Wednesday, September 22, 2010

കോണ്‍ഗ്രസിന്റേത് വികേന്ദ്രീകരണം അട്ടിമറിച്ച പാരമ്പര്യം

രാജ്യത്തിന് രാജീവ് ഗാന്ധി നല്‍കിയ സംഭാവനയാണ് അധികാരവികേന്ദ്രീകരണമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ അവകാശവാദം കേരളത്തിന്റെ വികേന്ദ്രീകരണപ്രക്രിയയുടെ ചരിത്രത്തോടുള്ള അവഹേളനം. തരം കിട്ടുമ്പോഴൊക്കെ പഞ്ചായത്ത് സംവിധാനത്തെ ശ്വാസം മുട്ടിച്ചുകൊന്ന ചരിത്രമാണ് കേരളത്തിലെ വലതുപക്ഷത്തിന് അവകാശപ്പെടാനുള്ളത്. ദീര്‍ഘനാള്‍ പഞ്ചായത്തുതെരഞ്ഞെടുപ്പ് നടത്താതെ ഭരണസമിതിയുടെ കാലാവധി നീട്ടിക്കൊടുത്തതിന്റെയും ജില്ലാ കൌണ്‍സില്‍ സംവിധാനത്തെ നശിപ്പിച്ചതിന്റെയും ക്രെഡിറ്റും യുഡിഎഫിന് തന്നെ.

കേരളംഅധികാരവികേന്ദ്രീകരണ രംഗത്ത് കൈവരിച്ച നേട്ടത്തിന്റെ തുടക്കം 1957ല്‍ അധികാരമേറ്റ ഇഎംഎസ് സര്‍ക്കാര്‍ വരെ നീണ്ടു കിടക്കുന്നുണ്ട്. 57ല്‍ ഭരണമേറ്റയുടന്‍ ഇഎംഎസ് സര്‍ക്കാര്‍ ഈ മേഖലയില്‍ ആദ്യം ചെയ്തത് ഭരണപരിഷ്കാര കമീഷന്‍ (അഡ്മിന്സ്ട്രേറ്റീവ് റിഫോംസ് കമീഷന്‍) രൂപീകരിക്കുകയായിരുന്നു. വിവിധ തലങ്ങളില്‍ അധികാരം വികേന്ദ്രീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക എന്നതായിരുന്നു മുഖ്യമന്ത്രി അധ്യക്ഷനായ കമീഷന്റെ പരിഗണനാവിഷയങ്ങളില്‍ പ്രധാനം. ജനങ്ങള്‍ നേരിട്ട് തെരഞ്ഞെടുക്കുന്ന ഗ്രാമപഞ്ചായത്തും ജില്ലാ പഞ്ചായത്തും അടങ്ങുന്ന ദ്വിതല പഞ്ചായത്ത് സംവിധാനത്തിന് രൂപം നല്‍കണമെന്ന ശുപാര്‍ശയും കമീഷന്‍ മുന്നോട്ടുവച്ചു. ഇതേ തുടര്‍ന്നാണ് പഞ്ചായത്ത് ബില്ലും ജില്ലാ കൌണ്‍സില്‍ ബില്ലും അവതരിപ്പിച്ചത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരണപരിഷ്കാര കമീഷന്‍ ശുപാര്‍ശകള്‍ പരിഗണിക്കാതെയാണ് 1960ല്‍ പഞ്ചായത്ത് നിയമവും 1961ല്‍ മുനിസിപ്പല്‍ നിയമവും പാസാക്കിയത്.

