പാലക്കാട്: കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികനയം കാരണം കൈത്തറിത്തൊഴിലാളികള്‍ പട്ടിണിയിലേക്കു നീങ്ങുന്നു. ആറ്മാസത്തിനുള്ളില്‍ നൂലിന്റെയും മറ്റ് അസംസ്കൃതവസ്തുക്കളുടെയും വില 50 ശതമാനത്തിലധികം വര്‍ധിച്ചതാണ് കൈത്തറിത്തൊഴിലാളികളുടെ ജീവിതം ഇരുട്ടിലാക്കിയത്. തമിഴ്നാട്ടിലെ സേലം, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍നിന്നാണ് കേരളത്തിലേക്ക് നൂല്‍ കൊണ്ടുവരുന്നത്. കൂടിയ വിലയ്ക്ക് നൂലും മറ്റ് വസ്തുക്കളുംവാങ്ങി തുണിനെയ്ത് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് തൊഴിലാളികള്‍. രണ്ടുമാസംമുമ്പ് ഒരു കിലോ 30-ാംനമ്പര്‍ നൂലിന് 110 രൂപയാണുണ്ടായിരുന്നത്. ഇത് 180 രൂപയായി വര്‍ധിച്ചു. 40-ാംനമ്പര്‍ നൂലിന് 140 രൂപയുണ്ടായിരുന്നത് 250 രൂപയായി വര്‍ധിച്ചു.
നാഷണല്‍ ഹാന്‍ഡ്‌ലൂം ഡെവലപ്പ്മെന്റ് കോര്‍പറേഷനില്‍നിന്നാണ് ജില്ലയിലെ കൈത്തറി സഹകരണ സംഘങ്ങള്‍ നൂല്‍ വാങ്ങുന്നത്. 2009ല്‍ ബെഡ്‌ഷീറ്റ് നെയ്യാന്‍ ഉപയോഗിക്കുന്ന നാലര കിലോ (ഒരുബണ്ട്) നൂലിന് 620.50 രൂപയായിരുന്നുവെങ്കില്‍ 2010ല്‍ 820.65 രൂപയായി ഉയര്‍ന്നു. 26-ാംനമ്പര്‍ നൂല്‍ 520രൂപയില്‍നിന്ന് 700 രൂപയും തോര്‍ത്ത് നെയ്യുന്ന 20-ാംനമ്പര്‍ നൂല്‍ 350ല്‍നിന്ന് 500 രൂപയായും വര്‍ധിച്ചു. നൂലില്‍ ചേര്‍ക്കുന്ന കളര്‍, കളര്‍ചേര്‍ക്കാനുള്ള കൂലി എന്നിവയും ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജില്ലയിലെ കൈത്തറിത്തൊഴിലാളികള്‍ പട്ടിണി കിടക്കേണ്ട അവസ്ഥയിലാണ്.
ജില്ലയില്‍ പരമ്പരാഗത തുണിനെയ്ത്തിലേര്‍പ്പെട്ടിരുന്നത് 15,000 തൊഴിലാളികളായിരുന്നു. ഈ തൊഴില്‍മേഖലയില്‍ പിടിച്ചുനില്‍ക്കാനാവാതെ പതിനായിരത്തോളംപേര്‍ മറ്റ് തൊഴിലുകള്‍തേടിപ്പോയി. വയോധികര്‍ ഉള്‍പ്പെടെ 5,000ത്തില്‍ താഴെ തൊഴിലാളികള്‍ മാത്രമായി ചുരുങ്ങി. കേന്ദ്രസര്‍ക്കാര്‍ റിബേറ്റു നല്‍കിയതുകൊണ്ടായിരുന്നു കൈത്തറിമേഖല പിടിച്ചുനിന്നത്. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ റിബേറ്റടക്കമുള്ള എല്ലാ ഇളവുകളും നിര്‍ത്തലാക്കി. കേരളത്തിലെ എല്‍ഡിഎഫ്സര്‍ക്കാര്‍ സഹായം നല്‍കുന്നതുകൊണ്ടാണ് കൈത്തറിമേഖല പിടിച്ചുനില്‍ക്കുന്നത്.
