മറ്റു പല മേഖലകളിലുമെന്നപോലെ അധികാര വികേന്ദ്രീകരണത്തിലും ലോകത്തിനുതന്നെ മാതൃകയാണ് കേരളം. രണ്ടു പതിറ്റാണ്ടിനിടെ അധികാര വികേന്ദ്രീകരണത്തിന്റെയും വികേന്ദ്രീകൃതാസൂത്രണത്തിന്റെയും ചരിത്രത്തില്‍ കേരളം രചിച്ചത് ഇതിഹാസം. ഇന്ത്യയില്‍ പഞ്ചായത്ത് രാജ് സംവിധാനത്തിന്റെ തുടക്കം കേരളത്തിലല്ലെങ്കിലും പ്രാദേശിക ഭരണ സംവിധാനത്തിന്റെ നിര്‍വഹണത്തില്‍ ഇതര സംസ്ഥാനങ്ങളേക്കാള്‍ കേരളം ബഹുദൂരം മുന്നിലാണ്.
രാജ്യത്ത് പഞ്ചായത്ത് സംവിധാനത്തിന് രൂപംനല്‍കി ഒട്ടേറെ നിയമനിര്‍മാണം കേന്ദ്രസര്‍ക്കാരുകള്‍ നടത്തിയിട്ടുണ്ട്. 1991ല്‍ പാസാക്കിയ ഭരണഘടനയുടെ 73,74 ഭേദഗതികള്‍ക്കനുസൃതമായാണ് കേരളമുള്‍പ്പെടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും പ്രവര്‍ത്തിക്കുന്നത്. അധികാരം താഴെത്തട്ടില്‍ എത്തിക്കുക എന്ന ആശയം 73,74 ഭരണഘടനാഭേദഗതിയിലൂടെ നടപ്പായെങ്കിലും ഫലത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള അധികാരം കിട്ടിയത് കേരളത്തില്‍ മാത്രമാണ്. വനിതകള്‍ക്ക് സംവരണമേര്‍പ്പെടുത്തിയും പ്ളാന്‍ഫണ്ടിന്റെ 40 ശതമാനംവരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയും കേരളം അധികാര വികേന്ദ്രീകരണത്തില്‍ ലോകത്തിനുതന്നെ മാര്‍ഗദര്‍ശിയായി.
1996 ലെ ചിങ്ങം ഒന്നിനാരംഭിച്ച ജനകീയാസൂത്രണ പ്രസ്ഥാനം അധികാര വികേന്ദ്രീകരണത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ലായി. മുകളില്‍നിന്ന് നിര്‍ദേശിക്കുന്ന പദ്ധതികള്‍ നടപ്പാക്കുകയെന്ന ചുമതലയില്‍ ഒതുങ്ങിയ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളെ പ്രാദേശിക സര്‍ക്കാരുകളാക്കി ഉയര്‍ത്തിയത് ജനകീയാസൂത്രണമാണ്. വികേന്ദ്രീകൃതാസൂത്രണത്തില്‍ ലോകത്തിനുതന്നെ മാതൃകയായി കേരളത്തിലെ ജനകീയാസൂത്രണ പ്രസ്ഥാനം. ജനങ്ങള്‍ വാര്‍ഡുതലത്തില്‍ ഒത്തുകൂടി(ഗ്രാമസഭകള്‍) തങ്ങളുടെ വികസനാവശ്യങ്ങള്‍ കണ്ടെത്തുകയും അവയ്ക്ക് പദ്ധതി തയ്യാറാക്കുകയും ചെയ്യുന്നതിലൂടെ യഥാര്‍ഥ അധികാരം ജനങ്ങളുടെ കൈകളിലേല്‍പ്പിക്കുകയായിരുന്നു.
1996ല്‍ ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് ജനകീയാസൂത്രണ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. 2001ല്‍ അധികാരത്തില്‍വന്ന യുഡിഎഫ് സര്‍ക്കാര്‍ ജനകീയാസൂത്രണ പ്രസ്ഥാനത്തെ പേരുമാറ്റി കേരള വികസനപദ്ധതിയാക്കുകയും വികേന്ദ്രീകൃതാസൂത്രണത്തിന്റെ ആത്മാവ് ചോര്‍ത്തുകയും ചെയ്തെങ്കിലും 2006ല്‍ വീണ്ടും എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ജനകീയാസൂത്രണപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി.
