നോക്കിനില്‍ക്കെ വളരുന്ന നഗരം എന്നാണ് മേയര്‍ മേഴ്സി വില്യംസ് കൊച്ചിയെ വിശേഷിപ്പിക്കുക. കണ്ണിമ ചിമ്മാതെ കാവലിരുന്നില്ലെങ്കില്‍ കെട്ടിപ്പടുത്തതെല്ലാം തകിടംമറിയും. മാലിന്യസംസ്കരണം മുതല്‍ വഴിവിളക്കുകള്‍ തെളിക്കുന്നതുവരെയുള്ള കാര്യങ്ങളില്‍ കണ്ണെത്തണം. നഗരത്തില്‍ വന്നുപോകുന്നവരുടെയും താമസമാക്കിയവരുടെയും എണ്ണം അനുദിനം വര്‍ധിക്കുന്നു. നഗരവാസികളുടെ പ്രതീക്ഷകളും ആവശ്യങ്ങളും അതിരില്ലാതെ ഉയരുന്നു. അഞ്ചുവര്‍ഷത്തെ അനുഭവങ്ങള്‍ കൊച്ചിയുടെ ആദ്യ വനിതാമേയറെ പഠിപ്പിച്ചത് പലത്. പ്രശ്നസങ്കീര്‍ണവും എന്നാല്‍ കൊച്ചിയുടെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ചതുമായ അഞ്ചുവര്‍ഷം ഓര്‍ത്തെടുക്കുകയാണ് മേയര്‍.
ജനറം പദ്ധതിയില്‍ കേന്ദ്രത്തില്‍നിന്ന് 1000 കോടിയോളം രൂപയുടെ പ്രോജക്ട് നേടിയെടുത്തു. അപേക്ഷിച്ച മുഴുവന്‍ പദ്ധതിയും കൊച്ചിക്ക് അനുവദിച്ചു. ഗതാഗതക്കുരുക്ക് പരിഹാര പദ്ധതിക്ക് ജനറത്തില്‍ ഒടുവിലായിരുന്നു സ്ഥാനം. എങ്കിലും എസ്എ റോഡ് വീതികൂട്ടല്‍, സ്റ്റേഡിയം ലിങ്ക് റോഡ്, ഇടപ്പള്ളി-ഹൈക്കോടതി റോഡ് എന്നിവ യാഥാര്‍ഥ്യമാക്കി. എസ്എ റോഡ് വെസ്റ്റ് എക്സ്റ്റന്‍ഷന്‍, ഗോശ്രീ-മാമംഗലം റോഡ് എന്നിവയുടെ സ്ഥലമേറ്റെടുക്കല്‍ പുരോഗമിക്കുന്നു. പച്ചാളം, അറ്റ്ലാന്റിസ്, പുന്നുരുന്നി റെയില്‍ മേല്‍പ്പാലങ്ങള്‍ക്ക് അനുമതിയും പണവും കിട്ടി. 32 ലോഫ്ളോര്‍ ബസുകള്‍ കെഎസ്ആര്‍ടിസിയുടെ ചുമതലയില്‍ നഗരത്തില്‍ ഓടുന്നു. വൈറ്റില ബസ് ടെര്‍മിനല്‍ നിര്‍മാണത്തിനു തുടക്കമിട്ടു. കൊച്ചിയുടെ 2031 വരെയുള്ള മാസ്റ്റര്‍പ്ളാന്‍ തയ്യാറാക്കാന്‍ കൌണ്‍സിലിനായി. സമഗ്ര ഗതാഗത വികസനത്തിനുള്ള പ്രാഥമിക സാധ്യതാപഠന റിപ്പോര്‍ട്ടും വിശദ നഗരാസൂത്രണ പദ്ധതിയും തയ്യാറാക്കി. നാല് ലോകരാജ്യങ്ങളിലെ നഗരങ്ങളുമായി സഹോദര നഗരസൌഹൃദത്തിലെത്തി. വനിതാക്ഷേമം, ദാരിദ്ര്യനിര്‍മാര്‍ജനം, സാമൂഹ്യക്ഷേമം, ആരോഗ്യം, കുടിവെള്ളം, സീവേജ്, വിദ്യാഭ്യാസം, പട്ടികജാതി ക്ഷേമരംഗങ്ങളില്‍ എണ്ണമറ്റ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കാനായത് വലിയ നേട്ടം.