1964ല്‍ പഞ്ചായത്തു തെരഞ്ഞെടുപ്പ് കഴിഞ്ഞ് നീണ്ട പതിനാലു വര്‍ഷം തെരഞ്ഞെടുപ്പ് നടത്താന്‍ കോണ്‍ഗ്രസ് മുന്നണി സര്‍ക്കാരുകള്‍ തയ്യാറായില്ല. 1969ല്‍ കാലാവധി കഴിഞ്ഞ ഈ പഞ്ചായത്തു ഭരണസമിതികള്‍ 1978വരെ തുടര്‍ന്നു. 1969 നവംബര്‍ ഒന്നിന് ഇഎംഎസ് നയിച്ച രണ്ടാമത്തെ സര്‍ക്കാര്‍ സ്ഥാനമൊഴിഞ്ഞ ശേഷം വന്ന കോണ്‍ഗ്രസ് മുന്നണി സര്‍ക്കാരുകള്‍ പഞ്ചായത്ത് ഭരണം ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കുകയായിരുന്നു. 1979ലാണ് പിന്നീട് തെരഞ്ഞെടുപ്പ് നടന്നത്. ഈ സമിതിയുടെ കാലാവധി 84ല്‍ അവസാനിച്ചുവെങ്കിലും യുഡിഎഫ് സര്‍ക്കാര്‍തെരഞ്ഞെടുപ്പ് നടത്താന്‍ കൂട്ടാക്കാതെ ഭരണം ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ചു. പിന്നീട് 1988ല്‍ നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് തെരഞ്ഞെടുപ്പ് നടന്നത്. ചരിത്രത്തിലാദ്യമായി ജില്ലാ കൌണ്‍സില്‍ സംവിധാനം ആവിഷ്കരിച്ച് തെരഞ്ഞെടുപ്പ് നടത്തിയതും നായനാര്‍ സര്‍ക്കാരിന്റെ കാലത്ത്.

1991 ജനുവരിയില്‍. അധികാര വികേന്ദ്രീകരണത്തില്‍ വിപ്ളവകരമായ മാറ്റങ്ങളുണ്ടാക്കിയ ജില്ലാ കൌണ്‍സില്‍ സംവിധാനത്തെ 91ല്‍ അധികാരമേറിയ കരുണാകരന്‍ സര്‍ക്കാര്‍ ശ്വാസംമുട്ടിച്ചു. ജില്ലാ പഞ്ചായത്തിന്റെ അധികാരം ഘട്ടംഘട്ടമായി എടുത്തുമാറ്റി 94ല്‍ പൂര്‍ണമായും പിരിച്ചുവിട്ടു. സംസ്ഥാനത്തെ പതിമൂന്ന് ജില്ലാകൌണ്‍സിലുകളും എല്‍ഡിഎഫ് നിയന്ത്രണത്തിലായിരുന്നു എന്നതാണ് കോണ്‍ഗ്രസ് സര്‍ക്കാരിനെ ചൊടിപ്പിച്ചത്. 1993ലെ ഭരണഘടനാ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് 1995ല്‍ ആദ്യമായി ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങിയത്.

അങ്ങനെ ജില്ലാ കൌണ്‍സില്‍ ഇല്ലാ കൌണ്‍സിലാക്കി

കേരളത്തില്‍ അധികാരം ജനങ്ങള്‍ക്ക് കൈമാറുന്നതിന്റെ ആദ്യപടിയായിരുന്ന ജില്ലാ കൌണ്‍സിലിനെ ഇല്ലാ കൌണ്‍സില്‍ ആക്കിയത് കോണ്‍ഗ്രസ് സര്‍ക്കാര്‍. വിപുലമായ അധികാരവും പദ്ധതി നിര്‍വഹണത്തിന് കോടിക്കണക്കിന് രൂപയുടെ ഫണ്ടുമാണ് 1987-91 കാലത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ ജില്ലാ കൌണ്‍സിലുകള്‍ക്ക് കൈമാറിയത്. നായനാര്‍ സര്‍ക്കാര്‍ മാറി കരുണാകരന്‍ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതുതന്നെ ജില്ലാ പഞ്ചായത്തുകളുടെ കൂട്ടക്കശാപ്പിനുള്ള കത്തി മൂര്‍ച്ച കൂട്ടിക്കൊണ്ടായിരുന്നു.

ജില്ലാ കൌണ്‍സിലുകളുടെ കാലാവധി തീരാന്‍ രണ്ടു വര്‍ഷം ബാക്കിയുള്ളപ്പോഴാണ് 1994 ഏപ്രിലില്‍ യുഡിഎഫ് സര്‍ക്കാര്‍ കൌണ്‍സില്‍ പിരിച്ചുവിട്ടത്. 1996 ഫെബ്രുവരിവരെ ഭരിക്കാനുള്ള ജനകീയ അംഗീകാരം കൌണ്‍സിലിനുണ്ടായിരുന്നു. പഞ്ചായത്ത് രാജ് നിയമം മറയാക്കിയാണ് 1994 ഏപ്രില്‍ 23ന് അര്‍ധരാത്രി കൌണ്‍സിലുകള്‍ പിരിച്ചുവിട്ടത്.

