Thursday, September 30, 2010

ലോട്ടറി: കരാര്‍ രേഖ സര്‍ക്കാരിന് നല്‍കില്ലെന്ന് മേഘ

അന്യസംസ്ഥാന ലോട്ടറിക്കെതിരായ കേസില്‍ കോണ്‍ഗ്രസ് വക്താവും അഭിഭാഷകനുമായ അഭിഷേക് സിങ്വി വ്യാഴാഴ്ചയും ഹൈക്കോടതിയില്‍ ഹാജരായി. ബുധനാഴ്ച സിംഗിള്‍ ബെഞ്ചിലെ മറ്റൊരു കേസില്‍ സാന്റിയാഗോ മാര്‍ട്ടിന്റെ മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സിനുവേണ്ടി ഇദ്ദേഹം ഹാജരായിരുന്നു. മേഘയും മോണിക്കയും ഭൂട്ടാന്‍ ലോട്ടറിയുടെ പ്രമോട്ടര്‍മാരാണെന്ന് വ്യാഴാഴ്ച ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, ജസ്റ്റിസ് ബി ഭാവദാസന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് മുമ്പാകെ സിങ്വി വാദിച്ചു. മേഘ കേരളത്തിലെ വിതരണക്കാരും മോണിക്ക മറ്റ് സംസ്ഥാനങ്ങളിലെ വിതരണക്കാരുമാണ്. ഇവര്‍ തമ്മിലുണ്ടാക്കിയ വാണിജ്യക്കരാറിന്റെ അടിസ്ഥാനത്തിലാണ് മേഘ ഭൂട്ടാന്‍ ലോട്ടറി കേരളത്തില്‍ വില്‍ക്കുന്നത്. വാണിജ്യ കരാറായതിനാല്‍ ഇത് സര്‍ക്കാരിന് നല്‍കാനാവില്ലെന്നും വേണമെങ്കില്‍ കോടതിയില്‍ ഹാജരാക്കാമെന്നും സിങ്വി പറഞ്ഞു.

ലോട്ടറി സമരം നടത്തേണ്ടത് എഐസിസി ഓഫീസിനു മുന്നില്‍: പിണറായി

ലോട്ടറി കേസില്‍നിന്ന് പിന്മാറില്ലെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്വി അറിയിച്ചതിലൂടെ എഐസിസിയുടെ നിലപാടാണ് വ്യക്തമാക്കിയിരിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ലോട്ടറി മാഫിയയ്ക്കെതിരെ നിരാഹാര സമരത്തിനൊരുങ്ങുന്ന കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ എഐസിസി ഓഫീസിനു മുന്നിലാണ് സമരം ചെയ്യേണ്ടത്. കോണ്‍ഗ്രസ് വക്താവ് കോടതിയില്‍ ഹാജരാകുകയും കോണ്‍ഗ്രസ് നേതാക്കള്‍ നിരാഹാരം ഇരിക്കുകയും ചെയ്യുന്നത് വഞ്ചനയാണ്. കേന്ദ്രത്തിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ നിയമം നിര്‍മ്മിക്കാന്‍ സര്‍ക്കാരുകള്‍ക്ക് അധികാരം നല്‍കുകയാണ് വേണ്ടതെന്നും ജ്ഞാനപീഠം ജേതാവ് ഒഎന്‍വിയെ സന്ദര്‍ശിക്കാനെത്തിയ പിണറായി വാര്‍ത്താ ലേഖകരോട് പറഞ്ഞു.

കേരള നേതൃത്വം ഹൈക്കമാന്‍ഡിനെ തള്ളിപ്പറയണം: ഐസക്

ലോട്ടറി മാഫിയക്കു വേണ്ടി ഹൈക്കോടതിയില്‍ ഹാജരായ കോണ്‍ഗ്രസ് വക്താവിന്റെ പേരില്‍ ഹൈക്കമാന്‍ഡ് നടപടിയെടുത്തില്ലെങ്കില്‍ നേതൃത്വത്തെ തളളിപ്പറയാന്‍ ഉമ്മന്‍ചാണ്ടിയും വി ഡി സതീശനും തയ്യാറാവണമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. നമുക്ക് കാത്തിരിക്കാം. നടപടിയെടുത്തിലെങ്കില്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം ലോട്ടറി മാഫിയയോടൊപ്പമാണെന്ന് സമ്മതിക്കാന്‍ ഈ നേതാക്കള്‍ തയ്യാറകണം. ലോട്ടറി മാഫിയായ്ക്ക് വേണ്ടി സിങ്വി ഹൈക്കോടതിയില്‍ ഹാജരാകുന്ന വിവരം നേരത്തെ തന്നെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അറിയാമായിരുന്നു. അത് തടയാന്‍ ഒരു എംപി മുഖേന ശ്രമിക്കുകയും ചെയ്തു. എന്നാല്‍ അത് വകവെക്കാതെയാണ് സിങ്വി മേഘ ഡിസ്ട്രിബ്യൂട്ടേഴ്സിന് വേണ്ടി ഹാജരായത്. ഭൂട്ടാന്‍ സര്‍ക്കാരിന് വേണ്ടിയാണ് വന്നതെന്ന് പറയുന്നത് കള്ളമാണ്. കേരളത്തിന്റെ ഓര്‍ഡിനന്‍സ് ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഭൂട്ടാന്‍ സര്‍ക്കാര്‍ ഉള്‍പ്പെട്ടരുന്നില്ല. ലോട്ടറി മാഫിയക്ക് വേണ്ടി ഹാജരായതില്‍ ജാള്യത തോന്നിയിട്ടാകാം ഇപ്പോള്‍ സിങ്വി മറിച്ചു പറയുതെന്നും ഐസക് വ്യക്തമാക്കി.