കൊച്ചിയെ മറ്റ് നഗരസൌകര്യങ്ങളുമായി താരതമ്യപ്പെടുത്തി കുറ്റപ്പെടുത്തുന്നവര്‍ അവിടത്തെ യഥാര്‍ഥ സ്ഥിതി പരിശോധിക്കണമെന്ന് മേയര്‍ ഓര്‍മിപ്പിക്കുന്നു. വരുമാനത്തിന്റെ 30-40 ശതമാനം നികുതിയൊടുക്കിയാണ് വന്‍കിട നഗരങ്ങളില്‍ വമ്പന്‍ സൌകര്യങ്ങള്‍ നല്‍കുന്നത്. വര്‍ഷങ്ങളായി വസ്തുനികുതിപോലും പരിഷ്കരിച്ചിട്ടില്ലാത്ത നഗരമാണ് കൊച്ചിയെന്ന കാര്യം മറക്കരുത്. ഓരോ വര്‍ഷവും നഗരത്തിന്റെ മുഖഛായ മാറുന്നു. നഗരം വളരുന്നതിന്റെ ലക്ഷണമാണിത്. അഞ്ചുവര്‍ഷത്തിനുള്ളില്‍ നഗരസഭയുടെ വാര്‍ഷിക ബജറ്റ് തുക അഞ്ചിരട്ടിയായി വര്‍ധിച്ചു. 2005-06ല്‍ 109 കോടിയുടെ ബജറ്റും 96 കോടിയുടെ ചെലവുമായിരുന്നു. 2010-11ല്‍ ബജറ്റ് തുക 867 കോടിയാണ്. ചെലവ് 839 കോടിയും. ആസ്തിയും പലമടങ്ങ് ഇരട്ടിച്ചു. ഇനിയുള്ള നാളുകളും അതിവേഗ വളര്‍ച്ചയുടെതാണ്. അത് യാഥാര്‍ഥ്യമാക്കാന്‍ നഗരവാസികളുടെ ക്രിയാത്മകമായ പങ്കാളിത്തവും ജനപക്ഷ ഭരണനേതൃത്വത്തിന്റെ ഇടപെടലും അനിവാര്യമാണെന്ന് മേഴ്സി വില്യംസ് പറഞ്ഞു.
പ്രതിപക്ഷത്തിനും പ്രതികരിക്കാനില്ല
നഗരവളര്‍ച്ചയില്‍ നാഴികക്കല്ലായ നിരവധി പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കിയ ഈ കൌസില്‍ സുതാര്യവും അഴിമതിരഹിതവുമായ സംശുദ്ധ ഭരണത്തിന്റെ കീര്‍ത്തി അവശേഷിപ്പിച്ചാണ് കാലാവധി പൂര്‍ത്തിയാക്കുന്നത്. ഒരു വിഭാഗം മാധ്യമങ്ങളുടെ നിര്‍ലോഭ പിന്തുണയുണ്ടായിട്ടും ഭരണനേതൃത്വത്തിനെതിരെ കാമ്പുള്ള ഒരാരോപണംപോലും ഉന്നയിക്കാന്‍ പ്രതിപക്ഷത്തിനായില്ല. മാലിന്യസംസ്കരണത്തിലുണ്ടായ പോരായ്മ ഉയര്‍ത്തിക്കാട്ടി ഒരുപറ്റം മാധ്യമങ്ങളും പ്രതിപക്ഷവും വലിയ കോലാഹലം സൃഷ്ടിച്ചെങ്കിലും ബ്രഹ്മപുരം പ്ളാന്റ് സമയബന്ധിതമായി പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിച്ചതോടെ എല്ലാവരും പിന്‍വലിഞ്ഞു. നിശ്ചിത സമയത്തിനുള്ളില്‍ 250 കോടിയിലേറെ ചെലവഴിച്ച് പൂര്‍ത്തിയാക്കിയ പദ്ധതിയുടെ പേരില്‍ ഒരു ആക്ഷേപംപോലും ഉയരാനിടയായില്ലെന്നതും ശ്രദ്ധേയം. 105 ഏക്കര്‍ സ്ഥലമാണ് പദ്ധതിക്കായി ബ്രഹ്മപുരത്ത് ഏറ്റെടുത്തത്. 99 കോടി രൂപ പ്ളാന്റ് നിര്‍മാണത്തിന് മാത്രമായി ചെലവഴിച്ചു. ഒരാക്ഷേപത്തിനും പദ്ധതി നിര്‍വഹണം ഇടനല്‍കിയില്ല.
ഏറ്റവുമധികം കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നഗരം നേടിയെടുത്ത കാലമായിരുന്നു ഇത്. 1000 കോടിയോളം രൂപയുടെ കേന്ദ്ര പദ്ധതികള്‍ ഭരണനേതൃത്വത്തിന്റെ കാര്യക്ഷമമായ ഇടപെടലിലൂടെ നഗരത്തിന് സ്വന്തമായി. പദ്ധതികളെല്ലാം സ്റ്റാന്‍ഡിങ് കമ്മിറ്റികളില്‍ ചര്‍ച്ചചെയ്ത് കൌണ്‍സിലിന്റെ അംഗീകാരത്തോടെ തന്നെ നിര്‍വഹണഘട്ടത്തില്‍ എത്തിച്ചു. നഗരസഭയുടെ പ്രവര്‍ത്തനത്തില്‍ സുതാര്യത കൊണ്ടുവന്നതും ഈ കൌണ്‍സിലിന്റെ നേട്ടങ്ങളില്‍ പ്രധാനം.