പതിറ്റാണ്ടുകളോളം തിരുവനന്തപുരത്ത് സെക്രട്ടറിയറ്റില്‍ കെട്ടിക്കിടന്ന അധികാരം ജനങ്ങളിലേക്ക് പ്രവഹിക്കുന്നതിന്റെ തുടക്കമായിരുന്നു ജില്ലാ കൌണ്‍സില്‍ രൂപീകരണം. 1991 ഫെബ്രുവരി അഞ്ചിനാണ് പതിനാലു ജില്ലയില്‍ കൌണ്‍സിലുകള്‍ അധികാരമേറ്റത്. മലപ്പുറമൊഴികെയുള്ള പതിമൂന്ന് ജില്ലയിലും എല്‍ഡിഎഫ് വന്‍ഭൂരിപക്ഷത്തോടെ വിജയിച്ചു. വനിതകള്‍ക്ക് മുപ്പത് ശതമാനം സംവരണമെന്ന സുപ്രധാനമായ തീരുമാനവും പ്രഥമ ജില്ലാ കൌണ്‍സില്‍ തെരഞ്ഞെടുപ്പില്‍ പ്രാവര്‍ത്തികമായി. തിരുവനന്തപുരത്തു നിന്ന് നടപ്പാക്കേണ്ട കാര്യങ്ങള്‍ ജില്ലാ ആസ്ഥാനത്തു നിന്നുതന്നെ നടപ്പായപ്പോള്‍, ഓരോ ജില്ലയിലും മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളുമെന്നപോലെ ജില്ലാ കൌണ്‍സില്‍ പ്രസിഡന്റും സ്റ്റാന്‍ഡിങ് കമ്മിറ്റികളും അംഗങ്ങളും പ്രവര്‍ത്തിച്ചപ്പോള്‍ ഇന്ത്യയില്‍ത്തന്നെ അതൊരു പുത്തന്‍ അനുഭവമായി. അയല്‍സംസ്ഥാനങ്ങളില്‍നിന്നും വിദേശരാജ്യങ്ങളില്‍നിന്നും വികേന്ദ്രീകരണത്തിന്റെ കേരളമോഡല്‍ പഠിക്കാന്‍ പൊതുപ്രവര്‍ത്തകരും ഗവേഷകരും എത്തി.

പത്തൊമ്പത് പ്രധാന വകുപ്പും 240 വിഷയവും ജില്ലാ കൌണ്‍സിലുകള്‍ക്കു കൈമാറാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം ഗ്രാമങ്ങളില്‍ വികേന്ദ്രീകരണവിപ്ളവത്തിന് തുടക്കമിട്ടു. സംസ്ഥാന ബജറ്റിന്റെ 24 ശതമാനവും ജില്ലാതല പദ്ധതികള്‍ക്കുവേണ്ടി കൌണ്‍സിലുകള്‍ക്ക് കൈമാറി. പ്രാദേശിക സര്‍ക്കാരുകളുടെ പ്രാതിനിധ്യത്തോടെ പദ്ധതികള്‍ നടപ്പാക്കാന്‍ ഇതുകൂടാതെ അഞ്ചുശതമാനം ബജറ്റ് വിഹിതം വേറെയും നല്‍കി. വിദ്യാലയങ്ങളിലെ ഉച്ചക്കഞ്ഞി, സ്കൂള്‍കെട്ടിടം കെട്ടിമേയലും അറ്റകുറ്റപ്പണികളും, റോഡ്, പാലം നിര്‍മാണങ്ങള്‍പോലുള്ള പൊതുമരാമത്ത് പണികള്‍, സഹകരണരംഗത്തും ആരോഗ്യരംഗത്തുമുള്ള വിവിധ പദ്ധതികള്‍, പട്ടികവിഭാഗക്ഷേമ പദ്ധതികള്‍ എന്നിവയെല്ലാം കൌണ്‍സിലുകളുടെ പ്രവര്‍ത്തനപരിധിക്ക് കീഴിലായി.

