മഹിളാ അസോ. സമ്മേളനത്തിന് ആവേശത്തോടെ തുടക്കം
ഇന്ത്യന്‍ സ്ത്രീകളുടെ വിപ്ളവവീര്യത്തിന്റെയും കാര്യപ്രാപ്തിയുടെയും പര്യായമായി മാറിയ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്റെ സംസ്ഥാനസമ്മേളനത്തിന് ഉജ്വല തുടക്കം. നിരന്തര സമരങ്ങളിലൂടെയും പ്രചാരണങ്ങളിലൂടെയും സ്ത്രീകളുടെ സാമൂഹ്യപദവി ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു മുന്നേറുന്ന പ്രസ്ഥാനം കൂടുതല്‍ ഉത്തരവാദിത്തത്തോടെയും ലക്ഷ്യബോധത്തോടെയും മുന്നോട്ടുപോകുന്ന സന്ദര്‍ഭത്തിലാണ് സമ്മേളനം . സംസ്ഥാന പ്രസിഡന്റ് ഡോ. ടി എന്‍ സീമ എംപി പതാക ഉയര്‍ത്തിയതോടെയാണ് രണ്ടുദിവസം നീണ്ട സമ്മേളനത്തിനു തുടക്കമായത്. എന്‍ കെ നന്ദിനി നഗറില്‍ (പഞ്ചായത്ത് അസോസിയേഷന്‍ ഹാള്‍, വെള്ളയമ്പലം) മന്ത്രി പി കെ ശ്രീമതി സമ്മേളനം ഉദ്ഘാടനംചെയ്തു. ഡോ. ടി എന്‍ സീമ എംപി അധ്യക്ഷയായി. എന്‍ കെ രാധ രക്തസാക്ഷി പ്രമേയവും ഗിരിജ സുരേന്ദ്രന്‍ അനുശോചനപ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എം ജി മീനാംബിക സ്വാഗതം പറഞ്ഞു. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സുധ സുന്ദരരാമന്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി കെ കെ ഷൈലജ എംഎല്‍എ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡോ. ടി എന്‍ സീമ, ഷൈലജ, എം ജയലക്ഷ്മി, ഷാജിത, ഹെന്നി ബേബി എന്നിവരാണ് പ്രസീഡിയത്തിലുള്ളത്.
വൈകിട്ട് മതതീവ്രവാദവും വര്‍ഗീയതയും എന്ന സെമിനാര്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്തു. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തി. പി സതീദേവി-കവീനര്‍, എന്‍ സുകന്യ, കെ എസ് സലീഖ എംഎല്‍എ, കെ കെ ലതിക എംഎല്‍എ, എ നസിമുന്നീസ, രുക്മണി സുബ്രഹ്മണ്യം (പ്രമേയം). സൂസന്‍ കോടി-കവീനര്‍, എം സുമതി, കൃഷ്ണകുമാരി രാജശേഖരന്‍, ജി കെ ലളിതകുമാരി, നിര്‍മല (മിനിട്സ്). സി എസ് സുജാത-കണ്‍വീനര്‍, കെ പി സുമതി, ടി എം കമലം, സോണി കോമത്ത്, ശാന്തകുമാരി, കെ ആര്‍ വിജയ, പാതിരപ്പിള്ളി എസ് കൃഷ്ണകുമാരി, ഗീനാകുമാരി, കെ പി ജ്യോതി (ക്രെഡന്‍ഷ്യല്‍) എന്നീ കമ്മിറ്റികളെ തെരഞ്ഞെടുത്തു. എം സി ജോസഫൈന്‍, ടി ദേവി, വി പി ജാനകി, പി കെ സൈനബ, കെ വി നബീസ, എന്‍ കെ രാധ, ഗിരിജ സുരേന്ദ്രന്‍, എം വി വിശാലാക്ഷി, പി എസ് ഷൈല, ടി എന്‍ സരസമ്മാള്‍, കെ തുളസി എന്നിവരടങ്ങുന്നതാണ് സ്റ്റിയറിങ് കമ്മിറ്റി. തിങ്കളാഴ്ച റിപ്പോര്‍ട്ടിന്റെ ചര്‍ച്ചയും തുടര്‍ന്ന് മറുപടിയും ഉണ്ടാകും. വൈകിട്ട് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും.
