Wednesday, September 22, 2010

ജനാധിപത്യത്തിന്റെ തിരുനാവായ മാതൃക

5 വര്‍ഷം, 7 പ്രസിഡന്റ്

കേരളക്കരയുടെ ഐതിഹ്യങ്ങളില്‍ നിറഞ്ഞുനിന്ന നാവാമണപ്പുറം കഴിഞ്ഞ അഞ്ചുവര്‍ഷമായി പുതിയൊരു മാമാങ്കത്തിന് സാക്ഷിയാവുകയായിരുന്നു. അധികാരക്കസേരയ്ക്കുവേണ്ടി യുഡിഎഫിനകത്ത് നടന്ന മാമാങ്കത്തില്‍ തലകള്‍ പലതുരുണ്ടു. തിരുനാവായ മണല്‍പ്പുറം കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഏഴു പ്രസിഡന്റുമാരെ കണ്ടു. അവരുടെ ഭരണം 'അനുഭവിച്ചു'. പ്രസിഡന്റുമാരെ ഒന്നൊന്നായി വെട്ടിമാറ്റിയ മാമാങ്കം കണ്ട് അന്തംവിട്ടിരിക്കാനേ പാവം പ്രജയ്ക്കായുള്ളൂ. നിളയിലെ മണലായിരുന്നു അടിക്കടിയുള്ള ഭരണമാറ്റത്തിന് ഹേതുവെന്ന് ജനസംസാരം. യുഡിഎഫ് ഭരിക്കുന്ന തിരുനാവായയില്‍ ഏഴാമത്തെ പ്രസിഡന്റാണ് ഇപ്പോള്‍ അധികാരത്തിലുള്ളത്. അഞ്ച് വൈസ് പ്രസിഡന്റുമാരും തിരുനാവായക്കാരെ സേവിച്ചു. മൂന്നുവര്‍ഷത്തിനിടെ ചുമതലയേറ്റത് ആറ് പ്രസിഡന്റുമാരാണ്. സഹസ്രാബ്ദങ്ങള്‍ക്കുമുമ്പ് മണല്‍പ്പുറത്ത് രാജാധികാരത്തിനാണ് ചാവേറുകള്‍ കൊന്നും വെട്ടിയും ചോരചിന്തിയതെന്ന് ചരിത്രം.

2005ലെ തെരഞ്ഞെടുപ്പില്‍ തിരുനാവായ പഞ്ചായത്തില്‍ യുഡിഎഫിന് ലഭിച്ചത് 22ല്‍ 17 സീറ്റ്്. മുസ്ളിംലീഗിന് 11ഉം കോണ്‍ഗ്രസിന് ആറും. ലീഗിലെ പാറയില്‍ ബാപ്പുഹാജി പ്രസിഡന്റായി. വൈസ് പ്രസിഡന്റായത് കോണ്‍ഗ്രസിലെ ആനി ഗോഡ്ലീഫും. രണ്ടുവര്‍ഷം കഴിഞ്ഞ് യുഡിഎഫ് ധാരണപ്രകാരം ബാപ്പുഹാജി രാജിവച്ച് ആനി പ്രസിഡന്റായി. വൈസ് പ്രസിഡന്റായി ഫൈസല്‍ ഇടശേരിയും. കോണ്‍ഗ്രസിലെ തമ്മിലടിമൂലം ആനിക്കെതിരെ വിമതര്‍ രംഗത്തുവന്നത് ലീഗ് സൌകര്യപൂര്‍വം ഉപയോഗിച്ചു. ഒരുവര്‍ഷത്തിനുശേഷം ആനിയുടെ കസേരയിളകി. അതോടെ കോണ്‍ഗ്രസിനെ പിന്തള്ളി ലീഗ് അംഗം എം സി മുഹമ്മദ്കോയ പ്രസിഡന്റായി. വൈസ് പ്രസിഡന്റുസ്ഥാനത്ത് ഫൈസലിനുപകരം സി വി കാദറുമെത്തി. മുഹമ്മദ്കോയ ആറുമാസം പൂര്‍ത്തിയാകാതെ രാജിവച്ചൊഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസിലെ മേക്കാട്ടുകളം മുഹമ്മദ് പ്രസിഡന്റായി. രണ്ടു ഭരണസമിതി യോഗത്തില്‍ അധ്യക്ഷനായി സ്ഥാനം അലങ്കരിക്കെ മൂന്നുമാസം തികയുംമുമ്പേ മേക്കാട്ടുകളം മുഹമ്മദിന്റെ കസേരയും തെറിച്ചു. അടിയാട്ടില്‍ കോയാമു ആക്ടിങ് പ്രസിഡന്റായി. പിന്നീട് ലീഗിലെ ഫൈസല്‍ ഇടശേരി പ്രസിഡന്റായി. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികള്‍ക്കുപുറമെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍സ്ഥാനത്തും മാറ്റങ്ങളുണ്ടായി.

