ആത്മഹത്യാ ഭീഷണിയുമായി മന്ത്രിമാര്‍
ബംഗളൂരു: മന്ത്രിസഭയില്‍നിന്നു പുറത്താക്കിയാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഒരു മന്ത്രി. സ്ഥാനം പോയാല്‍ ഒപ്പമുള്ള 20 എംഎല്‍എമാര്‍ക്ക് ഒപ്പം പാര്‍ടിവിടുമെന്ന് മറ്റൊരു മന്ത്രി. മന്ത്രിസഭ പുനഃസംഘടന ചര്‍ച്ച ഡല്‍ഹിയില്‍ പുരോഗമിക്കവെ കര്‍ണാടകത്തില്‍ ബിജെപിയില്‍ അധികാരത്തര്‍ക്കം രൂക്ഷമായി. പുനഃസംഘടന സംബന്ധിച്ച് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയും പാര്‍ടി സംസ്ഥാന അധ്യക്ഷന്‍ ഈശ്വരപ്പയും തമ്മിലുള്ള തര്‍ക്കം തീര്‍ക്കാന്‍ ഒരു ദിവസത്തെ ചര്‍ച്ചയ്ക്ക് ശേഷവും കേന്ദ്രനേതാക്കള്‍ക്ക് കഴിഞ്ഞില്ല. പുതിയ മന്ത്രിമാരുടെ കാര്യത്തില്‍ ബുധനാഴ്ച തീരുമാനമാകുമെന്ന് യെദ്യൂരപ്പ ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.
മന്ത്രിസഭയില്‍നിന്ന് പുറത്താക്കിയാല്‍ ആത്മഹത്യയല്ലാതെ മറ്റൊരു വഴിയും മുന്നിലില്ലെന്ന് കായികമന്ത്രി ഗുലിഹട്ടി ശേഖറാണ് പരസ്യമായി പ്രഖ്യാപിച്ചത്. 2008 മേയില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം ഇല്ലാതിരുന്നപ്പോള്‍ മറ്റ് പാര്‍ടികളില്‍ നിന്ന് കൂറുമാറിയെത്തി ബിജെപിയെ സഹായിച്ച് മന്ത്രിമാരായ അഞ്ചുപേരില്‍ ഒരാളാണ് ഗുലിഹാട്ടി ശേഖര്‍. ഒറ്റയ്ക്ക് ഭൂരിപക്ഷമുള്ള സാഹചര്യത്തില്‍ 'സ്വതന്ത്രന്മാരായ മന്ത്രിമാരെ' ഒഴിവാക്കണമെന്നാണ് പാര്‍ടി അധ്യക്ഷന്‍ ഈശ്വരപ്പയുടെ ആവശ്യം.
മാസ് എഡ്യൂക്കേഷന്‍ മന്ത്രി കെ ശിവാനഗൌഡ നായ്ക് സ്ഥാനം നഷ്ടമായാല്‍ ഒപ്പമുള്ള എംഎല്‍എമാര്‍ക്ക് ഒപ്പം പാര്‍ടി വിടുമെന്ന് നേതൃത്വത്തിന് പരസ്യ മുന്നറിയിപ്പ് നല്‍കി. 2008ല്‍ ജനതാദള്‍ സെക്കുലര്‍ സീറ്റില്‍ ജയിച്ച നായ്ക് എംഎല്‍എ സ്ഥാനം രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചാണ് മന്ത്രിയായത്. സ്വന്തം ജാതിക്കാരനായിട്ടും തന്നെ മന്ത്രിയാക്കാന്‍ ഈശ്വരപ്പയ്ക്ക് താല്‍പ്പര്യമില്ലെന്ന പരാതിയുമായാണ് ബിജെപി എംഎല്‍എ ഗോപാലകൃഷ്ണ മാധ്യമങ്ങളെ സമീപിച്ചത്. സ്വതന്ത്രന്മാരെ ജയിപ്പിച്ച് പാര്‍ടിക്ക് അധികാരം പിടിച്ചെടുക്കാന്‍ സഹായിച്ച ബെല്ലാരിയിലെ ഖനി മാഫിയ തലവനും ടൂറിസംമന്ത്രിയുമായ ജി ജനാര്‍ദന റെഡ്ഡി സ്വതന്ത്രന്മാര്‍ക്കു വേണ്ടി രംഗത്തെത്തി. അഞ്ച് സ്വതന്ത്രന്മാരെയും മന്ത്രിസഭയില്‍നിന്ന് പിന്‍വലിക്കുന്ന പ്രശ്നം ഉദിക്കുന്നില്ലെന്നും ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയുമായി ഇക്കാര്യം ചര്‍ച്ചചെയ്തെന്നും റെഡ്ഡി ബെല്ലാരിയില്‍ പറഞ്ഞു.
deshabhimani 21092010
മന്ത്രിസഭയില്‍നിന്നു പുറത്താക്കിയാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഒരു മന്ത്രി. സ്ഥാനം പോയാല്‍ ഒപ്പമുള്ള 20 എംഎല്‍എമാര്‍ക്ക് ഒപ്പം പാര്‍ടിവിടുമെന്ന് മറ്റൊരു മന്ത്രി. മന്ത്രിസഭ പുനഃസംഘടന ചര്‍ച്ച ഡല്‍ഹിയില്‍ പുരോഗമിക്കവെ കര്‍ണാടകത്തില്‍ ബിജെപിയില്‍ അധികാരത്തര്‍ക്കം രൂക്ഷമായി.
ReplyDelete