ഇന്ത്യയില്‍ പ്രാദേശിക ഭരണകൂടങ്ങള്‍ എന്ന സങ്കല്‍പ്പത്തിന് സ്വാതന്ത്ര്യ സമരത്തോളം പഴക്കമുണ്ട്. മഹാത്മാഗാന്ധിയുടെ ഗ്രാമസ്വരാജ് എന്ന സങ്കല്‍പ്പം ഈ ദിശയിലുള്ള ഒരു സ്വപ്നമായിരുന്നു. 1948ലെ ഭരണഘടനാ നിര്‍മാണ സഭയില്‍ത്തന്നെ പഞ്ചായത്തുകളെക്കുറിച്ചുള്ള കാഴ്ചപ്പാടും ചര്‍ച്ചയും ഉയര്‍ന്നുവന്നിരുന്നു. ഭരണഘടനയുടെ നിര്‍ദേശക തത്വങ്ങളിലും ഗ്രാമപഞ്ചായത്തുകളെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. ആര്‍ട്ടിക്കിള്‍ 40ല്‍ 'യൂണിറ്റ്സ് ഓഫ് സെല്‍ഫ് ഗവണ്‍മെന്റ്' എന്നാണ് തദ്ദേശ സ്ഥാപനങ്ങളെ വിശേഷിപ്പിക്കുന്നത്.
1952ല്‍ കമ്യൂണിറ്റി ഡവലപ്മെന്റ് പ്രോഗ്രാം ആരംഭിച്ചു. കമ്യൂണിറ്റി ഡവലപ്മെന്റിനെക്കുറിച്ച് പഠിക്കാന്‍ 1957ല്‍ രൂപീകരിച്ച ബല്‍വന്ത്റായ് കമ്മിറ്റി ഈ ദിശയിലുള്ള ആദ്യ ചുവടുവയ്പായി. 1958ല്‍ കേരള പഞ്ചായത്ത് ബില്‍ പാസാക്കി. രാജസ്ഥാനിലെ നാഗൂരില്‍ ഇന്ത്യയിലെ ആദ്യ പഞ്ചായത്ത് 1959 ഒക്ടോബര്‍ 2ന് പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റു ഉദ്ഘാടനംചെയ്തു. ഇതേ വര്‍ഷംതന്നെ കേരളത്തില്‍ ജില്ലാ കൌണ്‍സില്‍ ബില്‍ അവതരിപ്പിച്ചുവെങ്കിലും സംസ്ഥാന നിയമസഭ പിരിച്ചുവിട്ടതിനെത്തുടര്‍ന്ന് ഈ ബില്‍ അസാധുവായി. തുടര്‍ന്നും പ്രാദേശിക ഭരണസംവിധാനത്തെക്കുറിച്ച് പഠിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിരവധി കമ്മിറ്റികളെ നിയോഗിച്ചിട്ടുണ്ട്.
(കെ എന്‍ സനില്‍)
ദേശാഭിമാനി 16092010
മറ്റു പല മേഖലകളിലുമെന്നപോലെ അധികാര വികേന്ദ്രീകരണത്തിലും ലോകത്തിനുതന്നെ മാതൃകയാണ് കേരളം. രണ്ടു പതിറ്റാണ്ടിനിടെ അധികാര വികേന്ദ്രീകരണത്തിന്റെയും വികേന്ദ്രീകൃതാസൂത്രണത്തിന്റെയും ചരിത്രത്തില്‍ കേരളം രചിച്ചത് ഇതിഹാസം. ഇന്ത്യയില്‍ പഞ്ചായത്ത് രാജ് സംവിധാനത്തിന്റെ തുടക്കം കേരളത്തിലല്ലെങ്കിലും പ്രാദേശിക ഭരണ സംവിധാനത്തിന്റെ നിര്‍വഹണത്തില്‍ ഇതര സംസ്ഥാനങ്ങളേക്കാള്‍ കേരളം ബഹുദൂരം മുന്നിലാണ്.
ReplyDelete