ഉമ്മന്‍ചാണ്ടിയും വി ഡി സതീശനും മാപ്പുപറയണം: ടി വി രാജേഷ്


ലോട്ടറിവിഷയത്തില്‍ ജനങ്ങളെ കബളിപ്പിച്ച പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും വി ഡി സതീശന്‍ എംഎല്‍എയും മാന്യതയുടെ തരിമ്പെങ്കിലും ബാക്കിയുണ്ടെങ്കില്‍ കേരളത്തിലെ ജനങ്ങളോട് മാപ്പു പറയണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോടിക്കണക്കിനു രൂപയുടെ അഴിമതി നടത്തുന്ന ലോട്ടറി മാഫിയുടെ യഥാര്‍ഥസംരക്ഷകര്‍ കോണ്‍ഗ്രസാണെന്ന സത്യം മറനീങ്ങി. 2003ല്‍ ലോട്ടറിമാഫിയക്കു വേണ്ടി കോടതിയില്‍ ഹാജരായത് ചിദംബരമാണ്. 2007ല്‍ നളിനി ചിദംബരം ഹാജരായി. ഇപ്പോള്‍ കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്വിയും. ഇത് കേവലം ധാര്‍മികതയുടെ പ്രശ്നമല്ല. കോടികള്‍ മറിയുന്ന മാഫിയ ഇടപാടിന്റെ പ്രതിഫലനമാണ്. ഇത് മറയ്ക്കാന്‍ തെറ്റിദ്ധാരണ പരത്തുകയാണ് ഉമ്മന്‍ചാണ്ടിയും വി ഡി സതീശനും.

യുഡിഎഫിന്റെ ആത്മാര്‍ഥതയില്ലായ്മ തെളിഞ്ഞു: കോടിയേരി


അന്യസംസ്ഥാന ലോട്ടറിക്കേസില്‍ കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്വി ഹാജരായതിലൂടെ തെളിഞ്ഞത് യുഡിഎഫിന്റെ ആത്മാര്‍ഥതയില്ലായ്മയാണെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സിങ്വി വന്നത് സോണിയയുടെ അറിവോടെയാണോയെന്നു സംശയിക്കണം.

ദേശാഭിമാനി വാര്‍ത്ത

1 comment:

  1. അന്യസംസ്ഥാന ലോട്ടറിക്കെതിരായ കേസില്‍ കോണ്‍ഗ്രസ് വക്താവും അഭിഭാഷകനുമായ അഭിഷേക് സിങ്വി വ്യാഴാഴ്ചയും ഹൈക്കോടതിയില്‍ ഹാജരായി. ബുധനാഴ്ച സിംഗിള്‍ ബെഞ്ചിലെ മറ്റൊരു കേസില്‍ സാന്റിയാഗോ മാര്‍ട്ടിന്റെ മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സിനുവേണ്ടി ഇദ്ദേഹം ഹാജരായിരുന്നു. മേഘയും മോണിക്കയും ഭൂട്ടാന്‍ ലോട്ടറിയുടെ പ്രമോട്ടര്‍മാരാണെന്ന് വ്യാഴാഴ്ച ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, ജസ്റ്റിസ് ബി ഭാവദാസന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് മുമ്പാകെ സിങ്വി വാദിച്ചു. മേഘ കേരളത്തിലെ വിതരണക്കാരും മോണിക്ക മറ്റ് സംസ്ഥാനങ്ങളിലെ വിതരണക്കാരുമാണ്. ഇവര്‍ തമ്മിലുണ്ടാക്കിയ വാണിജ്യക്കരാറിന്റെ അടിസ്ഥാനത്തിലാണ് മേഘ ഭൂട്ടാന്‍ ലോട്ടറി കേരളത്തില്‍ വില്‍ക്കുന്നത്. വാണിജ്യ കരാറായതിനാല്‍ ഇത് സര്‍ക്കാരിന് നല്‍കാനാവില്ലെന്നും വേണമെങ്കില്‍ കോടതിയില്‍ ഹാജരാക്കാമെന്നും സിങ്വി പറഞ്ഞു.

    ReplyDelete