പാലപ്പുറം, കൊടുമ്പ്, എലപ്പുള്ളി, ചിറ്റൂരിലെ ദേവാങ്കപുരം, നല്ലേപ്പിള്ളി, കൊല്ലങ്കോട്, കിഴക്കേത്തറ, നെന്മാറ, മേലാര്‍ക്കോട്മാര്‍ലാട് എന്നിവിടങ്ങളില്‍ കൈത്തറിനെയ്ത്ത് സഹകരണസംഘങ്ങളുണ്ട്. പെരുവെമ്പില്‍ ഒറ്റത്തറികളും പ്രവര്‍ത്തിക്കുന്നു. ഇതിനുപുറമെ പവര്‍ലൂം നടത്തുന്ന സ്വകാര്യവ്യക്തികളും ചില സഹകരണസംഘങ്ങളുമുണ്ട്. ഇവയെല്ലാം പ്രതിസന്ധിയിലാണ്. തൊഴിലാളികള്‍ ജീവിക്കാന്‍ വേറെമാര്‍ഗം തേടേണ്ട സ്ഥിതിയിലാണ്. എല്‍ഡിഎഫ്സര്‍ക്കാര്‍ വിവിധ ആനൂകൂല്യങ്ങള്‍ നല്‍കി കൈത്തറിമേഖലയെ സംരക്ഷിക്കാന്‍ ശ്രമിക്കുമ്പോഴാണ് കേന്ദ്രസര്‍ക്കാരിന്റെ കൊള്ളരുതായ്മകൊണ്ട് തകര്‍ച്ചയിലേക്കു നീങ്ങുന്നത്.
ദക്ഷിണേന്ത്യയിലെ ബനിയന്‍നഗരമായ തിരുപ്പൂരില്‍ നൂല്‍വില വര്‍ധിച്ചതുകൊണ്ടുണ്ടായ പ്രതിസന്ധിമാത്രംമതി ഈ ദുഃസ്ഥിതി മനസ്സിലാക്കാന്‍. ജൂലൈ മാസം മുതല്‍ സെപ്തംബര്‍ ആദ്യവാരംവരെ തൊഴില്‍ നഷ്ടപ്പെട്ടതുകൊണ്ട് 85 പേരാണ് ഈ മേഖലയില്‍ ആത്മഹത്യ ചെയ്തത്. തമിഴ്നാട് പൊലിസിന്റെ കണക്കാണിത്. കേന്ദ്രസര്‍ക്കാരിന്റെ കൊള്ളരുതായ്മകള്‍ക്കും അതിന് കൂട്ടുനില്‍ക്കുന്ന കേരളത്തിലെ കോണ്‍ഗ്രസിനുമെതിരായ മുന്നേറ്റമുണ്ടാക്കിയില്ലെങ്കില്‍ ഈ അവസ്ഥ കേരളത്തിലെ കൈത്തറിത്തൊഴിലാളികള്‍ക്കും വരുമെന്നാണ് ഭയം.
ദേശാഭിമാനി 18092010
കൈത്തറി മേഖലയില്‍ ജീവിതസമരം
ഖാദിയെയും ഗാന്ധിജിയെയും മറക്കുന്നുവോ?
കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികനയം കാരണം കൈത്തറിത്തൊഴിലാളികള്‍ പട്ടിണിയിലേക്കു നീങ്ങുന്നു. ആറ്മാസത്തിനുള്ളില്‍ നൂലിന്റെയും മറ്റ് അസംസ്കൃതവസ്തുക്കളുടെയും വില 50 ശതമാനത്തിലധികം വര്‍ധിച്ചതാണ് കൈത്തറിത്തൊഴിലാളികളുടെ ജീവിതം ഇരുട്ടിലാക്കിയത്.
ReplyDelete