മതവും രാഷ്ട്രീയവും പരസ്പരം ഇടപെടരുത്: പിണറായി
മതം രാഷ്ട്രീയത്തിലും രാഷ്ട്രീയം മതത്തിലും ഇടപെടുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി മതതീവ്രവാദം- വര്‍ഗീയത എന്ന സെമിനാര്‍ എന്‍ കെ നന്ദിനിനഗറില്‍ (പഞ്ചായത്ത് അസോസിയേഷന്‍ ഹാള്‍, വെള്ളയമ്പലം) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതത്തോട് കമ്യൂണിസ്റ്റുകാര്‍ക്ക് എന്തോ വിരോധമുണ്ടെന്നവിധത്തില്‍ പ്രചാരണം നാട്ടില്‍ അഴിച്ചുവിടുന്നുണ്ട്. കമ്യൂണിസ്റ്റ് പ്രസ്ഥാനം മതവിരുദ്ധമാണെന്നും പ്രചരിപ്പിക്കുന്നു. മാര്‍ക്സ്, എംഗല്‍സ് എന്നിവരുടെ കാലംമുതല്‍ക്കേ ഈ പ്രചാരണമുണ്ട്. എന്നാല്‍, മതം അനാവശ്യകാര്യമാണെന്ന് ഒരുകാലത്തും കമ്യൂണിസ്റ്റുകാര്‍ പറഞ്ഞിട്ടില്ല. മതത്തെ രാഷ്ട്രീയ ആവശ്യത്തിനായി ഉപയോഗിക്കുന്നതിനെയാണ് എക്കാലത്തും എതിര്‍ത്തിട്ടുള്ളത്. സമൂഹത്തില്‍ വിശ്വാസിയും അവിശ്വാസിയുമുണ്ട്. എന്നാല്‍, ഇവര്‍തമ്മില്‍ സമരം വളരണമെന്ന കാഴ്ചപ്പാട് ഒരുകാലത്തും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനില്ല. മതവിശ്വാസത്തെ സംരക്ഷിക്കാന്‍ വലിയ പീഡനംതന്നെ ഏറ്റുവാങ്ങിയവരാണ് കമ്യൂണിസ്റ്റുകാര്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിശ്വാസികളെ അകത്തുകയറ്റുന്നതിനാണ് എ കെ ജിയുടെയും കൃഷ്ണപിള്ളയുടെയും നേതൃത്വത്തില്‍ ഗുരുവായൂര്‍ സത്യഗ്രഹം നടത്തിയത്. തലശേരി വര്‍ഗീയകലാപത്തില്‍ യു കെ കുഞ്ഞിരാമന്‍ ജീവന്‍ ബലിയര്‍പ്പിച്ചാണ് നെരുവമ്പായി പള്ളി സംരക്ഷിച്ചത്. ഒറീസയില്‍ അടുത്ത കാലത്ത് സംഘപരിവാര്‍ ക്രിസ്ത്യന്‍പള്ളികള്‍ ആക്രമിച്ചപ്പോള്‍ വിശ്വാസികള്‍ക്ക് പ്രാര്‍ഥനയ്ക്ക് സിപിഐ എം ഓഫീസ് തുറന്നുകൊടുത്തിരുന്നു.
നമ്മുടെ പൊതുസമൂഹവും രാഷ്ട്രവും മതനിരപേക്ഷത അംഗീകരിച്ചിട്ടുണ്ട്. ഭരണഘടനയും അതുതന്നെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. ഏതുമതത്തിലും വിശ്വസിക്കാനുള്ള അവകാശംപോലെ ഒരുമതത്തിലും വിശ്വസിക്കാതിരിക്കാനും നമുക്ക് അവകാശമുണ്ട്. വര്‍ഗീയത മതനിരപേക്ഷതയെ അംഗീകരിക്കുന്നില്ല. മതവിഭാഗം വിശ്വാസങ്ങളില്‍ ഒതുങ്ങിനിന്ന് പ്രവര്‍ത്തിക്കാതെ നിക്ഷിപ്ത താല്‍പ്പര്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നതും വര്‍ഗീയതയുടെ ഭാഗമാണ്. അത് സമ്പന്നരുടെ താല്‍പ്പര്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്നു. മതതീവ്രവാദം എന്നത് മറ്റു മതങ്ങളോടുള്ള അസഹിഷ്ണുതമാത്രമല്ല. മറിച്ച് അത് മറ്റു മതങ്ങള്‍ക്കുനേരെ കടുത്ത ഹിംസാത്മക നിലപാടും സ്വീകരിക്കുന്നു. ജനങ്ങളുടെ സൌഹൃദമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. സംഘര്‍ഷം ആരും ആഗ്രഹിക്കുന്നില്ല. എന്നാല്‍, മതതീവ്രവാദം സംഘര്‍ഷത്തിനും രക്തച്ചൊരിച്ചില്‍ ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നു. മതഭീകരവാദവും മതതീവ്രവാദവും പരസ്പരം ബന്ധപ്പെട്ടുനില്‍ക്കുന്നതാണ്. മതതീവ്രവാദത്തെ ഉപയോഗിക്കാന്‍ വിദേശശക്തികളും ശ്രമിക്കുന്നുണ്ട്. അവര്‍ തീവ്രവാദം വളര്‍ത്താന്‍ വിരുദ്ധശക്തികള്‍ക്ക് പണം നല്‍കുന്നു. മതഭീകരവാദികള്‍ ഈ പണം കൈപ്പറ്റുന്നു. മതവിശ്വാസികള്‍ സാധാരണനിലയില്‍ വര്‍ഗീയവാദികളല്ല. ഇന്ത്യയില്‍ വളരുന്ന വര്‍ഗീയവാദവും ഭീകരവാദവും തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിന് എതിരാണെന്ന് തിരിച്ചറിയണം.