നാട്ടിലെ വികസനത്തിന് തെല്ലും വിലനല്‍കാതെ പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാര്‍ മാറിമാറി ഭരിച്ചപ്പോള്‍ ജനം നട്ടംതിരിഞ്ഞു. ഭരണം നിയന്ത്രിച്ചത് മണല്‍മാഫിയയെന്നായിരുന്നു ജനങ്ങളുടെ പരാതി. ഭാരതപ്പുഴയിലെ മണലൂറ്റാനുള്ള അനുമതിക്കായി മാഫിയ അവരുടെ താല്‍പ്പര്യത്തിനൊത്ത പ്രസിഡന്റുമാരെ വാഴിച്ചു. കോണ്‍ഗ്രസും ലീഗും അതില്‍ കൂട്ടുപ്രതികളായെന്ന് യാഥാര്‍ഥ്യം. ആദ്യ രണ്ടുവര്‍ഷം ഒരാള്‍മാത്രം പ്രസിഡന്റായപ്പോള്‍ പിന്നീടുള്ള മൂന്നുവര്‍ഷത്തില്‍ ആറു പ്രസിഡന്റുമാരെ അധികാരത്തിലേറ്റിയാണ് തിരുനാവായയിലെ ജനാധിപത്യം ചരിത്രമായത്. ആദ്യ രണ്ടുവര്‍ഷം വെറുതെ പാഴാക്കിയെന്നാണ് ലീഗ് അംഗങ്ങളുടെ ഇപ്പോഴത്തെ സ്വകാര്യ ദുഃഖം.

മനസ്സുമടുത്ത് മയ്യഴി

തെരഞ്ഞെടുക്കപ്പെട്ട് നാലുവര്‍ഷം കഴിഞ്ഞിട്ടും അധികാരത്തിനായുള്ള കാത്തിരിപ്പിലാണ് മയ്യഴിനഗരസഭാ കൌണ്‍സിലര്‍മാര്‍. അധികാരത്തിനായി സമരവും നിവേദനവും നല്‍കി കൌണ്‍സിലര്‍മാര്‍ മടുത്തു. നിരന്തരം പ്രമേയം പാസാക്കുന്നുവെന്നല്ലാതെ ഒരു ഫലവുമില്ല. ഇനി എന്ത് എന്ന ചോദ്യത്തിനും ആര്‍ക്കും ഉത്തരമില്ല. നഗരപാലിക നിയമമനുസരിച്ചുള്ള അധികാരം മയ്യഴി നഗരസഭയ്ക്ക് ഇന്നും വിദൂര സ്വപ്നംമാത്രം.

മുപ്പത്തെട്ടു വര്‍ഷത്തെ ജനാധിപത്യധ്വംസനത്തിന് അറുതിവരുത്തി 2006 ജൂണ്‍ 24നാണ് മയ്യഴി നഗരസഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. 15 വാര്‍ഡ് കൌണ്‍സിലര്‍മാരെയും ചെയര്‍മാനെയും തെരഞ്ഞെടുത്തു. കോണ്‍ഗ്രസ്നേതൃത്വത്തിലുള്ള കൌണ്‍സില്‍ ജൂലൈ 11ന് അധികാരമേല്‍ക്കുകയും ചെയ്തു. നീണ്ട നിയമപ്പോരാട്ടത്തിനൊടുവിലായിരുന്നു ഈ തെരഞ്ഞെടുപ്പ്. നഗരപാലിക നിയമമനുസരിച്ച് പൊതുമരാമത്ത്വകുപ്പ്(കെട്ടിടനിര്‍മാണം ഒഴികെ), ടൌണ്‍പ്ളാനിങ്, ഫയര്‍ഫോഴ്സ്, ഭൂവിനിയോഗം, വികലാംഗക്ഷേമം തുടങ്ങി 18 വകുപ്പ് നഗരസഭയില്‍ നിക്ഷിപ്തമാണ്. എന്നാല്‍, അധികാരം കൈമാറാന്‍ നാലു വര്‍ഷമായിട്ടും ഒരു നടപടിയുമില്ല.