നഗരവാസികള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കാനുള്ള സംവിധാനങ്ങള്‍ ഓഫീസിനോടു ചേര്‍ന്ന് ഏര്‍പ്പെടുത്തി. വിവരാവകാശ സെല്‍, ഫ്രണ്ട് ഓഫീസ് സംവിധാനം, ഹെല്‍പ്പ് ഡെസ്ക്, ജനന-മരണ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ ഹോസ്പിറ്റല്‍ കയോസ്ക് എന്നിവ ഏര്‍പ്പെടുത്തിയതോടൊപ്പം പൊതുജനങ്ങള്‍ക്ക് മേന്മയുള്ള സേവനം ഉറപ്പാക്കുംവിധം ജനസേവനകേന്ദ്രത്തിന്റെ പ്രവര്‍ത്തനം കംപ്യൂട്ടര്‍വല്‍ക്കരിച്ചു. ഇ-ഗവേണന്‍സിന്റെ ഭാഗമായി കംപ്യൂട്ടര്‍വല്‍ക്കരിച്ച പുറമ്പോക്ക് രജിസ്റ്ററിലൂടെ നമ്പറുകള്‍ നല്‍കി. ഡബിള്‍ എന്‍ട്രി സമ്പ്രദായം നടപ്പാക്കിയതും ജിഐഎസ് മാപ്പിങ് നടത്തിയതും ശ്രദ്ധേയ നേട്ടങ്ങളായി.
ജൈവശ്രീ കുടുംബശ്രീയുടെ മുഖശ്രീ
കുമിഞ്ഞുകൂടുന്ന മാലിന്യനിക്ഷേപം ഉയര്‍ത്തുന്ന തലവേദനയ്ക്ക് എന്നന്നേയ്ക്കുമുള്ള പരിഹാരം കണ്ടെത്തിയെന്ന വലിയ ചാരിതാര്‍ഥ്യവുമായാണ് കൊച്ചി നഗരസഭ ഇത്തവണ കാലാവധി പൂര്‍ത്തിയാക്കുന്നത്. ജൈവമാലിന്യ സംസ്കരണം 100 ശതമാനം ഫലപ്രാപ്തിയിലെത്തിച്ചും അജൈവമാലിന്യ സംസ്കരണത്തിനുള്ള മാസ്റ്റര്‍പ്ളാനും വിശദമായ പദ്ധതി റിപ്പോര്‍ട്ടും തയ്യാറാക്കിയുമാണ് കൊച്ചി കോര്‍പറേഷന്‍ മാതൃക കാട്ടിയത്. ബ്രഹ്മപുരത്ത് മാലിന്യസംസ്കരണത്തിന് കണ്ടെത്തിയ 107 ഏക്കര്‍ സ്ഥലത്ത് നിര്‍മിച്ച പ്ളാന്റിന്റെ രണ്ടാംഘട്ട വികസനത്തിനുള്ള മാസ്റ്റര്‍പ്ളാനും വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടും തയ്യാറാക്കിക്കഴിഞ്ഞതായി മേയര്‍ മേഴ്സി വില്യംസ് പറഞ്ഞു.
ഇപ്പോള്‍ പ്രതിദിനം 120 മുതല്‍ 150 വരെ ടണ്‍ ജൈവമാലിന്യങ്ങള്‍ സംസ്കരിക്കുന്ന ബ്രഹ്മപുരത്ത് പ്രതിദിനം 250 ടണ്‍ വരെ സംസ്കരിക്കാവുന്ന പ്ളാന്റുകൂടി രണ്ടാം ഘട്ടത്തില്‍ നിര്‍മിക്കും. ജൈവമാലിന്യത്തില്‍നിന്ന് ഉണ്ടാക്കുന്ന വളം ജൈവശ്രീ എന്ന പേരില്‍ ഒരു കിലോഗ്രാം വീതമുള്ള പായ്ക്കറ്റുകളിലാക്കി രണ്ടു രൂപ നിരക്കില്‍ കുടുംബശ്രീ വഴി നഗരത്തില്‍ വിതരണംചെയ്യുന്നുണ്ട്. സമീപത്തെ മുനിസിപ്പാലിറ്റികളുടെയും മാലിന്യസംസ്കരണത്തിന് സ്ഥലമില്ലാതെ വിഷമിക്കുന്ന പഞ്ചായത്തുകളുടെയും മാലിന്യങ്ങള്‍കൂടി സംസ്കരിക്കാന്‍ ബ്രഹ്മപുരം പ്ളാന്റില്‍ സൌകര്യം ഒരുക്കുന്നതിനെക്കുറിച്ചുള്ള ആലോചനയിലാണ് കോര്‍പറേഷന്‍ അധികൃതര്‍.