1991 ഫെബ്രുവരി മുതല്‍ എല്‍ഡിഎഫ് ഭരണം നിലനിന്ന അഞ്ചു മാസക്കാലത്തെ പ്രവര്‍ത്തനം മാതൃകാപരമായിരുന്നു. ആ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പരസ്യമായ ബിജെപി ബാന്ധവത്തിലൂടെ യുഡിഎഫ് അധികാരമേറ്റതോടെ കൌണ്‍സിലുകളുടെ തകര്‍ച്ചയും തുടങ്ങി. യുഡിഎഫ് ഭരണത്തിന് കീഴിലുണ്ടായിരുന്ന 33 മാസത്തിനിടെ അധികാരങ്ങള്‍ ഓരോന്നായി തിരിച്ചെടുത്തു. ഫണ്ട് ഘട്ടംഘട്ടമായി നിര്‍ത്തലാക്കി. കൈമാറ്റം ചെയ്യപ്പെട്ട അധികാരം വീണ്ടും സര്‍ക്കാരിലേക്ക് കേന്ദ്രീകരിച്ചു. പാലക്കാട് ജില്ലാ കൌണ്‍സിലിന് എല്‍ഡിഎഫ് ഭരണമുണ്ടായിരുന്ന അഞ്ചുമാസം 3.64 കോടി നല്‍കിയെങ്കില്‍ യുഡിഎഫ് ഭരിച്ച 33 മാസം കിട്ടിയത് 3.65 ലക്ഷം രൂപ മാത്രം. മറ്റ് ജില്ലകള്‍ക്കും സമാനമായ ദുരിതകഥയാണ് പറയാനുള്ളത്. അധികാരം ജനങ്ങളിലെത്തുന്നതിനെ എക്കാലവും എതിര്‍ത്ത കോണ്‍ഗ്രസിന്റെ ജനവിരുദ്ധത ഒരിക്കല്‍കൂടി മറനീക്കി പുറത്തുവരികയായിരുന്നു ജില്ലാ കൌണ്‍സില്‍ പിരിച്ചുവിടലിലൂടെ. 1957ല്‍ ആരംഭിച്ച് പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവില്‍ സാര്‍ഥകമായ ഒരു പ്രക്രിയക്കാണ് കോണ്‍ഗ്രസ് വിരാമമിട്ടത്.

1957ല്‍ പ്രഥമ ഇ എം എസ് സര്‍ക്കാര്‍ അവതരിപ്പിച്ച ബില്‍ പാസാക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് വന്ന പല സര്‍ക്കാരുകളും മാറ്റങ്ങളോടെ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചുവെങ്കിലും പാസാക്കാനായില്ല. ഒടുവില്‍ 1980ലെ നായനാര്‍ സര്‍ക്കാരാണ് ബില്‍ പാസാക്കി ചട്ടം രൂപീകരിച്ചത്. 82 മുതല്‍ 87 വരെ ഭരിച്ച കരുണാകരന്‍ മന്ത്രിസഭയുടെ കാലത്ത് ബില്‍ പൊടിപിടിച്ചു കിടന്നു. നിയമത്തെ അടിസ്ഥാനമാക്കി കൌണ്‍സിലുകള്‍ രൂപീകരിക്കാനായത് 1987-91ല്‍ നായനാര്‍ വീണ്ടും കേരളം ഭരിച്ചപ്പോള്‍.

(എന്‍ എസ് സജിത്)

ദേശാഭിമാനി 21092010-22092010

1 comment:

  1. രാജ്യത്തിന് രാജീവ് ഗാന്ധി നല്‍കിയ സംഭാവനയാണ് അധികാരവികേന്ദ്രീകരണമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ അവകാശവാദം കേരളത്തിന്റെ വികേന്ദ്രീകരണപ്രക്രിയയുടെ ചരിത്രത്തോടുള്ള അവഹേളനം. തരം കിട്ടുമ്പോഴൊക്കെ പഞ്ചായത്ത് സംവിധാനത്തെ ശ്വാസം മുട്ടിച്ചുകൊന്ന ചരിത്രമാണ് കേരളത്തിലെ വലതുപക്ഷത്തിന് അവകാശപ്പെടാനുള്ളത്. ദീര്‍ഘനാള്‍ പഞ്ചായത്തുതെരഞ്ഞെടുപ്പ് നടത്താതെ ഭരണസമിതിയുടെ കാലാവധി നീട്ടിക്കൊടുത്തതിന്റെയും ജില്ലാ കൌണ്‍സില്‍ സംവിധാനത്തെ നശിപ്പിച്ചതിന്റെയും ക്രെഡിറ്റും യുഡിഎഫിന് തന്നെ.

    ReplyDelete