ഒരു അധികാരവും താഴേ തട്ടിലേക്ക് വിട്ടുനല്‍കാന്‍ പുതുച്ചേരിയിലെ കോണ്‍ഗ്രസ് ഭരണം ഒരുക്കമല്ല. ഫണ്ടും അധികാരവും ലഭിക്കുമ്പോഴേക്കും കൌണ്‍സിലിന്റെ കാലാവധി കഴിയുമോ എന്ന ആശങ്കയിലാണ് ചെയര്‍മാനും കൌണ്‍സിലര്‍മാരും. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ നടപടിയില്‍ ജനങ്ങളും രോഷാകുലരാണ്. 73, 74 ഭരണഘടനാഭേദഗതി രാജ്യത്ത് നിലവില്‍ വന്നിട്ട് 18 വര്‍ഷം കഴിഞ്ഞിട്ടും പുതുച്ചേരി സംസ്ഥാനത്ത് അത് നടപ്പാക്കാന്‍ കോണ്‍ഗ്രസ് വിസമ്മതിക്കുകയാണ്. പുതുതായി അധികാരത്തില്‍ വന്ന കൌണ്‍സിലിനെ എങ്ങനെയും കഴുത്തു ഞെരിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. അധികാരവികേന്ദ്രീകരണം പൂര്‍ണാര്‍ഥത്തില്‍ നടപ്പാക്കി കേരളം രാജ്യത്തിന് മാതൃകയാവുമ്പോഴാണ് കോണ്‍ഗ്രസ് ഭരിക്കുന്ന പുതുച്ചേരിയില്‍ ഭരണഘടനയെ കൊഞ്ഞനംകുത്തുന്ന ജനാധിപത്യവിരുദ്ധ നടപടി.

ദേശാഭിമാനി 22092010

2 comments:

  1. കേരളക്കരയുടെ ഐതിഹ്യങ്ങളില്‍ നിറഞ്ഞുനിന്ന നാവാമണപ്പുറം കഴിഞ്ഞ അഞ്ചുവര്‍ഷമായി പുതിയൊരു മാമാങ്കത്തിന് സാക്ഷിയാവുകയായിരുന്നു. അധികാരക്കസേരയ്ക്കുവേണ്ടി യുഡിഎഫിനകത്ത് നടന്ന മാമാങ്കത്തില്‍ തലകള്‍ പലതുരുണ്ടു. തിരുനാവായ മണല്‍പ്പുറം കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഏഴു പ്രസിഡന്റുമാരെ കണ്ടു. അവരുടെ ഭരണം 'അനുഭവിച്ചു'. പ്രസിഡന്റുമാരെ ഒന്നൊന്നായി വെട്ടിമാറ്റിയ മാമാങ്കം കണ്ട് അന്തംവിട്ടിരിക്കാനേ പാവം പ്രജയ്ക്കായുള്ളൂ. നിളയിലെ മണലായിരുന്നു അടിക്കടിയുള്ള ഭരണമാറ്റത്തിന് ഹേതുവെന്ന് ജനസംസാരം. യുഡിഎഫ് ഭരിക്കുന്ന തിരുനാവായയില്‍ ഏഴാമത്തെ പ്രസിഡന്റാണ് ഇപ്പോള്‍ അധികാരത്തിലുള്ളത്. അഞ്ച് വൈസ് പ്രസിഡന്റുമാരും തിരുനാവായക്കാരെ സേവിച്ചു. മൂന്നുവര്‍ഷത്തിനിടെ ചുമതലയേറ്റത് ആറ് പ്രസിഡന്റുമാരാണ്. സഹസ്രാബ്ദങ്ങള്‍ക്കുമുമ്പ് മണല്‍പ്പുറത്ത് രാജാധികാരത്തിനാണ് ചാവേറുകള്‍ കൊന്നും വെട്ടിയും ചോരചിന്തിയതെന്ന് ചരിത്രം.

    ReplyDelete
  2. തിരുനാവായയിലെ ജനങ്ങള്‍ ജനാധിപത്യപരമായി അത്രക്കും പിന്നോക്കാവസ്ഥയിലാണെന്ന് മനസ്സിലാക്കുന്നു. ഈ പ്രസിഡന്റുമാരുടെ വീട്ടിനുമുന്നില്‍ സംഘടിച്ച് നാലു തെറിവിളക്കാന്‍ പോലും അടിമത്വം അനുവദിക്കാതിരിക്കുന്ന ജനത്തിന് യോജിച്ച നേതാക്കള്‍ തന്നെ !!!
    ചീഞ്ഞ പാര്‍ട്ടി രാഷ്ട്രീയത്തിന്റെ രക്തസാക്ഷികള്‍ :)

    ReplyDelete