ഏതു പാര്‍ടിയിലേക്കും ജനങ്ങള്‍ വരുന്നത് അവര്‍ക്ക് ബോധ്യപ്പെടുന്നതുകൊണ്ടാണ്. എന്നാല്‍, കമ്യൂണിസ്റ്റ് പാര്‍ടിയില്‍നിന്ന് വിട്ടുപോകാന്‍ ഒരു മതമേലധ്യക്ഷന്‍ പറയുന്നു. അത്തരം പ്രഖ്യാപനങ്ങള്‍ രാഷ്ട്രീയ ഇടപെടലാണ്. അത്തരം ഇടപെടലുകള്‍ പാടില്ലെന്നാണ് തെരഞ്ഞെടുപ്പു കമീഷന്‍തന്നെ വ്യക്തമാക്കിയത്. യഥാര്‍ഥ മതവിശ്വാസികള്‍ മതതീവ്രവാദികളെയും ഭീകരവാദികളെയും ഒറ്റപ്പെടുത്തണം. വര്‍ഗീയവാദവും ഭീകരവാദവും ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സ്ത്രീകളെയാണ്. അത് അവരുടെ സ്വാതന്ത്യ്രത്തെ ഹനിക്കുന്നു. വര്‍ഗീയവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ശക്തികളെ തിരിച്ചറിഞ്ഞ്, ഇവരെ പൂര്‍ണമായും കേരളത്തിന്റെ മണ്ണില്‍നിന്ന് പിഴുതെറിയണമെന്നും അദ്ദേഹം പറഞ്ഞു.
സംവരണം സാമൂഹ്യ പദവിയിലും മാറ്റമുണ്ടാക്കും: സുധ സുന്ദരരാമന്‍
കേരളത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള 50 ശതമാനം സ്ത്രീസംവരണം രാഷ്ട്രീയമാറ്റത്തിലുപരിയായി സ്ത്രീകളുടെ സാമൂഹ്യ പദവിയില്‍തന്നെ മാറ്റംവരുത്തുമെന്ന് മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സുധ സുന്ദരരാമന്‍ പറഞ്ഞു. മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീ സംവരണം വിപ്ളവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കും. ഇതേസമയം 33 ശതമാനം സ്ത്രീസംവരണം നടപ്പാക്കാന്‍ യുപിഎ സര്‍ക്കാര്‍ രാഷ്ട്രീയ ഇച്ഛാശക്തി കാണിച്ചില്ല. ബില്‍ പാസായാല്‍ മുസ്ളിം സ്ത്രീകളുടെ പ്രാതിനിധ്യം കുറയുമെന്ന വാദവും ശരിയല്ല. മറിച്ച് മുസ്ളിം സ്ത്രീകള്‍ കൂടുതല്‍ ഈ രംഗത്തേക്ക് കടന്നുവരികയാണ് ചെയ്യുക. ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞത് മഹിളാ അസോസിയേഷന്റെ സമരങ്ങളുടെ വിജയംകൂടിയാണെന്ന് അവര്‍ പറഞ്ഞു.