അടുത്ത ഘട്ടത്തില്‍ പ്ളാസ്റ്റിക്ക് മാലിന്യ സംസ്കരണത്തിനാണ് കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്. പ്ളാസ്റ്റിക്കില്‍നിന്ന് ക്രൂഡ്ഓയിലും റോഡ് ടാറിങ്ങിനുള്ള ഗ്രാന്യൂള്‍സും ഉല്‍പ്പാദിപ്പിക്കാനുള്ള പദ്ധതിക്ക് ടെന്‍ഡര്‍ ക്ഷണിക്കാനുള്ള നിബന്ധന തയ്യാറാക്കുകയാണ്.
പൊടിപോലുമില്ല മാലിന്യം
മാലിന്യപ്രശ്നത്തില്‍ എതിരാളികളുടെപോലും പ്രശംസ നേടുംവിധം പരിഹാരമുണ്ടാക്കിയത് പ്രധാന നേട്ടമെന്ന് മേയര്‍ പറഞ്ഞു. നഗരത്തിലൊരിടത്തും മൂക്കു പൊത്തി സഞ്ചരിക്കേണ്ട സ്ഥിതിയില്ല. ആരും മാലിന്യം വലിച്ചെറിയുന്നില്ല. വീടുകളില്‍നിന്ന് തരംതിരിച്ച് ശേഖരിക്കുന്ന മാലിന്യം കൃത്യമായി പ്ളാന്റിലേക്ക് എത്തുന്നു. പരാതികളില്ലാതെ സംസ്കരിക്കുന്നു. മാലിന്യ സംസ്കരണ മികവിന് കേന്ദ്ര നഗരവികസന വകുപ്പിന്റെ പുരസ്കാരം കൊച്ചിയെ തേടിയെത്തിയതിനു പിന്നിലെ കഠിനാധ്വാനം ചെറുതല്ല. മാലിന്യം കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച് നഗരവാസികളില്‍ ഒരവബോധമുണ്ടാക്കി. പുതിയൊരു ബൈലോതന്നെ നടപ്പില്‍വരുത്തി. പൊതുറോഡിലെ മാലിന്യസംഭരണികള്‍ നീക്കി രണ്ടു ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് മാലിന്യം വേര്‍തിരിച്ച് സംഭരിക്കാന്‍ ബക്കറ്റ് നല്‍കി. കൃത്യമായി ശേഖരിക്കാന്‍ കുടുംബശ്രീകളെ ഒരുക്കി. വാഹനങ്ങളും നല്‍കി. റസിഡന്‍സ് അസോസിയേഷനുകളെ ഇതിന്റെ ചുമതല ഏറ്റെടുക്കാന്‍ പര്യാപ്തമാക്കി. രാഷ്ട്രീയലക്ഷ്യത്തോടെ നഗരഭരണത്തെ കടന്നാക്രമിക്കുന്ന ഒരു വിഭാഗം മാധ്യമങ്ങള്‍ ഇതൊന്നും കണ്ടില്ലെന്നു നടിക്കുന്നു.
ദേശാഭിമാനി 13092010
നോക്കിനില്‍ക്കെ വളരുന്ന നഗരം എന്നാണ് മേയര്‍ മേഴ്സി വില്യംസ് കൊച്ചിയെ വിശേഷിപ്പിക്കുക. കണ്ണിമ ചിമ്മാതെ കാവലിരുന്നില്ലെങ്കില്‍ കെട്ടിപ്പടുത്തതെല്ലാം തകിടംമറിയും. മാലിന്യസംസ്കരണം മുതല്‍ വഴിവിളക്കുകള്‍ തെളിക്കുന്നതുവരെയുള്ള കാര്യങ്ങളില്‍ കണ്ണെത്തണം. നഗരത്തില്‍ വന്നുപോകുന്നവരുടെയും താമസമാക്കിയവരുടെയും എണ്ണം അനുദിനം വര്‍ധിക്കുന്നു. നഗരവാസികളുടെ പ്രതീക്ഷകളും ആവശ്യങ്ങളും അതിരില്ലാതെ ഉയരുന്നു. അഞ്ചുവര്‍ഷത്തെ അനുഭവങ്ങള്‍ കൊച്ചിയുടെ ആദ്യ വനിതാമേയറെ പഠിപ്പിച്ചത് പലത്. പ്രശ്നസങ്കീര്‍ണവും എന്നാല്‍ കൊച്ചിയുടെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ചതുമായ അഞ്ചുവര്‍ഷം ഓര്‍ത്തെടുക്കുകയാണ് മേയര്‍.
ReplyDelete