരമായ സംഭവങ്ങളാണ് ഇവ. ആരുടെയും മനസ്സിനെ വേദനിപ്പിക്കുന്ന ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണ്. അത് ഏതൊക്കെ തരത്തില്‍ സാധ്യമാകും എന്ന ചര്‍ച്ചയാണ് ഉയര്‍ത്തിക്കൊണ്ടുവരേണ്ടത്

    ReplyDelete