ഒരു ഭാഗത്ത് സ്ത്രീകള്‍ സ്വന്തം അസ്തിത്വം ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമ്പോള്‍ മറുഭാഗത്ത് ഉപഭോഗ സംസ്കാരവും ഫ്യൂഡല്‍ മൂല്യങ്ങളുടെ തിരിച്ചുവരവും ഒത്തുചേര്‍ന്ന് സ്ത്രീയെ പ്രതിക്കൂട്ടിലാക്കുന്നു. ഹിന്ദു പെണ്‍കുട്ടിക്ക് മുസ്ളിം യുവാവുമായി സംസാരിക്കാന്‍ കഴിയാത്ത, വ്യത്യസ്ത ജാതികളില്‍പ്പെട്ടവര്‍ക്ക് പ്രണയിക്കാന്‍ കഴിയാത്ത സാഹചര്യം പലയിടത്തും സംജാതമായി. സ്ത്രീ-പുരുഷ ബന്ധങ്ങളില്‍ വര്‍ഗീയവിഷം കുത്തിവയ്ക്കാനുള്ള നീക്കമാണ് നടക്കുന്നത്. രാഷ്ട്രീയ മാറ്റത്തിനായുള്ള സമരത്തോടൊപ്പം സാമൂഹ്യവും സാംസ്കാരികവുമായ മുന്നേറ്റത്തിനായുള്ള സമരവും ശക്തമാക്കണമെന്ന് അവര്‍ പറഞ്ഞു.
പകുതിയിലധികം സ്ത്രീകള്‍ അധികാരത്തിലെത്തുന്നത് ചരിത്രമുഹൂര്‍ത്തം: പി കെ ശ്രീമതി
അധികാരസ്ഥാനത്ത് പകുതിയിലധികം സ്ത്രീകള്‍ എത്തുന്ന അടുത്ത കേരളപ്പിറവി ദിനത്തില്‍ മറ്റൊരു നവകേരള സൃഷ്ടിക്കാണ് നാന്ദികുറിക്കുന്നതെന്ന് മന്ത്രി പി കെ ശ്രീമതി പറഞ്ഞു. ഇത് കേരളചരിത്രത്തിലെ അത്യുജ്വല അധ്യായമായി മാറുമെന്നും മന്ത്രി പറഞ്ഞു. അഖിലേന്ത്യ ജനാധിപത്യ മഹിളാഅസോസിയേഷന്‍ സംസ്ഥാനസമ്മേളനം വെള്ളയമ്പലം എന്‍ കെ നന്ദിനി നഗറില്‍ (പഞ്ചായത്ത് അസോസിയേഷന്‍ ഹാള്‍) ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനപ്രസിഡന്റ് ടി എന്‍ സീമ എം പി അധ്യക്ഷയായി.
പഞ്ചായത്തീരാജ് നടപ്പാക്കി 15 വര്‍ഷത്തിനുശേഷം സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ അംഗീകാരമായാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണസംവിധാനത്തില്‍ അമ്പതുശതമാനം സംവരണം ഏര്‍പ്പെടുത്തുന്നത്. ഇത് സംസ്ഥാനസര്‍ക്കാരിനും കേരളജനതയ്ക്കും ഏറെ അഭിമാനകരമാണ്. സംസ്ഥാനസര്‍ക്കാരിന്റെ സാന്ത്വനമേല്‍ക്കാത്ത ഒരു മേഖലയും സംസ്ഥാനത്തില്ല. എല്ലാവര്‍ക്കും വെള്ളവും വീടും വെളിച്ചവും എത്തിച്ച സര്‍ക്കാരാണ് ഇവിടെയുള്ളത്. മഴ, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് പനിയുണ്ടാകാം. റോഡ് നിര്‍മാണത്തെയും അത് തടസ്സപ്പെടുത്തിയേക്കാം. ഇതെല്ലാം ഒഴിച്ചുനിര്‍ത്തിയാല്‍ ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിച്ചുകൊണ്ടും സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കിയും എല്ലാവിധത്തിലും ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന സര്‍ക്കാരാണിത്. രാജ്യത്ത് ക്രമസമാധാനനില ഏറ്റവും ഭദ്രമായ സംസ്ഥാനമാണ് കേരളം എന്ന് കേന്ദ്ര ആഭ്യന്തരസെക്രട്ടറിതന്നെ വ്യക്തമാക്കിയിട്ടുണ്ട്.
കോമണ്‍വെല്‍ത്ത് അഴിമതിയിലൂടെ ഇന്ത്യ ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ നാണംകെട്ടു. അതിന്റെ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രിക്കുമാണ്. ഇനിയിപ്പോള്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് എങ്ങനെയെങ്കിലും നടക്കും എന്നതാണ് സ്ഥിതി. എന്നാല്‍, ഏറ്റവും മികച്ച നിലയില്‍ അഭിമാനത്തോടെ ഏറ്റെടുത്തു നടത്തേണ്ട കായികമാമാങ്കം ഈ വിധം നിലവാരം കെടുത്തിയതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് കേന്ദ്രസര്‍ക്കാരിന് പിന്‍മാറാനാകില്ല. എല്ലാ മതവിഭാഗങ്ങളും ഒരുമിക്കുന്ന മതേതര പാരമ്പര്യത്തെ തകര്‍ത്ത് മതത്തിന്റെ പേരില്‍ ജനങ്ങളെ തമ്മിലടിപ്പിക്കുന്ന തന്ത്രവും രാജ്യത്ത് ചിലര്‍ പയറ്റുന്നുണ്ട്. മതേതരത്വത്തില്‍ സങ്കുചിതത്വം വളര്‍ത്തുകയും വര്‍ഗീയ പിന്തിരിപ്പന്‍ ശക്തികള്‍ രാജ്യത്ത് ശക്തമാവുകയുമാണ്. ഇത്തരം പ്രശ്നങ്ങളിലെല്ലാം സാമ്രാജ്യത്വത്തിന്റെ ഇടപെടല്‍ വ്യക്തമാണ്. കേരളത്തിലും ഇത്തരം ശക്തികള്‍ ഇടപെട്ട് പ്രശ്നം ഉണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍മൂലം ഇതിനെ പ്രതിരോധിക്കാന്‍ കഴിയുന്നുണ്ടെന്നും പി.കെ.ശ്രീമതി ചൂണ്ടിക്കാട്ടി.
ദേശാഭിമാനി 27092010
കേരളത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള 50 ശതമാനം സ്ത്രീസംവരണം രാഷ്ട്രീയമാറ്റത്തിലുപരിയായി സ്ത്രീകളുടെ സാമൂഹ്യ പദവിയില്‍തന്നെ മാറ്റംവരുത്തുമെന്ന് മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സുധ സുന്ദരരാമന്‍ പറഞ്ഞു. മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീ സംവരണം വിപ്ളവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കും. ഇതേസമയം 33 ശതമാനം സ്ത്രീസംവരണം നടപ്പാക്കാന്‍ യുപിഎ സര്‍ക്കാര്‍ രാഷ്ട്രീയ ഇച്ഛാശക്തി കാണിച്ചില്ല. ബില്‍ പാസായാല്‍ മുസ്ളിം സ്ത്രീകളുടെ പ്രാതിനിധ്യം കുറയുമെന്ന വാദവും ശരിയല്ല. മറിച്ച് മുസ്ളിം സ്ത്രീകള്‍ കൂടുതല്‍ ഈ രംഗത്തേക്ക് കടന്നുവരികയാണ് ചെയ്യുക. ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞത് മഹിളാ അസോസിയേഷന്റെ സമരങ്ങളുടെ വിജയംകൂടിയാണെന്ന് അവര്‍ പറഞ്ഞു.
ReplyDeleteആട്ടിൻ തോലണിഞ്ഞ ചെന്നായുടെ കഥ ആരും മറക്കരുത്..
ReplyDeletehttp://catholicismindia.blogspot.com/2010/09/blog-post_27.html
അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായി ഡോ. ടി എന്‍ സീമ എംപിയെയും സെക്രട്ടറിയായി കെ കെ ശൈലജ എംഎല്‍എയെയും വീണ്ടും സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. പി കെ സൈനബയാണ് ട്രഷറര്‍. 93 അംഗങ്ങളാണ് സംസ്ഥാന കമ്മിറ്റിയില്‍ ഉള്ളത്. പി കെ ശ്രീമതി, എം സി ജോസഫൈന്‍, ഗിരിജ സുരേന്ദ്രന്‍, എന്‍ കെ രാധ, എം ജയലക്ഷ്മി, വി പി ജാനകി, കെ വി നഫീസ എന്നിവര്‍ വൈസ് പ്രസിഡന്റുമാരും പി സതീദേവി, സി എസ് സുജാത, കെ എസ് സലീഖ, കെ പി സുമതി, എന്‍ സുകന്യ, സൂസന്‍ കോടി, എം ജി മീനാംബിക എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരുമാണ്.
ReplyDelete